തായ്‌ലൻഡിലേതു പോലുള്ള ഭയങ്കര ഗുഹകൾ ഇടുക്കിയിലുണ്ട്

idukki-cave-2
SHARE

തായ്‌ലൻഡിലേതു പോലുള്ള ഭയങ്കര ഗുഹകൾ നമ്മുടെ ഇടുക്കിയിലുമുണ്ട്. പക്ഷെ കയറുന്നത് സ‍‍ൂക്ഷിച്ചുവേണം...

മറയൂർ എഴുത്തള ഗുഹ 

സർപ്പപ്പാറ എന്ന പേരിലും അറിയപ്പെടുന്ന സ്വാഭാവികഗുഹ മറയൂരിലെ ചന്ദന റിസർവിലാണ്.ഏതാണ്ട് 3000 വർഷം മുൻപ് മുനിമാർ ഇതൊരു താവളമായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. കാട്ടിൽ വേട്ടയ്ക്കായി പോയിരുന്നവർ‌ യാത്രയ്ക്കു മുൻപു മൃഗങ്ങളുടെ ചിത്രം ഗുഹയുടെ മുൻപിൽ കല്ലിൽ കോറിയിടുമായിരുന്നു. ഗുഹയിൽ വരച്ച മൃഗത്തെ ഇരയായി ലഭിക്കുമെന്നായിരുന്നു വിശ്വാസം.

ഇത്തരം ചിത്രങ്ങൾ ഇപ്പോഴും കല്ലിൽ മായാതെ കിടക്കുന്നുണ്ട്. പുരാവസ്തു ഗവേഷകർ ഇവിടെ പഠനങ്ങൾ നടത്തിയിരുന്നു.ഗുഹയിലേക്കു പ്രവേശനത്തിനു വനംവകുപ്പിന്റെ നിയന്ത്രണമുണ്ട്. ഗുഹയ്ക്കുള്ളിലേക്ക് ഒരാൾക്കു കഷ്ടിച്ചു കടക്കാനുള്ള വിസ്താരം മാത്രമെയുള്ളൂ. ഏതാണ്ട് അര കിലോമീറ്റർ ദൂരം ഉള്ളിലേക്കു നടന്നുപോകാമെന്നു പ്രദേശവാസികൾ പറയുന്നു. 

തങ്കയ്യൻ ഗുഹ

കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ കഴിഞ്ഞ് ഏതാണ്ട് 15 കിലോമീറ്റർ സഞ്ചരിക്കുമ്പോഴാണ് ഗ്യാപ് റോഡ്. ഒരു വശത്ത് അഗാധമായ കൊക്കയും മറുവശത്തു കൂറ്റൻ പാറയുമാണുള്ളത്. ഇവിടെ പാറയിലാണ് തങ്കയ്യൻ ഗുഹ. പണ്ട് ഈ വഴി സഞ്ചരിച്ചിരുന്നവരെ ഗുഹയിൽ ഒളിച്ചിരുന്ന കള്ളൻ തങ്കയ്യ കൊള്ളയടിച്ചിരുന്നതായും മോഷണവസ്തുക്കൾ പാവങ്ങൾക്കു വിതരണം ചെയ്തിരുന്നതായും പറയപ്പെടുന്നു.

idukki-cave
വൈശാലി ഗുഹയുടെ ഉള്ളിൽ നിന്നുള്ള ദൃശ്യം (ഫയൽ ചിത്രം)



തമിഴ്നാട്ടിലേക്കു കടന്ന തങ്കയ്യൻ അവിടെ മരിച്ചെന്നാണു വിശ്വാസം.പിന്നീടു സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി തങ്കയ്യൻ ഗുഹ മാറി. ഗ്യാപ് റോഡിനു വീതികൂട്ടുന്നതിന്റെ ഭാഗമായി അടുത്തിടെ റോഡിനു വശത്തെ പാറ പൊട്ടിച്ചുമാറ്റിയതോടെ ഗുഹ ഏതാണ്ട് ഇല്ലാതായി.

വൈശാലി ഗുഹ

ഇടുക്കി അണക്കെട്ടിന്റെ നിർമാണത്തോടനുബന്ധിച്ച് ഏതാണ്ട് 500 മീറ്റർ നീളത്തിൽ ടണൽപോലെ പാറ പൊട്ടിച്ചുമാറ്റിയ ഭാഗം അണക്കെട്ടിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്നു. ‘വൈശാലി സിനിമയ്ക്കായി സംവിധായകൻ ഭരതൻ ഗുഹയിലേക്കു ക്യാമറ തിരിച്ചതോടെയാണ് ഇതിന്റെ ഭംഗി ലോകം കണ്ടത്. 

സിനിമ പുറത്തിറങ്ങിയതോടെ ‘വൈശാലി ഗുഹ’ എന്ന പേരും ലഭിച്ചു. അണക്കെട്ടിനു സമീപം പാറപൊട്ടിച്ച മറ്റൊരു ടണൽ കൂടിയുണ്ടെങ്കിലും സഞ്ചാരികൾക്കു പ്രിയം വൈശാലി ഗുഹ തന്നെയാണ്. ഡാം സന്ദർശനത്തിനെത്തുന്നവർ വൈശാലി ഗുഹയും കാണാനെത്താറുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA