‘ഭീമൻ കല്യാണസൗഗന്ധികം തേടിപ്പോയ താഴ്‍വര’

himalayan-hill5
SHARE

ഭീമസേനൻ കല്യാണസൗഗന്ധികം തേടിപ്പോയ ഗന്ധമാദന പർവതനിരകൾ ഒരു കാവ്യസങ്കല്പമല്ല. ഹിമാലയ പർവത നിരകളിൽ കയറാൻ പറ്റുന്ന ഒരിടമാണ്. ജൂലൈ, ഒാഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഈ പർവതച്ചെരിവുകൾ പല നിറത്തിലുള്ള പൂവുകൾകൊണ്ട് നിറയും. ഇത് പൂക്കളുടെ താഴ്‌വര. ബദരീനാഥിലേക്കുള്ള യാത്രയിൽ ഗോവിന്ദ്ഘട്ടിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് 14 കിലോമീറ്റർ യാത്ര ചെയ്താൽ ഗാംഗ്‌റിയയിലെത്താം. അവിടെ നിന്നു വഴികൾ രണ്ടായിപ്പിരിയുന്നു. ഒന്ന് പൂക്കളുടെ താഴ്‌വരയിലേക്കും മറ്റൊന്ന് സിഖുകാരുടെ ആരാധനാസ്ഥലമായ ഹോമകുണ്ഡ് സാഹിബിലേക്കും.

നന്ദാദേവി ബയോസ്ഫിയർ റിസർച്ചിന്റെ ഭാഗമായ പൂക്കളുടെ താഴ്‌വര, 2002 മുതൽ ദേശീയോദ്യാനമാണ്. 2005–ൽ യുനെസ്കോയുടെ പൈതൃകപട്ടികയിലും താഴ്‌വരയിലെ പൂക്കൾ ഇടം കണ്ടെത്തി. ഗോവിന്ദപർവതം, രത്ബൻ, കുന്ദ്ഖാൽ, നീലഗിരി പർവതം, സപ്തശ്യംഗം എന്നീ പർവതങ്ങളുടെ തണലിൽ, രത്ബൻ നീൽഗിരി പർവതങ്ങളിലെ ഹിമാനികളിൽ നിന്ന് ഒലിച്ചിറങ്ങിയ പുഷ്പാവതി നദിയുടെ താരാട്ടിൽ ഈ താഴ്‌വര ശാന്തമായുറങ്ങുന്നു.

അല്പം ചരിത്രം

ആരാലും അറിയപ്പെടാതെ കിടക്കുകയായിരുന്ന ഈ താഴ്‌വര വെളിച്ചത്ത് വന്നത് ഫ്രാങ്ക്. എസ്. സ്മിത്ത് എന്ന പർവതാരോഹകനിലൂടെയാണ്. 25,447 അടി ഉയരമുള്ള കാമറ്റ് പർവതത്തിൽ ബ്രിട്ടീഷ് പതാക സ്ഥാപിച്ചു ഇറങ്ങി വന്ന സ്മിത്തും ബോട്ടണിസ്റ്റായ ആർ. എൽ. ഹോൾഡ്സ് വർത്തും അടങ്ങുന്ന ആറംഗ പർവതാരോഹക സംഘം ദൂരെ പർവതച്ചെരിവിൽ തിരയടിക്കുന്ന നീലത്തടാകം കണ്ടു. അത് നീലത്തടാകമല്ല കാറ്റിൽ ഇളകിയാടുന്ന പൂക്കളാണെന്ന് മനസ്സിലായപ്പോൾ അദ്ഭുതം ആഹ്ലാ ദത്തിന് വഴിമാറി. പിന്നീട് എഡിൻബർഗ് ബൊട്ടാണിക്കൽ ഗാർഡന്‍സിന്റെ പ്രതിനിധികളായി നാലുമാസക്കാലം ഇവർ രണ്ടു പേരും ഇവിടെ താമസിച്ച് പുഷ്പവൈവിധ്യങ്ങളെക്കുറിച്ച് പഠനം നടത്തി. സ്മിത്തിന്റെ ‘‘വാലി ഓഫ് ഫ്ലവേഴ്സ്’’ എന്ന ലോക പ്രശസ്തമായ പുസ്തകത്തിന്റെ പേരിൽ നിന്നാണ് ബൈന്ദരൂർ താഴ്‌വര പൂക്കളുടെ താഴ്‌വര എന്നറിയപ്പെടുന്നത്.

ജോവാൻ മാർഗരറ്റ് ലെഗ്ഗിയെ ഒഴിവാക്കിയാൽ പൂക്കളുടെ താഴ്‌വര പൂർണമാവില്ല. സ്മിത്തിനെ പിന്തുടർന്നാണ് െലഗ്ഗി 1939–ൽ പൂക്കളുടെ താഴ്‌വരയിൽ എത്തിയത്. എന്നാൽ, വിധി ലഗ്ഗിയെ താഴ്‌വരയുടെ ഭാഗമാക്കി. ഒരു പാറയുടെ ഉയരത്തിൽ നിന്ന് ലെഗ്ഗി മരണത്തിലേക്ക് വഴുതി വീണു. െലഗ്ഗിയുടെ സ്മാരകത്തിൽ ഒരു പിടി പൂക്കൾകൊണ്ട് അർപ്പിക്കാതെ ഒരു സ‍ഞ്ചാരിക്കും താഴ്‌വരയിൽ നിന്ന് മടങ്ങിപ്പോവാൻ കഴിയില്ല.

പൂക്കളുടെ താഴ്‌വരയിൽ രാത്രി താമസത്തിന് അനുവാദമില്ല. സഞ്ചാരികൾക്ക് ഗാംഗ്റിയി ൽ തങ്ങാം. സിഖുകാരുടെ ഗുരുദ്വാരയായ ഹേമകുണ്ഡ് സാഹിബ് ഇവിടെ നിന്നു ആറു കിലോമീറ്റർ അകലെയാണ്. ഹേമകുണ്ഡ് എന്നാൽ മഞ്ഞിന്റെ തടാകം. ഈ തടാക തീരത്ത് സിഖു കാരുടെ ആരാധ്യപുരുഷൻ ഗുരു ഗോവിന്ദ് സിങ് തപസ്സു ചെയ്തിട്ടുണ്ടെന്നാണ് വിശ്വാസം. ഇതിനടുത്തായി ഒരു ലക്ഷ്മണ ക്ഷേത്രമുണ്ട്. ഹേമകുണ്ഡ് സാഹിബിലേക്കും പൂക്കളുടെ താഴ്‌വരയിലേക്കുമുള്ള വഴി ജൂൺ ഒന്നു മുതൽ ഒക്ടോബർ ആദ്യവാരം വരെ തുറന്നു കൊടുക്കാറുണ്ട്. ഓഗസ്റ്റ് മുതൽ സെപ്റ്റംബർ പകുതി വരെയാണ് ഏറ്റവും അനുയോജ്യമായ സമയം. തെളിഞ്ഞ നീലാകാശവും മഞ്ഞുമലകളും പൂർണമായും വിടർന്ന പൂവുകളും ചേർന്ന് സന്ദർശകർക്ക് മനോഹരമായ ഒരു കാഴ്ച സമ്മാനിക്കും.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA