അരവിന്ദന്റെ അതിഥി തന്ന ഭാഗ്യം: നടി നിഖിലയുടെ യാത്രകൾ

FFDFDFFSFDSF
SHARE

ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തിൽ ചുവടുറപ്പിച്ച നിഖില ജനശ്രദ്ധയാകർഷിച്ചത് ‘ലവ് 24x7’ എന്ന സിനിമയിലെ തനി തിരോന്തോരം ഭാഷാ ശൈലിയിലൂടെയുമായിരുന്നു. മൂന്നാം വരവിൽ അരവിന്ദന്റെ അതിഥിയായതോടെ നിഖില പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ഫഹദിന്റെ ഞാൻ പ്രകാശനിൽ പ്രണയിനിയായി എത്തിയ താരത്തിന് ഒരു പ്രണയം കൂടിയുണ്ട്, യാത്രകൾ. പക്ഷേ ഇതുവരെ യാത്രയ്ക്കായി കുറച്ച് ദിവസങ്ങൾ മാറ്റിവയ്ക്കാൻ സാധിച്ചിട്ടില്ലെന്നാണ് നിഖിലയുടെ പരിഭവം. ലൊക്കേഷന്‍ യാത്രകളാണ് കൂടുതലും. അതിന്റെ കാഴ്ചകളും വിശേഷങ്ങളും നിഖില മനോരമ ഒാൺലൈനിനോട് പങ്കുവയ്ക്കുന്നു.

nikhila-trip3

"യാത്രകൾ പോകുവാൻ ഇഷ്ടമാണെങ്കിലും കുട്ടിക്കാലം മുതൽ അതിനുള്ള അവസരം കൂടുതൽ കിട്ടിയിട്ടില്ല. സ്കൂളിൽ പഠിക്കുമ്പോൾ ഭൂരിഭാഗം കുട്ടികളും ഉല്ലാസയാത്ര പോകും. എനിക്കും ഇഷ്ടമായിരുന്നു പക്ഷേ നടന്നിട്ടില്ല. കൃത്യം ആ സമയത്ത് ഡാൻസിന്റെ റിഹേഴ്സലും പരിപാടികളുമായി പോകും. പതിവുകാര്യമാണ്. അതുകൊണ്ടു തന്നെ യാത്രയോടുള്ള പ്രണയം മനസ്സിന്റെയുള്ളിലാണ്. സിനിമാ ലോകത്തിലേക്ക് എത്തിയതോടെ യാത്രകളുടെ പൊടിപൂരമായി. ലൊക്കേഷനിൽ നിന്നും ലൊക്കേഷനിലേക്കുള്ള യാത്ര രസകരമായിരുന്നു. കാഴ്ചകൾ ആസ്വദിക്കാവുന്ന ഒരുപാട് ഇടങ്ങളിലേക്ക് യാത്ര പോകുവാനുള്ള ഭാഗ്യം കിട്ടി. ഇപ്പോൾ വീട്ടിൽ ഇരിക്കാൻ സമയം ഇല്ല എന്ന മട്ടായി". നിഖില പറയുന്നു.

സ്വർഗത്തിലെ പൂക്കൾ നിറഞ്ഞ താഴ്‍‍വര

സിനിമയുടെ ഷൂട്ടിന്റെ ഭാഗമായി കശ്മീരിലേക്കുള്ള യാത്ര രസമായിരുന്നു. മാർച്ച്– ഏപ്രിൽ മാസമായിരുന്നു ഞങ്ങളുടെ യാത്ര. പല്ലുകൾ തമ്മിൽ കൂട്ടിമുട്ടുന്ന തണുപ്പ്. മഞ്ഞു വീഴ്ച സമയമാണ്. മഞ്ഞു കാരണം ഒന്നും കാണാൻ പറ്റുന്നില്ല. ഞങ്ങൾ വല്ലാതെ ബുദ്ധിമുട്ടി. എന്തെല്ലാം കാഴ്ചകൾ ആസ്വദിക്കാം എന്നൊക്കെയുള്ള കണക്കുകൂട്ടലിൽ എത്തിയതായിരുന്നു. എല്ലാം മാറിപ്പോയി. മതിയാക്കി പോകാം എന്നായി. രണ്ടു ദിവസം പിന്നിട്ടതും മഞ്ഞിനും തണുപ്പിനും നേരിയ മാറ്റം വന്നു. തിരികെ പോയിരുന്നെങ്കിൽ ശരിക്കും നഷ്ടമായിരുന്നേനെ അത്രയ്ക്കും ഭംഗിയായിരുന്നു കാശ്മീരിന്.

nikhila-trip

ഞങ്ങളുടെ ഷൂട്ടിന്റെ ഭാഗങ്ങളൊക്കെയും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വച്ചായിരുന്നു. പഹൽഗാം, ഗുൽമർഗ് എന്നിവിടങ്ങൾ. തടാകങ്ങളും അരുവികളും പൂന്തോട്ടങ്ങളും നിറഞ്ഞ പഹൽഗാം ആരെയും ആകർഷിക്കും. ആപ്പിൾത്തോട്ടങ്ങളാണ് ആദ്യകാഴ്ചയിൽ തന്നെ പഹൽഗാം ആരെയും കീഴ്പ്പെടുത്തുന്നതിനു പിന്നിലെ മറ്റൊരു ആകർഷണം. പ്രകൃതിയുടെ മുഴുവൻ സൗന്ദര്യവും ആസ്വദിക്കാവുന്നയിടമാണ് പഹൽഗാം. പൂക്കളാൽ സുന്ദരമായ പുൽത്തകിടി എന്നാണ് ഗുൽമർഗ് അറിയപ്പെടുന്നത്. വളരെ പ്രശസ്തമായ സ്കേറ്റിങ് ഡെസിറ്റിനേഷൻ കൂടിയാണിവിടം. ഭൂമിയിലെ സ്വർഗമാണ് കാശ്മീർ എങ്കിൽ സ്വർഗത്തിലെ പൂക്കൾ നിറഞ്ഞ താഴ്‍‍വരയാണ് ഗുൽമർഗ്ഗ്. സ്വിറ്റ്സര്‍ലന്‍ഡിനോടും കിടപിടിക്കുന്ന കാലാവസ്ഥയാണിവിടെ. ഗുൽമഗ് മിക്ക സിനിമകൾക്കും ലൊക്കേഷനായിട്ടുണ്ട്. കശ്മീർ കാഴ്ചകളും യാത്രയും എനിക്ക് ഒരുപാട് ഇഷ്ടമായി.

അരവിന്ദന്റെ അതിഥി തന്ന ഭാഗ്യം

nikhila-trip7

കണ്ണൂർ തളിപ്പറമ്പാണ് എന്റെ നാട്. പണ്ടു മുതലുള്ള ആഗ്രഹമാണ് മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്ര. ചെറുപ്പത്തിൽ‌ അരങ്ങേറ്റത്തിനായാണ് ക്ഷേത്രത്തിലേക്കു പോയത്. അതിനുശേഷം പല സാഹചര്യങ്ങള്‍ കൊണ്ടും ക്ഷേത്ര ദർശനം നടത്താനായിട്ടില്ല. പിന്നീട് ആ യാത്ര അരവിന്ദന്റെ അതിഥി തന്ന ഭാഗ്യം തന്നെയാണ്. സിനിമയുടെ ഷൂട്ടിങ്ങിനായ് മൂകാംബിക അമ്മയുടെ അടുത്തു തന്നെ എത്തി. ഒരുപാട് സന്തോഷം തോന്നിയ യാത്രയായിരുന്നു. പതിനഞ്ചു ദിവസം ഷൂട്ട് മൂകാംബിക ക്ഷേത്രത്തിന് സമീപമായിരുന്നു. സർവഞ്ജപീഠം തേടിയുള്ള യാത്രയായിരുന്നു ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തത്.

nikhila-trip8

പതിനഞ്ച് ദിവസത്തിനുള്ളിൽ ഷൂട്ടിന്റെ ഭാഗമായി അഞ്ചാറു തവണ സർവഞ്ജപീഠം കയറി. ആ കുന്നിന്റെ മുകളിൽ നിന്ന് നോക്കിയാൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം കാണാം. നല്ല തണുത്ത അന്തരീക്ഷം. കോടമഞ്ഞുമൂടിയ പ്രകൃതിയുടെ മനംമയക്കുന്ന ദൃശ്യങ്ങളാണ് മുകളിൽ കാത്തിരിക്കുന്നത്. ജീപ്പ് സവാരിയായിരുന്നു രസകരം. ആടിയുലഞ്ഞു ഇറങ്ങുന്ന ജീപ്പിൽ കൈവിട്ടാൽ തെറിച്ചു പോകുമെന്ന അവസ്ഥ. സാഹസികമായി ശരിക്കും ജീപ്പ് ഒാടിച്ചത് അജുച്ചേട്ടൻ തന്നെയായിരുന്നു. വളരെ സാഹസികമായി തന്നെയായിരുന്നു ആ യാത്ര.

nikhila-trip4

അന്നും ഇന്നും ഇഷ്ടം ചെന്നൈ

എന്താണെന്നറിയില്ല ചെന്നൈ നഗരത്തോട് വല്ലാത്തൊരു അടുപ്പമാണ്. ഷൂട്ടിന്റെ ഭാഗമായിരുന്നു ചെന്നൈയിലേക്കുള്ള യാത്ര. അവിടുത്തെ കാഴ്ചകളും സംസ്കാരവും എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ് ചെന്നൈ. അവിടെ ഒരുപാട് സുഹൃത്തുക്കളുമുണ്ട്. ചിലദിവസങ്ങളിൽ പെട്ടെന്നൊരു യാത്രയായിരിക്കും ചെന്നൈയിലേക്ക്. കുറച്ചു ദിവസം സുഹൃത്തുക്കളോടൊപ്പം അടിച്ചുപൊളിച്ചിട്ട് മടക്കം. മറീന ബീച്ച് ഒത്തിരി ഇഷ്ടമാണ്. വൈകുന്നേരങ്ങളിൽ ചിലവഴിക്കാൻ പറ്റിയയിടമാണ്.

nikhila-trip5

യാത്ര പുറപ്പെടുന്നതിനു മുമ്പ് തന്നെ അമ്മ എപ്പോഴും പറയും തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ ബാഗ് നിറയെ ചെന്നൈയിൽ നിന്നും വാങ്ങികൂട്ടുന്ന സാധനങ്ങളാവുമെന്ന്. സത്യമാണ് തിരിച്ച് വീട്ടിലേക്കുള്ള മടക്കം ചെന്നൈയിൽ നിന്നും ഒരുപാട് സാധനങ്ങളും വാങ്ങികൂട്ടികൊണ്ടാണ്. എന്റെ ഷോപ്പിങ് ഡെസ്റ്റിനേഷൻ കൂടിയാണ് ചെന്നൈ. ഞാൻ നല്ല ഫൂഡിയാണ്. ചൈന്നെയിൽ എത്തിയാൽ അവരുടെ സ്പെഷൽ രുചിനിറച്ച വിഭവങ്ങളൊക്കെയും വാങ്ങി കഴിക്കും.

മഹാബലിപുരവും എന്റെ പ്രിയപ്പെട്ട ലിസ്റ്റിലുള്ളതാണ്. ചരിത്രത്തിനും പൈതൃകത്തിനും പേരുകേട്ടിരിക്കുന്ന ഇടമാണ്. കല്ലുകൾ ചരിത്രം പറയുന്ന മണ്ണാണ്. ദ്രാവിഡ വാസ്തുവിദ്യയുടെ കഴിവുകൾ മുഴുവൻ ഇവിടെ കാണാം.

ഇനിയും യാത്ര പോകണം

nikhila-trip6

"കുടുംബവുമായി ഒരുമിച്ച് യാത്ര പോകണമൊന്ന് കുറച്ചു നാളുകളായി പ്ലാനിടുന്നുണ്ട്. ഒന്നും നടക്കാറില്ല. പ്രധാന കാരണം എല്ലാവരുടെയും തിരക്കു തന്നെയാണ്. ചേച്ചി ഇപ്പോൾ പി എച്ച് ‍‍‍ഡി ചെയ്യുകയായിരുന്നു. കഴിയാറായി. ചേച്ചി കൂടി ഫ്രീയായിട്ട് വേണം വിദേശയാത്രയ്ക്ക് പ്ലാനിടാൻ." നിഖില പറഞ്ഞു നിർത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA