ഒറ്റദിന യാത്രയിൽ മലപ്പുറം കാഴ്ചകൾ

valpara-123
SHARE

ജോലിത്തിരക്കിനിടയിൽ, യാത്രകൾക്കായി ഒരുപാട് ദിനങ്ങൾ മാറ്റിവെയ്ക്കാൻ ഇല്ലാത്തവരായിരിക്കും പലരും. എന്നാൽ അത്തരക്കാരിൽ ചിലർക്കെങ്കിലും യാത്രകളോട് വല്ലാത്തൊരു മോഹവുമുണ്ടാകും. അങ്ങനെയുള്ളവർക്കുള്ളതാണ് ഒറ്റദിന യാത്രകൾ. പല ജില്ലകളിൽ നിന്നും  ഒരു ദിവസം കൊണ്ട് പോയി വരാൻ കഴിയുന്ന നിരവധി സ്ഥലങ്ങളുണ്ട്. മലപ്പുറം ജില്ലയിൽ നിന്ന്  ഒറ്റദിന യാത്രയ്ക്ക് പറ്റിയ, ഇരുന്നൂറ് കിലോമീറ്ററിനുള്ളിൽ നിൽക്കുന്ന കുറെയിടങ്ങളുണ്ട്. മറക്കാൻ കഴിയാത്ത മനോഹരമായ ഒരു ദിനം സമ്മാനിക്കാൻ കഴിയുന്ന ആ സ്ഥലങ്ങൾ ഏതെല്ലാമെന്നു നോക്കാം. 

മസിനഗുഡി 

മലപ്പുറത്ത് നിന്നും 113 കിലോമീറ്റർ മാത്രം താണ്ടിയാൽ മസിനഗുഡിയിൽ എത്തിച്ചേരാം. മനോഹരമായ റോഡും കാനന സൗന്ദര്യവും ഒത്തുചേർന്ന ഇവിടം സാഹസികരുടെ പ്രിയയിടമാണ്. ആനകളും മാനുകളും മയിലുകളും തുടങ്ങി നിരവധി വന്യമൃഗങ്ങളുടെ താമസസ്ഥലമാണ് ഈ കാടുകൾ. യാത്രയിൽ ഈ ജീവികളുടെ ദർശനം ലഭിക്കുകയും ചെയ്യും.  ഊട്ടി-മൈസൂർ പാതയിലെ ഒരിടത്താവളമാണ് മസിനഗുഡി.

ഉൾക്കാടിനുള്ളിലേക്കു  ജീപ്പുസഫാരിയ്ക്ക് മാത്രമേ അനുമതിയുള്ളു. കാടിനുള്ളിലേക്ക്  കടന്നാൽ ഭാഗ്യമുണ്ടെങ്കിൽ ആനക്കൂട്ടങ്ങൾ അടക്കമുള്ള നിരവധി വന്യജീവികളെ കാണാം. കാട്ടുപാത അതിസുന്ദരമാണ്. ഇടതൂർന്നു നിൽക്കുന്ന വന്മരങ്ങളെക്കാളും ചെറുകുറ്റികാടുകളാണിവിടെ കൂടുതൽ. ഇടയ്ക്കു കാട്ടുചോലകളും കാണാം. കാനനകാഴ്ചകൾ കടന്നു കുറച്ചുകൂടി മുന്നോട്ടു പോയാൽ മോയാർ ഡാം കാണാം. അതിമനോഹരമാണ് ഡാമും അതിനു ചുറ്റുമുള്ള കാഴ്ചകളും. 

വാൽപ്പാറ 

മലപ്പുറത്ത് നിന്നും 191 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ വാൽപ്പാറയിലെത്തിച്ചേരാം. ചെറിയൊരു ടൗണാണ് വാൽപ്പാറ. കാഴ്ചകൾ ആസ്വദിക്കണമെങ്കിൽ ഇവിടെ നിന്നും അതിരപ്പള്ളി വരെ ഒരു യാത്ര പോകണം. ഷോളയാർ ഡാമും തേയില തോട്ടങ്ങളും പിന്നിട്ടിട്ടുള്ള ആ യാത്രയിൽ ഉടനീളം ആനപിണ്ഡത്തിന്റെ വാസനയും  പുലിപ്പേടിയും കൂട്ട് വരുമെങ്കിലും അതിസുന്ദരമായ പാത മുന്നോട്ടുപോകാൻ പിന്നെയും പിന്നെയും പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും.

valpara-buffalo

പെരിങ്ങൽകുത്ത് ഡാമിൽ അല്പസമയം വിശ്രമിച്ചതിനു ശേഷം യാത്ര തുടരാവുന്നതാണ്. സൗന്ദര്യം നിറഞ്ഞ കാഴ്ചകൾ യാത്രികർക്ക് സമ്മാനിക്കും  ഷോളയാറിനെ പോലെ ഈ ഡാമും. മുടിപിന്നലുകൾ പോലെ വളവുകളും തിരിവുകളുമുള്ള പാത, ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവരെ ഹരം പിടിപ്പിക്കുക തന്നെ ചെയ്യും. മഴക്കാടുകളും ഈറ്റക്കാടുകളും പിന്നിട്ട്, ആനക്കൂട്ടങ്ങളെ കണ്ട് വാഴച്ചാലും താണ്ടി  ആ യാത്ര അതിരപ്പള്ളിവരെ നീളുമ്പോഴേക്കും മനോഹരമായ പ്രകൃതി സൗന്ദര്യം  ഓരോ യാത്രികന്റെയും മനസുനിറയ്ക്കും. 

കോത്തഗിരി 

മനോഹരമായ കാഴ്ചകളും കാലാവസ്ഥയും കൊണ്ട് സഞ്ചാരികളുടെ ഹൃദയം കവർന്ന നാടായതുകൊണ്ടുതന്നെ കോത്തഗിരിയെ  ബ്രിട്ടീഷുകാർ ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്നാണ് വിളിച്ചത്. ഊട്ടിയുടെ അത്രയും പ്രശസ്തമല്ലെങ്കിലും അത്രയും തന്നെ സുന്ദരമാണ് കോത്തഗിരി. സമുദ്ര നിരപ്പിൽ നിന്നും 1800 അടിയോളം ഉയരത്തിലായതുകൊണ്ടു സുഖകരമാണ് കോത്തഗിരിയിലെ കാലാവസ്ഥ. കോടനാട്  വ്യൂപോയിന്റും കാതറീൻ വെള്ളച്ചാട്ടവും രംഗസ്വാമി കുന്നുമാണ് കോത്തഗിരിയിലെ പ്രധാനാകർഷണങ്ങൾ. മലപ്പുറത്ത് നിന്നും 166 കിലോമീറ്ററാണ് കോത്തഗിരിയിലേക്കു ദൂരം. 

Kotagiri-Nilgiris

ഗുണ്ടൽപ്പേട്ട് 

പൂപ്പാടങ്ങളും കൃഷിയിടങ്ങളും നിറഞ്ഞ ഗുണ്ടൽപ്പേട്ടിലേക്ക് മലപ്പുറത്ത് നിന്നും 114 കിലോമീറ്റർ ദൂരം താണ്ടിയാൽ മതി. മനോഹരമായ പാതയും നിറയെ പൂക്കളും പച്ചക്കറികളും നിറഞ്ഞ പാടങ്ങളും കണ്ണിനു സുഖം പകരുന്ന കാഴ്ചയാണ്.

SUNFLOWER-NEW

കാനനപാതയായതു കൊണ്ടുതന്നെ ആ യാത്രയിൽ ആനക്കൂട്ടങ്ങളെ കാണാനുള്ള സാധ്യതയുമുണ്ട്. ബന്ദിപ്പൂർ ടൈഗർ റിസർവിനുള്ളിലെ മഞ്ഞുപുതച്ചു നിൽക്കുന്ന ഗോപാലസ്വാമി ബെട്ടയാണ് ഇവിടുത്തെ പ്രധാനാകർഷണം. ഗുണ്ടൽപ്പേട്ടിൽ നിന്നും യാത്ര 60 കിലോമീറ്റർ കൂടി പിന്നിട്ടാൽ മൈസൂരിൽ എത്താവുന്നതാണ്. 

മഞ്ചൂർ 

മഞ്ഞിന്റെ നാടായതുകൊണ്ടു തന്നെയാണെന്ന് തോന്നുന്നു മഞ്ചൂരിന് ആ പേര് ലഭിച്ചത്. കോടയെ  വകഞ്ഞുമാറ്റിവേണം യാത്ര മുന്നോട്ടുപോകാൻ. 43 മുടിപ്പിന്നൽ വളവുകൾ താണ്ടി വേണം ഈ മനോഹരം ഭൂമികയിലേക്കെത്തി ചേരാൻ. ഊട്ടിയുടെയും നീലഗിരിയുടേയുമൊക്കെ സൗന്ദര്യം ഇവിടെ നിന്നാൽ ആസ്വദിക്കാൻ കഴിയുന്നതാണ്.

നട്ടുച്ച നേരത്തും  മഞ്ഞു പെയ്യുന്നതു കൊണ്ട്  ചൂടിന്റെ ഒരു ചെറു ലാഞ്ചന പോലും ഉണ്ടാകില്ല. അപ്പർ ഭവാനി ഡാമിന്റെ കാഴ്ചകൾ അതീവ ഹൃദ്യമാണ്. ഉയരങ്ങളിൽ നിൽക്കുമ്പോൾ മേഘങ്ങൾ കാല്പാദത്തിനടിയിലൂടെ ഒഴുകി നീങ്ങും, കോടമഞ്ഞ് വന്നു പുണരും. പറഞ്ഞറിയിക്കാൻ കഴിയാത്ത സുന്ദര നിമിഷങ്ങളാകും ഓരോ സഞ്ചാരിക്കും മഞ്ചൂർ സമ്മാനിക്കുക. മലപ്പുറത്ത് നിന്നും 140 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA