ആനകളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ആനകളെ കണ്ട് ആനപ്പുറത്ത് സവാരിയും പിന്നെ ഒരു ഉഗ്രൻ കുട്ടവഞ്ചി യാത്രയും,. കേള്‍ക്കുമ്പോൾ തന്നെ പോയാല്‍ കൊള്ളാം എന്നാണോ. എങ്കില്‍ വണ്ടി പിടിച്ചോ നേരെ പത്തനംതിട്ടയ്ക്ക്.
പകുതിയില്‍ അധികവും വനഭൂമിയാല്‍ ചുറ്റപ്പെട്ട പത്തനംതിട്ടയുടെ മുഖ്യ ആകര്‍ഷണം കോന്നി ആനവളര്‍ത്തൽ കേന്ദ്രവും അടവി ഇക്കോ ടൂറിസവുമാണ്. അച്ചന്‍കോവിലാറിന്റെ കരയില്‍ സ്ഥിതിചെയ്യുന്ന ജൈവസമ്പന്നമായ വനപ്രദേശമാണ് കോന്നി. കേരളത്തിലെ ആദ്യകാല റിസര്‍വ് വനങ്ങളില്‍ ഒന്നുകൂടിയാണിവിടം.

ആനപരിശീലനകേന്ദ്രമെന്ന പേരില്‍ ലോകമെന്നും പ്രസിദ്ധിയാര്‍ജിച്ച കോന്നി വിനോദസഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഇടം കൂടിയായിത്തീരുന്നത് എണ്ണമറ്റ സവിശേഷതകള്‍ കൊണ്ട് തന്നെയാണ്. ആനകളെ കാണാനും അവയെപ്പറ്റി കൂടുതല്‍ അറിയുവാനും പഠിക്കുവാനും സാധിക്കുന്ന ഒരു പാഠശാല എന്നുവേണമെങ്കില്‍ കോന്നിയെ വിളിക്കാം.
ചരിത്രാതീതകാലം മുതല്‍ കോന്നിയില്‍ ആനവളര്‍ത്തലും പരിശീലനവും ഉണ്ടായിരുന്നുവത്രേ. അതിന്റെ ശേഷിപ്പുപോലെ ഒരു പുരാതന ആനക്കൂട് ഇവിടെ സംരക്ഷിച്ചുപോരുന്നുണ്ട്. പൂര്‍ണമായും തടിയില്‍ നിര്‍മിച്ചിരിക്കുന്ന ഈ ആനക്കൂട് ഇവിടുത്തെ മുഖ്യ ആകര്‍ശണങ്ങളിലൊന്നാണ്.

കുട്ടിയാനകള്‍ മുതല്‍ പ്രായമായ ആനകള്‍ വരെ ഇവിടെ സംരക്ഷിക്കപ്പെടുന്നു. മുഖ്യമായും കാട്ടില് അലഞ്ഞുനടക്കുന്നതും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതുമായ ആനകള്‍ക്ക് വേണ്ടിയാണിപ്പോള്‍ ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല ആനകളുടെ ചിത്രങ്ങളും മറ്റും പ്രദര്‍ശിപ്പിച്ചിട്ടുള്ള ഒരു മ്യസിയവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ആനസവാരി, ആനയൂട്ട്, തുടങ്ങി ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല ട്രെക്കിംഗ്, റോക്ക് ക്ലൈമ്പിങ്, വന്യജീവി നീരിക്ഷണം, പക്ഷിനിരീക്ഷണം എന്നിവയ്ക്കുള്ള സൗകര്യവും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്
കോന്നിയില്‍ നിന്നും അടവിയിലേക്ക്
കോന്നി റിസര്‍വ് വനങ്ങളുടെ ഭാഗമായ അടവി നിബിഡവനങ്ങളാല്‍ സമ്പന്നമാണ്. കല്ലാറിന്റെ കരയിലായി സ്ഥിതി ചെയ്യുന്ന പേരുവാലി മുതല്‍ അടവി വരെയുള്ള 5 കിലോമീറ്റര്‍ നദീതീരം മറ്റൊരു ഇക്കോ ടൂറിസം കേന്ദ്രത്തിനും നല്‍കാൻ കഴിയാത്ത കാഴ്ചകളാണ് സമ്മാനിക്കുന്നത്.
കല്ലാറിലൂടെയുള്ള കുട്ടവഞ്ചി സഞ്ചാരമാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. കേരളത്തില്‍ ആദ്യമായി കുട്ടവഞ്ചി ടൂറിസം നടപ്പിലാക്കുന്നത് ഇവിടെയാണ്. ഹൊഗനക്കലിൽ പോയിട്ടുള്ളവര്‍ ഇത്തരം കുട്ടവഞ്ചികള്‍ കണ്ടിട്ടുണ്ടാകും. വളരെ രസകരമാണ് കുട്ടവഞ്ചി യാത്ര.

കല്ലാറില്‍ മുണ്ടോംമുഴി മുതല്‍ ഇരട്ടയാര്‍ വരെയുള്ള നാലുകീലോമീറ്റര്‍ ദൂരമാണ് കുട്ടവഞ്ചിയിലുള്ള സാഹസിക യാത്ര. ഒരു വഞ്ചിയില്‍ ഒരു സമയം 4 മുതല്‍ 6 പേര്‍ക്ക് വരെ സഞ്ചരിക്കാനാകും. ഒരാള്‍ക്ക് 200 രൂപയാണ് ഫീസ്. ഒറ്റദിവസം കൊണ്ട് തന്നെ കോന്നി ആനവളര്‍ത്തൽ കേന്ദ്രവും അടവിയും സന്ദര്‍ശിച്ചു മടങ്ങാം.
കൊല്ലത്തുനിന്നും കൊട്ടാരക്കരയില്‍ നിന്നുമെല്ലാം കെഎസ്ആര്‍ടിസി അടക്കം ധാരാളം ബസ് സര്‍വീസ് കോന്നിയിലേക്കുണ്ട്. കടുത്ത വേനല്‍കാലത്ത് അടവി ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടുന്നതിനാല്‍ യാത്ര ഒഴിവാക്കാം. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവര്‍ത്തന സമയം.
കോന്നി ആനക്കൂട് കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണ് അടവി ഇക്കോ ടൂറിസം കേന്ദ്രവും പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടവി ഇക്കോ ടൂറിസം ഓഫീസുമായോ കോന്നി ഇക്കോ ടൂറിസം ഓഫിസുമായോ ബന്ധപ്പെടാം.
കോന്നി ഇക്കോ ടൂറിസം ഓഫീസ് – 0468-224765, 2342005
കോന്നി ഡിവിഷണല് റഫോറസ്റ്റ് ഓഫീസ്- 0468- 2242233