sections
MORE

ദുബായിലെ അദ്ഭുതം കണ്ടു, നടി മറീന

mareena travel
SHARE

അഭിനയിച്ച സിനിമകളുടെ എണ്ണം കുറവാണെങ്കിലും മറീന മൈക്കിളിനെ അറിയാത്തവർ ചുരുക്കമാണ്. വിനീത് ശ്രീനിവാസനൊപ്പം എബിയിൽ അഭിനയിച്ചതോടെ മറീന കൂടുതൽ ശ്രദ്ധേയയായി. സുന്ദരിയാണെങ്കിലും ചുരുണ്ടമുടിയാണ് മറീനയുടെ ഹൈലൈറ്റ്. മോഡലിങാണ് പാഷനെങ്കിലും അഭിനയത്തിലും സൂപ്പർഹിറ്റാണ് ഈ താരം. മോഡലിങ്ങും അഭിനയവും കഴിഞ്ഞാൽ  പ്രകൃതി സൗന്ദര്യം ആസ്വദിച്ചുള്ള യാത്രകളോടാണ് ഇഷ്ടം. മറീന മൈക്കിളിന്റെ യാത്രാവിശേഷങ്ങൾ മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.

mareena2
ദുബായ് മിറാക്കിൾ ഗാർ‍ഡൻ

ട്രാവൽ സിക്നെസ്സ് ഉള്ള യാത്രാപ്രേമിയാണ് ഞാൻ. ദീർഘദൂരം വാഹനത്തിലുള്ള യാത്ര വല്ലാതെ അലോസരപ്പെടുത്തുമെങ്കിലും യാത്രയോട് ഒരിക്കലും നോ പറയാനാവില്ല. അത്രയ്ക്ക് ഇഷ്ടമാണ് യാത്രകള്‍. പ്രകൃതിയോട് ഇഴുകിചേർന്ന യാത്രകളാണ് കൂടുതലും തെരഞ്ഞെടുക്കുന്നത്. എവിടേക്ക് യാത്രചെയ്താലും ഇടയ്ക്ക് വാഹനം നിർത്തി കാഴ്ചകളൊക്കെ ആസ്വദിച്ച്, ചായകടയിൽ നിന്നും കട്ടനും കുടിച്ചാണ് ‌യാത്ര തുടരുന്നത്. പരിധിവരെ ട്രാവല്‍ സിക്നെസ്സിനെ മറികടക്കുന്നതും ഇങ്ങനെയാണ്.

ദുബായ് മിറാക്കിൾ ഗാർ‍ഡൻ
ദുബായ് മിറാക്കിൾ ഗാർ‍ഡൻ

യാത്രയുടെ ലിസ്റ്റിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഒാസ്ട്രേലിയൻ ട്രിപ്പായിരുന്നു. പ്രോഗ്രാമിന്റെ ഭാഗമായിരുന്നു യാത്ര. ഒാണത്തിന്റെ സമയത്ത് പതിനഞ്ച് ദിവസം ഒാസ്ട്രേലിയയിലുണ്ടായിരുന്നു. മൂന്നു ദിവസത്തെ പരിപാടി കഴിഞ്ഞ് ഞങ്ങൾ ഫ്രീയായി. പിന്നെ അവിടുത്തെ കാഴ്ചകൾ തേടിയുള്ള യാത്രയായിരുന്നു. നമ്മൾ വിചാരിക്കുന്ന പോലെയല്ല ഒാസ്ട്രേലിയ. തിരക്കുള്ള നഗരമാണെങ്കിലും പച്ചപ്പിന്റെ നിറസാന്നിദ്ധ്യം അവിടെ ദൃശ്യമായിരുന്നു. പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങളോടാണ് എനിക്ക് പ്രിയമധികവും. എങ്കിലും ഒപ്പേറ ഹൗസും, എൻവിയോൺമെന്റ് പാർക്കുമൊക്കെ സന്ദർശിച്ചു. എന്നെ ഏറ്റവുമധികം ആകർഷിച്ചത് അവിടുത്തെ വീടുകളാണ്. എല്ലാ വീട്ടിലും പൂന്തോട്ടമുണ്ട്. പലവർണങ്ങളിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കൾക്ക് എന്ത് ഭംഗിയാണ്. ഓഗസ്റ്റ് മാസമായിരുന്നു യാത്ര അതുകൊണ്ടു തന്നെ തണുത്ത കാലാവസ്ഥയിൽ വിരിയുന്ന പൂക്കളും കാണാൻ സാധിച്ചു. പ്രകൃതിയോടുള്ള ഇഷ്ടം കാരണം എന്റെ കണ്ണുകള്‍  തേടിയത് പൂക്കളും പച്ചപ്പുമാണ്.

ദുബായിലെ അദ്ഭുതം

ദുബായിൽ പലതവണ പോയിട്ടുണ്ട്. എന്റെ സുഹൃത്ത് ദുബായ് ഷാർജ ബോർഡറിലാണ് താമസം. നമ്മുടെ നാടിനെ അപേക്ഷിച്ച് ദുബായ്ക്ക് മറ്റൊരു മുഖമാണ്. തിരക്കുള്ള സിറ്റിയാണ്. അംബര ചുംബികളായ കെട്ടിടങ്ങളും ദീപാലങ്കാരങ്ങളും അവയ്ക്കിടയിൽ പ്രൗഡിയോടെ തല ഉയർത്തി നിൽക്കുന്ന ബുർജ് ഖലീഫയും ഷോപ്പിങ്ങ് മാളുകളും മീ‍‌‍‍ഡിയ സിറ്റിയും മൊക്കെയുള്ള ദുബായിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടം ദുബായ് മിറാക്കിൾ ഗാർഡനാണ്.സഞ്ചാരികളില്‍  അദ്ഭുതങ്ങളില്‍ മഹാദ്ഭുതം തീർത്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉദ്യാനം. വൈവിധ്യമാർന്ന പുഷ്പങ്ങളിൽ തീർത്ത അലങ്കാരം ആസ്വദിക്കാൻ ഞാൻ പോയിട്ടുണ്ട്. 

mareena4
ദുബായ് മിറാക്കിൾ ഗാർ‍ഡൻ

കണ്ണുകൾ എങ്ങോട്ട് പായിച്ചാലും നിറഭേദങ്ങളുടെ വൈവിധ്യം നിറയ്ക്കുന്ന പൂക്കളുടെ പൂരകാഴ്ചയാണാവിടെ. പൂക്കളുടെ നിറശോഭ മതിയാവോളം ഞാൻ ആസ്വദിച്ചു. ദുബായ് മിറക്കിൾ ഗാർഡനിൽ നിറകാഴ്ചകളിൽ ശോഭക്കൂട്ടുന്നത് ബട്ടർഫ്ളൈ ഗാർഡനായിരുന്നു. പൂമ്പാറ്റകള്‍ മാത്രമുള്ള ഗാർഡൻ. അമ്പതോളം ഇനങ്ങളിലായി വ്യത്യസ്തങ്ങളായ പൂമ്പാറ്റകള്‍. കാഴ്ചകാരെ വിസ്മയിപ്പിക്കുന്ന ശലഭകാഴ്ചകളുമായി അവയങ്ങനെ പൂക്കൾക്ക് ചുറ്റും തേൻ നുകർന്നു വട്ടമിട്ടു പറക്കുന്നു. എന്ത് ഭംഗിയുള്ള കാഴ്ചകളായിരുന്നു. ഇപ്പോഴും മറക്കാനാവില്ല. ദുബായിലെ മിറാക്കിൾ തന്നെയാണ് ഇൗ ഗാർഡൻ.

mareena7
മറീന മൈക്കിൾ

എനിക്കിഷ്ടം തണുത്ത ഡിസംബര്‍

ഡിസംബര്‍ മാസം എനിക്കൊരു യാത്ര പതിവാണ്. മഞ്ഞുമൂടിയ ഡിസംബറിലെ യാത്ര ശരീരത്തെ മാത്രമല്ല മനസ്സിനെയും കുളിരണിയിക്കും. മിക്ക യാത്രകളും മൂന്നാറിലേക്കാണ് പ്ലാൻ ചെയ്യുന്നത്. ഡിസംബറിലെ തണുപ്പാസ്വദിക്കാൻ ഒരുപാട് ഇഷ്ടമാണ്.  ഹാപ്പി വെഡിങ്ങിന്റെ ഷൂട്ട് കഴിഞ്ഞത് ഡിസംബർ മാസത്തിലായിരുന്നു.

mareena6
മറീന മൈക്കിൾ

ബാഗ് പായ്ക്ക് ചെയ്ത് നേരെ മൂന്നാറിലേക്ക് വണ്ടിവിട്ടു. നേരം ഇരുട്ടിയിരിരുന്നു. മൂന്നാറിലേക്കുള്ള വഴിയും എനിക്ക് തെറ്റിപോയി. ആകെപ്പെട്ടു. അപ്പോഴാണ് രസകരമായ കാഴ്ച കണ്ടത്. ദൂരെ കുന്നിന്റെ മുകളിൽ പല നിറങ്ങളിൽ മെഴുകുതിരി കത്തി നിൽക്കുന്നു. ഞാൻ കുറച്ചു നേരം ആ കാഴ്ച ആസ്വദിച്ചു. സ്ഥലം എവിടെയായിരുന്നു എന്ന് കൃത്യമായി ഒാർക്കുന്നില്ല. ഡിസംബർ മാസത്തിലെ നല്ലൊരു കാഴ്ചയായിരുന്നു  ആ യാത്ര എനിക്ക് സമ്മാനിച്ചത്.

എറണാകുളം ടു കോട്ടയം യാത്ര

എറണാകുളത്ത് നിന്നും കോട്ടയത്തേക്കുള്ള റൂട്ട് എനിക്കിഷ്ടമാണ്. റബ്ബർ മരങ്ങൾ തിങ്ങിമിറഞ്ഞ ചിലയിടങ്ങൾ കാഴ്ചയിൽ മനസ്സ് കുളിർപ്പിക്കും. ഒരുപാട് പ്രിയമാണ്. ആ യാത്രയിലാണ്  അധികമാരും കേട്ടിട്ടില്ലാത്ത ഇരിങ്ങേൽ കാവ് എന്ന ക്ഷേത്രം സന്ദർശിക്കുന്നത്. നിറയെ കാവുകൾ ഉള്ള ക്ഷേത്രമാണ്. അവിടെ ഞാൻ പോകാറുണ്ട്. സന്ധ്യക്കുള്ള ദീപാരാധനക്ക് അവിടെ ഇടയ്ക്ക കൊട്ടും ആ നാദം കാതുകളിലേക്ക് പതിക്കുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്. എനിക്ക് ഒരുപാട് ഇഷ്ടമാണ് ആ ക്ഷേത്രവും ചുറ്റുപാടും.

mareena5
മറീന മൈക്കിൾ

അപ്പച്ചന്റെ കട സൂപ്പറാ

ബീച്ചുകളിൽ എനിക്കേറ്റവും ഇഷ്ടം കൊല്ലം ബീച്ചാണ്. കൊല്ലത്തെ ഏറ്റവും പ്രമുഖമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണിവിടം. മനോഹരമായ മണല്‍പ്പരപ്പാണ്‌.

ഇവിടുത്തെ മറ്റൊരു ആകർഷണം. ബീച്ചിലെ സൗന്ദര്യം ആസ്വദിച്ച് ഒരു ദിവസം തങ്ങാനായി നിരവധി റിസോർട്ടുകളും ഹോട്ടലുകളും ഇവിടെയുണ്ട്. കൊല്ലം ബീച്ചിലെത്തിയാൽ രണ്ടുണ്ട് കാര്യം. കടൽ‌തീരത്തെ സൗന്ദര്യം ആസ്വദിച്ചു കഴിഞ്ഞാൽ അടുത്ത യാത്ര അപ്പച്ചന്റെ കടയിലേക്കാണ്. രുചിയൂറും വിഭവങ്ങൾ കഴിക്കാം. കൊല്ലം ആയൂർ എന്ന സ്ഥലത്താണ് ഇൗ ഹോട്ടലുള്ളത്. സൗകര്യങ്ങൾ കുറവാണെങ്കിലും വിഭവങ്ങളുടെ രുചിയുടെ കാര്യത്തിൽ ഏറെ മുന്നിലാണ്. ഒരു തവണ അപ്പച്ചന്റെ കടയിൽ നിന്നും ഭക്ഷണം കഴിക്കുന്നവർ തീർച്ചയായും രുചിതേടി വരിക പതിവാണ്. രുചിയും ഗുണമേന്മയുമാണ് അപ്പച്ചന്റെ കടയിലെ ഹൈലൈറ്റ്. അവിടുത്തെ വിഭവങ്ങള്‍ക്ക് നല്ല സ്വാദാണെന്നും അവസരം ഒത്തുവന്നാൽ അപ്പച്ചന്റെ കടയിൽ പോകാറുണ്ടെന്നും മറീന പറയുന്നു.

സ്വപ്നയാത്ര

ശാന്തസുന്ദരമായ സ്ഥലങ്ങളിലേക്കുള്ള യാത്രയാണ് എനിക്കേറെ ഇഷ്ടം. കുറച്ചു നാളുകളായി മനസ്സിൽ കടന്നുകൂടിയ ഇടമാണ് ഭൂട്ടാൻ. ഭൂട്ടാന്‍ സന്ദർശിച്ച എന്റെ സുഹൃത്തുക്കൾ പറഞ്ഞു തീർച്ചയായും അവിടം കണ്ടിരിക്കണമെന്ന്.വിരുന്നെത്തുന്ന അതിഥികളെയും നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നവരാണ് ഭൂട്ടാനികൾ എന്നും അവർ പറഞ്ഞു.

bhutan
ഭൂട്ടാൻ

അന്നു തുടങ്ങിയ മോഹമാണ് ഭൂട്ടാൻ യാത്ര. ഏറ്റവും സന്തോഷവും ആനന്ദവുമുള്ള നാടാണ് ഭൂട്ടാൻ. എപ്പോഴും സന്തോഷം മാത്രം തിരയടിക്കുന്ന  ഇൗ നഗരത്തിലേക്ക് യാത്രപോകാൻ ആരാണ് കൊതിക്കാത്തത്. ഭൂട്ടാൻ യാത്രയ്ക്കായി കാത്തിരിക്കുകയാണ് ഞാൻ.  മറീന പറഞ്ഞു നിർത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA