വട്ടവടയിലെ തണുപ്പും അഭിമന്യുവിന്റെ ഓർമകളും

vattavada-trip4
SHARE

രാവിലെ എഴുന്നേൽക്കുമ്പോൾ തണുപ്പ് കാലിലൂടെ അരിച്ചു കയറുന്നു. തിരുവാതിര രാവിൽ പോലും ഉഷ്ണിച്ചു വിയർത്തതിന്റെ കേടിൽ പ്രകൃതിയോട് പരാതി പറഞ്ഞു നിൽക്കുന്നതിന്റെ ഇടയിലാണ് മകരമാസം തുടങ്ങും മുൻപ് മഞ്ഞു പൊഴിഞ്ഞു തുടങ്ങുന്നത്. പിന്നെയങ്ങോട്ട് തണുപ്പ് നിറഞ്ഞ ദിവസങ്ങളായിരുന്നു. എന്നും തണുപ്പോടു തണുപ്പ്. രാത്രിയിലും പുലരിയിലും മാത്രമല്ല പകൽ ചൂടിൽ മുറ്റമെരിയുമ്പോഴും വീടിനുള്ളിൽ മുറിയിലെ ഇരുൾച്ചയിൽ തണുപ്പ് വന്ന് പതുങ്ങിയിരിപ്പാണ്. ഇടയ്ക്ക് വന്നു "കണ്ടേ" എന്ന അലറിവിളിച്ചു ഒറ്റ വരിഞ്ഞു മുറുക്കലാണ്. വിറച്ചു പോകുന്ന തണുപ്പ്. ആ തണുപ്പിനെ ശരിയായി അറിയണമെങ്കിൽ എങ്ങോട്ട് പോകണമെന്നായി പിന്നീടുള്ള ചിന്ത.

vattavada-trip
വട്ടവടയിലേക്ക്

മൂന്നാറിൽ പല രാത്രികളിലും 'മനസ് വരെ'യെത്തുന്ന തണുപ്പിൽ മഞ്ഞുവെള്ളം ഘനീഭവിച്ച് ഐസായി തീരുന്നതിന്റെ വാർത്തകളിലേക്ക് ശ്രദ്ധ പോയപ്പോൾ പിന്നെ യാത്ര മൂന്നാറിലേക്കെന്നു തന്നെ ഉറപ്പിച്ചു.

"മൂന്നാറിലേക്കാൾ തണുപ്പ് വട്ടവടയിലാണ് കേട്ടോ", അടുത്ത സുഹൃത്ത് ദിശ കാട്ടി തന്നപ്പോൾ പിന്നെ യാത്ര മൂന്നാർ, മാട്ടുപ്പെട്ടി വഴി വട്ടവടയിലേക്കാക്കി. മാട്ടുപ്പെട്ടിയിലെ സുഹൃത്ത് നിതീഷ് വട്ടവടയിൽ താമസിക്കാൻ ഒരു റൂം ഏർപ്പാട് ചെയ്തിരുന്നതുകൊണ്ട് യാത്രയിൽ നിതീഷും വട്ടവട വരെ കൂട്ടു വന്നു. അടിമാലി വഴി മൂന്നാർ യാത്ര കുറെ പോയിട്ടുണ്ടെങ്കിലും ഓരോ തവണയും ആ വഴികൾ ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങി ചേരും. ആദ്യമായി കോളേജിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം പോയതിന്റെ ഓർമകൾ ഓരോ യാത്രയിലും പങ്കിടും. എത്ര കേട്ടാലും മതിയാകാത്ത പോലെ കൂട്ടിരിപ്പുകാരൻ പിന്നെയും ഓർമകഥയിലേയ്ക്ക് നോക്കി ചിരിക്കും. ഒട്ടും വലുപ്പമില്ലാത്ത മൂന്നാറിന്റെ ശ്വാസം മുട്ടലിൽ നിന്നും മാട്ടുപ്പെട്ടിയിലേക്കുള്ള വളവിലൂടെ പിന്നെയും വണ്ടി മുന്നോട്ടു പോയി.

vattavada-5
വട്ടവടയിലേക്കുള്ള യാത്രയിൽ

മാട്ടുപ്പെട്ടി എന്നാണു സ്ഥിരം കേൾക്കുന്നത്, പക്ഷേ സംഭവം മാട്ടുപ്പെട്ടിയല്ല, മാടുകൾ (നാൽക്കാലികളായ മൃഗങ്ങൾ) അനവധിയുള്ള ഇടമായതുകൊണ്ടാവാം മാടുപ്പെട്ടി എന്ന പേരാണ് ആ സ്ഥലത്തിന് യോജിക്കുകയെന്ന് തോന്നുന്നു. മാടുപ്പെട്ടിയിലെ കൗ ബോയ് പാർക്കിലെ മാനേജരായ നിതീഷിനെയും അദ്ദേഹത്തിന്റെ സുഹൃത്തായ സന്ദീപിനെയും കൂട്ടി വട്ടവടയിലെ റോഡിലേക്ക് ഞങ്ങൾ കയറി. അധിക ബുദ്ധിമുട്ടിക്കാത്ത റോഡ്, പ്രളയത്തിന്റെ മലയിടിച്ചിലിൽ മൂന്നാറിലേക്കുള്ള പല റോഡുകളും തകർന്നു പോയിരുന്നതിന്റെ നിർമാണങ്ങൾ നടക്കുകയാണ്.

vattavada-trip2
വട്ടവട

പ്രളയത്തിന് ശേഷം സന്ദർശകരുടെ ബാഹുല്യം ഉണ്ടാകേണ്ട സമയമാണെങ്കിലും മൂന്നാറിൽ പോലും അധികം തിരക്കില്ല. മാട്ടുപ്പെട്ടി എക്കോ പോയിന്റുവരെ വാഹനങ്ങളുടെ നിര നിരയായ അകമ്പടിയുണ്ടായിരുന്നു, ഒരിടത്ത് കാട്ടാനകളുടെ കൂട്ടം നിൽക്കുന്നതുകണ്ട യാത്രികർ പലരും വാഹനമൊതുക്കി വന്യതയുടെ ഭംഗി ഫോണിലും കാമറയിലും പകർത്തുന്നു.

വട്ടവടയിലേക്ക് കടക്കാൻ ചെക്ക് പോസ്റ്റുണ്ട്. അവിടെ വാഹനത്തിന്റെ നമ്പറും ഒപ്പും നൽകിയാൽ ചെക്ക് പോസ്റ്റ് കടന്നു അകത്തേക്ക് കടന്നു പോകാം. ഫോറസ്റ്റിന്റെ കീഴിലാണ് വട്ടവടയിലേക്ക് പോകുന്ന ആ വഴി. കാട് തന്നെ. 

ചുറ്റും ഇട തൂർന്ന് നിൽക്കുന്ന കാട്ടു മരങ്ങൾ,

പച്ചയുടെ മണം,

കാടിന്റെ തണുപ്പ്, 

ഇലയനക്കങ്ങൾ...

ചെന്നു കയറുന്നത് ഇത്രനേരം സഞ്ചരിച്ചിരുന്ന വഴിയുടെ ബാക്കിയല്ലെന്ന് തോന്നിപ്പിക്കുന്ന ഒരു പുല്‍ത്തകിടിയിലേക്കാണ്. നട്ടു വളർത്തിയ പുല്ലുകളുള്ള, കണ്ണെത്താ ദൂരത്തോളം പച്ചപ്പ്‌ നിറഞ്ഞ സമതലം. അധികം മരങ്ങളും വീടുകളുമൊന്നുമില്ലാത്ത തുറന്ന ഭൂമി. കടലിൽ നിന്നും കരയിലേക്ക് കയറിയത് പോലെ തോന്നി. അത്രത്തോളം രണ്ടറ്റങ്ങളിലായി കിടക്കുന്ന ഭൂമിയാണ് അടുത്തടുത്തായി കിടക്കുന്നത്. അവിടെ നിന്നും വീണ്ടും ചെന്ന് കയറുന്നത് ദൂരത്തോളം നിവർന്നു നിൽക്കുന്ന പൈൻ മരത്തോട്ടത്തിലേക്കാണ്. അടർന്നു പോയ പൈൻ മരങ്ങളുടെ തൊലി  തടിക്ക് ചന്ദനനിറം നൽകിയിരിക്കുന്നു. പണ്ടെങ്ങോ കണ്ടിരുന്ന സ്വപ്നങ്ങളിലേതു പോലെ രണ്ടു പേര്‍ ഇടതൂർന്നു നിൽക്കുന്ന മരത്തോട്ടത്തിലൂടെ കൈപിടിച്ച് നടന്നു പോകുന്നു, ഇടയ്ക്കിടക്ക് മരങ്ങളുടെ മറവിലേക്ക് അവർ അപ്രത്യക്ഷരാകും. വീണ്ടും കാണാനാകും, അവരങ്ങനെ ദൂരേക്ക് ദൂരേക്ക്...

വട്ടവട തീർത്തും ഒരു തമിഴ് ഗ്രാമമാണ്. മലയാളവും തമിഴും നന്നായി അറിയുന്ന ട്രൈബൽ ഗ്രാമം. കൃഷിയാണ് മുഖ്യ തൊഴിൽ. ഓരോ കാലത്തുമുണ്ടാകുന്ന വിളകൾ ഓരോ തവണയും അവർ കൃഷി ചെയ്യുന്നു. ഇത് കാബേജിന്റെയും ബീന്‍സിന്റെയും കോളിഫ്ലവറിന്റെയും കാലമാണ്, ചാക്ക് കണക്കിന് കാബേജുകൾ ഗ്രാമം തുടങ്ങുന്ന കവലയിലേക്ക് കൊണ്ടിറക്കുന്നത് കണ്ടു. തിരികെ വരുമ്പോൾ വാങ്ങാൻ പദ്ധതിയിട്ടു ഞങ്ങൾ മുന്നോട്ടു പോയി. വളരെ ഇടുങ്ങിയ പെട്ടി പോലെയുള്ള കടകൾ നിറഞ്ഞ വീതിയിലല്ലാത്ത വഴിയിൽ ഓട്ടം പോകാൻ വരിയായി നിർത്തിയിരിക്കുന്ന ജീപ്പുകളുടെ മുരൾച്ചകൾ. തമിഴ് കലർന്ന മലയാളത്തിൽ അവർ സംസാരിക്കുന്നു. കുറച്ചു ബുദ്ധിമുട്ടി ആ ഗ്രാമമൊന്ന് കടന്നു കിട്ടാൻ, ടാറിട്ട റോഡെങ്കിലും പുറത്തുനിന്നുമുള്ള വാഹനങ്ങളധികം ഇല്ലാത്തതിന്റെ ആശ്വാസത്തിൽ റോഡും വീടും ഒന്നായി കരുതുന്ന ഗ്രാമത്തിന്റെ മക്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ!

റൂമിലെത്തി രാത്രി കനക്കുമ്പോൾ മഞ്ഞു കൈവെള്ളയിൽ പിടി മുറുക്കിയിരുന്നു. സ്വെറ്റർ ഉള്ളപ്പോഴും ഉടൽ മുഴുവൻ തണുപ്പ് പടർന്നു പിടിച്ചു. പുറത്ത് ഏഴു ഡിഗ്രി തണുപ്പ്. നിലത്ത് കാലു കുത്താൻ വയ്യ. മുകളിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് നോക്കുമ്പോൾ കോട മഞ്ഞിന്റെ മറവുകൾ. ചൂടുള്ള ബ്ലാങ്കറ്റിന്റെ ഉള്ളിൽ പ്രണയം പുതച്ച് കിടക്കുമ്പോൾ രാവ് മായുന്നത് അറിയുന്നതേയില്ല.

അതിരാവിലെ പുൽത്തലപ്പുകൾ നനഞ്ഞു കിടന്നു.

vattavada-trip2
വട്ടവട

"രണ്ടു ദിവസം മുൻപ് വരെ രാവിലെ ഇവിടെ പുല്ലിന്റെ മുകളിൽ ഐസ് കാണാമായിരുന്നു" റിസോർട്ടിന്റെ മാനേജർ പറഞ്ഞു. ഇപ്പൊ മഞ്ഞില്ല, പക്ഷേ രാവിലെ ഈറനണിഞ്ഞു നിൽക്കുകയാണ് മരങ്ങളും വാഹനങ്ങളും മരങ്ങളുമൊക്കെ. വെള്ളത്തിന് അതേ മഞ്ഞിന്റെ തണുപ്പ്. ദൂരേക്ക് നോക്കുമ്പോൾ ഒരു വലിയ കല്ലെടുത്തു വച്ചതു പോലെ മല, അതിന്റെ താഴ്‍‍‍വര. കോടമഞ്ഞിന്റെ താഴ്‍‍‍വാരം.

വെയിൽ പിന്നെ മലയിറങ്ങി വന്നു. അതോടെ പുലരിയുടെ മഞ്ഞുരുകാൻ തുടങ്ങി. എന്നിട്ടും പിടിവിട്ടു പോകാതെ തണുപ്പ് കൈവെള്ളയിൽ മുറുകെ പിടിച്ചിരുന്നു. ഉടലിലേക്ക് ജലമിറ്റിക്കുമ്പോൾ മരവിച്ചിരിക്കുന്ന ശരീരത്തിൽ അറിയുന്നതേയില്ല. 

ഇതാണോ തണുപ്പ്...

അനുഭവങ്ങളില്ലാത്ത, അനുഭൂതികൾക്കും അതീതമായ ഒരു ഈർപ്പം.

തിരികെയുള്ള വഴിയിൽ അഭിമന്യുവിന്റെ വീട് കണ്ടു. വട്ടവട എന്ന പേര് കേട്ടപ്പോൾ ആദ്യം ഓർത്തതും അഭിമന്യുവിനെ ആയിരുന്നല്ലോ! രാഷ്ട്രീയ ജീവിതത്തിന്റെ ബലിയാടായി ജീവൻ നഷ്ടപ്പെട്ട മഹാരാജാസിലെ ആൺകുട്ടി അഭിമന്യു. വെള്ളയടിച്ച മനോഹരമായ ഒരു വീട് ആ ഇടത്ത് ഒറ്റപ്പെട്ടു നിന്നു, വീടിന്റെ ഗേറ്റിന്റെ മുന്നിൽ അഭിമാനിവിന്റെ വലിയ ചിത്രം, അതിന്റെ ഒരു വശത്ത് ചുവന്ന കൊടി, അവന്റെ ഹൃദയത്തിന്റെ നിറം...

അഭിമന്യുവിനെ ഓർത്ത് അമ്പരക്കാതെയും അഭിമാനിക്കാതെയും വയ്യ. വട്ടവടയിലെ സാധാരണക്കാരായ മനുഷ്യരുടെ പ്രതിനിധിയാണ് അവൻ. മലയാളവും തമിഴും സംസാരിക്കുന്ന ട്രൈബൽ ജീവിതം പുലർത്തുന്ന, പട്ടിണിയും പരിവട്ടവും കൈമുതലുള്ള ഒരു ജനത, ഒരു കാൽ മണിക്കൂർ മുൻപ് അവരെയാണ് കണ്ടത്, അവന്റെ ഗ്രാമമാണ് പിന്നിട്ടു വന്നത്. ആ ഗ്രാമത്തിൽ നിന്നും ഒരു പയ്യൻ കേരളത്തിന്റെ പരിഷ്‌കാരമുള്ള എറണാകുളം പോലെയൊരു നഗരത്തിൽ, മഹാരാജാസിൽ പഠിക്കണമെങ്കിൽ അഭിമന്യുവിന്റെ ബുദ്ധി...! അവനത്ര നിസ്സാരക്കാരനായിരുന്നില്ല എന്ന് ആ ഗ്രാമം ഓർമിപ്പിക്കുന്നുണ്ട്. പക്ഷേ അഭിമന്യുവിന്റെ ചിത്രം കാണുമ്പോൾ ആ ഗ്രാമത്തെ മനസ്സിലാകും, അവിടുത്തെ മനുഷ്യരുടെ നിഷ്കളങ്കമായ ചിരി അവന്റെ ചുണ്ടിൽ അപ്പോഴുമുണ്ടായിരുന്നു, ആ ചിത്രത്തിൽ. വട്ടവട ഒരു ഓർമയാകുന്നത് അഭിമന്യു കാരണവുമാണ്.

ചുരമിറങ്ങുമ്പോൾ ഒപ്പം നേർത്ത കാറ്റും തണുപ്പും ഒപ്പം വരുന്നു. കാടിന്റെ അനക്കവും അരുവിയുടെ പാട്ടും കൂടെയുണ്ട്. പിന്നെ അഭിമന്യുവിന്റെ മുഖവും.

ഇവിടെ നാട്ടിൽ, വീട്ടിൽ ഇപ്പോഴും, ഈ പകലിലും തണുപ്പുണ്ട്. പുറത്ത് പൊള്ളുന്ന വെയിലും. ഇടങ്ങളിൽ നിന്നു മാത്രമേ ഇറങ്ങി വന്നിട്ടുള്ളൂ, അനുഭൂതികളിൽ നിന്നു മടക്കമില്ലല്ലോ!.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA