എനിക്കൊരു സ്വപ്നയാത്രയുണ്ട്, നടി അനിഘ

Anika
SHARE

ബാലതാരമായി മലയാള ചലച്ചിത്രരംഗത്തെത്തിയ കൊച്ചു മിടുക്കി അനിഘയെ അറിയാത്തവരും ഇഷ്ടപ്പെടാത്തവരായും ആരുമില്ല. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഘയുടെ അരങ്ങേറ്റം. മലയാള സിനിമയിലെ തുടക്കക്കാരി എന്നതിലുപരി മികച്ച അഭിനയം കാഴ്ചവച്ച ഇൗ കൊച്ചു സുന്ദരി പ്രേക്ഷകരുടെ കൈയ്യടി നേടിയത് ചുരുങ്ങിയ കാലംകൊണ്ടാണ്. ഇപ്പോൾ ബാലതാരം എന്ന ലേബൽ മാറിയിരിക്കുന്നു. മലയാളത്തിലും തമിഴിലും അഭിനയിച്ച് തകർത്ത കൊച്ചുസുന്ദരിയുടെ ഇഷ്ടവിനോദങ്ങളിലൊന്നാണ് യാത്രകൾ. അനിഘയുടെ വിശേഷങ്ങളും സ്വപ്ന യാത്രകളും മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.

anikha-travel-pic7
അനിഘയുടെ യാത്ര

യാത്രകളെ കുറിച്ച് പറയുമ്പോൾ നൂറുനാവാണ് ഇൗ സുന്ദരിക്കുട്ടിക്ക്. സ്കൂളിൽ നിന്നുമുള്ള വിനോദയാത്രയാണ് മിടുക്കിക്ക് ഏറെ ഇഷ്ടം. കൂട്ടുകാർക്കൊപ്പമുള്ള അടിച്ചുപൊളിച്ച യാത്ര നല്‍കുന്ന സന്തോഷം ഒന്നുവേറെ തന്നെയാണെന്നും അനിഘ പറയുന്നു. സ്കൂളിൽ നിന്നുമുള്ള ഉല്ലാസയാത്ര തിരുവന്തപുരത്തേക്കായിരുന്നു. കാഴ്ചകൾ കൊണ്ടു സമ്പന്നമാണ് കേരളത്തിന്റെ തലസ്ഥാന നഗരം.

ankha-trip9
യാത്രയിൽ അനിഘ

"പത്മനാഭസ്വാമിക്ഷേത്രം, കുതിരമാളിക, ശംഖുമുഖം ബീച്ച്, വേളി ടൂറിസ്റ്റ് വില്ലേജ്, കോവളം, മ്യൂസിയം, കാഴ്ച ബംഗ്ലാവ്, മാജിക് പ്ലാനറ്റ് അങ്ങനെ സുന്ദരകാഴ്ചകളുടെ പൊടിപൂരമായിരുന്നു. കാഴ്ച ബംഗ്ലാവും മാജിക് പ്ലാനറ്റും പ്ലാനിറ്റോറിയവും ബീച്ചുമൊക്കെ ഒരുപാട്  ഇഷ്ടപ്പെട്ടു. ശംഖുമുഖം ബീച്ചിലായിരുന്നു തകർത്ത്പൊളിച്ചത്. ആഞ്ഞടിക്കുന്ന തിരമാലയിൽ കാലുകൾ നനച്ചു കുറെ നേരം അവിടെ ചിലവഴിച്ചു. വീട്ടുകാരോടൊപ്പം പോകുമ്പോൾ ബീച്ചിലിറങ്ങാനുമൊക്കെ അധികം സമ്മതിക്കാറില്ല. പ്രത്യേകിച്ച് അമ്മ. മറ്റൊന്നു കൊണ്ടുമല്ല പേടിയാണ് കാരണം. നമ്മുടെ സുരക്ഷക്കു വേണ്ടിയാണ് പറയുന്നതെന്ന് നന്നായി അറിയാം എന്തായാലും കൂട്ടുകാർക്കൊപ്പമുള്ള യാത്ര എനിക്ക് ഒരുപാട് ഇഷ്ടമാണ്". അനിഘ പറയുന്നു.

anikha-travel-pic6
കാഴ്ചകൾ ആസ്വദിച്ച് അനിഘ

സിനിമ നൽകിയ ഭാഗ്യം

"യാത്രകൾ ഒരുപാട് നടത്തിയിട്ടുണ്ടെങ്കിലും മിക്ക യാത്രകളും ഷൂട്ടിന്റെ ഭാഗമായിരുന്നു. എങ്കിലും സുന്ദരകാഴ്ചകൾ നിറഞ്ഞ ഒരുപാട് ഇടങ്ങൾ സന്ദർശിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ മിക്കയിടത്തും പോയിട്ടുണ്ട്. കേരളത്തിൽ നിന്നും മാറിയാൽ ഇന്ത്യ സംസ്കാര വൈവിധ്യങ്ങളുടെ നാടാണ്. സ്കൂളിൽ സോഷ്യൽ സയൻസ് പഠിക്കുമ്പോൾ മുതൽ ഇന്ത്യയുടെ ചരിത്രവും ഭാഷയും കാഴ്ചകളും ഭക്ഷണവും സംസ്കാരവുമൊക്കെ കൂടുലതറിയാനും പഠിക്കുവാനും ഞാൻ ഇഷ്ടപ്പെട്ടിരുന്നു. രാജസ്ഥാൻ, വെസ്റ്റ് ബംഗാൾ, പഞ്ചാബ്,സിക്കിം ,ഡൽഹി, എന്നിവിടങ്ങളിലേക്ക് ഷൂട്ടിന്റെ ഭാഗമായി സന്ദർശിച്ചിട്ടുണ്ട്. അവിടുത്തെ കൾച്ചറും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു." - അനിഘ പറയുന്നു.

anikha-travel-pic1
ലൊക്കേഷൻ ട്രിപ്പ്

രാജസ്ഥാനില്‍ ജോധ്പൂരും ജയ്പൂരും വല്ലാതെ ആകർഷിച്ച സ്ഥലങ്ങളാണ്. മരുഭൂമികളും കൊടുംകാടുകളും ഒരുപോലെ ഉൾക്കൊള്ളുന്ന വര്‍ണ വിസ്മയങ്ങളുടെ പറുദീസയാണ് രാജസ്ഥാന്‍‍‍. നീലനഗരമെന്ന വിളിപേരിലറിയപ്പെടുന്ന ജോധ്‌പൂരിലെ കോട്ടകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും വീടുകൾക്കു വരെ നീലമയമാണ്. സാംസ്കാരിക-കലാ പാരമ്പര്യമുള്ള ഈ പുരാതന നഗരത്തിന്‍റെ നീലിമ ആരെയും ആകർഷിക്കും. ആദ്യകാഴ്ചയിൽ തന്നെ ബ്ളൂ സിറ്റി ആർക്കും ഇഷ്ടമാകും. "സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കിലേക്കുള്ള യാത്രയും ഷൂട്ടും രസകരമായിരുന്നു. യാത്രയിലും കാഴ്ചയിലും കുളിരണിഞ്ഞ ഒാര്‍മകളാണ് ഗാങ്ടോക്ക് സമ്മാനിച്ചത്. പഗോഡ കൊണ്ട് മേഞ്ഞ വീടുകളും ഹില്‍ സ്‌റ്റേഷന്റെ വശ്യമായ സൗന്ദര്യവും ഗാങ്‌ടോക്കിന്റെ പ്രകൃതിദത്തമായ മാറ്റ് കൂട്ടുന്നു."

anikha-travel-pic
മൈസൂർ യാത്രയിൽ

ഫാമിലി ട്രിപ്പ്

"എല്ലാവരുടെയും തിരക്കു കാരണം ട്രിപ്പിന് സമയം കിട്ടാറില്ല. ഒത്തിരി ദിവസം മാറി നിൽക്കാനുമാകില്ല. ഫാമിലിയുമായി ഒന്നിൽ കൂടുതൽ തവണ യാത്ര പോയത് മൂന്നാറാണ്. വല്ലാത്ത ഇഷ്ടമാണവിടം. മഞ്ഞും തണുപ്പും ഒരേപോലെ അനുഭവിക്കാം. മൂന്നാറിൽ പോയാൽ രണ്ടുമൂന്നു ദിവസത്തെ താമസം റിസോർട്ടിലാണ്. എത്ര കണ്ടാലും വീണ്ടും പോകുവാൻ മോഹിപ്പിക്കുന്നയിടമാണ് മൂന്നാർ. കാൻവാസിൽ കോറിയ ചിത്രം പോലെ കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകൾ,  മഞ്ഞുപുതച്ച വഴികൾ. ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും. വർണനകളിലൊതുക്കാനാകില്ല മൂന്നാറിന്റെ സൗന്ദര്യം. മൂന്നാറിലേക്കുള്ള യാത്രയിൽ കരിമ്പാറ കൂട്ടങ്ങൾക്കിടയിലൂടെ വെള്ളിയാഭരണം പോലെ ഒഴുകിയിറങ്ങുന്ന ചെറുവെള്ളചാട്ടങ്ങളുണ്ട്. കാഴ്ചയിൽ എന്തുഭംഗിയാണന്നോ? എനിക്ക് ഇഷ്ടമാണ് ആ കാഴ്ചകളൊക്കെ." – അനിഘ പറയുന്നു.

ഞങ്ങളുടെ മിനി ഉൗട്ടി

anikha-travel-pic5

എന്റെ വീട് മലപ്പുറത്താണ്. വീക്കന്റിൽ വീട്ടുകാരുമൊത്ത് ഒൗട്ടിങ്ങിന് പോകാറുണ്ട്. മറ്റു ജില്ലകളിൽ വച്ച് മലപ്പുറത്ത് ടൂറിസ്റ്റ് കേന്ദ്രങ്ങൾ കുറവാണെന്നാണ് മിക്കവരും കരുതുന്നത്. ടൂറിസ്റ്റ് ഇടങ്ങളുടെ കാര്യത്തിൽ ‍ഞങ്ങളുടെ മലപ്പുറം അത്ര മോശമല്ല കേട്ടോ. സുന്ദരകാഴ്ചകൾ സമ്മാനിക്കുന്ന സ്ഥലങ്ങളുമുണ്ട്. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് മലപ്പുറംകാരുടെ മിനി ഉൗട്ടിയായ അ‌രിമ്പ്ര മലയാണ്. സമുദ്ര‌നിരപ്പിൽ നിന്ന് 1050 അടി ഉയ‌‌രത്തിലാണ് സ്ഥിതി ചെയ്യുന്നത്. മലപ്പുറത്തുള്ളവർ മിനി ഊ‌ട്ടി എന്ന് വിളിക്കു‌ന്ന ഈ ഹിൽ‌സ്റ്റേഷനിലേക്ക് നിരവധി സഞ്ചാരികളും എത്തിച്ചേരാറുണ്ട്. മിഴിവേകുന്ന സുന്ദരമായ പ്രകൃതി ദൃശ്യമാണ് അരിമ്പ്രമലയുടെ മുഖ്യാകര്‍ഷണം. .മിക്ക സമയത്തും കോട മഞ്ഞിനാല്‍ മൂടപ്പെട്ടു കിടക്കുന്ന കാലാവസ്ഥയാണ്. ഷൂട്ടിന്റെ ഭാഗമായിരുന്നു ഞാൻ അരിമ്പ്രമലയെ കൂടുതൽ അറിഞ്ഞത്. ഒരിക്കൽ പോയവരെ വീണ്ടും ഇവിടം സ്വാഗതം ചെയ്യും. മനോഹരമാണ് ഇവിടുത്തെ വ്യൂ പോയിന്റ്‌.

anikha-travel-pic2

സ്വപ്നമുണ്ട്

ഇപ്പോൾ ഞാൻ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്. ഇൗ പ്രായത്തിനുള്ളിൽ ഇന്ത്യയിലെ മിക്ക സ്ഥലങ്ങളും സന്ദർശിക്കാൻ സാധിച്ചത് സിനിമ നൽകിയ ഭാഗ്യം തന്നെയാണ്. യാത്ര ചെയ്യുവാൻ ഇഷ്ടപ്പെടുന്ന എനിക്ക് ഇനിയും ഒരുപാട് ഇടങ്ങൾ കണ്ടുതീർക്കാനുണ്ട്. ചിത്രങ്ങളും വി‍ഡിയോകളും കണ്ട് മോഹിപ്പിച്ച ചില സ്ഥലങ്ങളുണ്ട്. മാലദ്വീപ്, മൗറീഷ്യസ്. ന്യൂയോർക്ക്, പാരീസ് ലണ്ടൻ. ഇവിടേക്കുള്ള യാത്ര എന്റെ സ്വപനമാണ് സ്വപ്നയാത്രയാക്കായി ഇനിയും ഒരുപാട് ദൂരം ജീവിതത്തിൽ ഞാൻ സഞ്ചരിക്കേണ്ടതുണ്ട്. എന്റെ സ്വപ്നം യാഥാര്‍‍ഥ്യമാക്കും അനിഘ പറഞ്ഞു നിർത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA