വഞ്ചിവീടും വൈന്‍യാര്‍ഡും...

SHARE

കല്യാണം കഴിഞ്ഞു പതിമൂന്നാം ദിവസമാണ് ഞാന്‍ ജീവിതത്തില്‍ ആദ്യമായി ഒരു ഹൌസ്ബോട്ടില്‍ കയറുന്നത്. ചാക്കോച്ചന്‍ (കുഞ്ചാക്കോ ബോബന്‍) സ്പോണ്‍സര്‍ ചെയ്ത വിവാഹസമ്മാനമായിരുന്നു ആ തകര്‍പ്പന്‍ ഹൌസ്ബോട്ട് യാത്ര. അവിടെവച്ച് എന്റെ പുതിയ പ്രണയം ആരംഭിച്ചു, കായലോളങ്ങളുമായി!

പിന്നീട് ഒത്തിരിയൊത്തിരി തവണ ഞാന്‍ ആലപ്പുഴയിലൂടെ ഹൌസ്ബോട്ട് യാത്ര നടത്തി. പ്രിയപ്പെട്ടവര്‍ക്കൊപ്പമായിരുന്നു ആ യാത്രകള്‍. ഓരോ അവധിക്ക് യാത്ര പ്ളാന്‍ ചെയ്യുമ്പോഴും ഞാന്‍ പറയും ''ഹൌസ് ബോട്ട്....!'' മടുത്തിട്ടാവാം ഭാര്യ സരിത ചോദിക്കും ''എന്താ ഹൌസ്ബോട്ടില്‍ ഇത്ര രസം?''

പക്ഷേ, ഓരോ തവണയും അവള്‍ എന്റെ ഇഷ്ടത്തിനു സമ്മതം മൂളും. അങ്ങനെ പുതിയൊരു ബോട്ടില്‍, അതേ ആലപ്പുഴ- കൊല്ലം നീലപ്പരപ്പില്‍ ഞങ്ങള്‍ മറ്റൊരു യാത്രയ്ക്ക് ഇറങ്ങും. ഹൌസ്ബോട്ടില്‍ എസി മുറിയുണ്ടെങ്കിലും ഞാന്‍ അതിനുള്ളില്‍ ഇരിക്കാറില്ല. ബോട്ടിന്റെ മുകള്‍ത്തട്ടില്‍ പുറംകാഴ്ചകള്‍ കണ്ട് മനോരാജ്യത്തില്‍ മുഴുകിയിരിക്കും.

ഒരുപാട് വിദേശരാജ്യങ്ങളിലെ ഉല്ലാസകേന്ദ്രങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്. പക്ഷേ, ലോകത്ത് എനിക്ക് ഏറ്റവും ശാന്തത അനുഭവപ്പെടുന്നത് നമ്മുടെ ആലപ്പുഴയില്‍ കുട്ടനാടന്‍ കാറ്റേറ്റ് ജലസവാരി ചെയ്യുമ്പോഴാണ്. ഓരോ മലയാളി കുടുംബവും ഒരിക്കലെങ്കിലും ആലപ്പുഴ- കൊല്ലം ജലപാതയില്‍ യാത്ര ചെയ്യണം എന്നെനിക്കു തോന്നുന്നു. ലോകത്തെ ഏറ്റവും സുന്ദരമായ ജലപാതയാണ് ആലപ്പുഴ- കൊല്ലം എന്ന് ഒരിക്കല്‍ ഒരു സായ്പ്പ് എന്നോടു പറഞ്ഞു. ശരിയാണ്, ഓളപ്പരപ്പുകളിലൂടെ ഒരു വഞ്ചിവീട്ടില്‍ ഒഴുകി നീങ്ങുമ്പോള്‍ 'ഈ ലോകം പതിയെ നമുക്ക് അരികില്‍ വന്നുനില്‍ക്കും....!'

ജയസൂര്യ
ജയസൂര്യ

പ്രണയകാലത്തു സരിത എന്നോട്ടു പറഞ്ഞിരുന്നു ''കല്യാണം കഴിയുമ്പോള്‍ എന്നെ മുന്തിരിത്തോപ്പുകളിലും വൈന്‍യാര്‍ഡുകളില്‍ കൊണ്ടുപോകണം.'' വിവാഹശേഷം കമ്പത്തും തേനിയിലും കൊടൈക്കനാലിലുമുള്ള വൈന്‍യാര്‍ഡുകളില്‍ ഞങ്ങള്‍ പോയി. പല രാജ്യങ്ങളിലെ മുന്തിരിത്തോപ്പുകളില്‍ കറങ്ങി. ആ യാത്രകളിലെല്ലാം ഞാന്‍ അന്വേഷിച്ചത് 'നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളി'ലും 'ആഗതനി'ലും കണ്ട മനോഹാരിതയുള്ള ഒരു വൈന്‍യാര്‍ഡ് ആയിരുന്നു. പക്ഷേ, അത്ര സുന്ദരമായ വൈന്‍യാര്‍ഡ് എവിടെയും കണ്ടില്ല. എങ്കിലും എന്റെ ഭാര്യ ഇന്നും വൈന്‍യാര്‍ഡുകളെ സ്നേഹിക്കുന്നു.. അടുത്ത തവണയും യാത്രയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഞാന്‍ പറയും ''ആലപ്പുഴ- കൊല്ലം ഹൌസ്ബോട്ട്.'' അവള്‍ പറയും ''വൈന്‍യാര്‍ഡ്....''

Travel Guide

കേരളത്തിലെ ഏറ്റവും സുന്ദരമായ ജലപാതയാണ് ആലപ്പുഴ- കൊല്ലം. എട്ടുമണിക്കൂര്‍ നീളുന്ന ഈ യാത്ര വെറും 300 രൂപയ്ക്ക് നടത്തണമെങ്കില്‍ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസ് ഉപയോഗിച്ചാല്‍ മതി. ഒരു പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാരണം താല്‍ക്കാലികമായി നിര്‍ത്തിയിരുന്ന ഈ സര്‍വീസ് ഉടന്‍ പുനരാരംഭിക്കും.

കൊല്ലം, ആലപ്പുഴ ഡിറ്റിപിസികള്‍ ഹ്രസ്വദൂരം, ദീര്‍ഘദൂര ബോട്ട് സര്‍വീസുകള്‍ നടത്തുന്നുണ്ട്. നൂറു കണക്കിനു സ്വകാര്യ ഹൌസ്ബോട്ടുകളും ഈ പാതയില്‍ സര്‍വീസ് നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: DTPC കൊല്ലം 0474 2745625 DTPC ആലപ്പുഴ DTPC 0477 2251796, 2253308 ഇന്‍ഫര്‍മേഷന്‍ ഓഫിസ് 9400051796.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA