കണ്ടു വണങ്ങാം കണ്ണകിയെ

mangaladevi-temple1
SHARE

പാതിവ്രത്യവും സാമർഥ്യവും ഭാരതീയ സ്ത്രീകളുടെ ജീവിത വ്രതമാണെന്ന് തെളിയിച്ച നായിക, അഭിമാനവും സ്ത്രീത്വവും ചോദ്യം ചെയ്യപ്പെട്ടപ്പോൾ തന്റെ കണ്ണീരാൽ ഒരു നഗരം മുഴു വൻ ചുട്ടുകരിച്ച പെണ്ണ്....സംശയിക്കേണ്ട, കഥ ചിലപ്പതികാരത്തിലെ കണ്ണകിയുടേതു തന്നെ. മധുര കത്തിച്ച് ചാമ്പലാക്കിയ കണ്ണകി പിന്നീട് എത്തിച്ചേർന്നത് തേനിയിലെ സുരുളി മലയിലാണ്. 14 ദിവസം അവിടെ നിന്ന ശേഷം കൊടുങ്ങല്ലൂരേക്ക് പോയെന്നാണ് കരുതുന്നത്. തമിഴ് മക്കളുടെ വീരനായിക കണ്ണകിക്ക് തമിഴ്നാട്ടിൽ മാത്രമല്ല, ഇവിടെ നമ്മുടെ കേരളത്തിലും ഒരു ക്ഷേത്രമുണ്ട്. വർഷത്തിൽ ഒരിക്കൽ, ചൈത്ര മാസത്തിലെ പൗർണമിക്ക് മാത്രം തുറന്ന് പൂജ നടക്കുന്ന അമ്പലം. കുമളിക്കടുത്ത് കൊടും കാടിനുള്ളിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവം കൂടാൻ ഒരു യാത്ര.....

കണ്ണകിയെ കാണാൻ മംഗളാദേവിയിലേക്ക് 

ഇടുക്കി ജില്ലയിലെ കുമളിയിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ് മംഗളാദേവീ ക്ഷേത്രം. കുമളിയിൽ നിന്ന് ജീപ്പിലാണ് മുന്നോട്ടുള്ള യാത്ര. മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അന്ന് മാത്രമേ സന്ദർശകർക്ക് അവിടേക്ക് പ്രവേശന മുള്ളൂ എന്നതിനാൽ കാനനഭൂമി ചൈത്രപൗർണമിക്ക് മനുഷ്യ സാന്ദ്രമാകും. ഉത്സവ ദിവസം രാവിലെ ആറു മണി മുതൽ വൈകിട്ട് നാലു വരെ ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനമുണ്ട്. കുമളിയിൽ നിന്ന് ധാരാളം ജീപ്പുകൾ മംഗളാദേവി ക്ഷേത്രത്തിലേക്ക് സർവീസ് നടത്തുന്നുണ്ട്. എങ്കിലും നല്ല തിരക്ക്. രണ്ടു കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും വനത്തിലേക്ക് പ്രവേശിച്ചു.

വനം വകുപ്പിന്റെയും പൊലീസിന്റെയും പരിശോധനയ്ക്ക് ശേഷം യാത്ര തുടർന്നു. പെരിയാർ ടൈഗർ റിസർവിന്റെ പരിധിയിൽപെടുന്ന വനഭൂമിയാണിത്. വളഞ്ഞു പുളഞ്ഞു പോകുന്ന മലമ്പാതകൾ താണ്ടിയുള്ള ജീപ്പ് സവാരി പേടിപ്പെടുത്തും. പകുതി ദൂരം പിന്നിട്ടപ്പോൾ ഒരു പച്ചക്കുന്നിന്റെ മുന്നിൽ ജീപ്പ് നിർത്തി. പിന്നെ കുന്നുകളിൽ നിന്ന് കുന്നുകളിലേക്കുള്ള യാത്രയായിരുന്നു. ഉയരത്തിലേക്ക് കടക്കും തോറും തണുപ്പ് അരിച്ചിറങ്ങി വന്നു. ചെങ്കുത്തായ കയറ്റങ്ങളും ഇറക്ക ങ്ങളും നിറഞ്ഞ മുക്കാൽ മണിക്കൂർ നീണ്ടു നിന്ന യാത്ര. പോകുന്ന വഴിക്ക് പെരിയാറിന്റെയും തേക്കടി തടാകത്തിന്റെ യും വിദൂര ദൃശ്യം.

മംഗളാദേവിയുടെ മുറ്റത്ത്......

ജീപ്പിറങ്ങി അല്പദൂരം നടക്കണം. കാടിന്റെ മണം നിറഞ്ഞ കുളിർകാറ്റ് ആത്മീയതയുടെ തീർഥം തളിച്ച് ഓരോ ഭക്തരെയും സ്വീകരിക്കുന്നു. ചരിത്രവും ഐതിഹ്യവും ഇഴചേരുന്ന മനോഹരകാഴ്ചയാണ് മംഗളാദേവി കാത്തുവയ്ക്കുന്നത്. കരിങ്കല്ല് ചതുര കഷ്ണങ്ങളായി അടുക്കിയടുക്കി വച്ച പുരാതന വാസ്തുശൈലിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം. വനത്തിൽ നിന്ന് അല്പം മാറി. കുന്നിന്റെ മുകളിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കരിങ്കല്ലിനാൽ നിർമിച്ച നാല് ക്ഷേത്രസമുച്ചയങ്ങളാണുള്ളത്. കിഴക്കുഭാഗം പൂർണമായും കാടാണ്. രണ്ടു പ്രവേശന കവാടങ്ങളുണ്ടെങ്കിലും ഒന്ന് ഉപയോഗ ശൂന്യമാണ്. കുറ്റിച്ചെടികളും മരങ്ങളും വൻമരങ്ങളും കവാടത്തെ പൂർണമായും അടച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായാണ് നടപ്പന്തലുള്ളത്.

mangala-devi-temple

പലഭാഗത്തും തകർ ന്നു കിടപ്പാണ്. ഏറ്റവും ആകർഷണം നാല് കൂറ്റൻ തൂണുക ളാണ്. പത്തടിയോളം ഉയരത്തിൽ ചതുരാകൃതിയിലാണ് തൂണുകൾ. നാല് ക്ഷേത്രസമുച്ചയത്തിൽ രണ്ടെണ്ണത്തിൽ മാത്രമാണ് പ്രധാന പൂജ നടക്കുന്നത്. ഇതിൽ ഒന്നിൽ മംഗളാദേവിയും മറ്റൊന്നിൽ ശിവനുമാണ് പ്രതിഷ്ഠ. ഒരെണ്ണം പ്രവർത്തനരഹിതമാണ്. പിന്നെയുള്ളത് അങ്കാളേശ്വരി പ്രതിഷ്ഠയുള്ള ചെറിയ ശ്രീകോവിലാണ്. നാല് ക്ഷേത്രങ്ങ ളിൽ ഏറ്റവും വലുത് ശിവ പ്രതിഷ്ഠയുള്ള കോവിലാണ്. കല്ലിലുള്ളതാണ് പ്രതിഷ്ഠ.

സാധാരണ ക്ഷേത്രങ്ങളിൽ കാണുന്നതിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ഇവിടുത്തെ ശ്രീകോവിൽ. നടപ്പന്തലുകളോ ഗോപുര വാതിലുകളോ ഒന്നുമില്ലാത്ത ഒറ്റമുറി ശ്രീകോവിൽ. പ്രതിഷ്ഠയ്ക്ക് വളരെ അടുത്തു നിന്ന് ഭക്തർക്ക് പ്രാർഥിക്കാം. കൈയെത്തുന്ന ദൂരെയാണ് വിഗ്രഹമെങ്കിലും ഭക്തരെയും പ്രതിഷ്ഠയെയും തമ്മിൽ വേർതിരിക്കുന്നൊരു കൽപടവുണ്ട്. ഇതു പോലെ തന്നെയാണ് കണ്ണകിയുടെ ശ്രീകോവിലും. വെള്ളിയിൽ തീർത്ത വിഗ്രഹമാണ് കണ്ണകി അഥവാ മംഗളാ ദേവിയുടേത്. ഈ വിഗ്രഹം ചൈത്രമാസത്തിലെ പൗർണമി ദിവസം കമ്പത്തിൽ നിന്നും ഇവിടെ കൊണ്ടുവന്നാണ് പൂജിക്കുന്നത്. 

തർക്കഭൂമിയിലെ പ്രാചീന ക്ഷേത്രം

മംഗളാദേവി ക്ഷേത്രത്തിലെ ചടങ്ങുകൾക്കും സവിശേഷതകളുണ്ട്. കേരളീയ – തമിഴ് ആചാരങ്ങൾ ഒന്നിച്ചു നടക്കുന്ന ഏക ക്ഷേത്രമായിരിക്കും മംഗളാദേവി ക്ഷേത്രം. ഇവിടുത്തെ ശിവ പ്രതിഷ്ഠയുള്ള ശ്രീകോവിലിൽ പൂജ ചെയ്യുന്നത് കേരളീയനായ പൂജാരിയാണ്. എന്നാൽ തൊട്ടടുത്ത മംഗളാദേവിയുടെ ശ്രീകോവിലിലെ പൂജാദികർമങ്ങൾ നടത്തുന്നത് തമിഴരാണ്. ക്ഷേത്രവും ഭൂമിയും പൂർണമായും കേരളത്തിന്റെ പരിധിയിലാണെങ്കിലും തമിഴ്മക്കൾ അവകാശവാദമുന്നയിച്ചതോടെയാണ് മംഗളാദേവി ക്ഷേത്രവും പരിസരവും തർക്കഭൂമിയായത്. മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് മലയാളികളും തമിഴരുമായ ഭക്തജനങ്ങളുടെ തിരക്കാണ്. തെക്കൻ കേരളത്തിൽ കണ്ടു വരുന്ന പൊങ്കാല ഇവിടെയും കാണാം. പൊങ്കലിനുള്ള സാധനങ്ങളെല്ലാം നാം തന്നെ കൊണ്ടു പോകണം. പൊങ്കാല കഴിഞ്ഞ് പ്രസാദവുമായി മടങ്ങാം. വർഷങ്ങളായി തുടർന്നു പോരുന്ന ആചാരം. 

മംഗളാദേവി ക്ഷേത്രവും അതിന്റെ ചരിത്രവും പഴമയും ഇന്നും അവ്യക്തമാണ്. 2000–2500 വർഷത്തെ പഴക്കമുണ്ടെന്ന് അനുമാനിക്കാം. ആരാണ് ക്ഷേത്രം നിർമിച്ചതെന്ന കാര്യത്തിന് തെളിവില്ല. ഐതിഹ്യപ്രകാരം ഇളങ്കോവടികൾ രചിച്ച ചിലപ്പതികാരം എന്ന മഹാകാവ്യത്തിലെ കണ്ണകിയുടെ കഥ കേട്ട ചേരൻ ചെങ്കുട്ടുവനാണ് ക്ഷേത്ര പണിതതെന്ന് വിശ്വസി ക്കുന്നു. കൊടും വനത്തിൽ ആയിരക്കണക്കിന് അടി ഉയരത്തിൽ ആരോരുമറിയാതെ അജ്ഞാതമായിക്കിടന്ന ഈ കല്ലു ക്ഷേത്രം എങ്ങനെയാകും പുറം ലോകമറിഞ്ഞത് എന്ന സംശയം ഇവിടെയെത്തുന്ന ഏതൊരാൾക്കുള്ളിലും മിന്നിമായുമെന്നുറപ്പാണ്. 

ഭക്തിയുടെ മുഖങ്ങൾ മംഗളാദേവി സന്നിധിയിൽ കുറവാണ്. വർഷത്തിൽ ഒരിക്കൽ മാത്രം കാണാൻ പറ്റുന്ന അപൂർവ കാഴ്ചയായാണ് ഇവിടം അറിയപ്പെടുന്നത്. അതിനാൽ തന്നെയാണ് ചൈത്രപൗർണമിക്ക് ഇവിടെ വൻ തിരക്ക്. മഹാക്ഷേത്രങ്ങളിൽ കണ്ടു വരുന്ന ഭക്തിയുടെ ആറാട്ട് ഇവിടെയില്ല. ആനയും അമ്പാരിയുമില്ല. മംഗളാദേവിയുടെ ഉത്സവം പ്രകൃതിയുടെ ഉത്സവമാണ്. വനത്തിന്റെ തണുപ്പിൽ മനസ്സിലേക്ക് ആവാഹിക്കാവുന്ന വേറിട്ട അനുഭൂതിയാണ് ഇവിടെ ഭക്തി. പ്രകൃതി പോലും നിശ്ശബ്ദമായി മംഗളാദേവി യുടെ കീർത്തനങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കുന്ന അന്തരീക്ഷം.   

mangaladevi-temple3

എങ്ങനെ എത്താം

ഇടുക്കി ജില്ലയിലെ കുമളിക്കടുത്താണ് പ്രശസ്തമായ മംഗളാ ദേവി ക്ഷേത്രം. കുമളിയിൽ നിന്ന് 13 കിലോമീറ്റർ അകലെ യുള്ള ക്ഷേത്രം വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുകയും പൂജ നടത്തുകയും ചെയ്യുന്നു. ചൈത്രമാസത്തിലെ പൗർണമി അതായത് ഈ വർഷം മെയ് പത്തിനാണ് ഉത്സവം. ഉത്സവ ദിവസം ക്ഷേത്രത്തിലെത്തിച്ചേരാൻ കുമളിയിൽ നിന്ന് ധാരാളം ജീപ്പ് സർവീസുണ്ട്. 

പൊങ്കാല ഇടാൻ ആഗ്രഹിക്കുന്നവർ ആവശ്യമായ സാധന ങ്ങൾ കയ്യിൽ കരുതണം. വനത്തിനുള്ളിലേക്ക് പ്ലാസ്റ്റിക് സാധനങ്ങൾ കൊണ്ടു പോകാൻ അനുവാദമില്ല. 

ചിത്രങ്ങൾ : അരവിന്ദ് ബാല

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA