Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കായലും കടലും മാത്രമല്ല ആലപ്പുഴയിൽ

kuttanad-trip മീൻകൊയ്ത്

വണ്ടി എറണാകുളത്തിന്റെ  അതിരു കടന്നു ആലപ്പുഴയിലേക്കു കടക്കുമ്പോഴേ വീശിയടിക്കുന്ന കാറ്റിന് ഒരു കുളിർമയുണ്ടാകും... നോക്കുന്നിടത്തെല്ലാം കായലും കൈത്തോടുകളും പാടങ്ങളുമാണ്. ഫോര്‍മലിനും ഐസുമിടാത്ത നല്ല വരാലിന്റെയും കൂരിയുടെയും താറാവിറച്ചിയുടെയും മണം മൂക്കിലേക്ക് അടിച്ചു കയറും. വഴിനീളെയുള്ള വെളുത്ത ബോർഡിലെ കറുത്ത അക്ഷരങ്ങൾ നല്ല മധുരക്കള്ളും സ്വാദിഷ്ഠമായ കറികളും വെച്ചുനീട്ടി ആലപ്പുഴയുടെ മണ്ണിലേക്ക് സ്വാഗതം പറയും. പാതയരികിൽ  ഉണക്കച്ചെമ്മീനും താറാമുട്ടകളും വിൽക്കുന്ന ചേച്ചിമാർ, കായലിൽനിന്നു വാരിയ മുഴുത്ത കക്കയിറച്ചിയിൽ വന്നിരിക്കുന്ന ഈച്ചകളെ ഓടിക്കുന്ന ചേട്ടന്മാർ... കാഴ്ചകൾ നീളുകയാണ്...

kuttanad-trip1 ആലപ്പുഴ കാഴ്ചകൾ

ആലപ്പുഴ കാണാനുള്ള യാത്ര ഒമ്പതുമണി പിന്നിട്ടെങ്കിൽ, വയറു സൈറൺ മുഴക്കി തുടങ്ങിയെങ്കിൽ, ഇനി യാത്ര ഭക്ഷണം കഴിച്ചിട്ടാകാം. നല്ല പുട്ടും താറാവ് മപ്പാസും തയാറാക്കി കാത്തിരിക്കുന്ന രുചിയിടങ്ങൾ നിരവധിയുണ്ട് ഈ കിഴക്കിന്റെ വെനീസിൽ. കുരുമുളകിന്റെ മേമ്പൊടിയിൽ, നല്ല കൊഴുത്ത തേങ്ങാപ്പാലിൽ മുങ്ങി കിടക്കുന്ന താറാവിറച്ചി. പുഴുങ്ങി ഉണക്കിയ നല്ല കുത്തരി പൊടിച്ചുണ്ടാക്കിയ ആവി പറക്കുന്ന പുട്ട്. സമാസമം ഇവരൊന്നു ചേർന്നാൽ നാവുപോലും എഴുന്നേറ്റുനിന്ന് സല്യൂട്ട് അടിക്കും. 

വയറുനിറയുമ്പോൾ കാഴ്ചകൾക്കു കൂടുതൽ വ്യക്തത കൈവരുമെന്നു പറയുന്നത് എത്രയോ ശരിയാണ്. ഇനി ആലപ്പുഴയുടെ കാഴ്ചകളിലേക്കിറങ്ങാം. കാഴ്ചകൾ തുടങ്ങുന്നത് മലയാളത്തിന്റെ പ്രിയ കഥാകാരന്റെ മണ്ണിൽ തന്നെയാകട്ടെ. 

* തകഴി മ്യൂസിയം 

അക്ഷരങ്ങൾ കൊണ്ട് ഒരു നാടിന്റെ മുഴുവൻ സൗന്ദര്യത്തെയും മനുഷ്യ ജീവിതത്തിലെ സങ്കീർണമായ അവസ്ഥകളെയും വാക്കുകളിലൂടെ വരച്ചിട്ട കുട്ടനാടിന്റെ ഇതിഹാസകാരന്റെ മണ്ണ്. തകഴി ശിവശങ്കരപ്പിള്ള താസിച്ചിരുന്ന ശങ്കരമംഗലം തറവാട് 2000 ലാണ് ഗവൺമെന്റ് ഏറ്റെടുത്ത് മ്യൂസിയമാക്കിയത്. ആലപ്പുഴ ടൗണിൽനിന്ന് 22 കിലോമീറ്ററാണ് ഈ സ്മാരകമണ്ഡപത്തിലേക്കുള്ള ദൂരം. തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ കാലത്തു 9.30 മുതൽ വൈകിട്ട് 5.30 വരെ ഇവിടെ സന്ദർശകർക്ക് പ്രവേശനമുണ്ട്.  

alappuzha-houseboat

* കരുമാടിക്കുട്ടൻ 

തകഴിക്കടുത്തു തന്നെയാണ് കരുമാടിക്കുട്ടന്റെയും സ്ഥാനം. പുരാവസ്തു വകുപ്പ് സംരക്ഷിച്ചു പോരുന്ന ഈ ബുദ്ധപ്രതിമ കരുമാടിത്തോട്ടിൽനിന്ന് സർ റോബർട്ട് ബ്രിസ്റ്റോയ്ക്ക് ലഭിച്ചതാണ്. വളരെ അപൂർവമായ ഈ പ്രതിമ പകുതിയോളം നശിച്ച അവസ്ഥയിലാണു കണ്ടെടുത്തത്. ചരിത്രകാരൻമാരുടെ  നിഗമനങ്ങൾ പ്രകാരം ഇതൊരു ബുദ്ധപ്രതിമയാണ്. 

ബുദ്ധമതവിശ്വാസികൾ നിരവധിയുണ്ടായിരുന്ന നാടായിരുന്നു ഇത് എന്നതാണ് വിഗ്രഹം ബുദ്ധന്റെയാണെന്ന അനുമാനത്തിലെത്താൻ കാരണം

* അമ്പലപ്പുഴ ക്ഷേത്രം 

ambalapuzha-temple-1

പ്രശസ്തമായ നിരവധി ക്ഷേത്രങ്ങൾ ഈ മണ്ണിലുണ്ട്. പാൽപായസത്തിന്റെ രുചിപ്പെരുമയുള്ള ശ്രീ കൃഷ്ണക്ഷേത്രം ആലപ്പുഴയിൽനിന്നു 13 കിലോമീറ്റർ മാത്രം മാറിയാണ് സ്ഥിതി ചെയ്യുന്നത്. അമ്പലപ്പുഴ വേലകളിക്കു പ്രശസ്തമായ ഈ ക്ഷേത്രം നിരവധി ഐതിഹ്യങ്ങൾ പേറുന്ന ഇടം കൂടിയാണ്. കേരളീയ ക്ഷേത്ര മാതൃകയിൽ നിർമിച്ചിട്ടുള്ള  ഇവിടെ ശ്രീകൃഷ്ണനെ പാർഥസാരഥിയായി സങ്കല്പിച്ചുകൊണ്ടാണ് പ്രതിഷ്ഠ. കേരളത്തിലെ പ്രധാനപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നായ ഇത് തെക്കൻ ഗുരുവായൂർ എന്നും അറിയപ്പെടുന്നു. 

* കൃഷ്‌ണപുരം കൊട്ടാരം 

കായംകുളത്തിനടുത്താണ് കൃഷ്ണപുരം കൊട്ടാരം. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമയാണ് ഈ കൊട്ടാരം നിർമിച്ചത്. ചുവർതിത്രങ്ങളും പുരാവസ്തുക്കളും ശില്പങ്ങളും രാജകൊട്ടാരത്തിലെ ആയുധങ്ങളും പണ്ടുപയോഗിച്ചിരുന്ന നാണയങ്ങളും തുടങ്ങി നിരവധി പൗരാണിക വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന ഇവിടം സന്ദർശിക്കുന്നത് ചരിത്രത്തിൽ താൽപര്യമുള്ളവർക്കു വലിയൊരു മുതൽക്കൂട്ടായിരിക്കും. 

Krishnapuram_palace1

കേരളത്തിന്റെ തനതു വാസ്തുവിദ്യാശൈലിയിൽ തന്നെയാണ് കൃഷ്ണപുരം കൊട്ടാരത്തിന്റെ നിർമിതി. പതിനാറു കെട്ടാണിത്. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെ ഇവിടം സന്ദർശിക്കാം. 

* സെന്റ്. ജോർജ് പള്ളി, എടത്വ 

ആലപ്പുഴ കാണാനിറങ്ങിയിട്ട് എടത്വ പള്ളി കാണാതെ പോയാൽ യാത്ര അപൂർണമാകും. കേരളത്തിലെ അതിപുരാതന പള്ളികളുടെ ഗണത്തിൽപ്പെട്ടതാണ് കുട്ടനാട്ടിലെ എടത്വയിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളി. വിശുദ്ധ ഗീവര്ഗീസ് പുണ്യാളന്റെ തിരുനാളാണ് ഈ പള്ളിയിലെ പ്രധാനാഘോഷം. മനോഹരമായ നിർമിതിയാണ് എടത്വ പള്ളിയുടെ ഏറ്റവും വലിയ പ്രത്യേകത. 

* ആലപ്പുഴ ബീച്ച് 

വൈകുന്നേരങ്ങളിൽ ആലപ്പുഴ ബീച്ചിനു സൗന്ദര്യമൽപം കൂടുതലാണ്. തിരകളെണ്ണിയും പട്ടം പറത്തിയും കടല കൊറിച്ചും യാത്രയുടെ ക്ഷീണത്തെ പാടെ മറക്കാം. 

alappuzha-beach

കുട്ടികൾക്ക് കളിക്കാൻ ബീച്ചിനോടു ചേർന്നൊരു പാർക്കുണ്ട്. ലൈറ്റ് ഹൗസും കടൽപാലവും സൂര്യാസ്തമയവും കണ്ടുകൊണ്ടു യാത്ര അവസാനിപ്പിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.