ഏഷ്യയിലെ ഏറ്റവും വലിയ കേബിൾ പാലം ഇന്ത്യയില്‍

vidhya-sagar-setu.jpg1
SHARE

നീണ്ട ഇരുപത്തിരണ്ടുവർഷം കൊണ്ട് പണിതുയർത്തിയ ഒരു പാലമുണ്ട് ഇന്ത്യയിൽ. നിർമാണ വൈദഗ്ധ്യം കൊണ്ട് വിസ്മയിപ്പിക്കുന്ന ആ പാലം, അക്കാലത്ത് ലഭ്യമായ എല്ലാ സാങ്കേതികവിദ്യകളും ഉപയോഗിച്ച് നിർമിച്ചതാണ്. ഏഷ്യയിലെ ഏറ്റവും വലിയ കേബിൾ പാലമെന്നു ഖ്യാതിയുള്ള ആ പാലത്തിന്റെ പേര് വിദ്യാസാഗർ സേതു എന്നാണ്. ഏറെ പ്രശസ്തമാണ് കൊൽക്കത്തയിലെ ഹൗറ പാലം. എന്നാൽ അതിനൊപ്പമോ അതിനേക്കാളും ഒരുപടി മുന്നിലോ നിൽക്കും നിർമാണചാതുര്യം കൊണ്ട് വിസ്മയിപ്പിക്കുന്ന വിദ്യാസാഗർ സേതു.

കൊൽക്കത്തയിലെ ജനപ്പെരുപ്പവും വാഹനബാഹുല്യവുമാണ് ഹൂഗ്ലി നദിക്കു കുറുകെ രണ്ടാമതൊരു പാലം നിർമിക്കാനുള്ള പ്രധാന കാരണം. 1972 ലാണ് വിദ്യാസാഗർ സേതുവിന്റെ ശിലാസ്ഥാപനം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നിർവഹിച്ചത്. പിന്നീട് വർഷങ്ങളോളം നിർമാണങ്ങൾ ഒന്നും നടക്കാതിരുന്ന പാലത്തിന്റെ പണികൾ പുനരാരംഭിച്ചത് 1979 ലാണ്. എൻജിനീയറിങ് വിസ്മയം എന്നുതന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന പ്രവർത്തനങ്ങളാണ് പിന്നീട് ഉണ്ടായത്.

ഏകദേശം 823 മീറ്റർ നീളത്തിൽ 35 മീറ്റർ വീതിയിലാണ് പാലം പണിതിരിക്കുന്നത്. ഒരു ഫാൻ എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ, ഏകദേശം 128 മീറ്റർ ഉയരമുള്ള രണ്ടു തൂണുകളിൽ നിന്നും 152 കേബിളുകളിലാണ് പാലത്തെ ബന്ധിപ്പിച്ചു നിർത്തിയിരിക്കുന്നത്.  ഇരുപത്തിരണ്ടുവർഷങ്ങൾ നീണ്ട നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച്, 1992 ഒക്ടോബർ 10 നാണ് ബംഗാളിലെ നവോത്ഥാന നായകനായ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ നാമം നൽകി, പൊതുജനങ്ങൾക്കായി പാലം തുറന്നു കൊടുത്തത്. ഒരുദിവസം 85,000 വാഹനങ്ങൾക്കു കടന്നുപോകാനുള്ളശേഷി ഈ പാലത്തിനുണ്ട്. 

ഹൂഗ്ലി നദിയും, ഉദയാസ്തമയങ്ങളും വളരെ വ്യക്തമായി കാണാമെന്നതുകൊണ്ടുതന്നെ ഈ പാലത്തിൽ നിന്നു കാഴ്ചകൾ കാണാൻ ധാരാളം സഞ്ചാരികളെത്താറുണ്ട്. സൂര്യാസ്തമയത്തിന്റെ അതിസുന്ദരമായ ദൃശ്യങ്ങൾ സമ്മാനിക്കാൻ ഹൂഗ്ലി നദിയുടെ കുറുകെയുള്ള ഈ സേതുവിന്‌ സാധിക്കും. നദിയുടെയും പാലത്തിന്റെയും പശ്ചാത്തലത്തിലുള്ള സൂര്യാസ്തമയ കാഴ്ചകളും ചിത്രങ്ങളും ഏറെ സുന്ദരമാണ്. ചിത്രങ്ങൾ പകർത്താനായി മാത്രം ഇവിടെയെത്തുന്ന സഞ്ചാരികളും കുറവല്ല. കൊൽക്കത്തയുടെ തിരക്കുകളൊഴിയുന്ന രാത്രിയിൽ ദീപത്തിൽ കുളിച്ചു നിൽക്കുന്ന വിദ്യാസാഗർ സേതു ആരുടേയും മനംകവരുന്ന കാഴ്ചയാണ്.

പൊതു, സ്വകാര്യ മേഖല സംയുക്തമായാണ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. രണ്ടുപതിറ്റാണ്ടിലധികം നിർമാണം നടന്ന വിദ്യാസാഗർ സേതുവിന്‌ ചെലവായത് അക്കാലത്തെ ഏറ്റവും ഭീമമായ തുകയാണ്, 388 കോടി രൂപ. ഇന്ത്യയിലെ പ്രധാന നഗരങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന ദേശീയപാതയ്ക്ക് സമീപമാണ് പാലം സ്ഥിതി ചെയ്യുന്നത്. സൈക്കിൾ സവാരിക്കാർക്ക് സൗജന്യ യാത്ര അനുവദിക്കപ്പെട്ടിട്ടുള്ള ടോൾപാലം എന്ന പ്രത്യേകതയും വിദ്യാസാഗർ സേതുവിനുണ്ട്. കൊൽക്കത്തയെയും ഹൗറയെയും ബന്ധിപ്പിക്കുന്ന രണ്ടാമത്തെ പാലമായ വിദ്യാസാഗർ സേതു  തുറന്നുകൊടുത്തപ്പോൾ മുതൽ തന്നെ  ചരിത്രത്തിൽ ഇടംപിടിച്ചിരുന്നു. വിസ്മയിപ്പിക്കുന്ന കാഴ്ച സമ്മാനിക്കുന്ന ഈ പാലവും സഞ്ചാരികളുടെ തിരക്കേറെ അനുഭവപ്പെടുന്ന കൊൽക്കത്തയിലെ മനോഹരമായയിടങ്ങളിലൊന്നാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA