കാടിനുള്ളിലെ വെള്ളച്ചാട്ടം തേടി

2-thommankuthu-2318098_960_720
SHARE

സമയം 11:30. തൊടുപുഴയിലുള്ള സുഹൃത്തിന്റെ കല്യാണം കൂടി, സദ്യയും ഉണ്ട് തിരിച്ചുപോകാനൊരുങ്ങി നിൽക്കുമ്പോളാണ് ആ ചോദ്യം വന്നത്: ഇനി എന്താ പരിപാടി? കോട്ടയത്തുനിന്നു തൊടുപുഴ വരെ യാത്ര ചെയ്തുവന്നതല്ലേ, തൊമ്മന്‍കുത്തുകൂടി കണ്ടിട്ടു പോയാലോ? ഞായറാഴ്ച ആയതിനാലും ഒരാഴ്ച മുൻപ് പ്ലാൻ ചെയ്ത വാഗമൺ ട്രിപ്പ് മുടങ്ങിയതിന്റെ സങ്കടമുള്ളതിനാലും ആ നിര്‍ദേശം അതിവേഗം സ്വീകരിക്കപ്പെട്ടു. ഉച്ചയോടെ പത്തു പേരടങ്ങുന്ന സംഘം നേരെ തൊമ്മൻകുത്തിലേക്ക്...

ഗൂഗിൾ മാപ്പ് കാട്ടിത്തന്ന വഴികളിലൂടെ യാത്ര തുടങ്ങി. രണ്ടു കാറുകളിലായി അഞ്ചു പേരടങ്ങുന്ന രണ്ടു സംഘമായാണ് യാത്ര. തൊടുപുഴയില്‍ നിന്ന് 18 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തൊമ്മന്‍കുത്തിലെത്താം. വഴിയിലെ കാഴ്ചകൾ എല്ലാം തന്നെ മനോഹരം. അധികം ആളനക്കങ്ങളില്ലാത്ത തനി നാട്ടുംപുറം. റോഡിനോടു ചേർന്നാണ് കൃഷിയിടങ്ങൾ. എങ്ങും പച്ചപ്പുമാത്രം. വഴിയിലെ കലുങ്കുകളും ചെറു കവലകളുമൊക്കെ നല്ല കാഴ്ചകളാണ്. പാടങ്ങളിൽ കറ്റ മെതിക്കുന്നത് കൗതുകത്തോടെ ഞങ്ങൾ നോക്കിനിന്നു. പതിയെ കാഴ്ചയുടെ സ്വഭാവം മാറിത്തുടങ്ങി. പച്ചപ്പട്ടുടുത്ത പാടങ്ങളെ പിന്നിലാക്കി വനം ഡിവിഷന്റെ ഉൾപ്രദേശങ്ങളിലേക്ക് യാത്ര കടന്നിരിക്കുന്നു. ചെറിയ ഇരുട്ടും തണുപ്പും. ഇനിയങ്ങോട്ട് കാട്ടിലൂടെയാണ് യാത്ര.. കാട്ടുപാത ചെന്നവസാനിക്കുന്നത് തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തിന്റെ പ്രവേശന കവാടത്തിലാണ്.

thommankuthu-waterfalls-1

അങ്ങനെ തൊമ്മൻകുത്തിന്റെ കവാടത്തിലെത്തി. തൊമ്മൻകുത്ത് ഒറ്റ വെള്ളച്ചാട്ടമല്ല. ഏഴു വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. ആദ്യത്തെ വെള്ളച്ചാട്ടം വണ്ടി പാർക്ക് ചെയ്യുന്ന സ്ഥലത്തിന് അടുത്തുതന്നെയാണ്. തീരെ ജീവനില്ല. മഴക്കാലമല്ലാത്തതിനാൽ നീരൊഴുക്കു കുറവാണ്. അതിന്റെ മുകളിലേക്കുള്ള മറ്റു വെള്ളച്ചാട്ടങ്ങൾ കാണാൻ വനംവകുപ്പിന്റെ പാസ്സ് എടുക്കണം. ഓരോ വെള്ളച്ചാട്ടത്തിനുമാണ്‌ 'കുത്ത്‌' എന്ന്‌ പറയുന്നത്‌.

thommankuthu-waterfalls-3

സഞ്ചാരികൾക്കു വിശ്രമിക്കാനും വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനും പാകത്തിൽ ചെറിയ ഒരു വ്യൂപോയിന്റ് ഒരുക്കിയിട്ടുണ്ട്. അതിനോടു ചേർന്നുള്ള കെട്ടിടങ്ങളിൽ ചെറിയ സ്നാക് ഷോപ്പുകളും കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകളും. അടുത്തുള്ള കടയിൽനിന്നു രണ്ടു ബോട്ടിൽ വെള്ളവും വാങ്ങി പ്രവേശന കവാടത്തിലേക്ക്.

thommankuthu-waterfalls-4

വെള്ളം കുറവായതുകൊണ്ടാവണം, തിരക്ക് വളരെ കുറവാണ്. പത്തുപേർക്കുള്ള ടിക്കറ്റ് എടുത്തു. ഒരാൾക്കു 30 രൂപയാണ് പ്രവേശനഫീസ്. ക്യാമറയ്ക്കു പ്രത്യേകം കൂപ്പൺ വാങ്ങണം.

അവിടെ ഉണ്ടായിരുന്ന ഗാർഡിനോടു വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഏഴു വെള്ളച്ചാട്ടങ്ങളുള്ളതിൽ, സാധാരണ ടിക്കറ്റു കൊണ്ട് രണ്ടു വെള്ളച്ചാട്ടം വരെയേ പ്രവേശനമുള്ളൂ. മുകളിലേക്കു പോകണമെങ്കിൽ ട്രെക്കിങ്ങ് പാക്കേജ് എടുക്കണം. മുകളിലേക്കു പോകും തോറും അപകടസാധ്യതയും കൂടുതലാണ്. ശരിക്കുള്ള വഴിയൊന്നുമില്ല. മൺപാതയിലൂടെ കുത്തനെയുള്ള കയറ്റങ്ങളാണ്. മുകളിലേക്കു പോയാൽ വന്യമൃഗങ്ങളെയും കാണാമത്രേ. ഏതായാലും ആദ്യത്തെ രണ്ടു വെള്ളച്ചാട്ടങ്ങൾ കണ്ടു തിരിച്ചു പോകാമെന്നു തീരുമാനിച്ചു.

thommankuthu-waterfalls-6

അങ്ങനെ, കാടിനുള്ളിലൂടെ വെള്ളച്ചാട്ടം തേടി മൺവഴിയിലൂടെ പതിയെ നടത്തം തുടങ്ങി. അടുത്ത വെള്ളച്ചാട്ടത്തിലേക്ക് ഏകദേശം ഒരു കിലോമീറ്റർ ദൂരമുണ്ട്. കയറിവരുമ്പോൾത്തന്നെ ആദ്യം കണ്ണിൽപ്പെടുന്നത് ഒരു മുന്നറിയിപ്പാണ്. ഇതുവരെ ആ വെള്ളച്ചാട്ടങ്ങളിൽ വീണു മരിച്ചവരുടെ കണക്കുകൾ സഹിതമുള്ള അപകടമുന്നറിയിപ്പ്. വഴിയരികിലെല്ലാം പുഴയിലേക്ക് ഇറങ്ങരുതെന്ന മുന്നറിയിപ്പു ബോർഡുകളുണ്ട്. വലതുവശത്തായി ഒരു അരുവി ഒഴുകുന്നു.

thommankuthu-waterfalls-7

കാടിന്‍റെ ഓരം പറ്റി അരുവി കണ്ടു നടക്കാം. ഇവിടേക്കു യാത്ര തുടങ്ങും മുൻപ് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ കിട്ടിയ ചിത്രങ്ങളിലെല്ലാം നിറഞ്ഞൊഴുകുന്ന അരുവിയായിരുന്നു, എന്നാൽ നീരൊഴുക്ക് കുറഞ്ഞു നന്നേ ശോഷിച്ചാണ് ഇപ്പോൾ ഒഴുകുന്നത്. എന്നാലും മരങ്ങളും വള്ളിപ്പടർപ്പുകളും എല്ലാം ചേർന്ന്  കാഴ്ചകൾ അതിമനോഹരം തന്നെ. നട്ടുച്ചയാണെകിലും നല്ല തണുത്ത അന്തരീക്ഷം ആര്‍ക്കും ഉന്മേഷം നല്‍കും.

thommankuthu-waterfalls-5

പല അപൂർവ സസ്യങ്ങളും ഇവിടെ സംരക്ഷിക്കുന്നുണ്ട്. പ്രധാനപ്പെട്ടവയുടെയെല്ലാം പേരുകള്‍ വൃക്ഷങ്ങളിൽത്തന്നെ എഴുതി വച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് വിശ്രമിക്കാൻ ചെറിയ മരക്കസേരകളും ചാരുബഞ്ചുകളും കൽത്തിട്ടകളും ഒക്കെ വഴിയിലുടനീളം ഉണ്ട്. അടുത്ത വെള്ളച്ചാട്ടം എത്തുന്നതിനു മുൻപായി ഒരു ഏറുമാടവും ഉണ്ട്. ഏറുമാടത്തിൽ കയറിയും ഫോട്ടോ എടുത്തും തമാശകൾ പറഞ്ഞും ഏറെ ദൂരം മുന്നോട്ടു പോയതേ അറിഞ്ഞില്ല.   

thommankuthu-waterfalls-10

ശാന്തമായൊഴുകുന്ന അരുവിയും പാറക്കെട്ടുകളും കൂറ്റന്‍ വൃക്ഷങ്ങളുമൊക്കെ ചില പ്രകൃതിദൃശ്യ പെയ്ന്റിങ്ങുകളെ ഓർമിപ്പിക്കും. അരുവിയിലേക്ക് ഇറങ്ങാതിരിക്കാൻ കമ്പിവേലി കെട്ടിത്തിരിച്ചിരിക്കുന്നു. പലയിടത്തും വനപാലകർ കാവലുണ്ട്. എങ്കിലും ആഴമില്ലാത്ത സ്ഥലങ്ങളില്‍ ഇറങ്ങാൻ അനുവദിക്കും. അപകടം പതിയിരിക്കുന്നതിനാല്‍ വനപാലകരുടെ നിര്‍ദേശങ്ങൾ പാലിച്ചു മുന്നോട്ടു പോകുന്നതാണു നല്ലത്.

thommankuthu-waterfalls-11

അധികം ആഴം ഇല്ലാത്ത ഒരിടത്തു ഞങ്ങളും ഇറങ്ങി. ശാന്തമായി ഒഴുകുന്ന അരുവി. ചെറിയ പരൽ മീനുകൾ ഓടിക്കളിക്കുണ്ട്. അടിത്തട്ടിൽ നിറയെ ഉരുളൻ പാറക്കല്ലുകളാണ്. നല്ല വഴുക്കലുണ്ട്. കുറച്ചു ഫോട്ടോകൾ എടുത്തശേഷം അവിടെ നിന്നു കയറി. 

thommankuthu-waterfalls-9

നടത്തത്തിന്റെ വേഗം പതിയെ കുറഞ്ഞു കുറഞ്ഞു വന്നു. കുറച്ചുദൂരംകൂടി നടന്നപ്പോളേക്കും വെള്ളച്ചാട്ടത്തിന്റെ ശബ്ദം പതിയെ കേട്ടുതുടങ്ങി. അടുത്ത ഇറക്കം ഇറങ്ങി ചെല്ലുന്നിടത്താണ് രണ്ടാമത്തെ വെള്ളച്ചാട്ടം. അടുത്തേക്കു പോകാനാവില്ല. കയറുകെട്ടി തിരിച്ചിട്ടുണ്ട്.

thommankuthu-waterfalls-12

വെള്ളച്ചാട്ടത്തിന്റെ മുന്നിലുള്ള പാറകളിൽനിന്ന് വെള്ളച്ചാട്ടത്തിന്റെ ഭംഗി ആവോളം ആസ്വദിക്കാം. പാറക്കൂട്ടത്തിനിടയിലും അരുവിയിലുമെല്ലാം പല പോസുകളിലുള്ള ഫോട്ടോ എടുക്കുന്ന തിരക്കിലാണ് എല്ലാവരും. അതിനിടയിലാണ് ഒരുകൂട്ടം പക്ഷികൾ വെള്ളച്ചാട്ടത്തിലേക്കു പറന്നു വന്നത്. ആൾക്കൂട്ടത്തിന്റെ ബഹളമൊന്നും പ്രശ്നമേയല്ല എന്നമട്ടിൽ അവർ വിസ്തരിച്ച് ഒരു കുളി പാസ്സാക്കി പോയി.

വഴി ഇനിയും മുന്നോട്ടു നീണ്ടു കിടക്കുന്നു. ഇടുങ്ങിയ വീതി കുറഞ്ഞ വഴികളും കുത്തനെ ഉള്ള കയറ്റങ്ങളും. അടുത്ത കുത്തിലേക്കുള്ള നടത്തിലാണ് ചിലർ. പെട്ടന്നുള്ള ട്രിപ്പ് ആയതിനാൽ ട്രെക്കിങ്ങിനു പോകാൻ കഴിയാത്തതിൽ നിരാശ തോന്നി.മനസ്സിലിപ്പോൾ കർക്കിടക മഴയിയിൽ നിറഞ്ഞൊഴുകുന്ന തൊമ്മൻകുത്തെന്ന സ്വപ്നം മാത്രമാണ്. ഏഴാമത്തെയും അവസാനത്തേയുമായ കുത്ത്‌ ഒരിക്കല്‍ കാണണം എന്ന ആഗ്രഹം ബാക്കിയാക്കി പതിയെ ഞങ്ങളും തിരികെ നടക്കാൻ തുടങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA