പൊടി ഇഡ്ഡലിയും ഫിൽറ്റർ കോഫിയും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ

SHARE

സ്വസ്ഥമായി ഇരിക്കാൻ ആരും റയിൽവേ സ്റ്റേഷനിൽ പോകാറില്ല. എങ്കിലും, ഇന്ത്യൻ റയിൽവേയുടെ കാരുണ്യം കൊണ്ടു പലപ്പോഴും പ്ലാറ്റ്ഫോമിലെ ബെഞ്ചിൽ കുത്തിപ്പിടിച്ചിരിക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. എന്തെങ്കിലും കഴിക്കാൻ കൊള്ളാവുന്ന ഹോട്ടലിൽ പോകണമെന്നു കരുതിയാലും നടക്കാൻ ബുദ്ധിമുട്ടാണ്. ഏതു സമയത്തു വേണമെങ്കിലും ട്രെയിൻ വരാമെന്നതു കൊണ്ട് പ്ലാറ്റ്ഫോം വിട്ടൊരു പരിപാടിക്കും പലർക്കും ധൈര്യമുണ്ടാകാറില്ല. പെട്ടെന്നു കിട്ടുന്ന ചായയും വടയുമൊക്കെ കഴിച്ച് പ്ലാറ്റ്ഫോമിലെ തിരക്കിൽ ഇരിക്കുമ്പോൾ തോന്നാറില്ലേ, റയിൽവേ സ്റ്റേഷനിൽ ഒരു നല്ല ഹോട്ടൽ ഉണ്ടായിരുന്നെങ്കിലെന്ന്! എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്ക് ഇനി ഇങ്ങനെ ആലോചിച്ച് നെടുവീർപ്പിടേണ്ട. ഒരു ഫുട്ബോൾ കളിയ്ക്കാനുള്ള സ്ഥലവും അടിപൊളി വിഭവങ്ങളുമായി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഫുഡ് സ്റ്റോപ് ഡൈനർ എന്ന റസ്റ്ററന്റ് ലൈവ് ആണ്; ഇരുപത്തിനാലു മണിക്കൂറും!

കുട്ടി മാമാ, ഞാൻ ഞെട്ടി മാമാ

Food-Stop-Diner8
Food Stop Diner

എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ തുറന്നിട്ടുള്ള ഫുഡ് സ്റ്റോപ് ഡൈനറിൽ എത്തിയാൽ തോന്നുന്ന അനുഭവം ഒറ്റ വരിയിൽ പറയാൻ ആവശ്യപ്പെട്ടാൽ ആരും പറഞ്ഞു പോകും- കുട്ടി മാമാ, ഞാൻ ഞെട്ടി മാമാ! റയിൽവേ സ്റ്റേഷനിലെ ഭക്ഷണശീലത്തെക്കുറിച്ചുള്ള ധാരണകളെ പൊളിച്ചെഴുതുന്ന രുചിയിടമാണ് ഫുഡ് സ്റ്റോപ് ഡൈനർ. വൃത്തിയുള്ള ഭക്ഷണവും വിശാലമായ ഡൈനിങ് ഹാളും. സൗകര്യങ്ങൾ എയർപോർട്ടിലെ ഫുഡ് കോർട്ടിലേത് ആണെങ്കിലും വിലനിലവാരം അങ്ങനെയല്ല. അതിനാൽ, നിരവധി യാത്രക്കാരാണ് ദിനംപ്രതി ഇവിടെയെത്തുന്നത്.  

ഐ ബാർ അഥവാ ഇഡ്ഡലി ബാർ

ബിരിയാണിയും ഫ്രൈഡ് റൈസും ചോറും എന്നു വേണ്ട നാടനും ചൈനീസും എല്ലാമുണ്ടെങ്കിലും ഫുഡ് സ്റ്റോപ് ഡൈനറിലെ സ്റ്റാർ ഐറ്റം ഇഡ്ഡലിയാണ്. ഇത്തിരിക്കുഞ്ഞൻ മിനി ഇഡ്ഡലി മുതൽ പഞ്ഞിക്കെട്ടു പോലിരിക്കുന്ന സാദാ ഇഡ്ഡലി വരെ ഇവിടെയുണ്ട്. ഇഷ്ടമനുസരിച്ച് ഇഡ്ഡലി–സാമ്പാർ, പൊടി ഇഡ്ഡലി, ഇഡ്ഡലി–ചട്നി–സാമ്പാർ എന്നിങ്ങനെ വിവിധ കോമ്പിനേഷനിൽ ഇവിടെ കിട്ടും. ഇങ്ങനെ ഇഡ്ഡലിയെ മൊത്തമായും ചില്ലറയായും കിട്ടുന്ന കൗണ്ടറിന് സ്റ്റൈലൻ ഒരു പേരും ഇട്ടിട്ടുണ്ട്. ഐ ബാർ അഥവാ ഇഡ്ഡലി ബാർ! ട്രെയിൻ പിടിക്കാനുള്ള ഓട്ടത്തിനിടയിൽ ഇഡ്ഡലി 'നിൽപ്പൻ' അടിക്കാനുള്ള കൗണ്ടറാണ് ഐ ബാർ. പാഴ്സലായും ഇവിടെനിന്ന് ഇഡ്ഡലി ലഭിക്കും. ചൂടോടെ ഫ്രെഷ് ആയി സംഭവം കഴിയ്ക്കാം. 

Food-Stop-Diner10
Food Stop Diner

പൊടി ഇഡ്ഡലി സൂപ്പർ

ചട്നിപ്പൊടിയുടെ രുചിയിൽ സെറ്റാക്കിയെടുക്കുന്ന മിനി ഇഡ്ഡലി കോമ്പിനേഷനാണ് പൊടി ഇഡ്ഡലി. തമിഴ്നാട്ടിൽ നിന്നുള്ള മാസ്റ്റർ ഷെഫിന്റെയും സംഘത്തിന്റെയും കൈപ്പുണ്യമാണ് ഈ ഇഡ്ഡലിരുചിക്കു പിന്നിൽ. പ്രത്യേകം പൊടിച്ചെടുക്കുന്ന ചട്നിപ്പൊടിയിൽ വെളിച്ചെണ്ണ ചേർത്ത് മിനി ഇഡ്ഡലികൾ മിക്സ് ചെയ്തെടുക്കും. ഇതിൽ കടുകും കറിവേപ്പിലയും പൊട്ടിച്ചിടും. ചട്നിപ്പൊടിയുടെയും ഇഡ്ഡലിയുടെയും സ്വാദ് ഓരോ തവണ വായിൽ വയ്ക്കുമ്പോഴും ഇങ്ങനെ അനുഭവിച്ചറിയാം. സാമ്പാറോ ചട്നിയോ ഒന്നുമില്ലാതെ പൊടി ഇഡ്ഡലി അകത്താക്കാം. പ്ലേറ്റ് കാലിയാകുന്നത് അറിയുകയേ ഇല്ല. അതുപോലെ രുചികരമാണ് ഇവിടത്തെ സാമ്പാർ ഇഡ്ഡലി. സാമ്പാറിൽ കുതിർത്തു നൽകുന്ന മിനി ഇഡ്ഡലികളാണ് സാമ്പാർ ഇഡ്ഡലി. 

ആവി പറക്കും ഫിൽറ്റർ കോഫി

കോഫി ഷോപ്പുകളിൽ അധികം ലഭ്യമല്ലാത്ത ഫിൽറ്റർ കോഫിയാണ് ഫുഡ് സ്റ്റോപ് ഡൈനറിലെ മറ്റൊരു പ്രധാന ഐറ്റം. സ്റ്റീൽ ഗ്ലാസ് ടംബ്ലറിൽ കൊതിപ്പിക്കുന്ന മണത്തോടെ മുന്നിലെത്തുന്ന ആവി പറക്കുന്ന ഫിൽറ്റർ കോഫി യാത്രികരുടെ ഇഷ്ടവിഭവമാണ്. യാത്രയുടെ ക്ഷീണമകറ്റാൻ നല്ലൊരു ഫിൽറ്റർ കോഫിയും വടയും! 

Food-Stop-Diner2
മിനി ഇഡ്ഡലി സാമ്പാർ

തമിഴ് രുചിയുടെ പിന്നിലെ കൈപ്പുണ്യം

Food-Stop-Diner4
വെജ് താലി മീൽസ്

തമിഴ്നാട്ടിൽനിന്നു ധാരാളം യാത്രികർ വന്നുപോകുന്ന ഇടമാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ. മലയാളികളുണ്ടാക്കുന്ന അവിയൽ തമിഴ്നാട്ടുകാർ ഉണ്ടാക്കിയാൽ ശരിയാവില്ലെന്നു പറയുന്ന പോലെ, അവരുണ്ടാക്കുന്ന ദോശയ്ക്കും ഇഡ്ഡലിക്കും സാമ്പാറിനും ഒപ്പമെത്താൻ മലയാളികൾക്കും അൽപം ബുദ്ധിമുട്ടേണ്ടി വരും. തമിഴ് രുചികളുടെ മേന്മ നിലനിറുത്താൻ ഫുഡ് സ്റ്റോപ് ഡൈനറിലുള്ളത് പോണ്ടിച്ചേരിയിൽ നിന്നുള്ള മാസ്റ്റർഷെഫ് ലക്ഷ്മൺ ആണ്. ഇദ്ദേഹത്തിന്റെ സംഘമാണ് ഫുഡ് സ്റ്റോപ് ഡൈനറിലെ വെജിറ്റേറിയൻ വിഭവങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. ഫിൽറ്റർ കോഫി മുതൽ മസാലദോശ വരെ നീളുന്ന തമിഴ് രുചികൾക്കു പിന്നിൽ ഷെഫ് ലക്ഷ്മണും സംഘവുമാണ്. 

പൊതിച്ചോർ എടുക്കട്ടേ?

Food-Stop-Diner-pothichoru
പൊതിച്ചോറ്

റയിൽവേ യാത്രക്കാർ ഹിറ്റാക്കിയ വിഭവമാണ് ഫുഡ് സ്റ്റോപ് ഡൈനറിലെ പൊതിച്ചോറ്. വാട്ടിയ ഇലയിൽ പൊതിഞ്ഞെടുത്ത കുത്തരിച്ചോറും അവിയലും ഉപ്പേരിയും അച്ചാറും. കൂടെ മുട്ട പൊരിച്ചതും മീൻ വറുത്തതും. മീനില്ലാതെ ഊണിറങ്ങില്ല എന്നു പറയുന്നവർക്ക് യാത്രയിൽ ധൈര്യമായി പരീക്ഷിക്കാവുന്നതാണ് പൊതിച്ചോറ്. ഒഴിച്ചു കഴിക്കാൻ മീൻ കറിയും സാമ്പാറുമുണ്ട്. ട്രെയിനിൽനിന്നും പ്ലാറ്റ്ഫോമിൽനിന്നും സാധാരണ ലഭിക്കുന്ന മീൽസിനെക്കാൾ രുചി കൊണ്ടും വൃത്തി കൊണ്ടും മുന്നിലാണ് ഇവിടത്തെ പൊതിച്ചോർ. ചൈനീസ് വിഭവങ്ങളും ബിരിയാണി, കേരള പൊറോട്ട, ചപ്പാത്തി, ബീഫ്, ചിക്കൻ, നാടൻ പലഹാരങ്ങൾ തുടങ്ങിയവയും ഇവിടെയുണ്ട്. 

ആദ്യ പരിഗണന വൃത്തിക്ക്

Food-Stop-Diner6
പഴംപൊരി

റയിൽവേ സ്റ്റേഷൻ എന്നു കേൾക്കുമ്പോൾത്തന്നെ ആദ്യ തലവേദന വൃത്തിയുള്ള അന്തരീക്ഷമാണ്. അക്കാര്യത്തിൽ യാത്രികർക്ക് ആശ്വാസമാണ് ഫുഡ് സ്റ്റോപ് ഡൈനർ. ലഗേജുമായി എത്തുന്ന യാത്രക്കാർക്ക് സാധനങ്ങളൊക്കെ ഇറക്കിവച്ചു സമാധാനമായി ഭക്ഷണം കഴിക്കാം. ഇവിടെയത്തുന്ന വിദേശികളായ സഞ്ചാരികളും ഫുഡ് സ്റ്റോപ് ഡൈനറിന് ഫുൾ മാർക്ക് കൊടുക്കും. മറ്റു റയിൽവേ സ്റ്റേഷനുകളും ഇതു മാതൃകയാക്കണമെന്ന് യാത്രികരും പറയുന്നു. ട്രെയിൻ യാത്രയൊന്നുമില്ലെങ്കിലും ചൂടു മിനി ഇഡ്ഡലി കഴിക്കാൻ ഏതു പാതിരായ്ക്കും ഇവിടേക്കു വരാം. യാത്രയ്ക്കു പ്രത്യേകിച്ചു സമയമൊന്നും ഇല്ലാത്ത പോലെ രുചിയേറിയ ഭക്ഷണത്തിനും നേരവും കാലവും നോക്കേണ്ടല്ലോ! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA