തമിഴ് തെരുവുകൾ കേരളത്തോടു പറയുന്നത്

Tamil-Nadu-trip6
SHARE

സഹ്യപർവതം കടന്നപ്പുറം സമതലങ്ങളിലേക്കിറങ്ങിയാൽ വാഹനങ്ങൾക്ക് നെഞ്ചിൽനിന്നൊരു ഭാരമിറക്കിവച്ചതുപോലെയാണ്. അവ സ്വതന്ത്രമാകും. ചക്രങ്ങൾക്കു മാത്രമല്ല ആ സുഖം. സഞ്ചാരികളുടെ കണ്ണുകൾക്കുമാണ്. കാര്യമെന്തെന്നു ചോദിച്ചാൽ അതു തമിഴ്നാടിന്റെ പുരോഗതി എന്നു പറയേണ്ടിവരും. അതിവിശാലമായ പാടശേഖരങ്ങൾ ആരുടെ മനമാണു കുളിർപ്പിക്കാത്തത്? ആ കൃഷിയിടങ്ങൾ കണ്ടുതുടങ്ങുന്നിടത്തു നിന്നു തുടങ്ങുന്നു തമിഴ്നാട്ടിൽനിന്നു കേരളക്കര എന്തു പഠിക്കണമെന്ന്.  ചില ചെറു ഉദാഹരണങ്ങൾ അറിയാം.

റോഡ്- തമിഴ്നാട്ടിലെ എല്ലായിടത്തും നല്ല കിടുക്കൻ റോഡുകളാണെന്നറിയാമല്ലോ. നമ്മുടെതിനേക്കാൾ എത്രയോ വലുതാണ് തമിഴ്നാട് എന്നതിനാൽ റോഡുകളുടെ വീതിയും മറ്റും നമുക്കു പിന്തുടരാൻ പറ്റില്ല. പക്ഷേ, റോഡരികിലെ പുളിമരങ്ങൾ നമ്മോടു ചിലതു പറയാതെ പറയുന്നുണ്ട്. തമിഴർ റോഡുവക്കിൽ പുളിമരങ്ങളാണു കൂടുതൽ വച്ചുപിടിപ്പിക്കുന്നത്. പുളിമരത്തിനൊരു പ്രത്യേകതയുണ്ട്. അത് പൊട്ടിയടർന്നു വീഴില്ല. നമ്മുടെ നാട്ടിൽ പലയിടത്തും പൂമരങ്ങൾ കാണാം.

Tamil-Nadu-trip4

ചീനി എന്നൊക്കെ വിളിപ്പേരുള്ള ആ മരങ്ങൾ പ്രായമായാൽ കൊമ്പുകൾ അടർന്നുവീണും കടപുഴകിയും മറ്റും അപകടങ്ങളുണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ തണൽ വേണ്ടിടത്തു പണ്ടു നാം വച്ചുപിടിപ്പിച്ച ആ മരങ്ങൾ വെട്ടിമാറ്റുന്നതു പതിവായിരിക്കുന്നു. ഇനിയെങ്കിലും ഇത്തരം മരങ്ങൾ വച്ചുപിടിപ്പിക്കാതെ പുളി പോലെ ഉറപ്പുള്ളവ റോഡരുകിൽ വളർത്തുകയാണെങ്കിൽ മൂന്നുണ്ട് കാര്യം. തണൽ ഉറപ്പ്. രണ്ട് വീട്ടാവശ്യത്തിനുള്ള പുളി ഉറപ്പ്. പിന്നെ പുളിമരത്തിന്റെ തടി നൽകുന്ന സുരക്ഷ ഉറപ്പ്.  റോഡിനു ലഭിക്കുന്ന ഭംഗി വേറെ. ഒരു നടപ്പന്തലിനു കീഴിലൂടെ സഞ്ചരിക്കുന്നൊരു പ്രതീതിയാണ് തമിഴ് റോഡുകൾ നൽകുന്നത്.

പ്രകൃതി

പാടശേഖരങ്ങളിലൂടെ പോകുമ്പോൾ നമുക്കു സംശയം തോന്നാം. ഇതാണോ കേരളം എന്ന്. കേരവൃക്ഷത്തിന്റെ സ്ഥലം എന്ന പേരിലറിയപ്പെടുന്ന കേരളത്തേക്കാൾ കൂടുതൽ തെങ്ങുകൾ തമിഴ്നാട്ടിലാണെന്നു തോന്നുന്നു.

Tamil-Nadu-trip

അതായത് കേരളത്തനിമ എന്നു നാം കേട്ടിട്ടുള്ള വയലേലകളും തെങ്ങിൻതോപ്പുകളും കാണാൻ അങ്ങു ചെല്ലണം എന്നർഥം. കഴിയുന്നിടത്തെല്ലാം അവർ നമ്മുടെ കൽപവൃക്ഷം വച്ചുപിടിപ്പിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. ഇതിൽ കൂടുതലും മലയാളികളുടേതാണെന്ന് ഒരു കർഷകൻ പറഞ്ഞു. കേരളത്തിലും ഇങ്ങനെ കേരം തിങ്ങിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകും.

ഇലകൾ

തമിഴ് ഗ്രാമങ്ങൾക്കുള്ളിലൂടെ പോകുമ്പോൾ പലയിടത്തും ‘ഗ്രീൻ പ്രോട്ടോക്കോൾ’ പാലിച്ചു നടത്തപ്പെടുന്ന ചടങ്ങുകൾ കാണാം. കല്യാണത്തിന്റെയൊക്കെ പന്തലുകൾ തെങ്ങിൻപട്ടകൾ കൊണ്ടു മെടഞ്ഞവയാണ്. പ്ലാസ്റ്റിക് തോരണങ്ങളും മറ്റും ഒഴിവാക്കി തനി ഗ്രാമീണരീതിയിൽ ആണ് ഈ പന്തലുകൾ.

കണ്ണിനും പ്രകൃതിക്കും കുളിർമ. നമ്മുടെ ചില സമ്മേളനങ്ങൾ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു നടത്തപ്പെട്ടെങ്കിലും ഭൂരിഭാഗവും ഇപ്പോഴും പ്രകൃതിയെ നോവിക്കുന്നവയാണ്. ഓലമെടഞ്ഞു പന്തലൊരുക്കി നമുക്കും ചടങ്ങുകൾ നടത്തിയാലെന്താ എന്നു തോന്നും ഈ പന്തലുകളിൽ കയറിയിറങ്ങുമ്പോൾ.

Tamil-Nadu-trip1

വിളമ്പൽ

മിക്ക ഹോട്ടലുകളിലും ഇലയിലാണ് ആഹാരം വിളമ്പിത്തരുക. പ്രാതലും അത്താഴവും അങ്ങിനെത്തന്നെ. ബിരിയാണിയും ദോശയും ഇലയിൽത്തന്നെ. ഇവിടെ കൂണുപോലെ മുളച്ചുപൊന്തുന്ന തട്ടുകടകളിൽനിന്ന് ഓരോ പ്ലേറ്റിനൊപ്പം ഒരു പ്ലാസ്റ്റിക് കവർ സൗജന്യം എന്നതാണല്ലോ രീതി.

Tamil-Nadu-trip5

ചുടുകല്ലിൽനിന്ന് ആവി പറക്കുന്ന ഓംലെറ്റ് പ്ലാസ്റ്റിക് കവറിലിട്ടുതരുമ്പോൾ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളൊന്നും നാം ആലോചിക്കാറില്ല. ശേഷം ആ പ്ലാസ്റ്റിക് എന്തു ചെയ്യുന്നു എന്നും ആലോചിക്കാറില്ല. എന്നാൽ ഇലയാണെങ്കിൽ ഈ രണ്ടു പൊല്ലാപ്പുകളും ഒഴിവാക്കാം.

പിച്ചാവരം എന്ന വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള യാത്രയിൽ കണ്ട രസകരമായൊരു കാര്യം പറഞ്ഞുനിർത്താം. കടലമിഠായികളെപ്പോലെ പൊതിഞ്ഞാണ് അച്ചാർ ഒരു ഭരണിയിൽ സൂക്ഷിച്ചിരിക്കുന്നത്. കൗതുകത്തിന് ഒരെണ്ണം വാങ്ങിനോക്കി. ബീഡിക്കവർ പോലെ കടലാസു പൊതി. ഉള്ളിൽ പ്ലാസ്റ്റിക് ആയിരിക്കും എന്നു കരുതി. തെറ്റിപ്പോയി. ഒരില. അതു മടക്കി അതിനുള്ളിൽ നാരങ്ങാ അച്ചാർ. മുൻപ് നമ്മുടെ മിക്ക സാധനങ്ങളും തേക്കിലയിലാണു പൊതിഞ്ഞുകിട്ടിയിരുന്നത് എന്ന് മുതിർന്നവർ പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നു. ഇതേതാണു കാലം എന്നു വെറുതേ ഒന്നോർത്തുനോക്കി. തേക്കില പോലെ ഏതോ ഇലയിൽ പൊതിഞ്ഞുകിട്ടിയ അച്ചാറിനെ നന്ദിയോടെ നോക്കി. നമുക്കെന്താ ദാസാ ഈ ബുദ്ധി തോന്നാത്തത് എന്നാലോചിച്ചു. എത്ര ചെറു പ്ലാസ്റ്റിക് കവറുകളാണ് ഓരോ ദിവസവും നാം മണ്ണിലേക്കിടുന്നത്. 

പ്ലാസ്റ്റിക് എല്ലാം ഒഴിവാക്കുക എന്നതു പ്രായോഗികമല്ലെങ്കിലും ഇങ്ങനെ ചില പച്ചത്തുരുത്തുകളെങ്കിലും നാം നമ്മുടെ കേരളത്തിലേക്കെത്തിക്കേണ്ടേ?.  എന്തും വാങ്ങിക്കൊണ്ടുവരാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളെ ഒഴിവാക്കുക എന്നതു മാത്രമാണു നമ്മുടെ പ്ലാസ്റ്റിക് നിർമാർജനരീതി. ഇതിനിടയിലൂടെ ചെറുതും എന്നാൽ അപകടകാരികളുമായ കുഞ്ഞുപ്ലാസ്റ്റിക് തുണ്ടുകൾ മിഠായിക്കടലാസുകളായും അച്ചാർകവറുകളായും നാമറിഞ്ഞും അറിയാതെയും മണ്ണിലേക്കെത്തുന്നു. കടലിലെ ഏറ്റവും അപകടകാരികളായ പ്ലാസ്റ്റിക് മാലിന്യങ്ങൾ നാം ജ്യൂസ് കുടിച്ചു വലിച്ചെറിയുന്ന സ്ട്രോകൾ ആണെന്ന കാര്യം ഓർക്കുമ്പോൾ ഈ കയ്യിലിരിക്കുന്ന ഇലയച്ചാർപൊതിക്ക് പ്രാധാന്യമേറുന്നു.

തമിഴ്നാട് എല്ലാം തികഞ്ഞതാണെന്നോ കേരളത്തിനെക്കാൾ ബഹുദൂരം മാലിന്യനിർമാർജനത്തിൽ മുന്നിലാണെന്നോ അർഥമാക്കേണ്ട. യാത്രയിൽ കണ്ട, നമുക്കു പകർത്താനാവുന്ന ചില കാര്യങ്ങൾ കുറിച്ചു എന്നേയുള്ളൂ. പഴമയിലേക്കു മടങ്ങുക എന്നതിനർഥം പ്രകൃതിയിലേക്കു മടങ്ങുക എന്നതു തന്നെയാണ്. അവ ഉണ്ടാക്കുന്ന ജോലി അവസരങ്ങളും മറ്റും വഴിയേ മനസ്സിലാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA