ഇന്ത്യക്കും ചൈനക്കും ഇടയിലെ നാഥുലപാസ്

INDIA NATHULA PASS
SHARE

ഇന്ത്യ–ചൈന അതിർത്തിയായ നാഥുലപാസിലേക്കുള്ള യാത്രയ്ക്കായാണ് പശ്ചിമ ബംഗാളിന്റെ തെക്കേയറ്റത്തുള്ള ന്യൂജൽ പായ്ഗുരി (njp) റയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയത്. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ ഹിമാലയത്തിലൂടെയുള്ള ഒരേയൊരു  പ്രകൃതിദത്ത മലമ്പാതയായ നാഥുലപാസിലേക്ക് സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കിൽ നിന്ന് 57 കിലോ മീറ്റർ ദൂരമുണ്ട്. പരസ്പരം സൗഹൃദത്തിൽ കഴിയുന്ന രണ്ടു രാജ്യങ്ങളിലേക്കും പട്ടാളക്കാർക്ക് സൗഹൃദം ഊട്ടിയുറപ്പിക്കാനുള്ള ഔദ്യോഗികമായി അംഗീകരിച്ച മീറ്റിങ് പോയിന്റ് കൂടിയാണിത്.

ശൈത്യത്തിന്റെ കാഠിന്യം കൂറയുമ്പോൾ ടൂറിസ്റ്റുകളുടെ വരവായി. വിദേശ ടൂറിസ്റ്റുകൾക്ക് ഇവിടെ പ്രവേശനമില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ ബസ് യാത്ര അസാധ്യമായ ഗാങ്ടോക്കിലേക്കുള്ള പ്രധാന യാത്രാസൗകര്യമെന്നത് ഇന്നോവ, ബൊലേറോ, സ്കോർപിയോ തുടങ്ങിയ ഷെയർ ടാക്സികളാണ്. ന്യൂജൽപായ്ഗുരിയിൽ നിന്നു ഗാങ്ടോക്കിലേക്കെത്താൻ 120 കിലോമീറ്റർ യാത്ര ചെയ്യണം. അവിടെ നിന്നു വീണ്ടും 57 കിലോമീറ്റർ യാത്ര ചെയ്താൽ നാഥുലയിലെത്താം. 

nathula-pass-india-china-border-1

സവിശേഷമായ ഭൂപ്രകൃതിയാൽ സമ്പന്നമായ ഈ സംസ്ഥാനത്താണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ സ്ഥിതി ചെയ്യുന്നത്. നേപ്പാൾ, ഭൂട്ടാൻ, ചൈന അതിർത്തി പങ്കിടുന്ന ഈ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ നേപ്പാളിയാണ്. ഗാങ്ടോക്കില്‍ നിന്ന് അതിരാവിലെയാണ് ടൂറിസ്റ്റുകളുമായി വാഹനങ്ങൾ പുറപ്പെടുക. കുത്തനെയുള്ള മലനിരകളിലെ വളഞ്ഞു പുള‍ഞ്ഞ റോഡിലൂടെ ടൂറിസ്റ്റുകളുടെ വാഹനങ്ങൾ നിരനിരയായി പോകുന്നതൊഴിച്ചാൽ നാഥുലയിലേക്കുള്ള നിരത്ത് വിജനമാണ്. ഒരു കടയുടെ മുന്നിൽ വാഹനം നിർത്തി. ആവശ്യക്കാർക്ക് ലഘു ഭക്ഷണമാകാം.

  ഇവരുടെ പ്രധാന വരുമാനമാർഗം വാടകയ്ക്ക് കൊടുക്കുന്ന, തണുപ്പകറ്റാനുള്ള വസ്ത്രങ്ങളാണ്. മുന്നോട്ടുള്ള യാത്രയിൽ കൊടുംതണുപ്പായിരിക്കുമെന്ന് ഡ്രൈവർ ഓർമിപ്പിച്ചപ്പോൾ എല്ലാവരും തണുപ്പിനെ പ്രതിരോധിക്കാൻ ജാക്കറ്റും കയ്യുറയും ബൂട്സുമെല്ലാം ആവശ്യാനുസ രണം വാടകയ്ക്കെടുത്തു തിരിച്ചു വരുമ്പോൾ മടക്കി നൽകിയാൽ മതി. ഇവയൊക്കെ ധരിച്ചായിരുന്നു പിന്നീടുള്ള യാത്ര. പലയിടത്തും പാലരുവികൾ ഒഴുകുന്ന വിദൂര ദൃശ്യം.

INDIA NATHULA PASS

എവിടെയും മഞ്ഞുപാളികളാൽ മൂടി വെള്ളപുതച്ച മലനിരകൾ. ആഹ്ലാദത്തിന്റെ കൊടുമുടിയിലേക്കെന്നവണ്ണം ഞങ്ങൾ യാത്ര തുടർന്ന് അവസാനം ലക്ഷ്യത്തിലെത്തിച്ചേർന്നു. ഇനിയുള്ള വഴികൾ നടന്നു കയറണം. വാഹനത്തിൽ നിന്നിറങ്ങിയ എല്ലാവരും തണുപ്പ് വകവയ്ക്കാതെ മഞ്ഞുമലയിലേക്ക് ഓടിക്കയറി. കൊച്ചു കുട്ടികളെ പോലെ മഞ്ഞിൽ കിടന്നുരുണ്ടും മഞ്ഞുവാരിക്കളിച്ചും ഫോട്ടോയ്ക്ക് പോസ് ചെയ്തുകൊണ്ടിരുന്നപ്പോൾ ഡ്രൈവർ ഓർമിപ്പിച്ചു. ‘എത്രയും പെട്ടെന്നു മലകയറി അതിർത്തി കണ്ട് തിരിച്ചു വരിക’. കാലാവസ്ഥ പ്രതികൂലമായാൽ ഇവിടെ നിൽക്കാനാകില്ല. മല കയറാൻ നിർമിച്ചിരുന്ന കൽപ്പടവുകൾ മഞ്ഞുമൂടി കാണാൻ കഴിയാത്തതിനാൽ തുടർന്നുള്ള യാത്ര സാഹസികം തന്നെയായിരുന്നു. 

ഇളംകാറ്റിൽ പഞ്ഞി കെട്ടഴിച്ചുവിട്ട മാതിരി ദേഹത്തും തലയിലുമെല്ലാം മഞ്ഞുമഴ പെയ്യുന്നു. പറഞ്ഞറിയിക്കാനാകാത്ത അനുഭൂതിയിൽ ലയിച്ചു നിൽക്കുമ്പോൾ പട്ടാളക്കാർ മുന്നറിയിപ്പു തന്നു. ‘കാലാവസ്ഥ പ്രതികൂലമാണ്. ഇനിയിവിടെ നിൽക്കേണ്ട’.  അവരുടെ നിർദേശമനുസരിച്ച് മനസ്സില്ലാ മനസ്സോടെ ഞങ്ങൾ അതിർത്തിയോട്  വിട പറഞ്ഞു.  കയറി യതിനേക്കാൾ പ്രയാസമായിരുന്നു താഴേക്കുള്ള ഇറക്കം പലരും നിലത്തിരുന്ന് മഞ്ഞിലൂടെ ഊർന്നിറങ്ങുകയാണ് ചെയ്തത്. ഇന്ത്യുടെ  വൈവിധ്യമാർന്ന ഭൂപ്രകൃതിയുടെ ഏറ്റവും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഓരോരുത്തരും നാഥുലപാസിനോട് വിട പറഞ്ഞത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA