sections
MORE

താമസിക്കാം മഴക്കാടിനുള്ളിലെ കിളിക്കൂട്ടിൽ

RAIN-FOREST
SHARE

സ്വച്ഛന്ദമായ കാട്. മാമ്പഴം പൊഴിഞ്ഞു കിടക്കുന്ന വഴിത്താരകൾ. ഒന്നു കൈനീട്ടിയാൽ ഉള്ളം കയ്യിലേക്ക് പതഞ്ഞെത്തുന്ന വെള്ളച്ചാട്ടം. രാത്രികളിൽ നിലാവിന്റെ ചന്തം നോക്കിയിരിക്കാൻ മരത്തിലൊരു കിളിക്കൂട്...

ഒരു സ്വപ്നം പങ്കുവച്ചതല്ല, തൃശൂർ ജില്ലയിലെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനടുത്തുള്ള റെയിൻ ഫോറസ്റ്റ് റിസോർട്ട് യാത്രികർക്കായി കാത്തുവച്ചിരിക്കുന്ന കൗതുകങ്ങളാണിതെല്ലാം. ചാലക്കുടിയിൽ നിന്ന് അതിരപ്പിള്ളി– വാഴച്ചാൽ റോഡിലേക്ക് കയറുമ്പോഴേ കാട് നമ്മളെ വിളിക്കാൻ തുടങ്ങും. കടുത്ത വേനലിലും ഒരു കുടന്ന തണുപ്പുമായാണ് റോഡിനിരുവശത്തുമുള്ള പച്ചപ്പ് നമ്മെ കാത്തിരിക്കുന്നത്.

RAIN-FOREST8
മഴക്കാടിനുള്ളിൽ‍ (Image from Rain forest official site)

വഴിയിലെ ചൂണ്ടു പലകകളിലൊന്നും റെയിൻ ഫോറസ്റ്റ് എന്ന ബോർഡ് നിങ്ങൾ കാണാനിടയില്ല. ‘ആകെ പതിനൊന്ന് റൂമുകളാണുള്ളത്. അതുകൊണ്ടു തന്നെ അധികം കമേഴ്സ്യലൈസ് ചെയ്യുക ഞങ്ങളുടെ ഉദ്ദേശ്യമല്ല. മുപ്പതു വർഷം മുൻപ് ഈ ഏഴേക്കർ കാട് വാങ്ങിയിടുമ്പോൾ ഇങ്ങനെയൊരു റിസോർട്ടൊന്നും എന്റെ ചിന്തയിലില്ല. പിന്നീട് പതിനാറു വർഷം കഴിഞ്ഞാണ് ഈ ഐഡിയയിലേക്കു വരുന്നത്. അപ്പോഴും നിർബന്ധം പിടിച്ചിരുന്നു ഈ കാടിന്റെ തനിമ നഷ്ടപ്പെടുന്നതൊന്നും ചെയ്യില്ലെന്ന്. വേണമെങ്കിൽ കൂടുതൽ റൂമുകൾ പണിയാം. പക്ഷേ, കാടിനെ പിന്നെ ഇത്ര ഭംഗിയോടെ കാണാനാവില്ല.’ റിസോർട്ട് ജനറൽ മാനേജർ ജോമോൻ പറഞ്ഞു തുടങ്ങി.

ഇളങ്കാറ്റിലും നിലാവിലും

ഏഷ്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് ഏറ്റവും അടുത്തുള്ള റിസോർട്ടാണ് റെയിൻ ഫോറസ്റ്റ്. ഷോളയാർ ചെക്ക് പോസ്റ്റിനെതിർവശത്തേക്ക് തിരിഞ്ഞാൽ കല്ലുകൾ പാകിയ വഴിയിലൂടെ ഇറക്കമിറങ്ങിച്ചെല്ലുന്നത് റിസോർട്ടിന്റെ റിസപ്ഷനിലേക്കാണ്. എന്തെങ്കിലും ചോദിക്കാനായുന്നതിനു മുൻപ് വലതു വശത്തു കാണുന്ന കാഴ്ച നിങ്ങളെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽപ്പിച്ചേക്കും. കുത്തനെയുള്ള രണ്ടു കല്ലുകൾക്കിടയിലൂടെയൊഴുകി വരുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ പ്രകമ്പനം നിങ്ങളുടെ ഹൃദയത്തിൽ അലകളുയർത്താതിരിക്കില്ല. വെള്ളച്ചാട്ടം ഇത്രയും അടുത്തു നിന്നു കാണാൻ പറ്റുന്നു എന്നതുതന്നെയാണ് ഈ റിസോർട്ടിന്റെ ഒരു പ്രത്യേകത. റിസപ്ഷനോടു ചേർന്നു പുൽത്തകിടിയിലേക്കു തുറക്കുന്ന തരത്തിലാണ് റസ്റ്ററന്റ് ഒരുക്കിയിരിക്കുന്നത്. പച്ചപ്പുൽത്തകിടിയിൽ ഇളം കാറ്റിൽ നുരഞ്ഞൊഴുകുന്ന വെൺപാതയുടെ മനോഹാരിത കണ്ട് പ്രഭാതങ്ങളിൽ ഒരു കപ്പു കാപ്പി നുണയുന്നത് ഒരനുഭവമാകുമെന്നുറപ്പ്. വൈകുന്നേരം നിലാവെട്ടത്തിൽ ഇഷ്ടഭക്ഷണവുമായി മെല്ലെ ആസ്വദിക്കുന്നതും മറക്കാനാകാത്ത ഓർമയാകും.

RAIN-FOREST7
മഴക്കാട് റിസോാർട്ട്(Image from Rain forest official site)

താഴത്തെ രണ്ടു നിലയിലായാണ് മുറികൾ. ആകെ പത്തു മുറികളാണുള്ളത്. മിനിമലിസത്തിലൂന്നിക്കൊണ്ടുള്ള ഫർണീച്ചറുകൾ മുറികളുടെ അഴകു കൂട്ടുന്നു. നീളൻ ജനാലകൾ കാടിന്റെ ഭംഗി മുറിയിലേക്കും നിറയ്ക്കുന്നുണ്ട്. എല്ലാ റൂമുകളിലും പ്രകൃതിയിലേക്ക് തുറക്കുന്ന ബാൽക്കണികളുണ്ട്. അവിടേക്കിറങ്ങി നിന്നാൽ വെള്ളച്ചാട്ടത്തിന്റെ  മനോഹാരിത വീണ്ടും വീണ്ടും മനസ്സിലേക്ക് നുകർന്നെടുക്കാം. കിളികളുടെ ചിലപ്പുകളും കാട്ടു പൂക്കളുടെ ഗന്ധവും നിങ്ങളെ തേടിയെത്താം ബാത്ത്റൂമുകളെല്ലാം ജാക്വൂസികളാണ്.

യാത്രയുടെ മടുപ്പിക്കുന്ന ക്ഷീണമൊഴുക്കി കളയാനായി റെയിൻ ഷവറിന്റെ ചുവട്ടിൽ നിന്നാൽ മതി. വെള്ളം നിങ്ങളെ മസാജു ചെയ്ത് ഉണർവിലേക്കു നയിക്കും. റൂമുകളെ, സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ ലക്ഷ്വറി, പ്രീമിയം, സെലസ്റ്റിയൽ, കോട്ടേജ് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.

ലക്ഷ്വറി റൂമുകളിൽ മിനിബാറുകൾ സെറ്റ് െചയ്തിട്ടുണ്ട്. കാടിനുള്ളിലായതു കൊണ്ട് എല്ലാ റൂമുകളും പ്രാണികളും പൊടിയും ഇല്ലാതിരിക്കാനുള്ള മുൻകരുതലുകളുണ്ട്.

RAIN-FOREST3

കാട്ടിലൊരു കിളിക്കൂട്

പ്രണയത്തിന്റെ താഴ്‍വരകളിൽ കൊക്കുരുമ്മുന്ന പക്ഷികളായി പറക്കുമ്പോൾ ചിന്തിച്ചിട്ടില്ലേ മരത്തിന്റെ തുഞ്ചത്തുള്ളൊരു കൂട്ടിൽ ചേക്കേറാനായെങ്കിലെന്ന്. അങ്ങനെയുള്ളവർക്കുള്ള താണ് ട്രീ ഹൗസ്. വളരുന്ന മരത്തിൽ ഒരു സ്വിസ്സ് ആർക്കി ടെക്ടാണ് അത് ഡിസൈൻ ചെയ്തിരിക്കുന്നത്. കേരളത്തിൽ അപൂർവമാണ് ഇത്തരമൊന്ന് പ്രഭാതങ്ങളിൽ കാറ്റ് വന്ന് നിങ്ങളെ വിളിച്ചുണർത്താതിരിക്കില്ല. ചേക്കേറാൻ പോകുന്ന കിളികൾ സന്ധ്യയായെന്നു  നിങ്ങളോടു കൂടി പറയാതെ പറന്നു പോവുകയുമില്ല. രാത്രികളിൽ  വെള്ളച്ചാട്ടത്തിന്റെ ഗർജ്ജനം നിങ്ങളുടെ നിശ്ശബ്ദതയിൽ കൂട്ടായെത്തും.

RAIN-FOREST6

എയർ കണ്ടീഷൻ കൂടി വേണ്ടാത്തവിധം അത്ര തണുപ്പാണ് പച്ച പിടിച്ച കാട് മുറികളിലെത്തിക്കുന്നത്. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ട്രീ ഹൗസ് പ്രണയിക്കുന്നവർക്ക് ഓർമയില്‍ തൂവൽ പൊഴിക്കുന്ന ഒരു കൂടാരമായിരിക്കും.

RAIN-FOREST4

പ്രകൃതി കണ്ട് വെള്ളത്തിൽ മുങ്ങിക്കിടക്കാനായി വലിയവർക്കും കുട്ടികൾക്കുമുള്ള സ്വിമ്മിങ് പൂളുകളുണ്ട്. സൺബാത്ത്  നടത്തണമെങ്കിൽ അതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. നീന്തൽക്കുളത്തിനു താഴേക്കുള്ള വഴി കാട്ടു പാതയാണ്. 

RAIN-FOREST1

പലതരം മരങ്ങൾ അതിരുതിരിക്കുന്നിടം. ഒന്നിച്ചിറങ്ങിച്ചെന്നാൽ സൂര്യൻ ഉദിച്ചുയരുന്നതിനൊപ്പം ധ്യാനത്തിലലിയാൻ ഒരു ചെറുകുടിലുണ്ട്. ഒട്ടേറെ ഔഷധസസ്യങ്ങൾ കൂടി നിറഞ്ഞ പ്രകൃതിയിലെ ശുദ്ധവായുവിനൊപ്പം മനസ്സും ശരീരവും ശുദ്ധീകരിക്കാം.

പച്ചനിറമുള്ള കാട്

ഇനി കാട്ടിലേക്കാണ് യാത്ര വഴി കാണിക്കാൻ കാടിനെയറിയുന്ന ഗൈഡ് കൂടെയുണ്ട്. മുമ്പേ പോയവർ പതിച്ചു തന്നൊരു കാട്ടു വഴിയിലൂടെയാണ് നടന്നു പോകേണ്ടത്. നിങ്ങളെത്തന്നെ മറന്നു കൊണ്ട് അതിലെ വെറുതെ നടന്നേക്കുക. നിറയെ മാമ്പഴം പൊഴിഞ്ഞു കിടക്കുന്നുണ്ടാവും. ഒന്നു കയ്യെത്തിച്ചാൽ പറിച്ചെടുക്കാൻ പാകത്തിൽ വിളഞ്ഞു മധുരമൂറിയും കിടപ്പുണ്ട് ഏറെ. പതിനഞ്ചിലേറെ വ്യത്യസ്ത മാവുകൾ പലയിടങ്ങളിലായി പൂത്തു കിടക്കുന്നുണ്ട്. ഇടയ്ക്ക് കുരങ്ങും മാനും മലയണ്ണാനും കരടികളും പുള്ളിപ്പുലികളും പലതരം ചിത്രശലഭങ്ങളും പാണ്ടൻ വേഴാമ്പലുകളുമെല്ലാം കൂട്ടുകൂടാനെത്തും. ചക്കയും മാങ്ങയും ആഞ്ഞിലിച്ചക്കയും പറങ്കിമാങ്ങയും തിന്നാനായി അവരിങ്ങനെ പാഞ്ഞു നടക്കും. കാട്ടിലെ പേരറിയാ ചെടികളെയും മരങ്ങളെയുമെല്ലാം ഗൈഡ് പരിചയപ്പെടുത്തും. ഒന്നര കിലോമീറ്റർ നടന്നാൽ അതിരപ്പിള്ളി വെള്ളച്ചാട്ടമായി. ചെറിയ നീരൊഴുക്കുകളാണ് തുടക്കത്തിൽ വേണമെങ്കിൽ അവിടെയുള്ള ഉറവകളിൽ മുങ്ങിക്കിടന്ന് തണുപ്പിനെ ഉള്ളിലേക്കെടുക്കാം. ഇതുവരെ കൈയെത്തും ദൂരെ നിന്ന് മോഹിപ്പിച്ച സുന്ദരിയെ അടുത്തു കാണണമെങ്കിൽ ഗൈഡ് നിങ്ങളെ വെള്ളച്ചാട്ടത്തിനടുത്തേക്ക് സുരക്ഷിതമായി കൂട്ടി പോകും.

RAIN-FOREST4

‘‘കാട്ടിലേക്കിറങ്ങാനും, വെള്ളച്ചാട്ടത്തിനടുത്തേക്ക്  കൊണ്ടു പോകാനുമൊക്കെ സഞ്ചാരികൾക്ക് സൗകര്യമുണ്ട്. ആവശ്യപ്പെടുന്നവരെ മുകളിൽ വെള്ളച്ചാട്ടം തുടങ്ങുന്നിടത്തേക്കു കൊണ്ടു പോകാറുണ്ട്. കാടും ചോലയും തെളിനീരുപോലെയറിയുന്ന അന്നാട്ടുകാരൻ കൂടിയായ ഗൈഡ് കൂടെയുള്ളതിനാൽ പേടിക്കേണ്ട സാഹചര്യമില്ല. ഇവിടെ നിൽക്കുന്നത്ര സമയം എല്ലാവർക്കും പ്രകൃതിയിൽ മുഴുകാന്‍ പറ്റണം. അതാണ് റെയിൻ ഫോറസ്റ്റിന്റെ ആഗ്രഹം’’ ജെയ്മോൻ പറയുന്നു.

ബ്രേക്ഫാസ്റ്റും ഡിന്നറും പാക്കേജിലുണ്ട്. ഉച്ചഭക്ഷണം നാടൻ സദ്യയാണ്. പറമ്പിക്കുളം ഫോറസ്റ്റ് അടുത്തു തന്നെയാണ്. താൽപര്യമുണ്ടെങ്കിൽ അവിടേക്കു കൊണ്ടു പോകും. വേണമെങ്കിൽ സൈക്കിൾ സവാരിയും നടത്താം. അതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. 

നിങ്ങൾ ട്രെക്കിങ്ങിനു പോകുന്നുണ്ടെങ്കിൽ ഭക്ഷണവും വെള്ളവുമെല്ലാം പൊതിഞ്ഞ് കയ്യിൽ തരും. ഓൺലൈൻ ബുക്കിങ്ങാണ് കൂടുതലും. പിന്നെ ട്രാവൽ ഏജന്റുമാർ വഴിയും. വിദേശികളാണ് കൂടുതലും താമസിക്കാനെത്തുന്നത്. ഒരിക്കൽ വന്നവര്‍ പിന്നെയും വിരുന്നിനെത്തുന്നത് പതിവാണെന്ന് ജോലിക്കാരുടെ സാക്ഷ്യം.

കാട്ടിലേക്ക് നടക്കാനിറങ്ങി. വഴിയിൽ വച്ച് ദാഹിച്ചാൽ കുടിക്കാൻ ജ്യൂസും വെള്ളവും, വിശപ്പടക്കാൻ  സ്നാക്സുമെല്ലാം റിസോർട്ടിൽ നിന്ന് പൊതിഞ്ഞു തന്നു. പക്ഷേ, അതിന്റെ ആവശ്യമില്ലായിരുന്നുവെന്ന് നടപ്പ് തുടങ്ങിയപ്പോൾ തിരിച്ചറിഞ്ഞു. നാവിൽ രുചിയുടെ നാട്ടുമണമൂറിക്കുന്ന മാമ്പഴങ്ങൾ കാടു തന്നെ കാത്തു വയ്ക്കുമ്പോൾ പിന്നെ, നമ്മൾ ഭക്ഷണം കയ്യിൽ കരുതുന്നെതെന്തിനാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA