sections
MORE

കുടകിലേക്കാകാം ഈ വീക്കെൻഡ് ട്രിപ്

PRV_6980-1-kodagu
SHARE

കർണാടകയിൽ ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഏതെന്ന് ആരെങ്കിലും ചോദിച്ചാൽ കണ്ണുമടച്ച് മറുപടി പറയും – കുടക്. മർക്കാറ എന്നു ബ്രിട്ടീഷുകാർ ചെല്ലപ്പേരിട്ടു വിളിച്ച മടിക്കേരിയുടെ മാദകഭംഗിയുമായി പത്തു വർഷം മുൻപാണ് പ്രണയത്തിലായത്. മഞ്ഞുകാലം പിൻവാങ്ങുന്നതു വരെ കാപ്പിപ്പൂക്കൾ ചൂടിയ മർക്കാറ സുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കും. ആദ്യ സമാഗമത്തിൽത്തന്നെ ആ നാടുമായി അഗാധ പ്രണയത്തിലായി. വരട്ടിക്കുറുക്കിയ മാട്ടിറച്ചിയും കാച്ചിക്കുറുക്കിയ കലത്തപ്പവും ഓർത്താൽ അടുത്ത വണ്ടിക്ക് കുടകിലേക്കു പോകാൻ തോന്നാറുണ്ട്.

coorgബാച്ചിലേഴ്സ് ഡെസ്റ്റിനേഷനായി കുടക് തിരഞ്ഞെടുക്കുന്നവരുണ്ട്. ഹണിമൂൺ ട്രിപ്പിനുള്ള സ്ഥലമായി കുടകിലേക്കു പോകുന്നവരുണ്ട്. കുടകിലേക്ക് സ്ഥിരമായി ഫാമിലി ടൂർ സംഘടിപ്പിക്കുന്നവരുമുണ്ട്. സഞ്ചാരികളെ ഒരേപോലെ ആകർഷിക്കാൻ ഭംഗിയുള്ള പ്രകൃതിയാണ് കുടകിലേത്.വെള്ളിയാഴ്ച വൈകിട്ട് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചയ്ക്കു തിരിച്ചെത്തുന്ന രീതിയിൽ പ്ലാൻ ചെയ്യാവുന്ന ടൂർ പാക്കേജാണ് കുടക്. കുടകിലെത്താൻ മംഗലാപുരം പേകേണ്ടതില്ല. കാസർകോട് – സുള്ളിയ – മടിക്കേരി ബസ്സിൽ കയറുന്നതാണ് എളുപ്പം. സ്വന്തം വാഹനങ്ങളിൽ പോകുന്നവർക്കും ഈ റൂട്ട് പിടിക്കാവുന്നതാണ്. മടിക്കേരിയിൽ എത്തുന്ന ദിവസം മുൻകൂട്ടി തീരുമാനിച്ച് ഹോം േസ്റ്റ ബുക്ക് ചെയ്യുന്നതാണു നല്ലത്. പോർക്കും റൊട്ടിയുമാണ് കുടകിലെ സ്പെഷ്യൽ ഭക്ഷണം. നേരത്തേ ഓർഡർ ചെയ്താൽ ഹോംേസ്റ്റകളിൽ ഭക്ഷണം എത്തിക്കുന്ന റസ്റ്ററന്റുകൾ നിരവധിയുണ്ട്. ടാക്സി വിളിക്കുന്നതിനു മുൻപ് തുക പറഞ്ഞുറപ്പിക്കുക.സൗകര്യ പ്രകാരം തീയതി നിശ്ചയിച്ച് യാത്ര പ്ലാൻ ചെയ്യാനാണ് വഴിയും മറ്റു വിവരങ്ങളും ആദ്യമേ പറഞ്ഞത്. ഇനി കുടകിൽ കാണാനുള്ള വിശേഷങ്ങളിലേക്ക് കടക്കുന്നു. വെള്ളച്ചാട്ടവും ആനത്താവളവും കോട്ടയുമൊക്കെയാണു കുടകിൽ കാണാനുള്ളത്. കുടക് യാത്രയിൽ രസകരമായ അനുഭവങ്ങൾ നൽകുന്ന സ്ഥലം ദുബാരേയാണ്. ആനകളെ ചട്ടം പഠിപ്പിക്കുന്ന ദുബാരെയിൽ നിന്ന് മടിക്കേരി ടൂർ ആരംഭിക്കാം. കാവേരി നദിയുടെ തീരത്തുള്ള വനമാണു ദുബാരെ. ആനകളുടെ നീരാട്ടും ആനപ്പുറത്തുള്ള സവാരിയും ബോട്ട് റാഫ്റ്റിങ്ങുമാണ് ദൂബാരെയിലെ നേരം പോക്കുകൾ. രാവിലെ ഇവിടെ എത്തിയാൽ ആനകളെ കുളിപ്പിക്കാം. ആനപ്പുറത്തു കയറി സവാരി നടത്താം. ആനകൾക്ക് ഭക്ഷണം കൊടുക്കാം. സർക്കാർ നിയന്ത്രണത്തിലുള്ള പാർക്കാണ് ദുബാരേ. ദൂബാരെ കാണാനെത്തുന്നവർ കാവേരിയുടെ അരികിലാണ് വണ്ടി നിർത്തേണ്ടത്. പുഴയ്ക്ക് അക്കരെയുള്ള ക്യാംപിൽ പോകാൻ ബോട്ടിൽ കയറണം. സന്ദർശകർ കയറിയ ബോട്ട് ചെന്നടുക്കുന്നത് ക്യാംപിന്റെ മുന്നിലാണ്.

coorg2മുളങ്കാടിനെ വൃത്തിയാക്കിയെടുത്തുണ്ടാക്കിയ പാർക്കാണ് അടുത്ത സ്ഥലം. നിസർഗദാമ എന്നാണ് ഈ സ്ഥലത്തിന്റെ പേര്. അറുപത്തി നാല് ഏക്കർ വനഭൂമിയാണ് നിസർഗദാമ. കാവേരിക്കു കുറുകെ തൂക്കുപാലം കെട്ടി അലങ്കാരപ്പണികൾ നടത്തിയതോടെയാണ് ഇവിടെ വിനോദസഞ്ചാരികൾ എത്തിത്തുടങ്ങി. മുളങ്കാടിനരികെ കെട്ടിയിട്ടുള്ള കുടിലുകളാണ് നിസർഗദാമയുടെ സൗന്ദര്യം. കുട്ടികളുടെ പാർക്കിന്റെ മാതൃകയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. 1989ലാണ് ഇവിടെ തൂക്കുപാലം നിർമിച്ചു. ആദ്യത്തെ തൂക്കുപാലം കേടായപ്പോൾ കൂടുതൽ ആളുകൾക്കു സഞ്ചാരിക്കാവുന്ന വിധത്തിൽ അൽപ്പംകൂടി വലുപ്പമുള്ള പാലം കെട്ടി. പഴയപാലം പൊളിച്ചു മാറ്റിയിട്ടില്ല. ഉച്ചസമയം ചെലവഴിക്കാൻ പറ്റിയ സ്ഥലമാണ് നിസർഗദാമ.

ഇനിയൊരു വെള്ളച്ചാട്ടമാണ്. അബി എന്നാണു വെള്ളച്ചാട്ടത്തിന്റെ പേര്. ഈ പേരുണ്ടാകാൻ സാഹചര്യമൊരുക്കിയ സംഭവ കഥ പറയാം. ബ്രിട്ടീഷ് ഭരണകാലത്ത് കുടകിന്റെ അധികാരച്ചുമതല വഹിച്ചിരുന്നത് ക്യാപ്റ്റൻ ചിപ്ലിൻ ആയിരുന്നു. ചിപ്ലിന്റെ രണ്ടു മക്കളിൽ ഇളയവളാണു ജെസ്സി. രണ്ടാമതുണ്ടായ പെൺകുട്ടിയോടു ക്യാപ്റ്റനു വലിയ വാത്സല്യമായിരുന്നു. തന്റെ മകളുടെ പേര് എക്കാലത്തും ഓർമിക്കപ്പെടണമെന്ന് ചിപ്ലിൻ ആഗ്രഹിച്ചു. അതിനുവേണ്ടി കുടകിലെ ഒരു വെള്ളച്ചാട്ടത്തിന് ചിപ്ലിൻ തന്റെ മകളുടെ പേരിട്ടു. അങ്ങനെ കുടകിൽ ‘ജെസ്സി വാട്ടർ ഫാൾസ്’ ഉണ്ടായി. ഒരു പുഴ പാറക്കെട്ടിനു മുകളിൽ നിന്നു രണ്ടായി പതിക്കുന്ന വെള്ളച്ചാട്ടമാണിത്. മടിക്കേരി – ഗാലിബേഡ റോഡിലുള്ള കാപ്പിത്തോട്ടത്തിനു നടുവിലാണ് ഈ വെള്ളച്ചാട്ടം. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടപ്പോൾ കുടക് സ്വദേശികൾ ഈ വെള്ളച്ചാട്ടത്തിന്റെ പേര് ‘അബി’ എന്നാക്കി. അബി എന്ന വാക്കിന് വെള്ളച്ചാട്ടം എന്നാണ് കന്നഡയിൽ അർഥം.

റോഡിനു തൊട്ടടുത്തായതുകൊണ്ട് കുടകിലെത്തുന്നവരെല്ലാം ‘അബി’യിൽ വരും. വാഹനം പാർക്ക് ചെയ്യാനുള്ള ഗ്രൗണ്ട് ഇവിടെയുണ്ട്. പാർക്കിങ് ഏരിയയിൽ നിന്ന് കുറച്ചു ദൂരം കാപ്പിത്തോട്ടത്തിലൂടെ നടക്കണം. വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് എത്താൻ ചവിട്ടുപടികളുണ്ട്. വഴി അവസാനിക്കുന്നത് വിശാലമായ സിമന്റ് തിട്ടയിലാണ്. അബി കാണാനെത്തുന്നവർക്കു വെള്ളച്ചാട്ടം ആസ്വദിക്കാനുള്ള സ്ഥലമാണിത്.

സിനിമയ്ക്കു പശ്ചാത്തലമായതിലൂടെ പ്രശസ്തമായ കുന്നിൻ ചെരിവാണ് അടുത്ത സ്പോട്ട്. മാണ്ഡലപ്പെട്ടി എന്നാണു സ്ഥലപ്പേര്. വാഗമൺ പോലെയുള്ള മൊട്ടക്കുന്നാണ് മാണ്ഡലപ്പെട്ടി. പഴശ്ശിരാജയിലെ അവസാന രംഗം ചിത്രീകരിച്ചത് അവിടെയാണ്. പുഷ്പഗിരി വനമേഖലയ്ക്കു മുകളിലെ പച്ചവിരിച്ച കുന്നാണു മാണ്ഡലപ്പെട്ടി. ബ്രിട്ടീഷ് പടയെ അരിഞ്ഞു വീഴ്ത്തിയ പഴശ്ശി രാജയ്ക്കു വീരചരമം വരിക്കാൻ സംവിധായകൻ ഹരിഹരൻ കണ്ടെത്തിയത് ഈ ലൊക്കേഷനാണ്.

coorg1

ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പട്ടാളത്തെ നേരിടാൻ പഴശ്ശിരാജാവ് നേരിട്ടെത്തുന്ന ക്ലൈമാക്സ് ചിത്രീകരിച്ചത് ഇവിടെയാണ്. ‘ഗാലിബേട്ട’ എന്ന കന്നഡ ചിത്രമാണ് മാണ്ഡലപ്പെട്ടിയിൽ ചിത്രീകരിച്ച മറ്റൊരു സിനിമ. ഉരുളൻ കല്ലുകൾ നിറഞ്ഞ മലമ്പാതയിലൂടെയാണ് നടത്തം. 600 മീറ്റർ കയറിയാൽ വാച്ച് ടവറിലെത്താം. ഇവിടെ 50 മീറ്ററോളം നിരപ്പായ സ്ഥലമാണ്. പുഷ്പഗിരി, പർവതഗിരി, കുമാരപർവതം എന്നീ മലനിരകളെല്ലാം മാണ്ഡലപ്പട്ടിയിലെ വാച്ച് ടവറിൽ നിന്നാൽ കാണാം. മഞ്ഞു മൂടിയ മല നിരകളാണ് മാണ്ഡലപ്പെട്ടിയുടെ ഭംഗി. ആസ്വദിക്കാൻ പറ്റിയ ലൊക്കേഷൻ ഇതുപോലെ വേറെയില്ലെന്നു തോന്നിയാൽ അത്ഭുതമില്ല. പക്ഷേ, പ്രഭാതങ്ങളിൽ ഫോട്ടോയെടുക്കാൻ കഷ്ടപ്പെടേണ്ടി വരും. തൊട്ടപ്പുറത്തുള്ളതുപോലും കാണാൻ പറ്റാത്ത വിധം മഞ്ഞുമൂടും.

കൂടുതൽ വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA