ഗൂർഖകളുടെ നാട്ടിൽ പോകാൻ പാസ്പോർട്ട് വേണ്ട

Nepal-Trip1 - Copy
SHARE

ഹിമാലയത്തിൽ നിന്നുള്ള മഞ്ഞിന്റെ കുളിരണിയുന്ന നേപ്പാളിന്റെ പ്രകൃതി, കാഴ്ചയുടെ പുതിയ അനുഭവമാണ്. പ്രധാന ടൂറിസം കേന്ദ്രങ്ങൾ ചുറ്റിക്കറങ്ങാൻ മൂന്നു ദിവസം മതി.

തൈപ്പറമ്പിൽ അശോകനും അരിശുംമൂട്ടിൽ അപ്പുക്കുട്ടനും കുട്ടിമാമയെ കാണാൻ പൊക്രയിൽ പോയ സമയത്ത് നേപ്പാളിൽ നല്ല തണുപ്പായിരുന്നു. ബുദ്ധ ക്ഷേത്രങ്ങളുടെ പൂമുഖത്തും പഗോഡകൾക്കു ചുറ്റുമുള്ള വിശാലമായ പറമ്പുകളിലും സഞ്ചരിച്ച് അശോകനും അപ്പുക്കുട്ടനും യോദ്ധയിലൂടെ മലയാളികളെ ഒരുപാടു ചിരിപ്പിച്ചു. ഹിമാലയത്തിൽ നിന്നുള്ള മഞ്ഞിന്റെ കുളിരണിയുന്ന നേപ്പാളിന്റെ പ്രകൃതി കാഴ്ചാനുഭവമാണ്. ഗൂർക്ക ദർബാർ പാലസ്, ഗോരക്നാഥ് ഗുഹ, ഉപൽകോട്ട് വ്യൂ പോയിന്റ് തുടങ്ങി പുരാതന നിർമിതികളും ക്ഷേത്രങ്ങളും നേപ്പാളിലുണ്ട്. നേപ്പാളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ ചുറ്റിക്കറങ്ങാൻ മൂന്നു ദിവസം മതി. ഉത്തരേന്ത്യയിലേക്കുള്ള പാക്കേജ് ടൂറിനു ചിലവാക്കുന്നത്ര പണം മാറ്റിവച്ചാൽ സുഖമായി പോയി വരാം. ഗൂർക്കകളുടെ നാട് സന്ദർശിക്കാൻ ഇന്ത്യയിൽ നിന്നുള്ളവർക്കു പാസ്പോർട്ട് ആവശ്യമില്ല.

നേപ്പാൾ രാജവംശത്തിന്റെ ജന്മനാടാണ് ഗോർക്ക. അവിടത്തെ അരോഗദൃഢഗാത്രരായ ചെറുപ്പക്കാരെ ബ്രിട്ടിഷുകാർ കായികാഭ്യാസം പരിശീലിപ്പിച്ച് സൈന്യത്തിന്റെ മുൻനിരയിൽ നിർത്തി. ഗോർക്കയിലെ ധീരന്മാരായ ചെറുപ്പക്കാർക്ക് ഇംഗ്ലിഷുകാർ ‘ഗൂർഖ’ എന്നു പേരിട്ടു. കാഠ്മണ്ഡു താഴ്‌വരയുടെ ഗ്രാമ ഭംഗിയാണ് ഗോർക്കയുടെ ആകർഷണം.  ഗോർക്ക രാജവംശത്തിലെ ആദ്യത്തെ ഭരണാധികാരിയായ പൃഥ്വി നാരായൺ ഷായുടെ ജന്മദേശമാണു  ഗോർക്ക. കാഠ്മണ്ഡു–പൊക്ര ദേശീയ പാതയിലൂടെയുള്ള യാത്രയിൽ തന്നെ സഞ്ചാരികൾക്ക് മുടക്കിയ പണം മുതലാകും. ദർബാർ പാലസാണ് ഈ പാതയോരത്തെ വലിയ കാഴ്ച. നേപ്പാളിലെ ഏറ്റവും പ്രധാനപ്പെട്ട മനകമന ക്ഷേത്രവും ഇവിടെയാണ്.

nepal - Copy

ഗോർക്കയിൽ നിന്നു പൊക്രയിലേക്ക് ട്രെക്കിങ് ആരംഭിച്ചതോടെ നേപ്പാളിലേക്ക് യാത്രികരുടെ ഒഴുക്കാണ്. ട്രെക്കിങ് ഉൾപ്പെടുന്ന ആറു ദിവസത്തെ ടൂറിസം പാക്കേജുകളുണ്ട്. നേപ്പാളിലെ പരമ്പരാഗത ഗ്രാമങ്ങളിലൂടെയുള്ള യാത്ര 1700 വർഷം പഴക്കമുള്ള സംസ്കാരങ്ങളും ആചാര രീതികളും കണ്ടറിയാൻ വഴിയൊരുക്കുന്നു.  ഗോർക്കയിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ഹോട്ടലും ചെലവു കുറഞ്ഞ രീതിയിൽ താമസിക്കാവുന്ന ഹോം സ്േറ്റകളുമുണ്ട്.

ദാൽ–ഭട്ടും സൂപ്പും പോലെയുള്ള പരമ്പരാഗത വിഭവങ്ങൾ കഴിച്ചാൽ ഭക്ഷണ ചെലവ് ചെറിയ ബജറ്റിലൊതുക്കാം. അരിയിൽ പച്ചക്കറികൾ വിതറി പുഴുങ്ങിയ ദാൽ–ഭട്ട് നേപ്പാളിന്റെ പരമ്പരാഗത ഭക്ഷ്യവിഭവം എന്ന പേരിൽ പ്രശസ്തമാണ്.

 പഗോഡകൾ

* ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് നേപ്പാൾ സന്ദർശിക്കാൻ അനുയോജ്യമായ സീസൺ.

* ട്രെക്കിങ്, റാഫ്റ്റിങ് ഉൾപ്പെടുന്ന സാഹസിക വിനോദങ്ങൾക്ക് പ്രശസ്തമാണ് നേപ്പാൾ. സഞ്ചാര സൗഹൃദപരമായ രാജ്യമായതിനാൽ തന്നെ രാജ്യാനന്തര നിലവാരമുള്ള ഹോട്ടലുകളും ബജറ്റ് ഹോട്ടലുകളും നേപ്പാളിലുണ്ട്.

*ഇന്ത്യൻ രൂപ നേപ്പാളിലെ മിക്ക സ്ഥലങ്ങളിലും സ്വീകാര്യമാണ്

* ദാൽ – ഭട്ട് തർക്കാരിയാണ് നേപ്പാളിന്റെ ദേശീയ ഭക്ഷണം. നേപ്പാളിൽ ബീഫ് വിഭവങ്ങൾ ലഭ്യമല്ല. ചിക്കൻ മസു, തുപ്ക, ദിൻഡോ തുടങ്ങിയ നിരവധി പ്രാദേശിക രുചികളിവിടെയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA