കൈയടിക്കെടാ! നടൻ മണികണ്ഠനെ മയക്കിയ മഞ്ഞൂർ

manjoor-trip6
SHARE

രജനീകാന്തിന്റെ കൂടെ അഭിനയിച്ച മലയാളത്തിന്റെ യുവനടൻ മണികണ്ഠന് തമിഴ്സിനിമാലോകം അപരിചിതമായി തോന്നിയില്ല. അതിനു കാരണം അന്നാട്ടുകാരുമായുള്ള മുൻകാല ബന്ധമാണ്. ''കഷ്ടപ്പെട്ടു ജോലിചെയ്യരുത് ഇഷ്ടപ്പെട്ടു ചെയ്യുക''- ഈ ഉപദേശം മണികണ്ഠനു കിട്ടുന്നത് ഒരു സെക്യൂരിറ്റിക്കാരനിൽനിന്നാണ്. മണികണ്ഠൻ അന്നു നാമറിയുന്ന, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് മണികണ്ഠൻ അല്ല. ചെന്നൈയിലെ സംഗീത  സ്റ്റുഡിയോയിൽ കാർ കഴുകുന്ന സിനിമാപ്രേമിയായ ഒരു യുവാവ്. ആ വൃദ്ധനായ സെക്യൂരിറ്റിക്കാരൻ ഒരു കാര്യം കൂടി പറഞ്ഞു മണികണ്ഠന്റെ നെറുകയിൽ കൈ വച്ചനുഗ്രഹിച്ചു. അന്നു മുതൽ കാർ കഴുകുന്നതിൽ യുവാവിന് ആവേശം കൂടി. കൂടുതൽ ലക്ഷ്വറി കാറുകൾക്കായി കണ്ണുകൾ നീണ്ടു.

manjoor-trip5

ഊട്ടിക്കടുത്തുള്ള മഞ്ഞൂർ എന്ന പർവതഗ്രാമത്തിലേക്കുള്ള ട്രാവലോഗിലാണു കമ്മട്ടിപ്പാടം എന്ന ആദ്യ സിനിമയിൽത്തന്നെ സ്വഭാവനടനുള്ള അവാർഡ് ലഭിച്ച് കേരളത്തിന്റെ ശ്രദ്ധയാകർഷിച്ച യുവനടൻ മണികണ്ഠൻ. കൂടെ ഹോണ്ടയുടെ പുതുതുടിപ്പ് അമേസ് ഡീസൽ ഓട്ടമാറ്റിക് മോഡലും. യാത്ര ആളില്ലാവഴിയാക്കിയാലോ എന്ന തോന്നലിലാണ് പാലക്കാട്– അട്ടപ്പാടി മുള്ളി– ഊട്ടി വഴി തിരഞ്ഞെടുത്തത്. 

സൈലന്റ് വാലി എത്തും വരെ സൈലന്റ് ആയി ഡീസൽ എൻജിന്റെ മുരൾച്ചയാസ്വദിച്ചുകൊണ്ടിരുന്ന മണികണ്ഠൻ വഴിയിലൊരു വെള്ളച്ചാട്ടം കണ്ടപ്പോൾ ഇറങ്ങി. വെളളവും കാറും കണ്ടപ്പോഴാണ് ആ സെക്യൂരിറ്റിക്കാരന്റെ അനുഗ്രഹമെന്താണെന്നു മണികണ്ഠൻ തുറന്നു പറയുന്നത്. നീ ഇഷ്ടപ്പെട്ടു കഴുകുന്ന കാറുകൾ എല്ലാം നിനക്കു സ്വന്തമാകും എന്നായിരുന്നു ആ വാക്കുകൾ. എന്നിട്ട്, പീന്നീട് എതു കാറൊക്കെ കഴുകി എന്നു ചോദിക്കും മുൻപേ ഒരു കൂട്ടം പിള്ളേർ ബാലേട്ടാ എന്നു വിളിച്ചു സെൽഫിവൃത്തത്തിലേക്കു മണികണ്ഠനെ ചേർത്തു നിർത്തി. കമ്മട്ടിപ്പാടത്തിലെ ബാലൻ അത്രമേൽ യുവാക്കളിലേക്കു ചേക്കേറിയതിന്റെ ഉദാഹരണം. ചെറുതാണെങ്കിലും കിടുക്കൻ രൂപവുമായി അമേസ് ചേക്കേറുന്നതു പോലെതന്നെ.

അട്ടപ്പാടിയൊരു  കമ്മട്ടിപ്പാടം

മണ്ണാർക്കാടെത്തുംവരെ അമേസിന്റെ സുന്ദരൻ അലോയ് വീലുകൾ മഴയുടെ തോരാക്കണ്ണീർച്ചാലുകൾ നീന്തിയാണു സഞ്ചരിച്ചത്. കൃത്യം ബ്രേക്കിങ്. സിവിടി ഗിയർബോക്സിന്റെ കുതിപ്പ്. സ്ഥിരതയുള്ള, എന്നാൽ പിൻസീറ്റിലും ഇരിപ്പുസുഖം നൽകുന്ന സസ്പെൻഷൻ.

ഇതിന്റെയൊക്കെ പിൻബലത്തിൽ അട്ടപ്പാടിയിലെത്തുമ്പോൾ അവിടെയൊരു തുള്ളിമഴയില്ല. പക്ഷേ, വരണ്ടിരിക്കുകയുമല്ല. അട്ടപ്പാടി എന്നു കേൾക്കുമ്പോൾ ജനക്കൂട്ടം തല്ലിക്കൊന്ന ആദിവാസിയുവ് മധുവാണ് ഓർമയിലെത്തുന്നത് എന്നു മണികണ്ഠൻ. പലർക്കും  ഇല്ലാത്ത സാമൂഹികപ്രതിബദ്ധത ഈ യുവനടനിൽ നിങ്ങൾക്കു കാണാം. നിലപാടുകളും. അതുകൊണ്ടുതന്നെയാണ് ബാലൻ എന്ന ശക്തമായ കഥാപാത്രം ചെയ്തപ്പോൾ മണിണ്ഠൻ എന്ന പുതുമുഖത്തിന് അൽപം പോലും പതർച്ചയുണ്ടാകാതിരുന്നത്. 

manjoor-trip1

അവഗണിക്കപ്പെട്ടു കിടക്കുന്നവരുടെയും ചവിട്ടിത്താഴ്ത്തപ്പെട്ടവരുടെയും നാടിനെ കമ്മട്ടിപ്പാടം എന്നു പറയാമെങ്കിൽ അട്ടപ്പാടിയും കമ്മട്ടിപ്പാടമല്ലേ എന്നൊരു സംശയം മണികണ്ഠൻ പങ്കുവച്ചു. മധു ഒരുദാഹരണം മാത്രം. ആ മഴനിഴൽപ്രദേശത്തെ കുന്നിൻപുറത്തുകൂടിയാണു റോഡ്. താഴെ, കിഴക്കോട്ടൊഴുകുന്ന ഭവാനിപ്പുഴ കരഞ്ഞുകലങ്ങി അലറിപ്പാഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. പാലങ്ങൾ മിക്കതും വെള്ളത്തിനടിയിലാണെന്നു കല്ലടിക്കോട് ജലവിഭവവകുപ്പിലെ അജി മുന്നറിയിപ്പു തന്നിരുന്നു. അതുകൊണ്ടു കൂടുതൽ ദൂരം ചുറ്റിപ്പോകേണ്ടിവരും. സിവിടി ഗിയർ സ്പോർട്സിലേക്കിട്ടു. മുരൾച്ച ഭവാനിയെക്കാളും കൂടി. അമേസിനു കുതിപ്പുകൂടി. 

ഈടെ കാറ്റിനെന്താ കരുത്ത്

മുള്ളി, തമിഴ്നാട് അതിർത്തിയാണ്. സാധാരണ യാത്രികരെ  മുള്ളിക്കുന്ന അത്ര ഗൗരവത്തിലിരുന്ന പൊലീസുകാർ മണികണ്ഠനെ കണ്ടപ്പോൾ പ്രസാദത്തോടെ ചെക് പോസ്റ്റ് ബാർ പൊക്കിത്തന്നു. ഒന്നു തിരിഞ്ഞുനോക്കിയാൽ ഇപ്പോഴും കാണാം മദ്രാസ് സ്റ്റേറ്റ് എന്ന പഴയ അതിർത്തിക്കല്ല്.

ചെറിയ  ടാറില്ലാ റോഡെത്തുന്നത് തമിഴ്  ചെക്പോസ്റ്റിൽ. പുതുതായി ഒരു ബിഗ് ബജറ്റ് തമിഴ് സിനിമയിൽ അഭിനയിക്കുന്ന കാര്യം പറഞ്ഞപ്പോൾ അവർക്കും ആദരം. ഇനി മുപ്പതു കിലോമീറ്റർ  സൂക്ഷിച്ചുപോകണം. കാടാണ്. മഞ്ഞുണ്ടാകും. ആനയും. എന്നൊരു ഉപദേശം കൂടി ഞങ്ങൾക്കു കിട്ടി. 43 മുടിപ്പിൻ വളവുകൾ താണ്ടിയാലെ നമ്മുടെ സ്ഥലത്തെത്തൂ.

manjoor

ആകെ രണ്ടു വാഹനങ്ങൾ മാത്രമേ അമേസിന് എതിരായി വന്നിട്ടുള്ളൂ. അത്ര വിജനമാണ് റോഡ്. ചെറിയ റോഡിന്റെ ഇടതുവശത്ത് പച്ചപ്പാർന്ന മലയിടുക്കുകൾ. ഒരു വളവിൽ ഞങ്ങൾ അമേസ് പാർക്ക് ചെയ്തു. നേരം സന്ധ്യയാകുന്നു. കാറ്റോടു കാറ്റ്. മണികണ്ഠന്റെ ചുരുൾമുടിപോലും പാറിപ്പിക്കുന്നത്ര ശക്തിയുണ്ട് കാറ്റിന്. റോഡിന്റെ വശഭിത്തിയിൽ കയറി ഒന്നു കൈവിടർത്തിയാൽ ഗ്ലൈഡറുപോലെ പറക്കാമെന്നു മണികണ്ഠന്റെ സുഹൃത്ത്, ജിജോ ആന്റണി വക്കീൽ. സാന്ധ്യമേഘം അമേസിന്റെ റൂഫിൽ പ്രതിഫലിക്കുന്നുണ്ട്. ചെറുതായി നൂൽ മഴ പെയ്യാൻ തുടങ്ങി. മഞ്ചൂരെത്തുന്നതിനുള്ള തുടക്കം. ഇങ്ങനെ വ്യത്യസ്തമായിട്ടാണു മണികണ്ഠന്റെയും തുടക്കം.

മിമിക്രിയിൽ വേദിക്കടുത്തുനിൽക്കുന്നവരെ ഉൾക്കൊള്ളിച്ചാണ് കൊച്ചുമണികണ്ഠൻ സ്കൂളിൽ ഹീറോ ആകുന്നത്. പലരും പലവട്ടം ചന്തുവിനെ തോൽപ്പിച്ചിട്ടുണ്ട്. മാർക്കില്ലാതിരുന്നപ്പോൾ മാധവിടീച്ചർ ക്ലാസിൽ തോൽപിച്ചു. കൂടെനിൽക്കുമെന്നു കരുതിയ കൂട്ടുകാർ ജയിച്ചു മുന്നേറി പലവട്ടം തോൽപിച്ചു.– ഇങ്ങനെയുള്ള ആത്മാനുഭവങ്ങളുള്ള അവതരണത്തിലൂടെ കൈയടി നേടി ജില്ലാ കലോൽസവം വരെ എത്തിയ പ്രതിഭ സിനിമയിൽ തിളങ്ങിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. ചെറുപ്പത്തിൽ വഴികാട്ടാൻ ഒരു ഗ്രേറ്റ് ഫാദർ പൊലൊരാൾ ഉണ്ടായിരുന്നെങ്കിൽ എന്നു മണികണ്ഠൻ ആത്മഗതം ചെയ്തു.

manjoor-trip7

എങ്കിൽ നിങ്ങൾ ഒരു സർക്കാർ ഉദ്യോഗസ്ഥനായേനെ എന്ന് അജിയുടെ കുസൃതി കലർന്ന മറുപടി. മുള്ളി–മഞ്ഞൂർ വഴിയിൽ ഗെദ്ദ ഡാം, പെൻസ്റ്റോക്ക്  പൈപ്പുകൾ, പവർ ഹൗസ് എന്നിവ  കാണാം. മഞ്ചൂരിലെ കുന്താ ജലവൈദ്യുതപദ്ധതിയിലെ രണ്ടാമത്തേതാണ് ഗെദ്ദയിലേത്. കനേഡിയൻ പ്രൊജക്ട് ആണിത്. കാനഡയാണോ കുന്താ എന്നാക്കിയത്? അപ്പോൾ ഗദ്ദയോ? കുന്തവും ഗദയും എന്നായിരിക്കുമെന്ന് ഫൊട്ടോഗ്രഫർ ലെനിൻ. ഗദ്ദൈ എന്നാൽ വയൽ എന്നാണർഥം എന്നു ഡാമിനടുത്ത് ചായക്കട നടത്തുന്ന മണ്ണാർക്കാട്ടുകാരി ഉഷ ചേച്ചി പറയുന്നു. നല്ല നാടൻ ചായ കുടിച്ചു പിന്നെയും മുന്നോട്ട്. തേയിലത്തോട്ടങ്ങൾ ആരംഭിക്കുകയായി. 

അലമാരയിലൊതുങ്ങാത്ത മഞ്ഞൂർ

ഗൂഗിൾ അലമാരയിൽ തിരഞ്ഞാൽ മഞ്ഞൂരിനെപ്പറ്റി അധികമൊന്നും വിവരങ്ങൾ കിട്ടില്ല. കാരണം ഊട്ടി എന്ന അതിസുന്ദരിയുടെ തോഴിയായിട്ടാണ്  മഞ്ഞൂരിനെ പലരും കാണുന്നത്. മുള്ളിച്ചുരം താണ്ടാനെത്തുന്ന സാഹസികർ മാത്രമേ മഞ്ഞൂരിനെ അറിയുന്നുള്ളൂ. കാ അതിലോല (കൂട്ടത്തിൽ ആരാണു സുന്ദരി) എന്നു ചോദിച്ചാൽ നല്ലതാളി (നല്ലത് തോഴി) എന്നാകും മഞ്ഞൂരിനെ അറിയുന്നവരുടെ മറുപടി. നീലഗിരിയുടെ അസ്സൽ ഭംഗി ഇപ്പോൾ കാണണമെങ്കിൽ മഞ്ഞൂരിലേക്കു വരിക. ശാന്തമായ അന്തരീക്ഷം. താമസം. നാടൻ ഭക്ഷണം.

manjoor-trip3

നീലഗിരിയുടെ ആദ്യ സഹകരണ തേയില ഫാക്ടറിയായ കുന്താ ഇൻഡ്കോ ടീ ഫാക്ടറിയിൽനിന്നു നല്ലയിനം തേയില കുറഞ്ഞ വിലയ്ക്കു വാങ്ങാം. ബഡുഗ എന്ന വിഭാഗക്കാരാണ് ഇത് ആരംഭിച്ചതെന്ന് കൗണ്ടറിലെ ഉദ്യോഗസ്ഥർ. സുവർണജൂബിലി ആഘോഷിക്കുന്ന ഫാക്ടറിയിലെ ചായപ്പൊടി കൊള്ളാം. മണികണ്ഠൻമാരുടെ നാടാണോ മ‍ഞ്ഞൂർ? നമ്മുടെ മണികണ്ഠൻ. മഞ്ചൂരിലെ പള്ളിയുടെ മുന്നിലെ നാടൻചായക്കടയുടമ മണികണ്ഠൻ. ഉഗ്രനൊരു  വീടൊരുക്കി അതിഥികളെ കാത്തിരിക്കുന്ന മണികണ്ഠൻ എന്ന കാര്യക്കാരൻ. ഇതിനിടയിൽ നമ്മുടെ അമേസും.

കാർബൺ– വിലയുള്ള കരി

ഊട്ടിയിൽനിന്നു മഞ്ഞൂരിലേക്ക് 34 കിലോമീറ്റർ ദൂരം. സിറ്റിയുടെ ബഹളങ്ങളൊന്നുമില്ലാത്തയിടം. മഞ്ഞിന്റെ ഊര് എന്നതു തന്നെയാണ് അർഥം. കാഴ്ചകളല്ല സ്വച്ഛമായ താമസമാണ് ആകർഷണം രാവിലെ റൂമിൽനിന്നിറങ്ങുമ്പോൾ പക്ഷേ, മഞ്ഞുണ്ടായിരുന്നില്ല. തൊട്ടുതാഴെയുള്ള കുന്താ ഡാമിൽ കലങ്ങിയ വെള്ളം നിറഞ്ഞുകിടക്കുന്നു. ഹോംസ്റ്റേയിലെ മണികണ്ഠൻ ചേട്ടൻ അടുത്തൊരു വ്യൂപോയിന്റിലേക്ക് അമേസിനെ നയിച്ചു. മേലേകുന്ത എന്ന ചെറിയ അങ്ങാടി കഴിഞ്ഞ് തേയിലത്തോട്ടത്തിലൂടെയാണു വഴി. 

കാറ്റുവീശുന്ന ചെരിവിലൊന്നിൽ അമേസിനെ ഒതുക്കിയിട്ടു. ആഞ്ഞുവീശുന്ന കാറ്റ്, കാറിനെപ്പോലും മറിച്ചിടുമെന്നു തോന്നിച്ചു. അകലെ നാം പിന്നിട്ട മഞ്ഞൂർ–മുള്ളി ചുരം കാണാം. കാർബൺ എന്ന സിനിമയുടെ  ഷൂട്ടിങ്ങിൽ  കണ്ട മലകളാണു മലകൾ എന്നായിരുന്നു മണികണ്ഠന്റെ തോന്നൽ. അതിപ്പോൾ മാറിയെന്ന് ആ താഴ്‌വാരത്തെ സാക്ഷിയാക്കി ആത്മഗതം. അക്കാണും മാമലയൊന്നും എന്നുടെയല്ലെൻ മകനെ.. എന്നൊരു പാട്ട് ചുണ്ടിലിരുന്നു കളിച്ചു. ചിന്നക്കൊരൈ എന്നൊരു പർവതഗ്രാമം കൂടി അങ്ങു കാണാം. അവിടേക്കാണീ റോഡ്. മഞ്ചൂരിലെത്തുന്നവർ  പല മലകളെച്ചുറ്റിപ്പോകുന്ന  വഴിയിലൂടെ ആ ഗ്രാമത്തിലേക്കൊന്നു പോയിവരണം.

ഇരുണ്ടുമെലിഞ്ഞവരുടെ ജീവിതം കാണണം ഒരിക്കൽ സങ്കടം തോന്നിപ്പിച്ചിരുന്ന ആ കറുപ്പിനെ ഇപ്പോൾ ജനങ്ങൾ നെഞ്ചോടുചേർക്കുന്നതിൽ മണികണ്ഠനു സന്തോഷമേറെ. കരിയും വജ്രവും കാർബൺ ആണെങ്കിലും വില രണ്ടാമത്തേതിനാണല്ലോ. മണികണ്ഠനെ ഇങ്ങനെ ഊതിക്കാച്ചിയെടുത്തത് നാടകമാണ്. മഞ്ഞൂരിലെ രാത്രിവാസവും കറക്കവും കഴിഞ്ഞാൽ നേരെ ഊട്ടിയിേലക്കു പോകാം.

manjoor-trip

പുൽമേടുകൾക്കിടയിലൂടെയും വൻമരങ്ങൾക്കിടയിലൂടെയുമുള്ള റബറൈസ്ഡ് പാത. അമേസിന്റെ കുതിപ്പിനൊപ്പം തുള്ളിക്കുതിച്ചോടിയൊരു കുതിരസംഘം. ഒന്നിനെയങ്ങു വാങ്ങിയോലാ എന്ന ചോദ്യമുയരും മുൻപ് മണികണ്ഠൻ ഡോർ തുറന്നു പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു. അമേസിന്റെ കട്ടിയുള്ള ക്രോംബാഡ്ജിങ്ങിനു തുല്യമെന്നപോലെ വെളുത്ത നെറ്റിക്കുറിയുണ്ടായിരുന്നു ആ കുതിരകൾക്ക്. നിങ്ങളെക്കാൾ കുതിരശക്തി കൂടുതലാണ് എനിക്ക് എന്ന് അമേസിന്റെ എൻജിൻ പറയാതെ മുരണ്ടു. 

അയാൾ ജീവിച്ചിരിപ്പുണ്ട്

തിരികെ ഊട്ടി വഴി നിലമ്പൂരിലേക്ക്. ഗൂഡല്ലൂരിലെ ഒരു കടയിലെ ചങ്ങാതിയുടെ ഷോ. നിങ്ങൾ സിനിമയിൽ അഭിനയിക്കുന്നയാളാണോ എന്ന മട്ടിൽ ചോദ്യങ്ങൾ. അല്ലെന്നു മണികണ്ഠൻ. പയ്യൻസിനറിയാം ആരാണെന്ന്. എന്നാലും ജാഡ. അവിടെ നല്ലൊരു നടനായി മണികണ്ഠന്റെ ചങ്ങാതിയായി മണികണ്ഠൻ.  അത്തരം തെരുവഭിനയങ്ങൾ ഏറെ നടത്തിയാണല്ലോ ഇവിടെയെത്തിയത്. ചെന്നെയിലെ കൂത്തുപട്ര എന്ന നാടകട്രൂപ്പ് സംഘടിപ്പിരുന്ന ലൈവ് തെരുവു നാടകങ്ങളാണ് മണികണ്ഠനെ നടനാക്കിയതെന്ന് നാട്ടുകാർക്കറിയില്ലല്ലോ. അന്നു ചെന്നൈയിൽ ചായയടിയും കാർ കഴുകൽ അടക്കമുള്ള  ജോലികൾ ചെയ്തു ജീവിതം തള്ളിനീക്കിയിരുന്ന അയാൾ ജീവിച്ചിരിപ്പുണ്ടെന്നു കണ്ടെത്തിയത് എഡിറ്റർ ബി.ലെനിൻ ആയിരുന്നു. പിന്നെ മലയാളത്തിൽ സജീവം.   

കാർബൺ സിനിമയ്ക്കുശേഷം താങ്കളെ കണ്ടില്ലല്ലോ? മണ്ണാർക്കാടിനടുത്തുളള എആർ  തട്ടുകടയിൽ നിന്നുള്ള സെൽഫി തിരക്കിനിടയിൽ ഒരു നേർചോദ്യം. വരാനിരിക്കുന്ന കായംകുളം കൊച്ചുണ്ണി, മാമാങ്കം  എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഷൂട്ടിങ്ങിലായിരുന്നതു കൊണ്ടാണ് എന്നു നേർ മറുപടി. ഇങ്ങനെ പച്ചയായ മനുഷ്യനാണു മണികണ്ഠൻ. ജീവിതത്തിൽ അഭിനയിക്കാനറിയാത്തവൻ. അഭിനയിക്കാൻ പറയുമ്പോൾ  ജീവിക്കുന്നവൻ. അമേസുമായുള്ള യാത്രയല്ലേ. ഇങ്ങനെ വിശേഷിപ്പിക്കാം ആൻ അമേസിങ് ആക്ടർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA