ഏഴുനദികൾ ഒളിപ്പിച്ച ക്ഷേത്രം

sangameshwar.jpg1
SHARE

വർഷത്തിൽ പകുതിയിലധികവും ജലത്തിനടിയിൽ.... ക്ഷേത്രനട തുറന്നൊന്നു തൊഴണമെങ്കിൽ മഴയൊഴിയുന്ന വേനലുകൾ മാത്രമാണ് ശരണം. അന്നേരങ്ങളിൽ വെള്ളത്തിന് മുകളിൽ ക്ഷേത്രക്കെട്ടുകൾ ഉയർന്നു വരും. ജലത്തിലാറാടിയ ശങ്കരൻ ഭക്തർക്കുമുമ്പിൽ പ്രത്യക്ഷപ്പെടും. ഇത് ആന്ധ്രപ്രദേശിലെ കുർണൂലിൽ സ്ഥിതി ചെയ്യുന്ന സംഗമേശ്വര ക്ഷേത്രം. ഒരാണ്ടിന്റെ മുക്കാൽപങ്കും ഏഴുനദികൾ തങ്ങളുടെ ജലത്തിനടിയിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ക്ഷേത്രം.

ആന്ധ്രാപ്രദേശിൽ കുർണൂൽ ജില്ലയിലെ മുച്ചുമാരി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറെ വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ക്ഷേത്രത്തെ പറ്റിയുള്ള ഐതീഹ്യം പാണ്ഡവരുമായി ബന്ധപ്പെട്ടുള്ളതാണ്. അജ്ഞാതവാസക്കാലത്ത് കുർണൂലിലെത്തിയ പാണ്ഡവർ, യാത്രാമധ്യേ, തങ്ങൾ സന്ദർശിച്ച ശ്രീശൈലം മല്ലികാർജുന ക്ഷേത്രത്തിലുള്ളതുപോലൊരു ശിവലിംഗം കുർണൂലിലും സ്ഥാപിക്കണമെന്നു തീരുമാനിച്ചു.

അതിനായി ധർമ്മരാജാവായ യുധിഷ്ഠിരൻ, സഹോദരനായ ഭീമനോട് കാശിയിൽ നിന്നും ഒരു ശിവലിംഗം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഭീമൻ കാശിയിൽ നിന്നും കൊണ്ട് വന്ന ശിവലിംഗം, കൃഷ്ണ നദിയും തുംഗഭദ്ര നദിയും സംഗമിക്കുന്ന സ്ഥലത്താണ് പ്രതിഷ്ഠിച്ചത്. ഈ ഇരു നദികളെ കൂടാതെ, അവയുടെ കൈവഴികളായ അഞ്ചുനദികളുടെ കൂടി സംഗമഭൂമിയിലായിരുന്നു പാണ്ഡവരുടെ ശിവലിംഗ പ്രതിഷ്ഠ. നദികൾ സംഗമിക്കുന്ന സ്ഥലത്തുള്ള ഈശ്വരൻ എന്നർത്ഥത്തിലാണ് പിൽക്കാലത്ത് ഈ ക്ഷേത്രവും ഇവിടുത്തെ നാഥനും സംഗമേശ്വരൻ എന്നറിയപ്പെടാൻ തുടങ്ങിയത്.

1980 ൽ ശ്രീശൈലം ഡാം പണിതതോടെ സംഗമേശ്വര ക്ഷേത്രം ജലത്തിനടിയിലായി. ഈ പരിസരത്തുള്ള മറ്റുക്ഷേത്രങ്ങൾ ഇവിടെ നിന്നും മാറ്റി സ്ഥാപിച്ചെങ്കിലും ഐതീഹ്യവും പാരമ്പര്യവും പേറുന്ന ഈ ക്ഷേത്രം മാറ്റാൻ ആരും മെനക്കെട്ടില്ല. അങ്ങനെ ഇരുപതുവർഷത്തോളം വെള്ളത്തിനടിയിലായി പോയ സംഗമേശ്വരന് പുതിയ പ്രതലം നൽകി, ഉയർത്തിയത് 2003 ലാണ്. അങ്ങനെ ഉയർത്തിയെടുത്തെങ്കിലും ഒരാണ്ടിൽ, വേനലിലെ കുറച്ചു ദിനങ്ങളിൽ മാത്രമേ ക്ഷേത്രമിപ്പോഴും ജലത്തിന് മുകളിൽ കാണുവാൻ സാധിക്കുകയുള്ളു. ആ ദിവസങ്ങളിൽ വിശ്വാസികൾക്കായി ക്ഷേത്രത്തിന്റെ നട തുറക്കപ്പെടും. 2003 മുതൽ, തുടർച്ചയായി വേനൽക്കാലമാകുമ്പോൾ  സംഗമേശ്വര ക്ഷേത്രം ജലത്തിന് മുകളിൽ ഉയർന്നു കാണും. നിരന്തരം ജലത്തിനടിയിലായതു കൊണ്ടുതന്നെ അതിപുരാതനമായ ഈ ക്ഷേത്രത്തിനു കേടുപാടുകൾ ധാരാളം സംഭവിച്ചിട്ടുണ്ട്.

ഒരു വർഷത്തിൽ 40 മുതൽ 50 ദിവസങ്ങൾ വരെയാണ്  വിശ്വാസികൾക്കായി സംഗമേശ്വരന്റെ നടകൾ തുറക്കുന്നത്. ക്ഷേത്രത്തിനു ചുറ്റും ധാരാളം ജലം അപ്പോഴുമുണ്ടാകുന്നത് കൊണ്ട്  ബോട്ടിലേറിയാണ് ജനങ്ങൾ നടയിലേക്കെത്തുന്നത്. മരത്തിൽ തീർത്തതാണ്  ഇവിടുത്തെ ശിവലിംഗം. നടതുറക്കുന്ന ദിവസങ്ങളിൽ  ഭക്തരുടെ പ്രാർത്ഥനകളും പൂജകളും ആരാധനയും കൊണ്ട് ശബ്ദ മുഖരിതമായിരിക്കും ക്ഷേത്രനട. കൃഷ്ണ, തുംഗഭദ്ര എന്നീ രണ്ടു പ്രധാനനദികളും ഭവാനസി, വേണി, ഹുന്ദ്രി, ഭീമാരതി, മലാപഹരണി എന്നീ കൈവഴികളും ചേരുന്നിടത്താണ് സംഗമേശ്വരന്റെ സ്ഥാനം. ശ്രീശൈലം ഡാമും റീസെർവോയറും നിലകൊള്ളുന്നത് കുർണൂൽ ജില്ലയിലെ മഹാബുബ് നഗറിലാണ്. അതിമനോഹരമായ ഇവിടം സഞ്ചാരികളുടെ പ്രിയയിടങ്ങളിലൊന്നാണ്. 

ഏപ്രിൽ-മെയ് മാസങ്ങളിൽ ഏകദേശം 40-50 ദിവസങ്ങൾ മാത്രമാണ് ഈ ക്ഷേത്രത്തിലേക്ക് പ്രവേശനമുള്ളത്. ബോട്ടിൽ കയറി വേണം ക്ഷേത്ര പരിസരത്തേക്കെത്താൻ. ബോട്ടുകൾ ക്ഷേത്ര പരിസരത്തു തന്നെ കാണും. ട്രെയിനിലാണ് യാത്രയെങ്കിൽ ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷൻ കുർണൂൽ ആണ്. റോഡ് യാത്രയാണ് താല്പര്യമെങ്കിൽ ധാരാളം ഗവണ്മെന്റ് ബസുകൾ ലഭ്യമാണ്.അതിൽ കയറി പഗിഡ്യാല എന്ന സ്ഥലം വരെ എത്തിച്ചേരാവുന്നതാണ്. അവിടെ നിന്നും അധികം ദൂരെയായല്ല സംഗമേശ്വര  ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുച്ചുമാരി തീർത്തും ഗ്രാമപ്രദേശമായതു കൊണ്ട് തന്നെ താമസ സൗകര്യങ്ങൾ വളരെ കുറവാണ്. വിജയവാഡയോ ഗുണ്ടൂരോ താമസത്തിനായി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA