പോരുന്നോ വരിക്കാശേരി മനയുടെ പൂമുഖത്തേക്ക്

Varikkasseri-Mana4
SHARE

മംഗലശ്ശേരി നീലകണ്ഠന്റെ മുന്നിൽ ഹൃദയത്തിൽ ഒരായിരം മുള്ളുതറയ്ക്കുന്ന വേദനയോടെ നൃത്തമാടിയ ഭാനുമതിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ദേവാസുരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ഇൗ രംഗങ്ങളും. കണിമംഗലം കോവിലകത്തെ ജഗനാഥൻ തമ്പുരാനും ഉണ്ണിമായയും തകർത്ത് അഭിനയിച്ച ആറാംതമ്പുരാനും, നരസിംഹവുമെല്ലാം വരിക്കാശ്ശേരിമനയെ മലയാളികളുടെ പ്രിയപ്പെട്ടയിടമാക്കി പ്രതിഷ്ഠിച്ചു.വരിക്കാശ്ശേരിയെന്നു പറയുന്നതിനേക്കാൾ നീലകണ്ഠന്റെ മംഗലശ്ശേരിയെന്നു പറയാനായിരിക്കും മലയാളികൾക്കിഷ്ടം. ഏകദേശം എണ്‍പതോളം മലയാള സിനിമകള്‍ കൂടാതെ നിരവധി അന്യഭാഷാ ചിത്രങ്ങള്‍ക്കും ഇവിടെ ലൊക്കേഷനായിട്ടുണ്ട്.

Varikkasseri-Mana88

വള്ളുവനാടിന്‍റെ ഐശ്വര്യം തുളുമ്പുന്ന മനയിലേക്ക് യാത്ര തിരിക്കാം

Varikkasseri-Mana1

ഒറ്റപ്പാലത്തുനിന്നും മനിശ്ശേരിയിലെത്തി വരിക്കാശേരി മനയിലേക്ക് യാത്രപോകാം. അസാധ്യമായൊരു നിർമ്മിതിയാണ് വരിക്കാശ്ശേരിമന. കേരളീയ വാസ്തുശിൽപവിധിയുടെ  മഹനീയ മാതൃക. കവാടത്തിലൂടെ അകത്ത് കയറുേമ്പാൾതന്നെ വള്ളുവനാടിന്റെ പ്രശാന്തിയും രാജകീയ ഭാവവും നമുക്ക് അനുഭവിക്കാം.

Varikkasseri-Mana5

നൂറ്റാണ്ടുകളുടെ പഴമയും പാരമ്പര്യവും കഥകളും വരിക്കാശ്ശേരിമനയ്ക്ക് പറയാനുണ്ട്. വരിക്കാശേരി മനയിലെത്തുന്ന മിക്ക സഞ്ചാരികളും തേടിപ്പോകുന്നത് ഭാനുമതിയുടെ കണ്ണീരും ചിലങ്കകളും വീണുടഞ്ഞ പൂമുഖത്തിണ്ണയും അപ്പുമാഷും കുടുംബവും താമസിച്ച തെക്കിനിയും കുളിപ്പടവുകളും കുളവുമൊക്കെയാണ്. കേരളീയ വാസ്തുശില്പശൈലി മനോഹരമായി സമ്മേളിച്ചിരിക്കുന്ന നിർമിതി ആരെയും വിസ്മയിപ്പിക്കും. ഭാരതപ്പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് എന്നൊരു പ്രത്യേകത കൂടി വരിക്കാശ്ശേരി മനയ്ക്കുണ്ട്.

Varikkasseri-Mana7

രാജകീയ പ്രൗഢിയാർന്ന മൂന്നുനിലകളോടുകൂടിയ നാലുകെട്ടാണ് പ്രധാന ആകർഷണം. പുറംമോടിയിലെ കാഴ്ചയെക്കാളും ഗംഭീരമാണ് ഉൾവശം. ഏതു ചൂടിലും കുളിർമ നൽകുന്ന അന്തരീക്ഷം. മൂന്നു നിലയുള്ള നാലുകെട്ടില്‍ വിശാലമായ മുറികളും നടുമുറ്റവും അകത്തളങ്ങളും ഒക്കെയുള്ള മനയില്‍ ഏറെ ആകര്‍ഷകം കൊത്തുപണികളോടു കൂടിയ തൂണുകളാണ്.

Varikkasseri-Mana6

വിശാലമായ നടുമുറ്റവും, ചുവർചിത്രങ്ങളും, ശിൽപ്പവേലകളും കാണേണ്ട കാഴ്ചതന്നെയാണ്. വെഡ്ഡിംഗ് ഫോട്ടോഗ്രാഫിക്കാരുടെ ഇഷ്ട ലൊക്കേഷൻ കൂടിയാണിവിടം.

സന്ദർശനം

Varikkasseri-Mana3

എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണി വരെയാണ് ഇവിടെ പ്രവേശനമുള്ളത്. സിനിമാ ഷൂട്ടിങ്ങ് ഉള്ള ദിവസങ്ങളില്‍ പ്രവേശനം അനുവദിക്കുന്നതല്ല. പാലക്കാട് നിന്നും 35 കിലോമീറ്റര്‍ ദൂരമുണ്ട് വരിക്കാശ്ശേരി മനയിലേക്ക്‌.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA