ഇത് യൂറോപ്പ് അല്ല! നമ്മുടെ സ്വന്തം കേരളം

Kanthaloor2
SHARE

മൂന്നാറിൽ നിന്ന് ഏറെ അകലെയല്ല കാന്തല്ലൂർ. എന്നിട്ടും മൂന്നാറിൽ എത്തുന്നവർ കാന്തല്ലൂരിലേക്ക് പോകാറില്ല. അതുകൊണ്ടു തന്നെ കാന്തല്ലൂരിന്റെ ടൂറിസം സാധ്യത വേണ്ടത്ര ഉപയോഗിക്കപ്പെടുന്നുമില്ല. നല്ല കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാവുന്ന സ്ഥലമാണ് കാന്തല്ലൂർ. അവിടെ ഓറഞ്ച് തോട്ടങ്ങളുണ്ട്. ആപ്പിൾ കായ്ക്കുന്ന പറമ്പുകളുണ്ട്. പാഷൻ ഫ്രൂട്ടും കാബേജും വെളുത്തുള്ളിയും വിളയുന്ന പാടങ്ങളുണ്ട്. ഇതിനെല്ലാം പുറമെ മറയൂർ ശർക്കര ഉണ്ടാക്കുന്ന ഫാക്ടറികളുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള മുനിയറകൾ സംരക്ഷിച്ചിട്ടുള്ളതും കാന്തല്ലൂരിലാണ്. ചന്ദനമരങ്ങളെ തഴുകിയെത്തുന്ന കാറ്റേറ്റ് കാന്തല്ലൂരിലൂടെയുള്ള യാത്ര മനസ്സിന് കുളിരു പകരുന്ന അനുഭവമാണ്.

മൂന്നാറിലെത്തിയതിന്റെ രണ്ടാം ദിവസം രാവിലെയാണ് കാന്തല്ലൂരിലേക്കു പോയത്. എട്ടരയായപ്പോഴേക്കും കോവിൽക്കടവിലെത്തി. കാലിച്ചായയും ദോശയും കഴിച്ച് നേരേ കാന്തല്ലൂരിലേക്കു നീങ്ങി. കാന്തല്ലൂരിനെ പൊതിഞ്ഞ കോടമഞ്ഞ് വിട്ടുമാറുന്നതേ ഉണ്ടായിരുന്നുള്ളൂ. കാറിന്റെ വിൻഡോ ഗ്ലാസുകൾ നാലും തുറന്നുവച്ചു. പ്രകൃതിയുടെ എയർ കണ്ടീഷനറിൽ മുങ്ങി മനസ്സും ശരീരവും തണുത്തു.

Kanthaloor1



മൂന്നാറിന്റെ മലമടക്കുകളുടെ പശ്ചാത്തലത്തിലാണ് കാന്തല്ലൂർ ഗ്രാമം അതിസുന്ദരിയായി നിലനിൽക്കുന്നത്. പച്ചപ്പണി‍ഞ്ഞ പാടങ്ങളും അതിനു നടുവിൽ ഓല മേഞ്ഞ പുരകളും ആ നാടിന്റെ ഐശ്വര്യം കൂട്ടുന്നു. കരിമ്പിൻ നീര് കുറുക്കിയെടുത്ത് മറയൂർ ശർക്കര ഉണ്ടാക്കുന്ന പുരകൾ കാന്തല്ലൂരിന്റെ ദൃശ്യങ്ങൾക്കു മാറ്റുകൂട്ടുന്നു.

പാറ വെട്ടിയുണ്ടാക്കിയ റോഡു കടന്ന് ഓറഞ്ചും ആപ്പിളും വിളയുന്ന തോട്ടങ്ങളിലെത്തി. കരിമ്പിൻ നീര് ഊറ്റിയെടുത്ത് ശർക്കരയുണ്ടാക്കുന്ന ഫാക്ടറികളിൽ കയറി. മറയൂർ ശർക്കരയുടെ രുചി അതുണ്ടാക്കുന്നയാളുടെ കൈപ്പുണ്യമാണെന്ന് പയസ്റോഡിനടുത്ത് ഫാക്ടറി നടത്തുന്ന ജോസ് പറഞ്ഞു. ജോസേട്ടന്റെ ശർക്കര കോട്ടയത്തും എറണാകുളത്തും വിൽപ്പനയ്ക്കെത്തുന്നുണ്ട്.

Kanthaloor3



വഴിയോരക്കാഴ്ചകളാണ് കാന്തല്ലൂരിന്റെ ആകർഷണം. വളഞ്ഞു പുളഞ്ഞ റോഡുകൾ ഫോട്ടോഗ്രാഫർമാർക്ക് സമൃദ്ധമായ വിരുന്നൊരുക്കുന്നു. തലയിൽ വിറകു കെട്ടുമായി നടന്നു നീങ്ങുന്ന പെണ്ണുങ്ങൾ. കൈക്കോട്ടും തൂമ്പയുമേന്തി പണിക്കു പോകുന്ന പുരുഷന്മാർ. ശർക്കര വേവുന്ന ആലകൾ... ചന്ദന മരങ്ങളും കാട്ടുചെടികളും നിറഞ്ഞ താഴ്‌വരകളിലേക്ക് എത്ര തവണ ക്യാമറ സൂം ചെയ്താലും കൊതി തീരില്ല. അവിടുത്തെ ഓരോ മലഞ്ചെരിവുകളും താഴ്‌വരകളും ‘സെൽഫി പുള്ളൈ’കൾക്ക് പുകഴ്ന്ത് വിളയാടാൻ പറ്റിയതാണ്. ഇതെല്ലാം കോർത്തിണക്കി പറയട്ടെ, കാന്തല്ലൂരിനു പകരം വയ്ക്കാൻ‌ കാന്തല്ലൂർ മാത്രം.

കീഴാന്തൂരിനടുത്തുള്ള ആനക്കൊട്ട പാർക്ക് യാത്രികർ പുതിയ അനുഭവമാണ്. വലിയ പാറച്ചീളുകൾ അടുക്കിയുണ്ടാക്കിയ ഗുഹകളാണ് പാർക്കിലെ കാഴ്ച. മുനിയറ എന്നു സ്കൂൾ പാഠപുസ്തകത്തിൽ പണ്ടു പഠിച്ചത് ഓർമയില്ലേ? അതു കാന്തല്ലൂരിലെ ഈ പാർക്കിലാണ് സ്ഥിതി ചെയ്യുന്നത്. മനുഷ്യർ പാർത്തിരുന്ന ഗുഹകളാണ് മുനിയറകളെന്നു കരുതുന്നു. മൃതദേഹം അടക്കം ചെയ്തിരുന്ന കുഴികളാണ് ഇതെന്നും പറയപ്പെടുന്നു. അതെന്തായാലും മനുഷ്യന്റെ ആദിമ കാല ജീവിതം മുനിയറികളിൽ കണ്ടറിയാം. വനം വകുപ്പാണ് ഇതു സംരക്ഷിക്കുന്നത്. അഞ്ച് മുനിയറകൾ കേടുകൂടാതെ അവശേഷിക്കുന്നുണ്ട്. മുനിയറ കാണാൻ പ്രവേശന ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.

Kanthaloor4



കാബേജും പച്ചക്കറികളും വിളയുന്ന പാടങ്ങൾ കണ്ടു. തണുത്ത കാറ്റിനെ സുഗന്ധമണിയിക്കുന്ന ചന്ദനമരങ്ങൾക്കു താഴെ നിന്നു സെൽഫിയെടുത്തു. ഗ്രാമച്ചന്തം ചോരാതെ ജീവിക്കുന്നവരുടെ നാടാണ് കാന്തല്ലൂർ. കോവിൽക്കടവ് പാലം മുതൽ കാന്തല്ലൂർ മലയടിവാരം വരെ നിഷ്കളങ്കമായ പ്രകൃതിയും പുഞ്ചിരിയോടെ വരവേൽക്കുന്ന മുഖങ്ങളും കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA