പെരുമീനുകളുടെ കൊച്ചി

Fish
SHARE

പെരിയാറും വേമ്പനാട്ടു കായലും സംഗമിച്ച് അറബിക്കടലിലേക്ക് ലയിക്കുന്ന ഫോർട്ട് കൊച്ചി അഴിമുഖം. ഇവിടെത്തി കൊച്ചി കണ്ടവന് അച്ചി വേണ്ടെന്നൊരു ചൊല്ല് കുട്ടിക്കാലത്തു കേട്ടതാണ്, പക്ഷേ കൊച്ചിയിൽപ്പോയി മീൻ പിടിച്ചാൽ അച്ചിയില്ലാതെങ്ങനത് കറിയാക്കും, അല്ലെങ്കിൽ നിങ്ങളൊരു കുക്കായിരിക്കണം. സാദാ കുക്കായാൽ പോര ഒരൊന്നൊന്നര കുക്കായിരിക്കണം. കടമക്കുടിയിലെ ഞണ്ടും കൊച്ചിക്കായലിലെ ചീനവലയിൽ നിന്നു കോരിയെടുക്കുന്ന കാളാഞ്ചിയും കരിമീനും മാലിപ്പുറത്തെ പൂമീനും ഞാറയ്ക്കലെ തിരുതയും കിട്ടിയാൽ പിന്നെ അച്ചി വേണ്ടെന്ന് ഭംഗിവാക്ക് പറയാമെങ്കിലും വനിതാരത്നങ്ങളൊരുക്കുന്ന രുചിക്കൂട്ട് തന്നെ വേണം ഈ മീനുകളോട് നീതി പുലർത്താൻ.

കടമക്കുടി; കൊച്ചിയുടെ നീർത്തടം

നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വെള്ളക്കെട്ടുകൾ. ഇടയിൽക്കാണുന്ന തെങ്ങുകൾ നിൽക്കുന്ന വരമ്പാണ് കെട്ടിന്റെ അതിരും അവിടേക്ക് നടന്നെത്താനുള്ള വഴിയും. ചെമ്മീൻ, ഞണ്ട് വളർത്തു കേന്ദ്രങ്ങളെയാണ് കെട്ടെന്നു പറയുന്നത്. പൊന്നു വിളയുന്ന പാടങ്ങളാണിത്. പിടിക്കുന്ന ഞണ്ടിനെ മുന്തിരിക്കുട്ട പോലെ വായു കയറുന്ന ഈറ്റക്കുട്ട കളിലാക്കി നേരെ നെടുമ്പാശേരിയിലേക്കും അവിടെ നിന്നു വിമാനത്തിൽ ചെന്നൈ വഴി സിംഗപ്പൂരിലേക്കുമാണ് ഞണ്ടുകളുടെ യാത്ര. 

kochi-trip7

കാലൊടിയാതെ ജീവനോടെ ലക്ഷ്യത്തിലെത്തിക്കണമെന്ന താണ് ഏക െവല്ലുവിളി. ഇത്രയും വിലപ്പെട്ട ഞണ്ടിനെ കിട്ടുന്നവർ ഉടനെ അടുത്ത കേന്ദ്രങ്ങളിലേക്ക് കൈമാറും. കായലിലെ പിടുത്തക്കാർ വലയിലോറിങ്ങിലോ കുടുങ്ങിയാൽ അപ്പോൾത്തന്നെ ചണ നൂൽ കൊണ്ട് കാലുകൾ ഒതുക്കിക്കെട്ടി ഭദ്രമാക്കും. വലിയ മഡ് ആണ് കിട്ടുന്നതെങ്കിൽ ഉടനെ വഞ്ചി ഞണ്ട് എടുപ്പ് കേന്ദ്രത്തിലേക്ക് തുഴയും, ബാക്കി പിടുത്തം ഇതിനെ കൈയൊഴിഞ്ഞിട്ട്. കാലു കെട്ടാതെയിട്ടാലും കൂട്ടത്തിലൊരാൾക്ക് കൂടയിൽ നിന്നു കയറി രക്ഷപ്പെടാനാവില്ല, പൊങ്ങുന്നവനെ വലിച്ചു താഴെയിടാൻ റെഡിയായി നിൽക്കുകയല്ലേ താഴെയുള്ള കൂട്ടുകാരന്‍! 

വലുപ്പമുണ്ടെങ്കിലും ഒരു കാൽ ചെറുതായാലും ഞണ്ടിനു വിലയിൽ വലിയ കുറവുണ്ടാകും. അത്തരക്കാരെ പ്രത്യേകം ടാഗ് ചെയ്ത് വയ്ക്കും. കയറ്റുമതിക്കാരൻ വില ഉറപ്പിച്ചാലെ കൊടുക്കൂ. ഒരു കാൽ വലുതും ചെറുതുമായതിനെ OL എന്നാണ് വിളിക്കുന്നത്. 750 ഗ്രാമിന് മുകളിൽ തൂക്കമുള്ള തിനെ XL, അരക്കിലോയിലേറെ വരുന്നവ BIG, 350 ഗ്രാമിൽക്കൂ ടിയവർ MEDIUM, ചെറു ഞണ്ടുകൾ GS, പഞ്ഞി ഞണ്ടുകൾ അഥവാ വൈറ്റ് ലോക്കൽ ആണ് WL. ഇതിനെ വളർത്താൻ ഫാമിലേക്ക് മാറ്റും. വലിയ ഞണ്ടിനെ കിട്ടിയാൽ അത് വിൽപനക്കാരന് കൈ മാറിയാലേ പിടിച്ചയാൾക്ക് ആശ്വാസമാവൂ. കലഹപ്രിയരായ ഞണ്ടുകൾ ഗുസ്തി കൂടി കാലു പോയാൽ പിന്നെ പോയില്ലേ കാശ്....!!

kochi-trip4

കടമക്കുടിയിലെ ഞണ്ട് എന്നു കേട്ടാൽ കച്ചവടക്കാർക്ക് ഡിമാൻഡാണ്. കടലിന്റെ സാമീപ്യം കൊണ്ട് രുചിയേറും, അഴ കിലും മുമ്പൻ. ഒരു കിലോയുള്ള പച്ച ഞണ്ടിന് (മഡ് ക്രാബ്) പിടുത്തക്കാരന് കിട്ടുന്ന കുറഞ്ഞ മാർക്കറ്റ് വില ഇതെഴുതുമ്പോൾ 1200 രൂപയാണ്. അത് 1800 രൂപ വരെ വന്നിട്ടുമുണ്ട്. ഇത്രയും വിലയുള്ള മറ്റൊരു ജലജീവിയും കേരളത്തിൽ ഭക്ഷണത്തിനായി വളർത്തുന്നില്ല. പിടിക്കുന്നുമില്ല. രണ്ടു കിലോ എണ്ണൂറ് ഗ്രാം ഭാരമുള്ളതാണ് ഇവിടെ കിട്ടിയതിൽ വലുപ്പമുള്ള ഞണ്ടുകളിലൊന്ന്.

മാസത്തിലൊരിക്കൽ തോട് പൊഴിച്ചാണ് ഞണ്ട് വലുതാവു ന്നത്. ഓരോ തോട് പൊഴിക്കലിലും മൂന്നിരട്ടി തൂക്കം വയ്ക്കു ന്നവരാണിവ. ഏകദേശം വാവു സമയങ്ങളിൽ ഞണ്ടിന്റെ മാംസം ഉറച്ചതായിരിക്കും. പഞ്ചമി സമയത്താണ് പടം പൊഴിച്ച് വാട്ടർ അവസ്ഥയിലേക്ക് കടക്കുന്നത്. OCB എന്ന ഒറ്റക്കാലൻ ഞണ്ടിന് തീരെ വില കുറയും. 

ഞണ്ടിനെ കുടുക്കാൻ വലയും റിങ്ങും

മഡ് വലയിൽ കൂരിയെ കോർത്ത് നീട്ടിയെറിയും വലിയ കണ്ണിയുള്ള ഉടക്കു വലയാണിത്, മീൻ തിന്നാനെത്തുന്ന ഞണ്ടിന്റെ കാലുകളൊന്ന് ഇതിൽ കുരുങ്ങിയാൽ പെട്ടതു തന്നെ. വർഷ ങ്ങളോളം ഞണ്ടിനെ പിടിച്ചിരുന്ന പ്രകാശൻ കടമക്കുടി ഇന്ന് എടുപ്പു കേന്ദ്രത്തിലാണ്, ഒറ്റക്കാഴ്ചയിൽത്തന്നെ ഞണ്ടിന്റെ തൂക്കവും ഇനവും തിരിച്ചറിയും. രാവിലെ കിട്ടിയ ഞണ്ടാണിത് കയ്യിലൊരു ഒന്നേകാൽ കിലോയുള്ളതിനെ എടുത്തിട്ട് പറയുന്നു. കൂട്ടത്തിലെ വാട്ടറിനെയൊക്കെ ഫാമിലേക്ക് വിട്ടു. അടുത്ത ദിവസം വലയിട്ട് ഞണ്ടിനെ മൊത്തമായി പിടിക്കുവാനുള്ള ഒരുക്കത്തിലാണ്. 

kochi-trip1

ഫാമിനു കരയിൽ അടുക്കി വച്ചിരിക്കുന്ന റിങ്ങുകൾ. വാർക്കൽ കമ്പി വളച്ച് വള പോലാക്കും. വല കെട്ടിയാൽ നീളം കുറ ഞ്ഞൊരു കോരു വല. ഇതിനകത്തായി കയർ കെട്ടി വെള്ള ത്തിലേക്ക് താഴ്ത്തുന്നതിനു മുൻപായി കൂരിയെ കെട്ടിയിടും. മീൻ തിന്നാനെത്തുന്ന ഞണ്ട് റിങ് വലയിൽ കയറിയിരുന്നാൽ അതൊരിരിപ്പാണ്.

പൊക്കിയെടുക്കുന്ന നേരത്തും ആശാൻ അവിടെത്തന്നെയുണ്ടാകും, ചിലപ്പോൾ രണ്ടും അതിലേറെയും. കൊച്ചിയിൽ നിന്ന് ഗോശ്രീ പാലം വഴി വരാപ്പുഴ പാലമിറങ്ങി ഇടത്തോട് തിരിഞ്ഞാൽ കടമക്കുടിയിലെത്താം. 

പൂമീനുകൾ കഥ പറയുന്ന മാലിപ്പുറം

മാലിപ്പുറത്ത് തോട്ടിപ്പറമ്പിൽ ഔസേപ്പ് വീശുവല നന്നാക്കു കയാണ്. അപ്പുറത്തായി കടലിൽ പോകുന്ന വലിയൊരു ബോട്ട് മുറിച്ച് പകുതിയാക്കിയതിൽ മൂന്ന് പണിക്കാർ നിന്ന് പുതിയൊരു വല ഒരുക്കുകയാണ്. കടമക്കുടിയിൽ നിന്ന് മാലിപ്പുറത്തും ഞാറയ്ക്കലും മത്സ്യഫെഡ് നേരിട്ടു നടത്തുന്ന ഫാമുകളിലേക്കാണ് യാത്ര. പൂമീൻ, തിരുത, കാളാഞ്ചി, കരി മീൻ, തിലോപ്പിയ എന്നിവയുടെ കുഞ്ഞുങ്ങളെയാണ് ഇട്ട് വളർത്തി വലുതാക്കി വിൽക്കുന്നത്. പുലർച്ചെ മൂന്നിന് പണി തുടങ്ങുമെന്ന് ഫാം വർക്കറായ രവീന്ദ്രൻ പറയുന്നു. ആറു മണിയോടെ വാങ്ങാൻ ആളുകളെത്തും. കൂടുതലും കച്ചവട ക്കാർ. പൂമീന് 170, കരിമീനിന് 250–300 രൂപ എന്നിങ്ങനെയാണ് വില (വിലയിൽ വ്യത്യാസം ഉണ്ടാവാം.).

ഫാമിൽ 200 രൂപയ്ക്ക് ഒരാൾക്ക് ഉച്ച ഭക്ഷണവും ഐസ്ക്രീമും വെൽകം ഡ്രിങ്കും. 20 രൂപ കൊടുത്താൽ ചൂണ്ടയും ഇരയും കിട്ടും. ചൂണ്ടയിൽ കൊത്തുന്ന മീനും കറിയാക്കിത്തരും. അതിനു മീൻ വിലയും വെപ്പു കൂലിയും കൊടുത്താൽ മതി. ഞാറയ്ക്കൽ പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുത്ത ഒൻപത് പേരാണ് സൗപർണിക എസ്എച്ച്ജി ആക്റ്റിവിറ്റി ഗ്രൂപ്പിന്റെ അടുക്കളയിൽ. ചൂണ്ടയിട്ട് പിടിച്ച പൂമീനിനെ കറിയാക്കാനായി ജീജി ഭാസ്ക്കർ ആദ്യമേ അടുക്കളയിലേക്ക് കൈമാറി. തേങ്ങാപ്പാലു പിഴിഞ്ഞ പൂമീൻ കറി ഒരുക്കുകയാണ് ഷീലാ തമ്പി. വിശേഷങ്ങൾ തിരക്കി നിൽക്കുമ്പോൾ കാരോത്ത് കരുണാകരൻ തോട്ടിൽ നിന്നും വീശിപ്പിടിച്ച പിടയ്ക്കുന്ന കരിമീൻ കൊടുക്കാനെത്തി. 

തേങ്ങാപ്പാലിൽ കുളിച്ച് പൂമീൻ കറി

തേങ്ങയുടെ തിളപ്പിച്ച രണ്ടാം പാലും തലപ്പാലും ചേർത്ത് താളിച്ചെടുക്കുന്ന കുടം പുളിയിട്ട പൂമീൻ കറിയുടെ നിറവും രുചിയും; അതൊരു സംഭവമാണ്. എട്ട് വർഷമായി ഷീല ഇവിടുത്തെ രുചിക്കൂട്ടിൽ അംഗമായിട്ട്. ‘‘വീട്ടിലെ രീതിയിൽ തന്നെയാണിവിടെയും കറിവെപ്പ്. ഇപ്പോൾ എല്ലാവർക്കും എണ്ണ കുറച്ചു മതി. അതു മാത്രമേ വ്യത്യാസമുള്ളൂ. സ്ഥിരമായി വയ്ക്കുന്നതാണ് പൂമീൻ, അതിനൽപം വേവുണ്ട്’’. രുചി രഹസ്യങ്ങൾ ഒന്നൊന്നായി ഷീല വെളിപ്പെടുത്തുന്നതിനൊപ്പം അടുത്ത അടുപ്പിലെ ഉരുളിയിൽ ഉലർത്തുന്ന കക്കാ ഇറച്ചിയിലേക്ക് കുരുമുളക് പൊടി തൂകി.

kochi-trip3

വല വീശിയാൽ പറന്നു ചാടുന്ന പൂമീനുകൾ മാലിപ്പുറത്തെ കാഴ്ചയെങ്കിൽ എൻജിൻ വെച്ച രണ്ട് വഞ്ചികൾ വട്ടം ചുറ്റുമ്പോൾ പറക്കുന്ന പൂമീനുകളാണ് ഞാറയ്ക്കലെ കൗതുകം.  മാലിപ്പുറത്തെ കൈപ്പുണ്യം നാവിൽ കപ്പലോടിക്കുമ്പോൾ തീരദേശത്തെ മൺറോഡിലൂടെ കാർ നേരെ ഞാറയ്ക്കലേക്ക്. 

രണ്ട് ബോട്ടുകൾ ഫാമിലെ ഓളത്തിൽ ചുറ്റുമ്പോഴുള്ള തിരയി ളക്കത്തിൽ പറന്നു ചാടുന്ന പൂമീനുകൾ വലിയ കൗതുകമാണ്. എൻജിൻ വച്ച വള്ളങ്ങൾ രണ്ടാമത്തെ വലം വയ്ക്കൽ തുടങ്ങി യപ്പോഴേക്കും. പൂമീനുകൾ ഉയർന്നു ചാടാൻ തുടങ്ങി. ടിക്കറ്റെ ടുത്ത് കയറിക്കഴിഞ്ഞാൽ വള്ളം ഓടിക്കുന്നവരുടെ നിർദേശം കൃത്യമായി പാലിക്കണം. ക്യാമറയിലും ഫോണിലും ഈ ദൃശ്യം പകർത്തുന്നവർ ഉപകരണങ്ങൾ മുറുക്കെപ്പിടിക്കണം. ചാടുന്ന മീനുകൾ വന്നിടിച്ച് വെള്ളത്തിൽ വീണ ക്യാമറയ്ക്കും ഫോണിനും കണക്കില്ലെന്നാണ് ഡ്രൈവർ സി.എ. ബാബു പറയുന്നത്. 

ഡോൾഫിന് ബുദ്ധിയുണ്ട്

ഞാറയ്ക്കൽ നിന്ന് വൈപ്പിനിലേക്ക്, ഫോർട്ട് കൊച്ചിയിലേക്കുള്ള ജങ്കാർ എത്താൻ ഇനിയും സമയമുണ്ട്. വല്ലാർപാടത്തേക്ക് കണ്ടെയ്നറുകളുമായി കൂറ്റൻ ചരക്കു കപ്പൽ അടുക്കുന്നു. സുഹൃത്ത് ജീജിയും അനുജൻ റഫിയും സ്വിറ്റ്സർലൻഡിൽ നിന്നു കാരവൻ ഓടിച്ചെത്തിയ നാഷനൽ ജോഗ്രഫി ട്രാവലർ സംഘത്തിനൊപ്പം സെൽഫിയെടുക്കുന്നു. ചീനവല കൾക്ക് അരികിലേക്ക് നടന്നു.

അകലെ മറിയുന്ന ഡോൾഫിനും മൂന്നു കുട്ടികളും. യന്ത്രം വലിച്ചുയർത്തിയ വലയിൽ നിന്നു കോരിയെടുത്ത പ്ലാസ്റ്റിക് കവറുകൾ മാറ്റിക്കൊണ്ടു നിന്ന ജോയിയോടു ചോദിച്ചു, ‘ഡോൾഫിനുകൾ വലയിൽ കുടുങ്ങിയാൽ എന്തു ചെയ്യും?’ ‘‘ഏയ്....ആ പേടി വേണ്ട, ഭയങ്കര ബുദ്ധിയുള്ളവരാണ്....കുഞ്ഞുങ്ങളെ വലയുടെ അല്പം ദൂരെ കൊണ്ടു വന്നു നിർത്തിയിട്ട് അവ കാണിച്ചു കൊടുക്കും. ഇതു വരെയാണ് നമ്മുടെ ഏരിയ. അങ്ങോട്ടു ചെന്നാൽ പണി കിട്ടും! എന്ന്.’’ 40 വർഷത്തെ വലപ്പണിയുടെ അനുഭവം നിറഞ്ഞ നിരീക്ഷണം. 

kochi-trip

അര നൂറ്റാണ്ടിന്റെ പെരുമയോടെ

ആറ് മണിയോടെ ചീനവലകൾക്കടുത്തേക്ക് നടക്കുമ്പോൾ കടലിൽ നിന്നു മീനുമായി കയറിവരുന്ന ബോട്ടുകൾ. ഓലപ്പടവനെന്ന് വിളിപ്പേരുള്ള രണ്ട് മീനുകളെ തറയിൽ കിടത്തിയിരിക്കുന്നു. 30 കിലോയ്ക്ക് മുകളിൽ ഭാരമുള്ളവരാണ്. തെങ്ങോല കീറിയെടുത്തതു പോലത്തെ ചിറക് മുകളിൽ ഉള്ളത് കൊണ്ടാണീ വിളിപ്പേരെന്ന് ഫോർട്ട് കൊച്ചിക്കാരനായ ഷിജാസ് പറഞ്ഞു. 

അസ്തമയ സൂര്യന്റെ കടും നിറത്തിലേക്ക് ചായുന്ന ചീനവലകൾ. ഇവിടുത്തെ വലകൾ പൈതൃകമായി കിട്ടിയതാണ്. 500 വർഷത്തെ ചരിത്രമാണ് ഫോർട്ട് കൊച്ചിയിലെ ചീനവലയ്ക്കുള്ളത്. വലയുമായെത്തിയത് ചൈനക്കാരായ കച്ചവടക്കാരാണെങ്കിലും ഇതിവിടെ സ്ഥാപിച്ചത് പോർച്ചുഗീസുകാരാണ്. അതിനു തെളിവായി ഒരു വല ഉടമയായ സെബാസ്റ്റ്യൻ കരിന്തിക്കര പറയുന്നത് വലയുമായി ബന്ധപ്പെട്ട ഭാഗങ്ങൾക്കുമുള്ള പോർച്ചുഗീസ് പേരുകളാണ്. 

വല തിരിയുന്ന ബയറിങ് സംവിധാനം ‘കളസാന്തി’, വെള്ളത്തിൽ ചെന്നു മുട്ടുന്ന വലയുടെ നാലു കൈകൾക്ക് ‘ബ്രാസ്’, ഇവയെ ബന്ധിപ്പിക്കുന്ന റോപ്പിന് ‘സവായം’ പേരുകളെല്ലാം പറങ്കിനാട്ടിലേത് തന്നെ. കളസാന്തിയിലേക്ക് ഉറപ്പിക്കുന്ന കഴുക്കോലിൽ 40 കിലോയോളം വരുന്ന 10 കരിങ്കല്ലുകൾ വടം കൊണ്ട് കെട്ടിയിടും. ഈ കഴുക്കോൽ ഉയർത്തുമ്പോഴാണ് ബ്രാസ് താഴ്ന്ന് വെള്ളത്തിലേക്ക് മുട്ടുന്നത്. താഴ്ത്തുന്ന വല പെട്ടെന്നു തന്നെ ഉയർത്തിയെടുക്കും, അതാണ് ടെക്നിക്. വല ഉയർത്തുമ്പോൾ  അതിലെ പോകുന്ന മീനുകളാണ് പകൽ കിട്ടുന്നതെങ്കിൽ, കത്തുന്ന ബൾബിന്റെ പ്രകാശം തേടിയെത്തുന്നവരാണ് രാത്രിയിലെ വിരുന്നുകാർ.

തേങ്ങാപ്പാലു പിഴിഞ്ഞ പൂമീൻ കറി

സവാള–2

പച്ചമുളക് – 6

കറിവേപ്പില – 2 തണ്ട്

ഒരു തേങ്ങാ പിഴിഞ്ഞെടുത്ത പാൽ

മുളക് പൊടി–2 സ്പൂൺ

മല്ലിപ്പൊടി– 1 സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി–4

ഗാർലിക് പേസ്റ്റ്–2 സ്പൂൺ

ജിഞർ പേസ്റ്റ് – 2 സ്പൂൺ

ഉലുവ ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക്, കറിവേപ്പില ഇവ നന്നായി അരിഞ്ഞ് കുടംപുളി കീറിയിട്ട്, മുളക്, മഞ്ഞൾ, ഉപ്പ് പൊടികളും േചർത്ത് പച്ച വെളിച്ചെണ്ണ ഒഴിച്ച് നന്നായി മിക്സ് ചെയ്ത് വെള്ളം ഒഴിച്ച് അടുപ്പത്തു വെയ്ക്കണം. ഈ അരപ്പ് തിളയ്ക്കുമ്പോൾ വെട്ടിക്കഴുകിയ മീൻ ഇടണം. മീൻ ഒന്നു തിളയ്ക്കുമ്പോഴേക്ക് അടുപ്പിൽ നിന്നിറക്കി വയ്ക്കണം. 

വേറൊരു ചട്ടിയിൽ വെളിച്ചെണ്ണയിൽ ഉലുവാ പൊട്ടിച്ച് സവാളയും പച്ചമുളക് അരിഞ്ഞതും ഇട്ട് വാടുമ്പോൾ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റുകൾ ചേർത്ത് മൊരിയുമ്പോൾ മഞ്ഞൾ പ്പൊടിയും മുളക് പൊടിയും (എരിവിന്റെ പാകം അനുസരിച്ച്) ചേർക്കുക. നേരത്തെ പിഴിഞ്ഞു വെച്ച തേങ്ങായുടെ രണ്ടാം പാൽ തിളപ്പിച്ച് മീൻ കഷണത്തിലേക്ക് ചേർക്കണം. ഇതിലേക്ക് തലപ്പാൽ കൂടി ചേർത്താൽ പൂമീൻ കറി റെഡി.

പാചകക്കുറിപ്പ്

ഷീലാ തമ്പി

സൗപർണിക എസ്എച്ച്ജി

ആക്റ്റിവിറ്റി ഗ്രൂപ്പ് 

ഞാറയ്ക്കൽ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA