sections
MORE

‘ഒണ്ടേൻ’ വായിൽ കപ്പലോടും രുചി

Bfish-fry
SHARE

പണ്ട്, പണ്ടെന്നു പറഞ്ഞാൽ കല്യാണങ്ങൾ ഒാഡിറ്റോറിയങ്ങളിലേക്കു മാറ്റുന്നതിനു മുമ്പ്; കല്യാണസദ്യ കഴിച്ചിറങ്ങണമെങ്കിൽ ചില്ലറപാടൊന്നുമല്ല ഉണ്ടായിരുന്നത്. സദ്യ കഴിക്കുന്നവരുടെ സീറ്റിനു പിന്നിൽ സ്ഥാനം പിടിച്ചാൽ മാത്രമേ അവർ അവർ ഉണ്ടെഴുന്നേൽക്കുമ്പോൾ ചാടി വീഴാൻ പറ്റുമായിരുന്നുള്ളൂ. കല്യാണങ്ങൾ വിശാലമായ ഓഡിറ്റോറിയങ്ങളിലേക്കു മാറ്റിയതോടെ വീടിന്റെ പരിമിതിക്കുള്ളിൽ നിന്ന് സദ്യയ്ക്കു വേണ്ടിയുള്ള കസേരകളി കഥാവശേഷമായി. എന്നാൽ കണ്ണൂരിലെ ഒരു ഹോട്ടലിൽ വന്നാൽ നമ്മൾ മറന്നു തുടങ്ങിയ ഈ കസേരകളി വീണ്ടും കാണുവാൻ കഴിയും. ഹോട്ടലിൽ പോയി കാശുകൊടുത്തു കഴിക്കാനും ഇത്ര തിരക്കോ എന്നു അത്ഭുതപ്പെടേണ്ട; ഇതാണ് ഒതേൻസ് ഹോട്ടല്‍, പക്ഷെ കണ്ണൂരുകാർക്ക് ഒണ്ടേൻ ഹോട്ടൽ എന്നു പറഞ്ഞാലേ ഒരു തൃപ്തിയാകൂ.

ഉൗണ്1

ചോറും മീൻവിഭവങ്ങളും മാത്രമേ ലഭിക്കുകയുള്ളുവെങ്കിലും ഇവിടുത്തെ തിരക്കിനു ഒരു കുറവുമില്ല. ഒരിക്കൽ കഴിച്ചവർ വീണ്ടും ഇവിടം തേടി വരും. കണ്ണൂർ റയിൽവേ സ്റ്റേഷനു സമീപമുള്ള മുനീശ്വരന്‍ കോവിൽ റോഡിലൂടെ മുന്നോട്ടു പോകുമ്പോൾ അനശ്വര സിൽക്സിന്റെ പഴയ കെട്ടിടത്തിനു സമീപത്തു കൂടി ഒരു ചെറിയ റോഡു പോകുന്നുണ്ട് അതാണ് ഒണ്ടേൻ റോഡ്. ഒണ്ടേൻ തറവാട്ടിലേക്കുള്ള റോഡായതു കൊണ്ടാണ് റോഡിന് ഈ പേരു വന്നത്. ഒണ്ടേൻ റോഡിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലായതുകൊണ്ട് ആൾക്കാർ സൗകര്യപൂർവം ഒണ്ടേൻ ഹോട്ടൽ എന്നും വിളിച്ചു. ഈ ചെറിയ റോഡിലേക്കു പ്രവേശിക്കുമ്പോൾ തന്നെ റോഡിൽ കുറച്ചു തിരക്കൊക്കെ കണ്ടു തുടങ്ങും. ഒരു വളവു കൂടി കഴിഞ്ഞാൽ ആ തിരക്കും പൂർണമാകും. അവിടെയാണു നമ്മുടെ ഹോട്ടൽ. ഹോട്ടലിനു സമീപം റോഡിലായി വാഹനങ്ങളുടെ നീണ്ട നിരയും ഹോട്ടലിനു അകത്തും പുറത്തും ആളുകളുടെ നിരയും കാണാം.

Chotel

75 വർഷങ്ങൾക്കു മുമ്പ് ഒതേനനാണ് ഇവിടെ ഹോട്ടൽ തുടങ്ങിയത്.‘ശരണ്യ’ എന്ന പേരിലുള്ള ഈ ഹോട്ടല്‍ ഇപ്പോഴും ഇവിടെയുണ്ട്. ഹോട്ടൽ ശരണ്യയിൽ ഇപ്പോൾ പ്രഭാതഭക്ഷണം മാത്രമേയുള്ളൂ. ഇന്നു നമ്മൾ കാണുന്ന ഒതേൻസ് ഹോട്ടൽ 12 വർഷം മുൻപു തുടങ്ങിയതാണ്. ഇവിടെയാണ് മീൻപൂരം അരങ്ങേറുന്നത്.

Dfish-fry2

ഒതേനന്റെ മക്കളായ പ്രേമരാജൻ, ജയപ്രകാശ്, വിനോദ്കുമാർ എന്നിവരാണ് ഇപ്പോൾ ഹോട്ടല്‍ നോക്കി നടത്തുന്നത്. ഉച്ചയ്ക്കു 12 മണിയോടെ തുടങ്ങുന്ന തിരക്ക് ഒന്നര രണ്ടുമണിയാകുന്നതോടെ ഉച്ചസ്ഥായിലാകും. പിന്നെ നാലുമണി കഴിയണം അൽപ്പമൊരു ശമനം കിട്ടാൻ. അതുകൊണ്ടുതന്നെ രാത്രി ഇവിടെ ഭക്ഷണമില്ല. മൂന്നരമണിക്കൊക്കെയാണു പലപ്പോഴും ഇവിടെ നിന്നു കഴിച്ചിറങ്ങാൻ കഴിഞ്ഞിട്ടുള്ളത്.

Efish-fry3

ആവോലി, അയക്കൂറ, ചെമ്മീൻ‌, കൂന്തൽ, അയല, കല്ലുമക്കായ, കറ്റ്ല, നത്തോലി,വേളൂരി, മത്തി, മീൻ മുട്ട എന്നിവയാണ് ഇവിടുത്തെ താരങ്ങള്‍. ഇവയിൽ ഏറ്റവും ഡിമാന്റ് അയക്കൂറയ്ക്കാണ്. അല്ലെങ്കിലും അയക്കൂറ വിട്ടൊരു കളി കണ്ണൂരുകാർക്കില്ലല്ലോ? മീനൊന്നും വാങ്ങിയില്ലെങ്കിലും 40 രൂപയ്ക്ക് ചോറും സാമ്പറും മീൻകറിയും പച്ചടിയും കൂട്ടി ഒന്നാന്തരം ചൊറുണ്ണാം. ഇലയിൽ ചോറു വിളമ്പി അതിൽ രണ്ടു കുഴിയും കുഴിച്ച് സാമ്പാറും മീൻകറിയും വിളമ്പിക്കഴിഞ്ഞാൽ ഒരു താലത്തിൽ സെപഷ്യലുകളെത്തും. ഇതിൽ നിന്നു എന്തൊക്കെ എടുക്കണം എന്ന കൺഫ്യൂഷനായിരിക്കു പിന്നെ.

Afish-fry4

ആയിക്കര കടപ്പുറത്തു നിന്നും മാർക്കറ്റില്‍ നിന്നും ശേഖരിക്കുന്ന ഫ്രഷ് മീനുകളാണ് ഇവിടുത്തെ രുചി രഹസ്യമെന്ന് ഹോട്ടലുടമ ജയപ്രകാശ് പറയുന്നു. ഇതിലേക്ക് കുരുമുളക്, മുളകുപൊടി, മഞ്ഞൾപൊടി, ആവശ്യമെങ്കിൽ പുളി എന്നിവ ചേർത്തു വെളിച്ചെണ്ണ ഒഴിച്ചു കല്ലിൽ പൊരിക്കുമ്പോൾ രുചി പൂർണ്ണമാകും. മീൻ മുട്ടയാണ് ഇവിടുത്തെ മറ്റൊരു താരം. മത്തി മുട്ട ലഭിക്കുന്ന കാലത്താണെങ്കിൽ അതായിരിക്കും കൂടുതലായും ഉപയോഗിക്കുന്നത്. അല്ലാത്ത സമയങ്ങളിൽ അയക്കൂറയുടേതും ആവോലിയുടെയും മുട്ടകളാണ് ഉപയോഗിക്കുന്നത്. ചെറിയഉളളി, പച്ചമുളകും കുരുമുളകും ഉപ്പും ചേർത്തു കല്ലില്‍ പൊരിച്ചെടുക്കുന്നതാണ് ഇവിടുത്തെ രീതി.

സാധാരണക്കാരും സെലിബ്രിറ്റികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇവിടുത്തെ ഭക്ഷണം ‌തിരക്കിൽ ഒഴിഞ്ഞു മാറി നിൽക്കുന്നവർക്കു ചിലപ്പോൾ ആസ്വദിക്കാൻ കഴിഞ്ഞെന്നു വരില്ല. കുറച്ചുകൂടി സൗകര്യമുള്ളയിടത്തേക്കു ഹോട്ടൽ മാറ്റിക്കൂടെ എന്നു ചോദിച്ചപ്പോൾ ഹോട്ടൽ മാറ്റിയാലും കൂടുതൽ ആളുകൾക്കു വെച്ചുണ്ടാക്കാനാണു ബുദ്ധിമുട്ടെന്നു ജയപ്രകാശ് പറഞ്ഞു. നല്ല വെപ്പുകാരെ കിട്ടിയില്ലെങ്കിൽ വർഷങ്ങളായി കാത്തു സൂക്ഷിക്കുന്ന ഈ രുചി പെരുമ നഷ്ടപ്പെട്ടു പോകുമോ എന്ന ആശങ്ക അദ്ദേഹത്തിന്റെ സ്വരത്തിലുണ്ടായിരുന്നു. കുറച്ചു കാലം മുൻപു വരെ അമ്മ നാരായണി ഇവിടുത്തെ അടുക്കളയിൽ വന്നു വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നു. അവശതകൾ കാരണം അമ്മ ഇപ്പോൾ വരാറില്ല. ഞായര്‍, പെരുന്നാൾ ദിവസങ്ങളിൽ അവധിയാണ്. ഓണത്തിനും വിഷുവിനും ഒരാഴ്ച കട മുടക്കമായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA