നാടൻ രുചിയൂറും മാന്തോപ്പിലെ പിടിയും കോഴിയും

SHARE

വാരാന്ത്യങ്ങളിലും അവധിക്കാലങ്ങളിലും കുടുംബവുമൊത്ത് വ്യത്യസ്ത രുചിതേടിയിറങ്ങുന്ന മലയാളികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. നല്ല ഭക്ഷണം കണ്ടെത്തി കഴിക്കുകയെന്നത് ഇന്നത്തെ കാലത്ത് അത്ര എളുപ്പമല്ല. രുചികരമായ ഭക്ഷണം തേടിയിറങ്ങുന്ന മലയാളികൾക്ക് മികച്ച അനുഭവമായിരിക്കും കോതമംഗലത്തെ മാന്തോപ്പ് എന്ന റെസ്റ്റോറന്റ് സമ്മാനിക്കുക.

കൂട്ടുകാരുടെ കൂട്ടായ്മ

നിർമൽ ജോർജ്, ബ്രോയിസ്, ഗോഡ്സൺ എന്നീ മൂന്ന് സൂഹൃത്തുക്കളുടെ പ്രയത്നത്തിന്റെ ഫലമാണ് മാന്തോപ്പ് എന്ന റസ്റ്റോറന്റ്. ഇവർ ഒരുമിച്ച് നടത്തിയ ഒരു യാത്രയ്ക്കിടയിൽ ഉയർന്നു വന്ന ആശയമാണ്. നാടൻ രുചി വിളമ്പുന്ന മാന്തോപ്പിന്റെ സൃഷ്ടിക്കു പിന്നിൽ. നിർമ്മലിന്റെ പിതാവിന് ഷാപ്പുണ്ടായിരുന്നു. ഈ ഷാപ്പ് കൂട്ടിച്ചേർത്ത് ഒരു റസ്റ്റോറന്റ് ആക്കുക എന്നതായിരുന്നു ഇവരുടെ ആദ്യത്തെ പദ്ധതി. ഷാപ്പു കറികളുടെയും അനുബന്ധ വിഭവങ്ങളുടെയും രുചിതേടി എത്തുന്ന സഞ്ചാരികളും കുടുംബങ്ങളുമായിരുന്നു ലക്ഷ്യം. നല്ല ഭക്ഷണം നൽകിയാൽ ആളുകളെ ആകർഷിക്കാമെന്ന് ആദ്യ വർഷം തന്നെ ഇവർക്ക് ബോധ്യമായി. ഷാപ്പിനടുത്ത് ഒരു മാവുണ്ടായിരുന്നതിനാലാണ് റസ്റ്റോറന്റിന് മാന്തോപ്പ് എന്ന പേര് നൽകിയത്.  മാന്തോപ്പ് ‍ഡിസൈൻ ചെയ്തിരിക്കുന്നതും ഈ സുഹൃത്തുക്കൾ തന്നെ. 

Manthoppu-img-3

ഷാപ്പില്ല, ഇപ്പോൾ രുചിയൂറും ഭക്ഷണം മാത്രം

മാന്തോപ്പ് റസ്റ്റോറന്റ് പ്രവർത്തിച്ചിരുന്ന് മൂന്ന് വിഭാഗങ്ങളായിട്ടാണ്. കള്ളും ഭക്ഷണവും ഒരുമിച്ച് ആസ്വദിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇവിടെ കള്ള് ലഭിക്കില്ല. രുചിയൂറും ഭക്ഷണം മാത്രമാണ് ഇപ്പോൾ മാന്തോപ്പിൽ ലഭിക്കുന്നത്.

Manthoppu-img-1
Manthoppu Family Restaurant

പിടിയും കോഴിയും

മാന്തോപ്പിൽ ഭക്ഷണം കഴിക്കാനെത്തുന്നവർ വ്യത്യസ്ത രുചികളും വിഭവങ്ങളും തേടിയെത്തുന്നവരാണ്. മറ്റ് റസ്റ്റോറന്റുകളിൽ അധികം ലഭിക്കാത്ത പിടി എന്ന വിഭവം മാന്തോപ്പിലെ സ്പെഷലാണ്. ക്രിസത്യൻ മതസമൂഹത്തിലെ യാക്കോബായ വിഭാഗക്കാരുടെ വീടുകളിൽ മിക്കവാറും ഉണ്ടാക്കുന്ന ഈ ഭക്ഷണം പാചകം ചെയ്യാൻ അൽപം പ്രയാസമാണ്. അതിനാൽ തന്നെ മറ്റ് റസ്റ്റോറന്റുകൾ ഇത് അധികം പ്രോത്സാഹിപ്പിക്കാറില്ല. ബീഫ് ഇടിച്ചത്, ചിക്കൻ ഇടിച്ചത്, ചിക്കൻ ഉലർത്തിയത്, ചെമ്മീൻ, കല്ലുമേക്കായ, കക്ക എന്നിവ ഉൾപ്പെടെ നിരവധി സീ ഫു‍‍ഡും ഇവിടെ ലഭിക്കുന്നു. കപ്പ കൊണ്ട് ഉണ്ടാക്കുന്ന ഏഷ്യാഡ് എന്ന സ്പെഷൽ ഐറ്റവും ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് പ്രിയമാണ്. അങ്ങാടിയിൽ നിന്നും സാധനങ്ങൾ വാങ്ങി. അവ പൊടിച്ചെടുത്ത് മിക്സ് ചെയ്തുണ്ടാക്കുന്ന സ്വന്തം മസാലയാണ് ഇവിടുത്തെ വിഭവങ്ങളിൽ ചേർക്കുന്നത്. 

Manthoppu-img-6
Manthoppu Family Restaurant

പ്ലാസ്റ്റിക്കില്ല പഴകിയതുമില്ല

പഴംകഞ്ഞി മലയാളികൾ ഇഷ്ടപ്പെടുന്ന ഭക്ഷണം തന്നെ. എന്നാൽ മറ്റ് പഴയ ഭക്ഷണങ്ങൾ മലയാളികൾക്ക് വർജ്യം തന്നെയാണ്. സാധാരണ ഹോട്ടലുകൾ ചെയ്യുന്ന പോലെ അധികം വരുന്ന ഭക്ഷണം അടുത്ത ദിവസത്തേക്ക് ഫ്രീസറിൽ സൂക്ഷിക്കുകയോ കൂടുതൽ ഭക്ഷണം ഉണ്ടാക്കി വയ്ക്കുകയോ ചെയ്യുന്ന ഏർപ്പാട് മാന്തോപ്പിലില്ല. ആവശ്യത്തിനുള്ള ഭക്ഷണം ഉണ്ടാക്കും. അത് തീരുമ്പോൾ കച്ചവടം മതിയാക്കും. ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രമല്ല ഈ ചിട്ട. പരമാവധി പ്ലാസ്റ്റിക് സാധനങ്ങൾ ഒഴിവാക്കാൻ മാന്തോപ്പിൽ ശ്രമം നടത്താറുണ്ട്. ഗ്ലാസും കളിമൺ പാത്രങ്ങളുമാണ് കൂടുതലും ഉപയോഗിക്കുന്നത്.

Manthoppu-img-4
Manthoppu Family Restaurant

വിദേശികൾക്കും പ്രിയം

മൂന്നാർ യാത്രക്കാരെ ലക്ഷ്യമാക്കിയാണ് മാന്തോപ്പ് മുഖ്യമായും പ്രവർത്തനം ആരംഭിച്ചത്. യാത്രയ്ക്കിടെ നല്ല ഭക്ഷണം വൃത്തിയുള്ള സ്ഥലത്ത് ഇരുന്ന് കഴിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഇടം. മൂന്നാറിൽ എത്തുന്ന വിദേശികൾക്കും മാന്തോപ്പ് പ്രിയ റസ്റ്റോറന്റാണ്. ആഭ്യന്തര ടൂറിസ്റ്റുകളും സ്ഥലവാസികളും മാന്തോപ്പിലെത്തുന്നത് ഒട്ടും കുറവല്ല. ഉടമസ്ഥർ തന്നെ നേരിട്ടെത്തി കസ്റ്റമേഴ്സിനോട് പ്രതികരണങ്ങൾ ആരായാറുണ്ട്. അതിനു അനുസരിച്ചുള്ള മാറ്റങ്ങളും റസ്റ്റോറന്റിൽ ഉടൻ തന്നെ നടപ്പിലാക്കുന്നുവെന്നതാണ് മാന്തോപ്പിന്റെ പ്രത്യേകത.

Manthoppu-img5
Manthoppu Family Restaurant

സ്കൂൾ അവധിദിനങ്ങളിൽ ഇവിടെ തിരക്കാണ്. നാടൻ ഭക്ഷണം കഴിക്കാൻ സമീപ പ്രദേശങ്ങളിൽ നിന്നും കുടുംബവുമായി എത്തുന്ന ആളുകൾ ഒട്ടും കുറവല്ല. ഒപ്പം മൂന്നാർ യാത്രയ്ക്കിടെ നല്ല ഭക്ഷണം കഴിക്കാൻ മാന്തോപ്പിനെ ആശ്രയിക്കുന്നവരും. ഒരിക്കൽ മാന്തോപ്പിലെത്തി ഇവിടുത്തെ രുചിയറിഞ്ഞാൽ പിന്നീടൊരിക്കലും അത് ആരും മറക്കാൻ വഴിയില്ല.‍

ആലുവ - മൂന്നാർ സ്റ്റേറ്റ് ഹൈവേയിൽ, പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്ക് പോകുന്ന വഴി (ഏകദേശം 10 കിലോമീറ്റർ കഴിയുമ്പോൾ) ഇരുമലപടി എന്ന സ്ഥലത്താണ് മാന്തോപ്പ് റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA