ഇയ്യോബിന്റെ പുസ്തകത്തിലെ ആ അദ്ഭുതകാഴ്ച ഇവിടെയുണ്ട്

anchuruli-tunnel-idukki7
SHARE

യാത്രികരുടെ ലോകത്ത് പ്രസിദ്ധി നേടിയിട്ടില്ലാത്ത സ്ഥലമാണ് ഇടുക്കിയിലെ അഞ്ചുരുളി. മനുഷ്യർ സൃഷ്ടിച്ച തുരങ്കമാണ് അഞ്ചുരുളിയിലെ കൗതുകം. മഴക്കാലത്ത് ഇടുക്കി റിസർവോയർ നിറഞ്ഞു കവിയുന്ന വെള്ളം ഒഴുക്കി വിടാനുണ്ടാക്കിയ ടണൽ കേരളത്തിലെ അദ്ഭുതക്കാഴ്ചയിലൊന്നാണ്. നിരവധി മലയാള സിനിമകൾക്ക് ലൊക്കേഷനായെങ്കിലും അഞ്ചുരുളിയുടെ ഭംഗി അതേപടി ആവിഷ്കരിച്ചത് അമൽ നീരദാണ്. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിൽ അഞ്ചുരുളി ടണലിനെ അമൽ നീരദ് അസാധാരണമായ രീതിയിൽ ദൃശ്യവത്കരിച്ചു.

അഞ്ചുരുളിയിലേക്ക് യാത്രതിരിച്ചപ്പോൾ അപ്പോഴും ഇയ്യോബിന്റെ പുസ്തകത്തിലെ രംഗങ്ങളാണ് ഓർമ വന്നത്. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിൽ അലോഷിയെ സഹോദരൻ ആക്രമിക്കാൻ വരുന്ന രംഗം ചിത്രീകരിച്ചത് അഞ്ചുരുളിയിലെ ടണലിലാണ്. സിനിമ ഇറങ്ങിയ ശേഷം ടണൽ പ്രസിദ്ധമായി. പാറ തുരന്നുണ്ടാക്കിയ, ഗുഹ പോലെയുള്ള ടണൽ കാണാൻ അന്നു തൊട്ട് ആളുകൾ വന്നു തുടങ്ങി. കമിഴ്ത്തി വച്ച ഉരുളിയുടെ ആകൃതിയുള്ള അഞ്ചു മലകൾക്കു നടുവിലാണ് ഇടുക്കി അണക്കെട്ടിന്റെ ഈ ക്യാച്ച് ഡാം. ഇരട്ടയാർ റിസർവോയറിന്റെ ടണൽ തുറക്കുമ്പോൾ ക്യാച്ച് ‍ഡാം നിറയും.

anchuruli-tunnel-idukki2

മഴക്കാലത്ത് അഞ്ചുരുളിയിൽ പോയാൽ ടണലിനുള്ളിൽ കയറാൻ പറ്റില്ല. എന്നാലും അണക്കെട്ടിൽ നിന്നു തുറന്നു വിട്ട വെള്ളത്തിന്റെ കുത്തൊഴുക്ക് കണ്ടാസ്വദിക്കാം. ടൂറിസം ആഘോഷം നടത്തിയ കാലത്ത് അണക്കെട്ടിൽ സവാരിക്കായി ഒരു ബോട്ട് അഞ്ചുരുളിയിലെത്തിച്ചു. അതിപ്പോൾ ഉണക്കാനിട്ടതു പോലെ വഴിയരികിൽ കമിഴ്ത്തി വച്ചിരിക്കുകയാണ്.

anchuruli-tunnel-idukki

ഏതു സമയത്തും മുട്ടോളം വെള്ളം നിറഞ്ഞു നിൽക്കുന്ന ടണലിനു മുന്നിൽ ചെറിയ നീരൊഴുക്കുണ്ട്. ഇവിടെ നിന്നാൽ നീളമേറിയ ടണലിന്റെ അങ്ങെേയറ്റം പപ്പട വട്ടത്തിൽ തെളിഞ്ഞു കാണാം. ഒരു ലോറിക്ക് കടന്നു പോകാവുന്നത്രയും വിസ്താരമുള്ള ടണലിനുള്ളിൽ അര കിലോമീറ്റർ ദൂരത്തോളമേ വെളിച്ചമുള്ളൂ. സാഹസം കാണിക്കാനായി അതിനപ്പുറം പോയാൽ അപകടം ഉറപ്പ്. ടണലിന്റെ അങ്ങേയറ്റം ഇരട്ടയാർ റിസർവോയറിലേക്കു തുറന്നു കിടക്കുകയാണെന്നും ഓർക്കുക. കുത്തൊഴുക്കുള്ള കർക്കടകത്തിൽ തമിഴ്നാട്ടിൽ നിന്നെത്തിയ രണ്ടു ചെറുപ്പക്കാർ വെള്ളത്തിൽ വീണു മരിച്ചു. മുൻപുണ്ടായ അപകടങ്ങൾ മുന്നറിയിപ്പായി തിരിച്ചറിഞ്ഞ് വേണ്ടത്ര ജാഗ്രതയോടെ ടണലിനുള്ളിൽ കയറുക.

അഞ്ചുരുളി: കോട്ടയം – കട്ടപ്പന റൂട്ടിൽ കാഞ്ചിയാർ കക്കാട്ടുകട ജക്‌ഷനിൽ നിന്ന് ഇടതു വശത്തേക്ക് 2.5കി.മീ. റോഡ് ചെന്നവസാനിക്കുന്നത് ടണലിനടുത്താണ്.

അഞ്ചുരുളി കാണാൻ പോകുന്നവർക്ക് രണ്ടു ദിവസത്തെ ഇടുക്കി ട്രിപ് പ്ലാൻ ചെയ്യാം.

അഞ്ചുരുളി: കുട്ടിക്കാനത്തു നിന്ന് ഇടത്തോട്ടു തിരിഞ്ഞ് കട്ടപ്പന റൂട്ടിൽ പോകുമ്പോൾ ആദ്യം എത്തുന്നത് അഞ്ചുരുളിയിലേക്കു തിരിയുന്ന സ്ഥലത്താണ്. കാഞ്ചിയാർ കക്കാട്ടുകടയിൽ നിന്ന് ഇടതു വശത്തേക്ക് തിരിയുക (2.5കി.മീ). റോഡ് ചെന്നവസാനിക്കുന്നത് ടണലിനടുത്താണ്.

രാമക്കൽമേട്, കുറവൻ - കുറത്തി മല: കട്ടപ്പന ടൗണിൽ നിന്ന് 23 കി.മീ. രാമക്കൽമേടിൽ നിന്നാൽ നേരേ എതിർ വശത്ത് രണ്ടു കിലോമീറ്റർ എതിർവശത്തായി കുറവൻ–കുറത്തിമല.

കാറ്റാടിപ്പാടം: രാമക്കൽമേട്ടിൽ നിന്നു ബാലൻപിള്ള സിറ്റി വഴി നാലു കിലോമീറ്റർ യാത്ര ചെയ്താൽ കുരുവിക്കാനം. അവിടെയാണ് കാറ്റാടിപ്പാടം.

അയ്യപ്പൻകോവിൽ തൂക്കുപാലം: കട്ടപ്പന– കുട്ടിക്കാനം റൂട്ടിലുള്ള മാട്ടുകട്ട ജം‌ക്‌ഷനിൽ നിന്ന് 6 കി.മീ വലത്തോട്ടു യാത്ര ചെയ്താൽ അയ്യപ്പൻകോവിൽ തൂക്കുപാലത്തിനടുത്തെത്താം.

പൈൻമരക്കാട്്: കുട്ടിക്കാനത്തു നിന്നു കുമളിക്കുള്ള റോഡിൽ മൂന്നു കിലോമീറ്റർ യാത്ര ചെയ്താൽ പൈൻ മരക്കാടിനരികിലെത്താം.

പരുന്തുംപാറ: കുട്ടിക്കാനം – കുമളി റൂട്ടിൽ പന്ത്രണ്ടുകിലോമീറ്റർ യാത്ര ചെയ്താൽ പരുന്തുംപാറയുടെ പ്രവേശന കവാടം കാണാം. അവിടെ നിന്ന് അഞ്ചു കിലോ മീറ്റർ സഞ്ചരിച്ചാൽ പരുന്തും പാറയിൽ എത്തിച്ചേരാം.

അമ്മച്ചിക്കൊട്ടാരം: കുട്ടിക്കാനം ജം‌ക്‌ഷനിൽ നിന്ന് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ അമ്മച്ചിക്കൊട്ടാരത്തിലെത്താം.

READ IN ENGLISH

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA