Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയുടെ ഉൾക്കാമ്പിലൂടെയൊരു ഹിമാലയൻ യാത്ര

himalayan-bike-trip

എറണാകുളം കേന്ദ്രമാക്കി ഒരു കാൽകുത്തി  മറുകാലുെകാണ്ട് നാം ഒരു വട്ടം വരയ്ക്കുകയാണ്. അതിനുള്ളിൽ കാണാവുന്നതെന്തോ അതാണിനി വായിക്കാൻ.  കഴിഞ്ഞ ഹിമാലയൻ ഒഡീസി എന്ന യാത്രയിൽ ഡെൽഹി തൊട്ട് ലഡാക്ക് വരെ കൂട്ടുണ്ടായിരുന്നവനാണു റോയൽ എൻഫീൽഡ് ഹിമാലയൻ.. വിജനമായ ദീർഘപാതകളിൽ ഹിമാലയന്റെ മഹത്വം ശരിക്കറിഞ്ഞതുമാണ്. എന്നാൽ നമ്മുടെ സ്വന്തം നാട്ടിൽ ഇവനെങ്ങനെ പെർഫോം ചെയ്യും എന്നറിയേണ്ടേ? 

കൊച്ചി കേരളത്തിന് ഒരു നിത്യബിനാലെയാണ്. കൂണുപോലെ മുളച്ചുപൊന്തുന്ന വമ്പൻ കെട്ടിടങ്ങൾക്കിടയിലും തനതുസൗന്ദര്യവും തനിമയും നിലനിർത്തുന്ന സുന്ദരനഗരം. അല്ലെങ്കിൽ ആ പുട്ടും പരിപ്പും പപ്പടവും അന്യം നിന്നുപോകേണ്ടേ? കൊറ്റിയെപ്പോലെ ധ്യാനിച്ചുനിന്നു മീൻപിടിക്കുന്ന ചീനവലകൾ നശിച്ചുപോകേണ്ടേ? ഇവ മനുഷ്യനെ കൊതിപ്പിച്ചുകൊണ്ടു നിൽക്കുന്ന യഥാർഥ ഇൻസ്റ്റലേഷനുകളാണ്..ഇതെല്ലാമറിഞ്ഞ് ഒരു ദിവസംകൊണ്ടു പോയിവരാവുന്ന സ്ഥലങ്ങളിലേക്കൊരു റൈഡ്. 

himalayan-bike-trip6

ബിനാലെയ്ക്കുള്ളിലെ ബിനാലെ

രാവിലെ ഹൈക്കോടതിപ്പടിയിൽനിന്നു ഹിമാലയൻ സ്റ്റാർട്ടുചെയ്തു. പിന്നിൽ ഫൊട്ടോഗ്രാഫർ ലെനിൻ കോട്ടപ്പുറം എന്ന എറണാകുളംകാരൻ. അപ്പോൾപിന്നെ വഴിയറിയുക എളുപ്പം. ആദ്യത്തെ പോക്ക് ബിനാലെ നടന്നിടങ്ങളിലേക്ക്. വഴി– എംജി റോഡ് വഴി വെല്ലിങ്ടൻ ദ്വിപ്–ഹാർബർ പാലം–തോപ്പുംപടി–ഫോർട്ടുകൊച്ചി അറിയാത്തവർക്ക് എറണാകുളം നഗരം എല്ലാം കൊച്ചിയാണ്. എന്നാൽ തനിക്കൊച്ചികാരതു സമ്മതിച്ചു തരില്ല. അവർക്കു കൊച്ചിയെന്നതു മട്ടാഞ്ചേരിയും ഫോർട്ടുകൊച്ചിയുമടങ്ങുന്ന പ്രദേശമാണ്. ഈ കുഞ്ഞുപട്ടണംതന്നെ ഒരു ബിനാലെയാണ്. ലോകത്തെ എല്ലാ ജാതിമതസ്ഥരും തിങ്ങിപ്പാർക്കുന്ന കൊച്ചി.

ചുവരുകളിൽ ചിത്രങ്ങളും ഗ്രാഫിറ്റികളും നിറച്ചുവയ്ക്കുന്ന കൊച്ചി.  നീലയും മഞ്ഞയും നിറമണിഞ്ഞ ജനാലകളിലൂടെ വഴിയിേലക്കു കണ്ണുനട്ടിരിക്കുന്ന പഴയ കെട്ടിടങ്ങളുടെ കൊച്ചി. ഒരു കവാടം കടന്നാൽ ഒരു കെട്ടിടത്തിൽത്തന്നെ മൂന്നും നാലും കുടുംബങ്ങൾ താമസിക്കുന്ന കൊച്ചി.. ഇതൊക്കെയാണു കൊച്ചി.  കൊച്ചിയിലേക്കുള്ള ഹാർബർ പാലം തന്നെ ചരിത്രമാണ്. കപ്പലുവരുമ്പോ നടുെപാക്കിക്കൊടുക്കുന്ന ഇരുമ്പുപാലം... കൃത്രിമദ്വീപ് ആയ വെല്ലിങ്ടൻ ഐലന്റും മട്ടാഞ്ചേരിയും തമ്മിൽ ബന്ധിപ്പിക്കാൻ ബ്രിട്ടീഷുകാരൻ നിർമിച്ച പാലമാണിത്. 88 വയസ്സുള്ള ആ പാലത്തിലൂടെയാണ് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള റോയൽ എൻഫീൽഡ് കൊച്ചിയിലേക്കത്തിയത്. 

ഡച്ച് സെമിത്തേരിയെന്ന ബോർ‍ഡ് കണ്ടു വണ്ടിതിരിച്ചു. സെമിത്തേരി അവിടുണ്ട്. പക്ഷേ, ഉള്ളിലേക്കു പ്രവേശനമില്ല. തൊട്ടടുത്തുള്ള സെന്റ് ഫ്രാൻസിസ് പള്ളിയിൽ ചെന്നാൽ ചിലപ്പോൾ അനുമതി കിട്ടുമെന്നൊരു കടക്കാരൻ. അവിടെ ചെന്നപ്പോഴല്ലേ രസം–വിദേശികൾ ആദരവോടെ ചുറ്റിനടക്കുന്നു. ഗൈഡുകൾക്കു കാതോർക്കുന്നു.  വാസ്കോഡ ഗാമ യുടെ ശവകൂടിരം സ്ഥിതിചെയ്യുന്ന പള്ളിയാണത്.  അദ്ദേഹം കാൽ കുത്തിയത് കാപ്പാടാണെങ്കിലും അന്തിയുറങ്ങിയത് ഫോർട്ട്കൊച്ചിയിലാണ്. പിന്നീട് ശേഷിപ്പ് പോർച്ചുഗലിലേക്കു കൊണ്ടുപോയി. ഫോർട്ട് കൊച്ചിയുടെ  ചുവരുകളിൽ സ്റ്റുഡന്റ്ഡ് ബിനാലെക്കാർ വരച്ചിട്ട ചിത്രങ്ങൾ.  പണ്ടേ ഉത്സവം ഇപ്പോൾ വെടിക്കെട്ടും എന്നതുപോലെ ആവേശമുണർത്തുന്ന തെരുവുകളിലൂടെ കൂനൻകുരിശു പള്ളിയും ജൂതരുടെ സിനഗോഗും ജൈനരുടെ അമ്പലവും മട്ടാഞ്ചേരി കൊട്ടാരവും കണ്ട് കറങ്ങിയടിക്കാം. ഉച്ചയ്ക്ക് മട്ടാഞ്ചേരിയിലുള്ള കായിക്കാന്റെ കടയിൽനിന്നു ചിക്കൻബരിയാണിയോ മട്ടൺ ബിരിയോണിയോ ശാപ്പിട്ട് വൈകുന്നേരം വരെ സമയം ചെലവിടാനുള്ളതെല്ലാം ഈ കുഞ്ഞു പട്ടണത്തിലുണ്ട്

himalayan-bike-trip1

ഇനിെയാരു ജലയാത്രയാകാം. ഹിമാലയൻ ജലത്തിലൂടെ േപാവുമോ? പോകും കണ്ണമാലിപ്പള്ളി കഴിഞ്ഞ് വലത്തോട്ടുതിരിഞ്ഞാൽ നല്ലൊരു ഡ്രൈവ് ഇൻ ബീച്ച് ഉണ്ട്. വാഹനം താഴ്ന്നുപോവാതെ തിരകളിലൂടെ ചീറിപ്പായാം. ഹിമാലയനാണെങ്കിൽ ഏതു യാത്രയ്ക്കും പറ്റിയവൻ. കടലിലിറക്കി. നല്ല തെളിവുള്ള വെള്ളവും വൃത്തിയുള്ള ബീച്ചും. കണ്ണമാലി കടപ്പുറത്തുനിന്നു നീരാട്ടു കഴിഞ്ഞ് വീണ്ടും ഫോർട്ട്കൊച്ചിയിലേക്ക്. ഇനി മറ്റൊരു ജലയാത്ര. ജങ്കാർ കയറി വൈപ്പിൻ ദ്വീപിലേക്ക്. ഇവിടെനിന്നാണ് കായലും കടലും തമ്മിലുള്ള സംഗമം കാണാൻ പോകുന്നത്.. 

റൂട്ട്–വൈപ്പിൻ–ഞാറയ്ക്കൽ, 

himalayan-bike-trip4

ഫിഷറീസ് വകുപ്പിന്റെ ഫിഷ്ഫാം ആണ് ഞാറയ്ക്കലിന്റെ സവിശേഷത. കടലിനോടുചേർന്ന പൊക്കാളിപ്പാടത്താണ് ഫാം. ആദ്യം കാണുന്ന മരപ്പാലം ഈ ഫാമിലേക്കുള്ള ഏക വഴിയാണ്. തോണിപോകുന്ന കനാൽ കടന്നാൽപിന്നെ ഭക്ഷണശാല. പിന്നെ വിശാലമായ പാടങ്ങൾ. ഇവയിൽ വെള്ളമുണ്ട്. വാടകയ്ക്കെടുത്ത ചൂണ്ട കൊണ്ടു മീൻപിടിക്കാം, ബോട്ടിങ് നടത്താം. ഇതൊന്നും ഇഷ്ടപ്പെടാത്ത അലസർക്കായി തെങ്ങുകളിൽ ഊഞ്ഞാൽകട്ടിൽ കെട്ടിയിട്ടുണ്ട്. ശാന്തമായ അന്തരീക്ഷത്തിൽ സുഖകരമായ ദിവസങ്ങളാഘോഷിക്കാനിത്രയും നല്ലൊരു ഇടമില്ല. ഞാറയ്ക്കലിൽനിന്നു തിരികെ ഹൈവേയിലേക്ക്. ശേഷം ഞാറയ്ക്കൽ കവലയിൽനിന്ന് ഇടത്തോട്ട്. ഇനി നാം ബീച്ച്റോഡിലേക്കു പ്രവേശിക്കുന്നു. കൊച്ചിയുടെ ഇതുവരെ കാണാത്ത പ്രകൃതി. ലെനിനു പോലും അമ്പരപ്പുണ്ടാക്കി. നായരമ്പലം എന്നു െപാതുെവ പറയുമെങ്കിലും ഈ ബീച്ച് റോഡിന് നമ്മുടെ നാടിന്റെ രീതിയിൽനിന്നു മാറ്റമുണ്ട്.

ഇടതുവശത്ത് അലറുന്ന കടലിനെ തടുക്കാനുള്ള കൽക്കെട്ടുകൾ.  പിന്നെ ചെറിയൊരു വഴി. ഇതുവഴി പോവേണ്ട ചിലയിടത്തു മണൽ നിറഞ്ഞിരിക്കുകയാണെന്ന് ഒരു ചേട്ടൻ മുന്നറിയിപ്പുതന്നു. അങ്ങനെയുള്ള വഴിയാണു ചേട്ടാ ഹിമാലയനു േവണ്ടെതെന്നു മനസ്സിൽ പറഞ്ഞു. പുറത്ത് ആ വിവരം തന്നതിനു നന്ദിയും പറഞ്ഞു. ഗോവയിലെ ചില  തീരങ്ങളിലൂടെ ബൈക്കോടിച്ചുപോകുന്നതു പോലെയുണ്ട്. സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു ഞങ്ങൾ അവിടെയെത്തിയപ്പോൾ. മണലായ മണലൊക്കെ സ്വർണത്തരികളായിരുന്നു. തിരകൾ ശാന്തത വിട്ട് ശൂരത്വം കൈവരിക്കാനൊരുങ്ങിയിരുന്നു. വള്ളക്കാർ നീലയും മഞ്ഞയും നിറങ്ങളുള്ള വലകളിെല കേടുപാടുകൾ നീക്കി കഥകൾ പറഞ്ഞിരിക്കുന്നുണ്ടായിരുന്നു. ടാർ റോഡിനരുകിൽ ചിലയിടത്ത് കണ്ടൽക്കാടുകൾ. ഇടതുവശത്ത് കടലും വലതുവശത്ത് കണ്ടലും. ഇതിനിടയിൽ നരച്ച ഭിത്തികളുള്ള വീടുകളും തലയുയർത്തിനിൽക്കുന്ന തെങ്ങുകളും. ബീച്ച്റോഡിൽ കുറച്ചുദൂരം ഹിമാലയനു പ്രശ്നങ്ങളില്ലായിരുന്നു. പിന്നെപ്പിന്നെ റോഡിനെ മണലെടുത്ത വഴികളെത്തി. കാലങ്ങളായി കടൽ നിക്ഷേപിച്ചതാണ് മണൽ. ബൈക്ക് പോകുമോ? ആ മണലിൽ കുത്തിയിരുന്ന് കളിക്കുകയായിരുന്ന കുഞ്ഞുപിള്ളേർ ഉറക്കെപറഞ്ഞു.. ചേട്ടാ നല്ല പവറുള്ള വണ്ടിയല്ലേ, ചുമ്മാതങ്ങ് വിടണം..––ഹെന്റമ്മേ ഒന്നാം ക്ലാസിൽ േപാകുന്ന ഒരു പൊടിപ്പയ്യനാണിതു പറഞ്ഞത്.. ചെക്കൻമാരെക്കാണ്ടൊരു രക്ഷയുമില്ലാട്ടോ.. പിള്ളേരുെട മുന്നിൽ നാണം കെടേണ്ടെന്നു കരുതി എന്നാൽ ആവേശം കാണിക്കാതെ കാൽ കൊടുത്തു. നല്ല ഗ്രിപ്പ് ഉള്ള ടയറുകളും കരുത്തുറ്റ എൻജിനും.

മണലിലൂടെ ഹിമാലയൻ മെല്ലെ നീങ്ങി. അല്ലെങ്കിലും സാധാ റോഡിലോടിക്കാനല്ലല്ലോ ഹിമാലയൻ. ഏതാണ്ട് ഒരു കിലോമീറ്ററോളം പാത ഇങ്ങനെ മണൽനിറഞ്ഞാണ്. അപ്പോൾ മറ്റുവാഹനങ്ങൾ വരുമോ? ഇല്ല. ആസ്പത്രിയിൽ പോകണമെങ്കിൽ പോലും നടന്ന് തൊട്ടടുത്ത നല്ല റോഡിലെത്തണം. തൊഴിലുറപ്പുകാർ മണൽനീക്കിയൊരു ചെറുപാത തോടുപോലെ കിടപ്പുണ്ട്. അതിലൂടെ വീണ്ടും മുന്നോട്ട്. 

നല്ല റോഡിലെത്തിയപ്പോൾ വീണ്ടും ഹിമാലയൻ കുതിച്ചുതുടങ്ങി. കുഴുപ്പിള്ളി ബീച്ചിലെത്താൻ ഇനി ഏതാനും കിലോമീറ്ററുകൾ മാത്രം. വലതുവശത്ത് നല്ല തെങ്ങിൻതോപ്പുകൾ. പച്ചപ്പുൽമൈതാനത്ത് യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നു. ഇങ്ങനെയുള്ള െപാതു ഇടങ്ങൾ നഗരങ്ങളിലും മറ്റും കുറഞ്ഞുവരുകയാണല്ലോ എന്നാണാദ്യം മനസ്സിലെത്തിയത്. 

പുട്ടും പരിപ്പും

കുഴുപ്പിള്ളി ബീച്ചും ചെറായി ബീച്ചും മുൻപോട്ടു പോയാൽ മുനമ്പവും കാണാം. അതാണ് ഈ തീരദേശ റോഡിന്റെ ഭംഗി. മുനമ്പമെത്തിയാൽ ലഘുആഹാരം കഴിക്കാം. കുടുംബശ്രീക്കാർ ഉണ്ടാക്കുന്ന കൂന്തൽ വറുത്തതും ബ്രെഡും കൂട്ടിയൊരു പിടി പിടിച്ചാൽ വൈകുന്നേരം വരെ ഹാപ്പ്യേയ്.. 

നാം കുഴുപ്പിള്ളിയിൽനിന്നു തിരികെ പ്രധാനറോഡിലേക്കു കയറുന്നു. വെള്ളം നിറഞ്ഞ വിശാലമായ പാടത്തിനു നടുവിലൂടെയാണ് പാത. ഏതാണ്ട് വിജനം. കൊറ്റികൾ ഇരകാത്ത് നിശബ്ദമായി ഇരിപ്പുണ്ട്. സൂര്യൻ മറഞ്ഞതിനാൽ ആകാശത്തിന്  വയലറ്റാണോ ചുവപ്പാണോ എന്നു വർണത്തിലാശങ്ക.. പുട്ടും പരിപ്പുകറിയും വിളിക്കുന്നു എന്നു ലെനിന്റെ കൂട്ടുകാരൻ രാഹുൽ രാജശേഖരൻ ഫോണിലൂടെ അറിയിച്ചു. അയ്യമ്പള്ളി–ചെറായി കവല– വലത്തുതിരിഞ്ഞ് ഏഴിക്കര തേടി ലൈറ്റുമിട്ട് പാഞ്ഞു. 

himalayan-bike-trip3

വള്ളമൂന്നുകാർക്കുള്ള ഭക്ഷണമാണ് പുട്ടും പരിപ്പുകറിയും. ചാത്തനാടു കവലയിൽനിന്നു കടയിലേക്കുള്ള വഴി കൃത്യമായി ചോദിക്കണം. കായലിന്റെ തീരത്താണു കട. തൊട്ടടുത്ത് ഒരു ചീനവലയുണ്ട്. അതിൽക്കയറിയിരിക്കാം. ഓർഡർ നൽകിയാൽ മോഹനൻ ചേട്ടൻ പുട്ടുംപരിപ്പും പപ്പടവും നല്ല കട്ടൻ ചായയും കൊണ്ടുത്തരും. കായലോളം കേട്ട്, കാറ്റുകൊണ്ട് അരണ്ട വെളിച്ചത്തിരുന്നു കഥ പറഞ്ഞ് പുട്ടടിക്കാം. സുന്ദരമായ അനുഭവം. ഇപ്പോൾ അവിടെ വള്ളക്കാരെക്കാളും പുറത്തുനിന്നുള്ള യുവാക്കളാണ് എത്തുന്നത്.  മോഹനേട്ടന്റെ കൈപ്പുണ്യം കായൽക്കാറ്റിലൂടെ കൊച്ചിയിൽ പരന്നിരിക്കുന്നു. കഥ പറഞ്ഞിരിക്കാൻ നാട്ടുകാർ ഏറെയുണ്ട്. അവരോടെല്ലാം റ്റാറ്റ പറഞ്ഞ് വരാപ്പുഴ പാലം വഴി വീണ്ടും എറണാകുളത്തെത്തുമ്പോൾ കൊച്ചി ഉറങ്ങിയിരുന്നു. ഒരു ദിവസത്തെ യാതയ്ക്കു പരിസമാപ്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.