മത്സ്യഗന്ധിയാം അഞ്ചുതെങ്ങ്

ANJUTHENGU-NEW
SHARE

മൂന്നായി പിരിയുന്ന റോഡിന്റെ ഒത്ത മദ്ധ്യത്ത് ബസില്‍ നിന്നുമിറങ്ങുമ്പോള്‍, ഉപ്പു രസമുള്ള വായു എന്റെ ശ്വാസത്തില്‍ നിറയുന്നത് നന്നായി തിരിച്ചറിയുന്നുണ്ടായിരുന്നു. “അഞ്ചുതെങ്ങ്”! ബ്രിട്ടീഷുകാര്‍ക്കെതിരെ നൂറ്റാണ്ടുകള്‍ മുമ്പ് കലാപങ്ങള്‍ക്ക് നാന്ദി കുറിച്ചയിടം. ഭാരതത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യം കലാപം നടന്നത് അഞ്ചുതെങ്ങ് എന്ന് മത്സ്യത്തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന ഈ പ്രദേശത്താണെങ്കില്‍ ആ കലാപം അറിയപ്പെടുന്നത് ആറ്റിങ്ങല്‍ വിപ്ലവമെന്നാണ്. ആറ്റിങ്ങള്‍ റാണിയുടെ നേരിട്ടുള്ള ഭരണത്തില്‍ കീഴിലുള്ള അഞ്ചുതെങ്ങിന് പറയാന്‍ കഥകള്‍ ഒരുപാടുണ്ടാകും. ദൈന്യതയുടെയും കഷ്‌ടപ്പാടിന്റെയും വിനോദത്തിന്റെയും എന്ന് മാത്രമല്ല ചോരപ്പാടുകളുടെ കഥയും ഇവിടുത്തെ മണ്ണില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു.

അഞ്ചുതെങ്ങ് അല്പം ചരിത്രം

Anjutheng2

കടലോരപ്രദേശമാണ് അഞ്ചുതെങ്ങ്. 1697 മുതൽക്ക് തന്നെ നമ്മുടെ രാജ്യത്ത് കച്ചവടത്തിന് എത്തിയ വിദേശശക്തികളുടെ അനാവശ്യ ഇടപെടലുകളെ ചോദ്യം ചെയ്തു തുടങ്ങിയ ആദ്യ ജനത അഞ്ചുതെങ്ങുകാരായിരിക്കണം. ആറ്റിങ്ങൽ റാണിക്ക് എല്ലാവർഷവും വെള്ളക്കാർ അവരുടെ വിപണന ആസ്ഥാനമായ അഞ്ചുതെങ്ങിലെ കോട്ടയിൽ നിന്ന് വിലപ്പെട്ട സമ്മാനങ്ങൾ കൊടുത്തയയ്ക്കുക പതിവുണ്ടായിരുന്നു. 1721ൽ ഇത്തരത്തിൽ സമ്മാനവുമായി കോട്ടയുടെ തലവൻ ഗൈഫോർഡും 140 ഇംഗ്ലീഷുകാരുടെ സംഘവും അഞ്ചുതെങ്ങിൽ നിന്നും ആറ്റിങ്ങൽ കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു. അതിനു മുൻപ് തന്നെ ഇവരുമായി പ്രാദേശിക തൊഴിലുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ആരംഭിച്ചിരുന്നതിനാൽ അത്ര നല്ല ബന്ധത്തിലായിരുന്നില്ല. റാണിയ്ക്ക് സമ്മാനം തങ്ങൾ വഴി നൽകിയാൽ മതിയെന്ന് അവിടെ ഭരണം നടത്തിയിരുന്ന പിള്ളമാർ ആവശ്യപ്പെടുകയും ഇത് വൻ കലാപത്തിലേക്ക് അവസാനിക്കുകയും ആയിരുന്നു.

Anjutheng1

അരയന്മാർ ഉൾപ്പെടെയുള്ള ആളുകൾ ഇംഗ്ലീഷ് സംഘത്തെ ആക്രമിച്ച് കൊലപ്പെടുത്തി. പിന്നീട് 6 മാസത്തോളം കോട്ട വളയുകയും ഉപരോധിക്കുകയും ചെയ്തു. ഒടുവിൽ തലശ്ശേരിയിൽ നിന്നും ഇംഗ്ലീഷ് പട്ടാളം എത്തിയാണ് കലാപത്തെ അടിച്ചമർത്തിയത്. ഇന്ത്യയിലെ തന്നെ ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെയുള്ള ആദ്യ കലാപമായാണ് ഇതിനെ കണക്കാക്കുന്നത്.

അഞ്ചുതെങ്ങ് കോട്ടയും ലൈറ്റ് ഹൗസും

Anjengo_Fort_and_Lighthouse2

അഞ്ചുതെങ്ങ് കോട്ട ലക്ഷ്യമാക്കി നടക്കുമ്പോള്‍ നിരത്തിവച്ചിക്കുന്ന ഓല കൂടാരങ്ങള്‍ക്കിടയിലൂടെ ആര്‍ത്തലയ്ക്കുന്ന സാഗരനീലിമ വെളിവാകുന്നുണ്ടായിരുന്നു. അരയന്മാര്‍ വിനോദത്തിനായി ഒരുക്കിയ മൈതാനത്തില്‍ കൊച്ചു കുട്ടികള്‍ ക്രിക്കറ്റ് പന്തുകൊണ്ട് ഫുട്ബാള്‍ കളിക്കുന്ന രംഗം നിമിഷ നേരം നോക്കി നിന്നു. പിന്നെയും മുന്നോട്ട് നടന്നു. അഞ്ചുതെങ്ങിന് എങ്ങനെയാണ് ഈ പേര്‍ ലഭിച്ചത് എന്നു ചോദിച്ചാൽ നല്ല തിരുവന്തോരം ഭാഷയില്‍ തന്നെ മറുപടി കിട്ടും. അഞ്ചുതെങ്ങിന്റെ ആദ്യ പേര് അഞ്ചിങ്ങല്‍ എന്നായിരുന്നു. ക്ഷേത്രം അല്ലെങ്കില്‍ പരിശുദ്ധ ഭവനം എന്നൊക്കെയാണ് ഈ തമിഴ് പദത്തിന് അര്‍ത്ഥം. ഇന്ത്യന്‍ ഭാഷ വഴങ്ങാത്ത ബ്രിട്ടിഷുകാര്‍ അത് അഞ്ചെങോ ആക്കുകയായിരുന്നു. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് അഞ്ചെങ്കോ എന്ന് തന്നെയാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. അഞ്ച് ചുമടുതാങ്ങികള്‍ നിന്നിരുന്ന സ്ഥലമായത് കൊണ്ടാണ് അഞ്ചുതെങ്ങ് എന്ന പേര്‍ വന്നത് എന്നാണ് മറ്റൊരു വാദം. എന്നാല്‍ ഇവിടുത്തെ പഴമകാര്‍ക്ക് പറയാന്‍ മറ്റൊരു കഥ കൂടിയുണ്ട്. അഞ്ചുതെങ്ങ് എന്ന സ്ഥലത്ത് അഞ്ച് ശിഖരങ്ങളുള്ള തെങ്ങ് ഉണ്ടായിരുന്നതായും അതിനാലാണ് ഇത് അഞ്ചുതെങ്ങ് ആയതെന്നുമാണ് വാദം.

വലിയപ്പള്ളിയും ചെറിയപ്പള്ളിയും കടന്ന് ഏകദേശം കോട്ടയ്ക്ക് അടുത്തെത്തി. ബ്രിട്ടീഷുകാരുടെ വിപണന കേന്ദ്രമായിരുന്നു അഞ്ചുതെങ്ങിനടുത്തായി സ്ഥിതിചെയ്യുന്ന പണ്ടകശാല. ഇവിടെ നിന്നും സാധനങ്ങൾ ജലമാർഗം കൊച്ചിയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും എത്തിക്കുക പതിവായിരുന്നു. അതിന് സൗകര്യത്തിനായാണ് അഞ്ചുതെങ്ങ് കോട്ടയിൽ അവർ സ്ഥിരതാമസമാക്കുന്നത്. അഞ്ചുതെങ്ങ് കടലിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കോട്ടയുടെ കുറച്ച് ഭാഗങ്ങൾ മാത്രമേ ഇപ്പോൾ നിലവിലുള്ളൂ.

Anchuthengu_Fortnew
അഞ്ചുതെങ്ങ് ഫോർട്ട്

പേരിന് പുറകെയുള്ള കഥകള്‍ കേട്ട് മുന്നോട്ട് നീങ്ങുമ്പോള്‍ അകലെയായി ബ്രിട്ടീഷുകാരുടെ കുളമ്പടികള്‍ കേട്ട കോട്ട മതിലിന്റെ കുറച്ച് ഭാഗം എനിക്ക് കാണാമായിരുന്നു. അതിനെതിര്‍വശത്തായി അവര്‍ തന്നെ നിര്‍മ്മിച്ച ലൈറ്റ് ഹൗസ് തല ഉയര്‍ത്തി നില്‍ക്കുന്നുണ്ടായിരുന്നു. ലൈറ്റ് ഹൗസിന് മുന്നില്‍ വടിയും പിടിച്ച് യൂണിഫോമില്‍ ഒരു കൊമ്പന്‍ മീശക്കാരന്‍ “ആരാടാ ഇത്” എന്ന ഭാവത്തോടെ ഞങ്ങളെ നോക്കി നില്‍ക്കുന്നു. “ആശാനേ…ഞങ്ങള്‍ക്ക് ലൈറ്റ് ഹൗസിന് മുകളില്‍ ഒന്ന് കയറണമല്ലോ”. “ഇപ്പോഴൊന്നും പറ്റില്ല.. 3 മണിമുതല്‍ 5 മണിവരെയാ പ്രവേശന സമയം അപ്പോള്‍ വാ” എന്ന് പറഞ്ഞ് മുഖം തിരിഞ്ഞിരുന്നു. “അയ്യോ അങ്ങനെ പറയല്ലേ. ഞങ്ങള്‍ പത്രക്കാരാ തീരദേശത്തെ ആള്‍ക്കാരുടെ കഷ്‌ടതകളെ കുറിച്ച് പുതിയ ഒരു പംക്തി തുടങ്ങാന്‍ പോവുകയാണ്….എന്നും പറഞ്ഞ് മീശക്കാരനെ ഒരു ക്ലോസ് ഫോട്ടോയും എടുത്തപ്പോള്‍ അദ്ദേഹം ഹാപ്പി. വേറെ ആരും കാണണ്ട പെട്ടെന്ന് കയറിയിട്ട് ഇറങ്ങണം.

Anchuthengu_Fort222
അഞ്ചുതെങ്ങ് ഫോർട്ട്

ഇതാണ് അഞ്ചുതെങ്ങുകാരുടെ സ്വഭാവം സ്‌നേഹിച്ചാല്‍ അവര്‍ നക്കി കൊല്ലും വെറുപ്പിച്ചാ‍ല്‍ പണ്ട് ബ്രീട്ടിഷുകാര്‍ക്കുണ്ടായ അനുഭവമായിരിക്കും. അങ്ങനെ വളഞ്ഞ് പുളഞ്ഞ് കുത്തനെ കിടക്കുന്ന ലൈറ്റ് ഹൌസ് കൂടാരത്തിലേക്ക് ഞങ്ങള്‍ കയറി. “നീലയും വെള്ളയും നിറത്തില്‍ ചാലിച്ച് അഞ്ചുതെങ്ങ് കടപ്പുറത്തെ കഷ്‌ടതകള്‍ക്ക് സാക്ഷിയായ ഒരു ഒറ്റകണ്ണന്‍.” ആ ഒറ്റ കണ്ണന്റെ നെറുകയില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച വാക്കുകളില്‍ വിവരിച്ചാല്‍ അൽപത്വമായി പോകും. വലത് പാപനാശവും ഇടത് നദീ-സാഗര സംഗമവും പിറകിലായി കായലും മുന്നിലായി അറബിക്കടലും അങ്ങനെ അഞ്ചുതെങ്ങ് എന്ന പ്രദേശത്തെ മനോഹാരിതയെ കണ്ണുകളില്‍ ചാലിച്ചെടുക്കുമ്പോള്‍ അങ്ങ് അറബികടലിലെ ചക്രവാളങ്ങള്‍ എന്നോട് ഒരു കഥ പറയുന്നതായി തോന്നി. അവിടെ നിന്നും ഒന്ന് രണ്ട് സ്നാപ്പുകള്‍ എടുത്ത് തിരിച്ചിറങ്ങി.

ലൈറ്റ് ഹൗസിന് തൊട്ടുമുന്നിൽ തന്നെയാണ് കരിങ്കലിൽ കെട്ടിയ കോട്ട. അതിന്റെ മതിലിനുള്ളിലേക്ക് കടന്നു. കോട്ടയെന്ന് പറയാന്‍ ഇപ്പോള്‍ അവിടെ ഒന്നുമില്ലെന്ന് തന്നെ പറയാം. കരിങ്കല്ലു കൊണ്ട് നിര്‍മ്മിച്ച് വൃത്താകൃതിയിലുള്ള ഒരു കൂടാരം, പക്ഷെ മേല്‍ക്കൂരയില്ല. കടലിനഭിമുഖമായി നാലഞ്ച് കൂറ്റന്‍ തൂണുകള്‍. തൂണുകളില്‍ പലതും കാലം കൊണ്ട് ക്ഷയിച്ചവ. കോട്ടയുടെ മുകളിലേക്ക് കയറാന്‍ കരിങ്കല്ല് കൊണ്ട് തന്നെ ഉണ്ടാക്കിയിരിക്കുന്ന കോവണികളും ഉണ്ട്. അതിലൂടെ കയറി കോട്ടയുടെ മുന്‍‌വശത്ത് വന്നാല്‍. അറബി കടലിനെ ആകാശത്ത് നിന്ന് വീക്ഷിക്കുന്ന പ്രതീതി. ഇവിടെ നിന്നായിരിക്കാം കോട്ടും സൂട്ടുമണിഞ്ഞ വെള്ളക്കാര്‍ തങ്ങളുടെ ബോട്ടുകളെ നിരീക്ഷിച്ചിരുന്നത്, മദ്യവും മാദകത്വവും സേവിച്ചത്.

അവിടെ നിന്നും താഴെയിറങ്ങി കോട്ടയുടെ തെക്കേ മൂലയിലേക്ക് നടന്നു. അവിടെ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ ഉണ്ട്. അദ്ദേഹത്തിന്റെ മുറിയാണവിടെ. മുറിയുടെ മുന്‍‌വശം വലിയ ഗുഹാദ്വാരം പോലെ കമാനാകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്നു. അല്ല, അത് അയാളുടെ മുറിയല്ല, അതൊരു ഗുഹ തന്നെയാണ് ഗുഹയ്ക്ക് ഏകദേശം അഞ്ച് മീറ്റര്‍ ഉള്ളില്‍ വച്ച് ചുടുക്കല്ല് കൊണ്ട് അടച്ചിരിക്കുന്നു. പണ്ട് ഒരു പശുവും ആ പശുവിനെ തേടി ഒരു നാട്ടുകാരനും ഈ ഗുഹയിലേക്ക് പോയത്രേ. പിന്നെ അവരെ ആരും കണ്ടിട്ടില്ല. ഈ ഗുഹയ്ക്ക് ഒരു മറുപുറമുണ്ടെന്നും അത് മുപ്പത്തിയഞ്ച് കിലോമീറ്റര്‍ അപ്പുറത്ത് കൊല്ലത്താണെന്നും എന്റെ ചങ്ങാതിയില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട്ടിലായത് കൊണ്ട് ഈ ഗുഹ ഇങ്ങനെ കിടക്കുന്നു. വിദേശത്തായിരുന്നെങ്കില്‍ ലോകത്തിലെ മികച്ച അഡ്വവെഞ്ചർ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി മാറിയേനേ ഈ ഗുഹ. അതിന് മിനകെടാന്‍ ആര്‍ക്കാ സമയം. ഒരു ബീച്ച്, ഹൗസ് ബോട്ടിംഗ് ഇങ്ങനെ വെള്ളവുമായി ബന്ധപ്പെട്ടതാണ് ഇന്ത്യന്‍ ടൂറിസ്റ്റ് കല്‍‌പ്പനകൾ‍. ഇവിടുത്തെ ടൂറിസ്റ്റ് സാധ്യതകള്‍ മനസിലാക്കി, മനസില്‍ സര്‍ക്കാറിനെയും ചീത്ത പറഞ്ഞ് മുന്നോട്ട് നീങ്ങുമ്പോള്‍ മനസില്‍ അഞ്ചുതെങ്ങ് കോട്ടയിലെ ഗുഹയും പശുവിനെയും അതിന്റെ ഉടമസ്ഥനെയും കുറിച്ച് ഓര്‍ക്കുകയായിരുന്നു.

കോട്ട കാണാൻ: പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ വർക്കല പാപനാശത്തിന് 10 കിലോമീറ്റർ അരികിലായാണ് അഞ്ചുതെങ്ങ് സ്ഥിതിചയ്യുന്നത്. കൊല്ലം ഭാഗത്തുനിന്നും ട്രയിനിൽ വരുന്നവർക്ക് വർക്കല ഇറങ്ങി ബസിൽ അഞ്ചുതെങ്ങിൽ എത്താം. കൊല്ലം, തിരുവനന്തപുരം ഭാഗങ്ങളിൽ നിന്നും ബസിൽ വരുന്നവർക്ക് ആലംകോട് അല്ലെങ്കിൽ ആറ്റിങ്ങൽ ഇറങ്ങിയാൽ അഞ്ചുതെങ്ങിലേക്ക് ബസ് ലഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA