യാത്രയെ സ്നേഹിക്കുന്നവർ‌ ഒഴിവാക്കരുത് ഇവിടം

wagamon5
SHARE

മഴയും മഞ്ഞും നിറഞ്ഞ പ്രണയയാത്രയായിരുന്നു അത്. ഓരോ യാത്രയും പ്രണയത്തിലേക്കുള്ള തിരിച്ചു പോക്കാണ്. ഓര്‍മകളിലൂടെ പിന്നോട്ടും കാലത്തിലൂടെ മുന്നോട്ടും ഒരേ സമയത്തുള്ള സഞ്ചാരം.

wagamon3
മൊട്ടക്കുന്നിലെ കാഴ്ച

പ്രണയം നിറഞ്ഞ മനസ്സിന് എപ്പോഴും മഴയോടും മഞ്ഞിനോടുമാണു പ്രിയം. നീണ്ട ഇടവേളയ്ക്കു വിരാമമിട്ടുകൊണ്ടുള്ള യാത്ര മനസ്സിനെ ഏറെ സന്തോഷിപ്പിച്ചു. വിവാഹം കഴിഞ്ഞ നാളുകളില്‍ പലതവണ ഇടുക്കിയുടെ സൗന്ദര്യം നിറഞ്ഞ കാഴ്ചകളിലേക്കു കടന്നു ചെന്നിട്ടുണ്ടെങ്കിലും ഇത്തവണത്തെ യാത്രയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു.

wagamon1
പച്ചപ്പ കാട്ടി മോഹിപ്പിക്കും വാഗമൺ. ചിത്രങ്ങൾ : മഹേഷ് ചിങ്ങവനം

ഞങ്ങളുടെ കുസൃതിക്കുട്ടന്റെ ആദ്യ ട്രിപ്പായിരുന്നു. നിഷ്‌കളങ്കമായ ചില സന്തോഷങ്ങളുടെ ഒരു നിലവറ തുറക്കല്‍ അവന്റെ മുഖത്തു കാണാം. മഞ്ഞും മലമടക്കുമൊക്കെ ആദ്യമായി കണ്ട് അതിശയം നിറഞ്ഞ അവന്റെ കണ്ണുകളും പുഞ്ചിരി വിടർന്ന ചുണ്ടുകളും ഞങ്ങളെ വല്ലാതെ സന്തോഷിപ്പിച്ചു.

wagamon7
വാഗമണ്ണിലെ കാഴ്ചകൾ, ചിത്രങ്ങൾ : മഹേഷ് ചിങ്ങവനം

കാഴ്ചകൾ പഠിക്കുന്ന പ്രായമായല്ലോ എന്ന് ഒരു നിമിഷം ഓർത്തുപോയി. മേഘത്തെ തൊടണം, മേഘത്തിലൂടെ നടക്കണം  ഇതൊക്കെയായിരുന്നു യാത്രയുടെ തുടക്കം മുതല്‍ അവന്റെ ആവശ്യവും ആഗ്രഹവും. 

മഴനിറഞ്ഞ ഇടുക്കി

മഴയുടെ മുഴുവൻ തണുപ്പും ഏറ്റെടുത്ത യാത്രയായിരുന്നു. മഴ ചുംബിച്ചുണർത്തിയ കരിമ്പാറക്കൂട്ടങ്ങളും പച്ചപ്പു തൂകി നിൽക്കുന്ന മലനിരകളിൽനിന്നു തെന്നി നീങ്ങുന്ന കോടമഞ്ഞും മഴമേഘങ്ങളെ തഴുകിയെത്തുന്ന തണുത്ത കാറ്റുമൊക്കെ ഹരംപകരുന്ന കാഴ്ചകളായിരുന്നു.

wagamon8
തങ്ങൾപാറ, വിദൂരദൃശ്യം. ചിത്രങ്ങൾ : മഹേഷ് ചിങ്ങവനം

മലനിരകളെ പൂർണമായും പൊതിഞ്ഞ മൂടൽമഞ്ഞിന്റെ പടലം കീറി മുന്നോട്ടു യാത്ര തുടർന്നു. ലക്ഷ്യസ്ഥാനത്തെത്തി. പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സൗന്ദര്യം തുളുമ്പുന്ന വാഗമൺ. കോട്ടയത്തു നിന്ന് 65 കിലോമീറ്ററോളം ദൂരം താണ്ടിയാൽ  ഈ മനോഹാരിതയുടെ രാജ്യത്തെത്താം.

wagamon2
വാഗമണ്ണിലേക്കുള്ള യാത്ര

എടുത്തു പറയാന്‍ പ്രത്യേകതകള്‍ ഒന്നുമില്ലെങ്കിലും യാത്രയ്ക്കിടയില്‍ നില്‍ക്കാനും കണ്ടാസ്വദിക്കാനും ഫോട്ടോ എടുക്കാനും പറ്റുന്ന ചെറുവെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞ സ്വർഗം. നാളിന്നുവരെ ഗൂഗിളിനു പോലും ഇൗ വെള്ളച്ചാട്ടങ്ങൾ പിടികൊടുത്തിട്ടില്ല. കാഴ്ചകളുെട ആഘോഷത്തിൽ യാത്ര തുടർന്നു.

മൊട്ടക്കുന്നിലെ ഉച്ചഭക്ഷണം

wagamon10
മൊട്ടക്കുന്നിന്റെ സൗന്ദര്യം, ചിത്രങ്ങൾ : മഹേഷ് ചിങ്ങവനം

കാഴ്ചകൾ കണ്ട് നേരം പോയതറിഞ്ഞില്ല. ഉച്ചയൂണിന്റെ സമയം അതിക്രമിച്ചിട്ടും വിശപ്പിന്റെ സൈറൻ ആരും പുറപ്പെടുവിച്ചില്ല. ആഹാരത്തോട് ഒട്ടും താൽപര്യമില്ലാത്ത കുഞ്ഞിന്റെ മുഖത്ത് വിശപ്പിന്റെ യാതൊരു വിഷമവും തെളിഞ്ഞില്ല. കക്ഷി കാഴ്ചയുടെ ലഹരിയിലാണ്. ഹോട്ടലിൽ കയറി ഉൗണു കഴിക്കുന്ന രീതിക്ക് ഇത്തവണ ഇത്തിരി മാറ്റം വരുത്തി. പാഴ്സൽ വാങ്ങി നേരെ മൊട്ടക്കുന്നിന്റെ മുകളിലേക്കു നടന്നുകയറി.

wagamon11
മൊട്ടക്കുന്നിന്റെ വിദൂരദൃശ്യം, ചിത്രങ്ങൾ : മഹേഷ് ചിങ്ങവനം

മൊട്ടക്കുന്നിന്റെ ഉയരത്തിൽ നിൽക്കുമ്പോൾ പച്ച വിരിച്ച കുന്നുകളുടെ വിദൂര ദൃശ്യം കാഴ്ചയ്ക്കു മിഴിവേകും. പ്രക‍ൃതിയുടെ ഉൗഷ്മളതയിൽ ഉച്ചയൂണ് ആഘോഷമാക്കി.

ആരുടെയും ശല്യമില്ലാത്ത വിശാലമായ പുൽമേട്ടിലാണ് ‍‍ഞങ്ങൾ എത്തിയത്. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പിന്റെ സൗന്ദര്യം ക്യാമറയിൽ പകർത്തിയെടുത്തു; പച്ചപ്പിന്റെ പശ്ചാത്തലമൊരുക്കി ഞങ്ങളുടെ കുടുംബചിത്രങ്ങളും. മൊട്ടക്കുന്നിന്റെ വിരിമാറിലൂടെ ആടിയുല്ലസിച്ച് ഒാടിക്കളിക്കുന്ന മകൻ, പോകാമെന്നു പറഞ്ഞപ്പോൾ മുഖം ചുളിച്ചു. അടുത്ത യാത്ര പൈൻകാടുകളിലേക്കാണെന്നു കേട്ടപ്പോൾ ആവേശം ഇരട്ടിച്ചു.

wagamon12
മൊട്ടക്കുന്നിലെ കാഴ്ചകൾ, ചിത്രങ്ങൾ : മഹേഷ് ചിങ്ങവനം

മൂളിപ്പാട്ടു പാടി, ചൂളമടിച്ച് പൈൻകാട്

തേയിലത്തോട്ടങ്ങളുടെ ഊഷ്മളതയും പൈന്‍മരങ്ങളുടെ മനോഹാരിതയും വാഗമണില്‍ എത്തുന്ന സഞ്ചാരിയുടെ ഹൃദയം കവരും. നിരവധി വഴിവാണിഭക്കാർ ചുറ്റുംകൂടി.

wagamon6
മലമടക്കിലെ കാഴ്ചകൾ, ചിത്രങ്ങൾ : മഹേഷ് ചിങ്ങവനം

തിരികെയെത്തുമ്പോൾ എന്തെങ്കിലും വാങ്ങാമെന്നു വാക്കു പറഞ്ഞു. പൈൻ ഫോറസ്റ്റിലേക്കു നടന്നുനീങ്ങി.അതിശയം തോന്നുന്ന കാഴ്ച. വളരെ ഉയരത്തിൽ പ്രൗഢിയോടെ പൈൻ മരങ്ങൾ നിൽക്കുന്ന താഴ്‌വര. പൈൻ മരങ്ങളെ തട്ടുകളായി ക്രമീകരിച്ചിരിക്കുന്നപോലെ, ഒരുപാടു സിനിമകളിലെ പാട്ടു സീനുകളിൽ ഇടം പിടിച്ചിട്ടുണ്ട് ഈ താഴ്‌വര.

wagamon13
വശ്യതനുകർന്ന തേയിലത്തോട്ടം, ചിത്രങ്ങൾ : മഹേഷ് ചിങ്ങവനം

ശക്തിയേറിയ കാറ്റ്  പൈൻ മരങ്ങളെ തഴുകി ചൂളം മീട്ടുന്നു. കാതുകളിൽ കുളിർമഴപെയ്യുന്ന പോലെയുള്ള സ്വരം. പുറംതണുപ്പിനെ ശരീരത്തിന്റെ ഉള്ളിലേക്കും നിറക്കാനായി  ഐസ്ക്രീം വാങ്ങി. അലിയുന്ന ഐസ്ക്രീമിന്റെ മധുരം നുണയുന്നപോലെ, മധുരം നിറഞ്ഞ ഓർമകൾക്കായി ചിത്രങ്ങളും എടുത്തു.

കാറ്റിന്റെ ശക്തിയിൽ, മഞ്ഞുത്തുള്ളികൾ പൊഴിയുന്നപോലെ ചാറ്റൽ മഴ തുടങ്ങി. വിഷമത്തോടെയാണെങ്കിലും പൈൻ മരങ്ങളോടു യാത്ര പറഞ്ഞു. നേരെ തിരിച്ചത് െഎതിഹ്യ പെരുമയുള്ള പാഞ്ചാലിമേട്ടിലേക്കായിരുന്നു. യാത്രാമധ്യേ കിടിലൻ വെള്ളച്ചാട്ടമുണ്ട്- വളഞ്ഞങ്ങാനം വെള്ളച്ചാട്ടം. 

wagamon14
വാഗമൺ കാഴ്ചകൾ, ചിത്രങ്ങൾ : മഹേഷ് ചിങ്ങവനം

പാറക്കെട്ടിലൂടെ ആർത്തുല്ലസിച്ച് താഴേക്കു പതിക്കുന്ന വെള്ളം. മഴക്കാലമായതിനാൽ ഒഴുക്കിനു നല്ല ശക്തിയുമുണ്ട്. വെള്ളച്ചാട്ടത്തിനു സമീപം നിരവധി ചായക്കടകളുമുണ്ട്. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനെത്തുന്നവർക്ക് തണുപ്പിന്റെ പിടിയിൽനിന്നു രക്ഷപ്പെടാൻ ചൂടു ചായയും ചെറുകടിയും കഴിക്കാം.

wagamon15
മഞ്ഞുമൂടിയ തേയിലക്കാട്, ചിത്രങ്ങൾ : മഹേഷ് ചിങ്ങവനം

പാറക്കെട്ടുകളിൽ വന്യമായ താളങ്ങളു‍ടെ ജലതരംഗങ്ങൾ തീർത്ത് വെള്ളച്ചാട്ടം പതഞ്ഞൊഴുകുന്നു. മഴയുടെ പിന്നണികൂടിയായപ്പോൾ സംഗതി ജോറായി. കാറിലെ എസിയെ വെല്ലുന്ന തണുപ്പാണു പുറത്ത്. അധിക സമയം അവിടെ നിന്നില്ല, അടുത്തകാഴ്ചയിലേക്കു യാത്ര തിരിച്ചു.

പാഞ്ചാലിമേട് 

wagamon16

പഞ്ചപാണ്ഡവര്‍ വനവാസ സമയത്ത് താമസിച്ചിരുന്നുവെന്ന് െഎതിഹ്യമുള്ള പാഞ്ചാലിമേട് പച്ചപ്പു നിറഞ്ഞ മൊട്ടക്കുന്നുകളും ചെങ്കുത്തായ മലനിരകളുടെ വിദൂര കാഴ്ചയും തണുത്ത കാറ്റും കോടമഞ്ഞും നിറഞ്ഞ സുന്ദരഭൂമിയാണ്. പാഞ്ചാലിമേട്ടിൽ എത്തിയപ്പോഴെക്കും മൂന്നുമണി കഴിഞ്ഞിരുന്നു. പച്ചപ്പിനെ  പതിയെ കോട പൊതിയുന്ന സമയം, സുന്ദരകാഴ്ചകളെല്ലാം മഞ്ഞ് സ്വന്തമാക്കിയിരുന്നു. മേഘത്തിലൂടെ നടക്കണമെന്നാഗ്രഹിച്ച മകന് സന്തോഷം. ചുറ്റും പടർന്ന മഞ്ഞിലൂടെ അവൻ നടന്നു.

നിമിഷങ്ങൾക്കകം മഞ്ഞുപൊതിയാൻ തുടങ്ങി. എങ്കിലും പാഞ്ചാലിമേടിന്റെ ഒരു കുന്നില്‍ നിലകൊള്ളുന്ന ശ്രീഭുവനേശ്വരി ക്ഷേത്രവും മറുകുന്നിലെ കുരിശുമലയും മഞ്ഞിലൂടെ  കാണാം.

wagamon17
മഞ്ഞ് പൊതിഞ്ഞ പാഞ്ചാലിമേട്, ചിത്രങ്ങൾ : മഹേഷ് ചിങ്ങവനം

കല്ലു പാകിയ നടപ്പാതയിലൂടെ മുന്നോട്ടു നടന്നു. അതിശക്തമായ കാറ്റിനൊപ്പം മഞ്ഞുതുള്ളി പൊഴിയുന്നുണ്ടായിരുന്നു. മൂടൽമഞ്ഞ് കനത്തതോടെ പാഞ്ചാലിമേട്ടിൽ നിന്നിറങ്ങി. മഴയും മഞ്ഞും നിറഞ്ഞ പച്ചപ്പിന്റെ ലോകത്തോടു യാത്ര പറയാൻ വിഷമം. 

യാത്രയുെട ക്ഷീണം കുഞ്ഞിനെ വല്ലാതെ അലട്ടിയിരുന്നു. കാറിൽ കയറിയപാടെ അവൻ ഉറക്കത്തിലേക്കു വീണു. പുറത്തു തകർത്ത് മഴപെയ്യുന്നുണ്ട്. കാറിന്റെ ഗ്ലാസിലൂടെ തെന്നിനീങ്ങുന്ന മഴത്തുള്ളിയെ നോക്കി പുഞ്ചിരിച്ചു. ഇങ്ങനെയൊരു മഴയാത്ര ഇതാദ്യമാണ്. ഇനി വരുന്ന മൺസൂൺ യാത്ര അടുത്ത ഹിൽസ്റ്റേഷനിലേക്കകണമെന്ന്  മനസ്സിൽ ഉറപ്പിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA