യാത്ര പോകണമെങ്കിൽ ലാലേട്ടനൊപ്പം പോകണം: മീര അനിൽ

Lal
SHARE

സിവിൽ എൻജിനീയറിങ് പൂർത്തിയാക്കിയെങ്കിലും അവതാരകയായി തിളങ്ങി നിൽക്കുകയാണ് മീര അനിൽ. സ്റ്റേ‍ജ് ഷോകളിലും ടെലിവിഷൻ ഷോകളിലും  അവാർഡ് നിശകളിലും തന്റേതായ വ‍‍്യക്തിമുദ്ര പതിപ്പിച്ച താരത്തെ അറിയാത്തവർ ചുരുക്കമാണ്. അവതരണ ശൈലിയാണ് മീരയെ പ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരിയാക്കിയത്. മീരയുടെ ഹോബി എന്തെന്നു ചോദിച്ചാൽ ഉത്തരം ഒന്നേ ഉള്ളൂ യാത്രകൾ. ''മനസ്സ് വല്ലാതെ ബോറടിക്കുമ്പോൾ യാത്ര നൽകുന്ന ഉന്മേഷവും അഹ്ലാദവും ഒന്നു വേറെ തന്നെയാണെന്നും മീര പറയുന്നു''. തന്റെ പ്രിയപ്പെട്ട യാത്രാ വിശേഷങ്ങൾ‌ മീര മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.

ഒറ്റക്ക് യാത്ര ചെയ്യാനാണ് മീരക്കിഷ്ടം

''മറ്റൊന്നുമല്ല. അവരവരുടെ അഭിരുചിക്കനുസരിച്ച് യാത്ര പ്ലാൻ ചെയ്യുന്നതാണ് എനിക്ക് പ്രിയം. എവിടേക്ക് യാത്ര പോയാലും എന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് യാത്ര പ്ലാൻ ചെയ്യാനും തീരുമാനിക്കാനും മറ്റൊരാളുടെ അനുവാദം ചോദിക്കേണ്ട കാര്യമില്ല. സ്വതന്ത്രമായി യാത്ര ചെയ്യാം അതാണ് എനിക്ക് ഇഷ്ടവും മീര പറയുന്നു''. യാത്രകളെ ജീവനു തുല്യം സ്നേഹിക്കുന്നയാളാണ് മീര. തിരക്കിൽ നിന്നും തിരക്കിന്റെ ലോകത്തിൽ സഞ്ചരിക്കുമ്പോഴും മാസത്തിൽ ഒരു യാത്ര പതിവാണ്. യാത്രക്ക് എങ്ങനെയും സമയം കണ്ടെത്തും.

എൻജീനീയറിങും ജേണലിസവും പഠിച്ച താരം മികച്ച അവതാരികയായി മാറിയതിൽ ഏറെ സന്തോഷിക്കുന്നതും മീര തന്നെയാണ്. കൗതുക കാഴ്ചകള്‍ നിറഞ്ഞ  ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കാനുള്ള ഭാഗ്യമാണ് മീരയെ തേടിയെത്തിയത്. ഷോയുടെ ഭാഗമായി ഒരുപാട് ഇടങ്ങളിലേക്ക് പോയിട്ടുണ്ട്. 

meera1
മീര അനിൽ

ഇന്ത്യ കാണണം

"മിക്കവര്‍ക്കും പ്രിയം വിദേശയാത്രകളാണ്. എന്നെ സംബന്ധിച്ച് ഇന്ത്യയെ അടുത്തറിയണം അതാണ് ലക്ഷ്യം. വ്യത്യസ്ത കാഴ്ചകൾ സമ്മാനിക്കുന്ന ഒട്ടേറയിടങ്ങൾ ഇന്ത്യയിലുണ്ട്. ആ സുന്ദരകാഴ്ചകളൊക്കെയും മാറ്റി നിർത്തിയാണ് മറ്റുചിലർ വിദേശകാഴ്ചകൾ തേടിപോകുന്നത്.

സംസ്കാരവും ചരിത്രവും സുന്ദരകാഴ്ചകളും നിറഞ്ഞ  ഇന്ത്യയെ തൊട്ടറിഞ്ഞുള്ള യാത്രയാണ് എനിക്ക് പ്രിയം. ഞാൻ സിവിൽ എന്‍ജിനീയറിങ് പഠിച്ചതുകൊണ്ടാവാം കോട്ടകളോടും പുരാതന ക്ഷേത്രങ്ങളോടും അവയുടെ നിർമാണ കലയും കൊത്തുപണികളും കണ്ടിരിക്കാൻ ഇഷ്ടമാണ്. ചരിത്രപ്രധാനമായ ഒരുപാട് കോട്ടകൾ ഞാൻ സന്ദർശിച്ചിട്ടുണ്ട്.''

Meera2
മീര അനിൽ

അമ്പരപ്പിച്ച കാഴ്ച

"ഹൈദരബാദിലെ അവാർഡ് നിശ കഴിഞ്ഞ് തിരിച്ച് എയർപോട്ടിലേക്ക് പോകുകയായിരുന്നു. സമയം ലാഭിക്കാനായി ഉണ്ടായിരുന്നതുകൊണ്ട് അവിടുത്തെ കാഴ്ചകൾ കാണാനായി തിരിച്ചു. ഡ്രൈവർ ഗോൽക്കൊണ്ട കോട്ടയിലേക്കായിരുന്നു എത്തിച്ചത്. അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി. നയനമനോഹരമായ പൂന്തോട്ടത്തിനുള്ളിലുള്ള കോട്ട. പൊട്ടിപ്പൊളിഞ്ഞതും അല്ലാത്തതുമായ കരിങ്കല്‍ കെട്ടുകളോടുകൂടിയ ധാരാളം കെട്ടിടാവശിഷ്ടങ്ങള്‍. ഒരു ദിവസം കൊണ്ട് കണ്ടു തീർക്കാൻ കഴിയില്ല. ഫ്ളൈറ്റിന് സമയം ആയതുകൊണ്ട് വിഷമത്തോടെ കോട്ടയോട് വിടപറഞ്ഞെങ്കിലും നാട്ടിലെത്തിയ ഉടൻതന്നെ വീണ്ടും ഞാൻ ഗോൽക്കൊണ്ട കോട്ട കാണാൻ എത്തി." മീര പറയുന്നു.

golkonda-hyderabad-trip3

വിസ്മയം എന്ന വാക്കിനാൽ തീരുന്നതല്ല നൂറ്റാണ്ടുകൾക്കു മുൻപു പണികഴിപ്പിച്ച ഇൗ കോട്ടയും അകത്തളങ്ങളും. നഗരത്തിൽ നിന്ന് പതിനൊന്നു കിലോമീറ്റർ മാറി നിലകൊള്ളുന്ന ഈ കോട്ട ഒരു കാലത്ത് ഖുത്തുബ് ഷാഹി രാജകുടുംബത്തിന്റെ ഭരണസിരാ കേന്ദ്രമായിരുന്നു. പല കാലങ്ങളിലായി നിർമിക്കപ്പെട്ട കോട്ട അവസാനം നടന്ന യുദ്ധങ്ങളിൽ തകർന്നു.

Hyderabad-Trip3
ഹൈദരാബാദ്

എങ്കിലും പ്രൗഡി മങ്ങാത്ത കാഴ്ചകൾ ഇപ്പോഴും ഇവിടെയുണ്ട്. മന്ത്രിമാരുടെ ഓഫിസ്, രത്നങ്ങൾ സൂക്ഷിച്ചിരുന്ന മുറികൾ, കുന്നിൻ മുകളിലെ പ്രധാന കെട്ടിടം, ക്ഷേത്രം, മസ്ജിദ് തുടങ്ങി കഴിഞ്ഞ കാലത്തിലേക്കു വെളിച്ചം വീശുന്ന ചരിത്രശേഷിപ്പുകൾ കാണാം. ശബ്ദസംവിധാനമാണ് ഈ കോട്ടയുടെ പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന്. താഴെ കവാടത്തിൽ നിന്നു കൈ കൊട്ടിയാ ൽ അങ്ങ് മുകളിൽ വരെ പ്രതിധ്വനി കേൾക്കാം. ഒരുപാട് ഇഷ്ടപ്പെട്ട കാഴ്ചയായിരുന്നു കോട്ട സമ്മാനിച്ചത്.

അതിശയിപ്പിച്ച നഗരം

മുംബൈ ഓരോ തവണയും എന്നെ അതിശപ്പിക്കുന്ന നാടാണ്. ഒരിക്കലും ഉറങ്ങാത്ത നഗരമാണ്. പല ദേശക്കാർ, പല ഭാഷകൾ, വിവിധ സംസ്കാരത്തിനുടമകൾ ഇവരെല്ലാം ചേർന്ന് സുന്ദരമായ നഗരം. സ്വദേശീയർക്കു പുറമേ  മുംബൈ നഗരത്തെ അറിയാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും കുറവില്ല.  അതുകൊണ്ടു തന്നെ രാത്രികളും ഇവിടെ പകലുകൾ പോലെ സജീവമാണ്. മുംബൈയ്ക്ക് ഒരു മനോഹര മുഖമുണ്ട്. ഷോപ്പിങ് മാളുകളും, മറൈൻഡ്രൈവും, മന്ദിറുകളും ഇന്ത്യാഗേറ്റും എപ്പോഴും തിരക്കിട്ട് ഓടിക്കൊണ്ടിരിക്കുന്ന കാറുകളും ക്യാബുകളും നിറഞ്ഞ സുന്ദരമായ മുംബൈ നഗരം. സുന്ദരമായ കാഴ്ചകൾക്കപ്പുറത്ത് കണ്ടാലറയ്ക്കുന്ന ഒരു മുംബൈയുണ്ട്. ലക്ഷക്കണക്കിനാളുകൾ താമസിക്കുന്ന ധാരാവി പോലുള്ള ചേരികളും ആയിരത്തോളം പേർ മാത്രം താമസിക്കുന്ന ചെറു ചേരികളും മുംബൈയിലുണ്ട്. സ്ലം ഡോഗ് മില്ല്യണയർ എന്ന ചിത്രത്തിലൂടെയാണ് മുംബൈയിലെ ചേരികളെക്കുറിച്ച് പലര്‍ക്കും വിശദമായി അറിയാൻ കഴിഞ്ഞത്.

mumbai-trip3
മുംബൈ യാത്രയിൽ

ഇൗ കാഴ്ചകൾക്കപ്പുറം നഗരതിരക്കുകളിൽ നിന്നും മാറി ശാന്തസുന്ദരമായ ഒരിടം മുംബൈയിലുണ്ട്. അരെ കോളനി. നഗരതിരക്കുകളിൽ നിന്നും മാറി ശാന്തസുന്ദരമായ ഭൂമി. പച്ചപ്പ് തുടിക്കുന്ന കാട് എന്നു തന്നെ പറയാം.  നല്ല ഫ്രഷ് എയറാണ്  അവിടെ. ഒരുപാട് തവണ അവിടെ പോയിട്ടുണ്ട്.

വിക്രത്തോടൊപ്പമുള്ള യാത്ര മറക്കാനാവില്ല

എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നാണ് തെന്നിന്ത്യന്‍ സൂപ്പർസ്റ്റാർ വിക്രത്തോടൊപ്പമുള്ള യാത്ര. അവതാരക ആയതുകൊണ്ട് തന്നെയാണ് എനിക്ക് ഇൗ ഭാഗ്യം ലഭിച്ചത്. വിക്രത്തിന്റെ ഇന്റർവ്യൂ എടുക്കാനായിരുന്നു ചെന്നൈയിലേക്ക് യാത്ര തിരിച്ചത്. അവിടുത്തെ ഹോട്ടലിലായിരുന്നു ഇന്റർവ്യൂ പ്ലാൻ ചെയ്തത്. വിക്രത്തിന് ഹോട്ടലിന്റെ ചുറ്റുപാട് അത്ര ഇഷ്ടപ്പെട്ടില്ല. പ്രകൃതിയോട് ചേര്‍ന്ന മറ്റൊരിടത്തേക്ക് പോയാലോ എന്നു ചോദിച്ചു. ഞങ്ങൾ ഒകെ പറഞ്ഞു.

meera5
വിക്രത്തോടൊപ്പമുള്ള യാത്രയിൽ മീര അനിൽ

വിക്രം സാറിന്റെ സ്വന്തം കാറിലായിരുന്നു ഞങ്ങൾ യാത്ര ചെയ്തത്. ഞാനും കാമറാമാനും മേക്കപ്പ്മാനും ഒപ്പമുണ്ടായിരുന്നു. ശരിക്കും വിസ്മയിപ്പിച്ച യാത്രയായിരുന്നു. പല്ലാവാരത്ത് ഒരു തടാകത്തിനരികിലായിരുന്നു ഇന്റർവ്യൂ നടത്തിയത്. കുറച്ചു സമയം മാത്രമേ വിക്രം സാറിനൊപ്പം യാത്ര ചെയ്തെങ്കിലും ജീവിതത്തിൽ മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു. ഞാൻ അന്നു വെള്ളനിറമുള്ള പാവാടയായിരുന്നു അണിഞ്ഞിരുന്നത്. സർ ആ പാവാടയിൽ ലവ് എന്നെഴുതി. ഞാനതിപ്പോഴും നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്.

ലാലേട്ടനാണ് താരം

ഷോയുടെ ഭാഗമായുള്ള യാത്രയിൽ ലാലേട്ടനൊപ്പമുണ്ടെങ്കിൽ യാത്ര ത്രില്ലാണ്. ഫ്ളൈറ്റിൽ കയറുമ്പോൾ മുതൽ എന്തെങ്കിലും എട്ടിന്റെ പണി ലാലേട്ടൻ സമ്മാനിക്കാറുണ്ട്. ഞാനിപ്പോഴും ഒാർക്കുന്നു ഷോയുടെ ഭാഗമായുള്ള യാത്രയായിരുന്നു. ഫ്ളൈറ്റിൽ എല്ലാവരും ഉണ്ട്. എയർഹോസ്റ്റസ് എന്തോ കുടിക്കാനായി എല്ലാവർക്കും നൽകി. ഞാനും രുചിച്ചു. വല്ലാത്ത അരുചിയായിരുന്നു. ലാലേട്ടൻ പറ്റിച്ച പണിയായിരുന്നു. കഷായം പോലെയുള്ള എന്തോ കയ്പുള്ളതാണ് നൽകിയത്.

അതുപോലെ തന്നെ ശരിക്കുള്ള ആപ്പിളിനു പകരം പ്ലാസ്റ്റിക് ആപ്പിള്‍ കഴിക്കാൻ തരും. ആപ്പിൾ കഴിക്കാനെടുക്കുമ്പോഴാണ് പ്ലാസ്റ്റിക് ആണെന്ന് മനസ്സിലാകുന്നത്. ചോക്ളൈറ്റ് മാറ്റിയിട്ട് കല്ലുവച്ച് പൊതിഞ്ഞ് തരും അങ്ങനെ പല പണികളും തരും. ഇതൊക്കെ യാത്രയുടെ ത്രില്ലാണ്. ഒരിക്കലും മറക്കാനാവില്ല ലാലേട്ടനേടൊപ്പമുള്ള യാത്ര. യാത്രകഴിയുമ്പോള്‍ ഒാർത്തിരിക്കാനായി ഒരുപാട് നല്ല നിമിഷങ്ങൾ ലാലേട്ടൻ സമ്മാനിക്കാറുണ്ട്. മറിച്ച് മമ്മൂക്കയൊടൊപ്പമുള്ള യാത്രയാണെങ്കിൽ ഇക്ക സൈലന്റാണ്. ഫോണുമായി മമ്മൂക്ക ഇരിക്കും ബഹുമാനം കൊണ്ട് ബാക്കിയുള്ളവരും സൈലന്റായിരിക്കും.

meera
മീര അനിൽ

ഇവിടെ രാത്രിയിൽ പ്രവേശിച്ചാൽ മരണം ഉറപ്പ്

സാധാരണ ഷോ കഴിഞ്ഞു ഫ്രീ ആകുമ്പോൾ ഞങ്ങളെല്ലാവരും ഒത്തൊരുമിച്ച് ട്രിപ്പ് പോകാറുണ്ട്. ഒരു പ്രാവശ്യം ഗോവയിലേക്കായിരുന്നു പ്ലാനിട്ടത്. ഭയത്തെയെയും ഭയപെടുത്തുന്നതിനെയും സ്നേഹിച്ചുകൊണ്ടു സ്വീകരിക്കാൻ ചിലർക്ക് ഏറെയിഷ്ടമാണ്. ആക്കൂട്ടത്തിലായിരുന്നു ഞാനും. ഭയപ്പെടുത്തുന്ന ഒരുപാടു കഥകൾ കേട്ടിട്ടുണ്ടെങ്കിലും പേടി തോന്നാറില്ലായിരുന്നു. അങ്ങനെയാണ് രാജസ്ഥാനിലെ ഭംഗാർ കോട്ടയെ അറിയുന്നത്. കഥകൾ കേട്ടുകഴിഞ്ഞപ്പോൾ അവിടം കണ്ടിട്ടു തന്നെ കാര്യം എന്നു തീരുമാനിച്ചു. അവിടേക്ക് യാത്ര തിരിച്ചു.

travel-Bhangarh-Fort
ഭംഗാർ കോട്ട

ഭയപ്പാടിന്റെ അന്തരീക്ഷമാണ് ഭംഗാർ കോട്ടയ്ക്ക്. നിരവധി പേരുടെ രക്തത്തിന്റെ മണമുണ്ട് ഇവിടെ. ദുരാത്മാക്കൾ അലഞ്ഞു നടക്കുന്നുണ്ടെന്ന വിശ്വാസം ശക്തിപ്പെടുത്തുന്ന രീതിയിലുള്ള നിരവധി കാഴ്ചകൾക്ക് പലരുമിവിടെ സാക്ഷികളാണ്. മരണങ്ങളുടെ നീണ്ട നിര തന്നെ ഈ കോട്ടയെ ചുറ്റിപറ്റി പറഞ്ഞുകേൾക്കുന്നുണ്ട്. കൂടാതെ തട്ടിക്കൊണ്ടു പോകലുകളും ഇവിടെ തുടർക്കഥയാണ്. അതുകൊണ്ടു തന്നെ രാത്രികാലങ്ങളിൽ ഇവിടെ സന്ദർശനത്തിനു അനുമതിയില്ല. ആറുമണി കഴിഞ്ഞാൽ ആരെയും അവിടേക്ക് കടത്തിവിടില്ല. ഞങ്ങൾ അവിടെ എത്തിയപ്പോഴെക്കും ആറുമണി കഴിഞ്ഞിരുന്നു. കയറാൻ അനുമതി കിട്ടിയില്ല. ആകെ നിരാശ തോന്നി. സന്ദര്‍ശിക്കണമെന്ന് നിർബന്ധമാണെങ്കിൽ സ്വന്തം റിസ്കിലാവാം എന്നു പറഞ്ഞു. അതുകേട്ടപ്പോൾ എല്ലാവർക്കും ഒരുപേടി തോന്നി. ഭയത്തേക്കാൾ ആരോ പിന്നോട്ടേക്ക് വലിക്കുന്ന പോലെ തോന്നി. ഞങ്ങളാരും ഭംഗാർ കോട്ടയിലേക്ക് പ്രവേശിച്ചില്ല.

കീശ കാലിയാക്കാതെ ഇവിടേക്ക് പോകാം

യാത്രപോയതിൽ പോക്കറ്റ് കാലിയാക്കാതെ യാത്ര ചെയ്യാൻ പറ്റിയ ഇടമാണ് ഫുക്കറ്റ്. തായ്‌ലൻഡിലെ ഏറ്റവും വലിയ ദ്വീപാണ് ഫുക്കറ്റ്. മനോഹര കടൽത്തീരങ്ങളും മഴക്കാടുകളും പർവതങ്ങളും വൈവിധ്യമാർന്ന സംസ്കാരവുമെല്ലാം  സമന്വയിക്കുന്ന ദ്വീപ്. പതങ് ബീച്ച്, കമല ബീച്ച്, കാരൻ ബീച്ച്, കട്ട ബീച്ച് എന്നിവയാണ് ഫുക്കറ്റിലെ പ്രധാന ബീച്ചുകൾ. ആചാരാനുഷ്ടാനങ്ങളും പാരമ്പര്യവും മുറുക്കെപിടിക്കുന്ന ജനതയാണ് ഫുക്കറ്റിലുള്ളത്.

കാഴ്ചകൾ മാത്രമല്ല രുചിയൂറും വിഭവങ്ങൾക്കും ഇവിടം ശ്രദ്ധേയമാണ്.  മുന്തിയ ഹോട്ടലുകളെ ആശ്രയിക്കാതെ ഭക്ഷണത്തിനായി മികച്ച സ്ട്രീറ്റ് ഫൂഡ് സെന്ററുകൾ തെരഞ്ഞെടുത്താൽ കുറഞ്ഞ നിരക്കിൽ രുചിയൂറും വിഭവങ്ങൾ കഴിക്കാം. ഒപ്പം ചെലവ് ചുരുക്കി യാത്ര ചെയ്യാം. ഫുക്കറ്റിലെ രാത്രികാഴ്ചകളും രസകരമാണ്.

എന്റെ സ്വപ്നയാത്ര

മീരയുടെ ജീവിതത്തില്‍ ഏറ്റവും വലിയ സ്വപ്നമുണ്ട്.  ഹൈദരബാദ് മുതൽ കന്യാകുമാരി വരെ യാത്ര ചെയ്യണം. ഓരോ സ്ഥലത്തിന്റെ സംസ്കാരവും ചരിത്രവും തൊട്ടറിയണം. സ്വപനയാത്രയുടെ കാത്തിരിപ്പിലാണ് മീര.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA