മെക്സിക്കൻ ബീഫും ടിംബാ റൈസും; ഒരു കുട്ടിക്കാനം അപാരത

SHARE

മഴ നനഞ്ഞ് കോട അറിഞ്ഞ് വളഞ്ഞും പുളഞ്ഞും കേറിക്കേറിപ്പോകുന്ന വഴികളിലൂടെ ഒരു കിടുക്കാച്ചി യാത്ര. അതായിരുന്നു കുട്ടിക്കാനത്തേക്കുള്ള ഞായറാഴ്ച യാത്ര. മഴ മാറി നിൽക്കാത്ത കൊച്ചു വെളുപ്പാൻ കാലത്ത് ഇറങ്ങിത്തിരിക്കുമ്പോൾ മനസിൽ ഒന്നും ഉണ്ടായിരുന്നില്ല. (അങ്ങനെ ബോധപൂർവം ചെയ്തില്ലെങ്കിലും യാത്ര പോകെപ്പോകെ ഉള്ളിലുള്ളതൊക്കെ മനസ് കാറ്റഴിച്ച് പറത്തി വിടും.)

open-kitchen6

ഒരു ഐസ്ക്രീം കഴിക്കാൻ കുട്ടിക്കാനം വരെ പോകണോ എന്ന് ചോദിച്ചാൽ, വേണ്ട എന്ന് കണ്ണടച്ച് പറയാം. എന്നാൽ, ചെറിയ തണുപ്പിൽ... കോടമഞ്ഞുമായി ഒളിച്ചു കളിച്ച് ചൂടോടെ ഒരു ഐസ്ക്രീം കഴിക്കാൻ തോന്നിയാൽ കുട്ടിക്കാനം വരെ പോകുന്നത് ഒട്ടും അധികമല്ല. പ്രത്യേകിച്ചും കൊച്ചി, കോട്ടയം ഭാഗത്തുള്ള മഴപ്രേമികൾക്ക്!

ചൂടൻ എെസ്ക്രീം കഴിക്കാൻ കുട്ടിക്കാനത്ത് ഒരിടമുണ്ട് അതാണ് ഓപ്പൺ കിച്ചൺ ബാർബിക്യൂ. കുട്ടിക്കാനം ടൗൺ എത്തുന്നതിന് മുൻപേ വലതുഭാഗത്തായാണ് ഈ റസ്റ്റോറൻറ്. തണുപ്പിനൊപ്പം ചൂടൻ ബാർബിക്യൂ കഴിക്കാൻ താൽപര്യമുണ്ടെങ്കിൽ തീർച്ചയായും ഇവിടെയിറങ്ങാം. മഴയില്ലെങ്കിൽ മുറ്റത്തെ അവക്കാഡോ മരത്തിന്റെ താഴെ സെറ്റ് ചെയ്തിരിക്കുന്ന ടേബിളിൽ ഇരുന്ന് ചൂടോടെ ഭക്ഷണം കഴിക്കാം.

open-kitchen-4
മെക്സിക്കൻ ബീഫ്

ഒരു ചൂടൻ ഐസ്ക്രീം ലക്ഷ്യമിട്ട് ഇറങ്ങിയതുകൊണ്ട് ഞാൻ ബാർബിക്യൂ പരീക്ഷണങ്ങൾക്ക് നിന്നില്ല. ചൂടോടെ ഒരു സിസ്ലിങ് ബ്രൗണി ഓർഡർ ചെയ്തു. നല്ല ഹോം മെയ്ഡ് ബ്രൗണിക്കും ഐസ്ക്രീമിനും മുകളിൽ ചൂടൻ ചോക്ലേറ്റ് സിറപ്പൊഴിച്ച് നൽകുന്ന കിടിലോൽക്കിടിലം സംഭവം. ചൂടും തണുപ്പും മധുരവും ഒരുമിക്കുമ്പോഴുള്ള ഒരു രുചിപ്പെരുക്കം. ഈ ചൂടൻ ഐസ്ക്രീം കഴിക്കാൻ നിരവധി പേർ ഇത്തരത്തിൽ ഇവിടെ വരാറുണ്ട്. ചിക്കൻ കാത്തി റോൾ ആണ് സഞ്ചാരികൾക്ക് പ്രിയമുള്ള മറ്റൊരു പ്രധാന വിഭവം. ഇത് കഴിക്കാൻ വേണ്ടി മാത്രം കാഞ്ഞിരപ്പള്ളിയിൽ നിന്ന് ബൈക്ക് ഓടിപ്പിച്ച് വന്ന വിനുവും സുഹൃത്തുക്കളും പറയും കാത്തി റോളിന്റെ രുചിക്കഥകൾ.

open-kitchen5
ബാർബിക്യൂ

ഇവിടുത്തെ സിഗ്നേച്ചർ ഡിഷ് എന്ന് വിശേഷിപ്പിക്കാവുന്ന വിഭവങ്ങളാണ് മെക്സിക്കൻ ബീഫും ടിംബാ റൈസും. മലയാളികൾക്ക് ഏറെ പ്രിയങ്കരമായ ബീഫിന്റെ വ്യത്യസ്തമായ വിദേശ രുചി പകരുന്നതാണ് മെക്സിക്കൻ ബീഫ്. വിഭവം വിദേശിയാണെങ്കിലും ഈ രുചി തേടി നിരവധി പേർ എത്താറുണ്ടെന്ന് ഓപ്പൺ കിച്ചൺ ബാർബിക്യു ഉടമ ജിത്തു ജയിംസ് പറയുന്നു. റൈസും ചിക്കനും ഒരുമിക്കുന്ന വിഭവമാണ് ടിംബാ റൈസ്. ചൈനീസ്–ഇന്ത്യൻ രുചികളുടെ സങ്കരം.

open-kitchen7
മൂടൽമഞ്ഞ് വിരിച്ച കുട്ടിക്കാനം

മിക്സ്ഡ് റൈസിനൊപ്പം ചിക്കനും അടങ്ങുന്നതാണ് ടിംബാ റൈസ്. പ്രത്യേകം മസാലകളും സോസുകളും ചേർത്താണ് ടിംബാ റൈസിലെ ചിക്കൻ തയ്യാറാക്കുന്നത്. കുടുംബത്തോടൊപ്പം ഓപ്പൺ കിച്ചനിലെത്തുന്ന സഞ്ചാരികൾക്ക് ഏറെ ഇഷ്ടമുള്ള വിഭവം കൂടിയാണിത്. കോടമഞ്ഞിന്റെ തണുപ്പിനൊപ്പം ബാർബിക്യു ചിക്കൻ കഴിക്കാൻ ആഗ്രഹിക്കുന്നവർക്കും ഓപ്പൺ കിച്ചൻ അവസരമൊരുക്കുന്നു. ടേബിളിൽ അപ്പോൾ തന്നെ ഗ്രിൽ ചെയ്ത് ചിക്കൻ വിഭവങ്ങൾ കഴിയ്ക്കാനും സൗകര്യമുണ്ട്. കോടമഞ്ഞിന്റെ ഒളിച്ചുകളികൾ നോക്കിയിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ സഞ്ചാരികളുടെ വയർ മാത്രമല്ല, മനസും നിറയുകയാണ്. മഞ്ഞും മഴയും രുചിയും കൈകോർക്കുന്ന കുട്ടിക്കാനം അനുഭവം ആസ്വദിച്ച്  ചാറ്റൽമഴയ്ക്കൊപ്പം താഴേയ്ക്കിറങ്ങുമ്പോള്‍ മലനിരകളിൽ കുഞ്ഞുമേഘങ്ങൾ സഞ്ചാരികൾക്കായി പുതിയ കൊട്ടാരങ്ങൾ പണിയുന്ന തിരക്കിലായിരുന്നു.

open-kitchen

കാഞ്ഞിരപ്പിള്ളി,മുണ്ടക്കയം, പൊടിമറ്റം, ചോറ്റി എന്നീ സ്ഥലങ്ങളൊക്കെ കടന്ന് പെരുവന്താനം എത്തുമ്പോഴാണ് യാത്രയുടെ ശരിക്കുള്ള രസം തുടങ്ങുന്നത്. കാറിലാണ് യാത്രയെങ്കിൽ ഇനി എസി ഒക്കെ ഓഫ് ചെയ്ത് ചില്ലുകൾ താഴ്ത്താം. അരിച്ചിറങ്ങുന്ന തണുപ്പിന്റെ സുഖം ഒരു കുട്ടിക്കാനം അനുഭവമാണ്. കരിമൂർഖനെപ്പോലെ വളഞ്ഞു പുളഞ്ഞുപോകുന്ന വഴികളിൽ മൂടൽ മഞ്ഞിന്റെ പുതപ്പിനുള്ളിൽ ഇടുക്കിയുടെ മുഖം തെളിഞ്ഞു വരും. കൂറ്റൻമരങ്ങളിൽ ജീവന്റെ പടർപ്പുകൾ ഇലച്ചാർത്തൊരുക്കി സഞ്ചാരികൾക്ക് വഴി കാട്ടിയാകും. ചെവിയോർത്താൽ കാടുമുഴക്കികളുടെ സിംഫണി കേൾക്കാം. പക്ഷിലോകത്തിലെ ഒന്നാന്തരം മിമിക്രിക്കാരാണ് ഇക്കൂട്ടർ. പല ശബ്ദങ്ങളെടുത്ത് കേൾവിക്കാരെ വട്ടം കറക്കും. പൂച്ചകളുടെ വരെ ശബ്ദം അനുകരിക്കുന്ന വിരുതൻമാരുണ്ട്. പടം പിടിയ്ക്കാനിറങ്ങുന്ന ഇടവേളകളിൽ മലനിരകളിലേക്ക് മാത്രം ഫോകസ് ചെയ്യാതെ തൊട്ടടുത്ത മരക്കൂട്ടങ്ങളിലേക്ക് നോട്ടമെറിഞ്ഞാൽ തിളങ്ങുന്ന കറുപ്പുനിറത്തിൽ റിബൺ കെട്ടിയ പോലുള്ള വാൽ കുലുക്കി പാട്ടുപാടി ഇരിക്കുന്ന കാടുമുഴക്കികളെ കാണാം. 

ഇരട്ടത്തലച്ചി ബുൾബുളുകളാണ് സഞ്ചാരികളുടെ കാഴ്ചവട്ടത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന മറ്റൊരു പാട്ടുകൂട്ടം. നാട്ടിലും ഇവരെയൊക്കെ കാണാമെങ്കിലും കാടുമുഴക്കികളും ബുൾബുളുകളും ചേർന്നൊരുക്കുന്ന സംഗീതപരിപാടി ആസ്വദിക്കണമെങ്കിൽ ഇങ്ങനെയുള്ള ചിലയിടങ്ങളിൽ എത്തണം. ഭാഗ്യമുണ്ടെങ്കിൽ ഇവർക്കൊപ്പം മഞ്ഞച്ചിന്നനെയും കാണാം. പച്ച കലർന്ന മഞ്ഞനിറത്തിലുള്ള ഉടുപ്പണിഞ്ഞ മഞ്ഞച്ചിന്നൻ മരത്തിലിരുന്ന് ടുയീ–ടുയീ എന്ന് നീട്ടിപ്പാടുന്നത് കേൾക്കാൻ തന്നെ രസമാണ്. വഴിനീളെ കാണുന്ന ചിത്രശലഭങ്ങളും മോഹിപ്പിക്കുന്ന കാഴ്ചയാണ്. ഇലപ്പടർപ്പുകൾക്കിടയിലൂടെ വർണപ്പൊട്ടുകൾ തീർത്ത് അവരിങ്ങനെ പാറി നടക്കും. കാടകങ്ങളിലെ വലിയ നാണക്കാരാണ് ഇവർ. കണ്ണുവെട്ടിച്ച് പാറി കളിയ്ക്കുന്ന ഇവരെ പിടികിട്ടാപ്പുള്ളികളെന്നൊക്കെ വിളിക്കാമെങ്കിലും അൽപം ശ്രദ്ധയോടും ക്ഷമയോടും കൂടി നിന്നാൽ ഈ നാണക്കാരുടെ നൃത്തപരിപാടികളും ആസ്വദിക്കാം.

open-kitchen1
ടിംബാ റൈസ്

വാഹനം പോകുന്ന വഴികൾക്കരുകിൽ സ്ഥിരമായി കണ്ടുവരുന്ന കറുപ്പുരാശിയുള്ള ശലഭങ്ങളുണ്ട്. നാരകക്കാളി, വഴനശലഭം, കൃഷ്ണശലഭം,  ചക്കരപാറ്റ് എന്നിങ്ങനെ വിവിധയിനം ശലഭങ്ങൾ. ഇത്തവണത്തെ യാത്രയിൽ മോഹിപ്പിച്ച് കടന്നു കളഞ്ഞത് ബുദ്ധമയൂരി എന്ന് വിളിക്കുന്ന പാപ്പിലിയോ ബുദ്ധയാണ്. കറുപ്പിനൊപ്പം ആകർഷകമായ പച്ചയും നീലയും നിറങ്ങളുണ്ട് ഇവയുടെ ചിറകുകൾക്ക്. ഫോട്ടോ എടുക്കാൻ വണ്ടി നിറുത്തിയപ്പോഴായിരുന്നു ഇലച്ചാർത്തുകൾക്കിടയിൽ നിന്ന് ഒരു ബുദ്ധമയൂരിപ്പെണ്ണ് പെട്ടെന്ന് പ്രത്യക്ഷപ്പെട്ടത്. ആദ്യകാഴ്ചയിലെ അദ്ഭുതം മാറി ഒരു വട്ടം കൂടി കാണാൻ കൊതിച്ചെങ്കിലും അവൾ പച്ചപ്പിനിടയിലേക്ക് മറഞ്ഞിരുന്നു. കുട്ടിക്കാനം എത്തുന്നതിന് മുൻപേ തന്നെ ഇത്തരം ഉള്ളു നിറയ്ക്കുന്ന കാഴ്ചകൾ അനവധിയാണ്. കോടയിറങ്ങിയ വഴികളിലൂടെ തിരക്കില്ലാതെ വണ്ടിയോടിച്ച് പോകുമ്പോൾ ഒരിക്കലും നഷ്ടപ്പെടുത്താൻ കഴിയാത്ത കാഴ്ചതുരുത്തുകൾ. 

open-kitchen9
മൂടൽമഞ്ഞ് വിരിച്ച കുട്ടിക്കാനം

ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഗോവണികൾ തീർക്കുന്ന പോലെയാണ് മേഘങ്ങളുടെ കിടപ്പ്. ഈ വഴി സ്വർഗത്തിലേക്ക് നടന്നു കയറാമെന്ന് പോലും സഞ്ചാരികൾക്ക് തോന്നിപ്പോകും. അങ്ങനെയൊരു തോന്നലിൽ മുന്നോട്ടു പോകുമ്പോൾ ഇടതുഭാഗത്തായി കുളിർമ നിറച്ച് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം കാണാം. ഫോട്ടോ എടുക്കാനും ചായ കുടിക്കാനുമായി നിരവധി പേർ ഈ സ്പോട്ടിൽ വാഹനങ്ങൾ നിർത്താറുണ്ട്.

തീർച്ചയായും രുചിയറിയണം

ടിംബാ റൈസ്

മെക്സിക്കൻ ബീഫ്

കത്തി റോൾ

സിസ്ലിങ് ബ്രൗണി

മിക്സ്‍ഡ് പ്ലാറ്റർ

എങ്ങനെ എത്താം : കുട്ടിക്കാനം മിസ്റ്റി മൗണ്ടേയ്ൻ പ്ലാന്റേഷൻ റിസോർട്ടിന് എതിർവശത്താണ് ഇൗ രുചിയിടം നിലകൊള്ളുന്നത്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA