sections
MORE

വെള്ളത്തിനടിയിലെ മനോഹര താഴ്‌വര കാണാം; വിസ്മയമായി കനകക്കുന്ന്

flower-show1
SHARE

വെള്ളത്തിനടിയിലുമുണ്ട് മനോഹരമായ ഒരു സസ്യലോകം. കനകക്കുന്നിലെ വസന്തോത്സവവേദിയിൽ എത്തിയാൽ ജലത്തിനടിയിലെ ഈ മനോഹര കാഴ്ചകൾ കൺനിറയെ കാണാം. കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസ് ഒരുക്കിയിരിക്കുന്ന ജലസസ്യ പ്രദർശനത്തിൽ വിദേശത്തും നാട്ടിലുമുള്ള  നൂറോളം ചെടികൾ അണിനിരത്തിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പമുണ്ടാകുന്ന ജലസസ്യമായ കടുകുപച്ചയാണു മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെ സ്റ്റാളിലെ മുഖ്യ ആകർഷണം. പലനിറത്തിലും രൂപത്തിലുമുള്ള ഇലച്ചെടികളും ഇവിടെ ധാരാളമുണ്ട്. ജലസസ്യങ്ങൾക്ക് ആസ്വാദകർ ഏറെയുണ്ടെന്ന തിരിച്ചറിവിൽനിന്നാണ് ഇവയുടെ മനോഹര പ്രദർശനം സംഘടിപ്പിക്കാൻ എം.ബി.ജി.ഐ.പി.എസ്. തീരുമാനിച്ചത്.

flower-show2

ജലനാഗച്ചെടി, നീർവാഴ, ഷേബ, കാട്ടുണിണർവാഴ, ജലച്ചീര, മാങ്ങാനാറി തുടങ്ങി രൂപത്തിലും പേരിലും കൗതുകമുണർത്തുന്നവയാണ് എല്ലാം. ജലസസ്യങ്ങളിൽ അപൂർവമായ ഇരപിടിയൻ സഞ്ചിച്ചെടിയും പ്രദർശനത്തിനുണ്ട്. എറണാകുളം ജില്ലയിൽ മാത്രം കണ്ടുവരുന്ന കിണർവാഴ, കണ്ണൂരിലെ മാടായിയിൽ മാത്രമുള്ള കൃഷ്ണാമ്പൽ എന്നിവയും സന്ദർശകശ്രദ്ധയാകർഷിക്കുന്നു.

പൈതൃക ഗ്രാമം കാണാം.. സർഗാലയത്തിലേക്കു വരൂ...

കേരളത്തിലെ അഞ്ചു പൈതൃക ഗ്രാമങ്ങളുടെ തനത് കാഴ്ചകളുമായി സർഗാലയ ക്രാഫ്റ്റ് വില്ലേജ് വസന്തോത്സവത്തിന്റെ സുന്ദര കാഴ്ചയാകുന്നു. പൈതൃക ഗ്രാമങ്ങളിൽനിന്നുള്ള കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയുമാണു സർഗാലയയിലുള്ളത്.

കോഴിക്കോട് ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിലെ കലാകാരന്മാരാണ് കനകക്കുന്നിലെ പൈതൃകഗ്രാമങ്ങളുടെ സൃഷ്ടിക്കു പിന്നിൽ. വിവിധ രൂപങ്ങളിലുള്ള മൺപാത്ര നിർമാണം സർഗാലയയിൽ നേരിട്ടു കാണാം. നിലമ്പൂർ, അരുവാക്കോട് എന്നിവിടങ്ങളിൽനിന്നുള്ള കലാകാരന്മാരാണു തത്സമയം മൺപാത്രങ്ങൾ നിർമിക്കുന്നത്.

മുട്ടത്തറയിൽനിന്നുള്ള ദാരുശിൽപ്പകലയും സർഗാലയിൽ ആസ്വദിക്കാം. വിവിധ തടികളിലും മുളയിലും തീർത്ത ശിൽപ്പങ്ങൾ വാങ്ങാം. പെരുവമ്പിൽനിന്നുള്ള വാദ്യോപകരണങ്ങൾ, പയ്യന്നൂർ തെയ്യം, ചേർത്തലയിൽനിന്നുള്ള കയർ ഉത്പന്നങ്ങൾ എന്നിവയും സർഗാലയയിലുണ്ട്.

flower-show3

ദേശീയ - അന്തർദേശീയ പ്രദർശനങ്ങളിൽ വമ്പൻ വിപണിയുള്ള കരകൗശല ഉത്പന്നങ്ങളാണ് സർഗാലയലുള്ളത്. വസന്തോത്സവം അവസാനിക്കുന്ന 20 വരെ സർഗാലയുള്ള സ്റ്റാളിൽ പ്രദർശനവും വിൽപ്പനയുമുണ്ടാകും. 

‌ ഹരിതകേരളം മിഷൻ

പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിലേക്കു വിരൽചൂണ്ടുന്ന ഹരിത കേരളം മിഷൻ സ്റ്റാൾ വസന്തോത്സവവേദിയുടെ ശ്രദ്ധയാകർഷിക്കുന്നു. പൂർണമായും പ്രകൃതിദത്ത വസ്തുകൾ ഉപയോഗിച്ച് കേരളീയ തനിമയിൽ ഒരുക്കിയ സ്റ്റാൾ കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. ഹരിതകേരളം മിഷന്റെ വിവിധ പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രദർശനമാണ് ഇവിടെ പ്രധാനമായുള്ളത്. 

പരിസ്ഥിതി സൗഹൃദത്തിനു പ്രാധാന്യം നൽകിയാണ് സ്റ്റാളിന്റെ നിർമിതി. പ്ലാസ്റ്റിക് രഹിതമായ സ്റ്റാൾ നാട്ടറിവുകളുടെ ദൃശ്യവിരുന്നൊരുക്കുന്നതുകൂടിയാണ്. ഹരിത ഭവനം എന്നു പേരിട്ടിരിക്കുന്ന സ്റ്റാളിന്റെ മധ്യത്തിൽ ജലചക്രവുമായി ഇരിക്കുന്ന കർഷകന്റെ മാതൃകയാണ് ആരെയും ആകർഷിക്കുന്നതാണ്.

പ്രകൃതിയോട് ഇഴുകിച്ചേർന്നുള്ള ജീവിതം, ഹരിത ജീവിതരീതി തുടങ്ങിയവയാണ് സ്റ്റാളിലെ മാതൃകയിലൂടെ ഹരിതകേരളം മിഷൻ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ. മാലിന്യമുക്തമായ സമൂഹത്തിനു മാത്രമേ പരിസ്ഥിതി സൗഹൃദ സുസ്ഥിരവികസനം എന്ന പുതിയൊരു സംസ്‌കാരത്തിനു തുടക്കം കുറിക്കാൻ കഴിയൂ. ഇതിനായുള്ള കർമ പദ്ധതിയാണ് ഹരിതകേരളം മിഷൻ മുന്നോട്ടുവയ്ക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA