കേട്ടറിവിനേക്കാൾ വലുതാണ് സ്വിറ്റ്സർലൻഡ് എന്ന സത്യം!

600404636
SHARE

കൊച്ചിയിൽ ചായക്കട നടത്തുന്ന വിജയേട്ടനും ഭാര്യ മോഹനയും ചായക്കടയിൽനിന്നു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് പതിനാറു രാജ്യങ്ങൾ കണ്ടുകഴിഞ്ഞു. എന്തുകൊണ്ടാണ് യാത്രകളെ ഇത്രയധികം പ്രണയിക്കുന്നതെന്നു ചോദിക്കുമ്പോൾ വിജയേട്ടൻ പറയും. ‘‘ഒാരോ യാത്രയും ഒാരോ അനുഭവമല്ലേ?’’

വിജയേട്ടൻ പറഞ്ഞ വാക്കുകൾ അക്ഷരം പ്രതി ശരിയാണെന്നു തോന്നിയിട്ടുണ്ട്. ഒാരോ യാത്രയും എത്രയെത്ര മനോഹരമായ ഒാർമകളാണ് നമുക്കു സമ്മാനിക്കുന്നത്?

അധികം പ്ലാൻ ചെയ്യാതെ, എന്നാൽ മനോഹരമായ ഒാർമകൾ സമ്മാനിച്ച ഒരു യൂറോപ്പ് യാത്ര ഞാൻ കഴിഞ്ഞ മാസം നടത്തി. സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, സ്പെയിൻ. സ്വിറ്റ്സർലന്‍‍‍ഡിലേക്കുളള ഷെങ്കൻ വീസ കിട്ടാൻ എളുപ്പമാണ്. പതിനാലു ദിവസമാണ് സമയം പറയുന്നതെങ്കിലും ഏഴു ദിവസം കൊണ്ട് കിട്ടും. മറ്റു ഷെങ്കൻ രാജ്യങ്ങൾ വഴി വീസ കിട്ടാൻ കുറച്ചുകൂടി പ്രയാസമാണ്. ഒരു ഷെങ്കൻ രാജ്യത്തിന്റെ വീസ ഉണ്ടെങ്കിൽ മറ്റു ഷെങ്കൻ രാജ്യങ്ങളിൽ യാത്ര ചെയ്യാം. 2017 മേയ് 25 ദുബായിൽനിന്നു സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ നഗരമായ സൂറിക്കിലേക്കു വിമാനം കയറി. ഏഴു മണിക്കൂർ യാത്ര. ‘മരതകപ്പട്ടുടുത്ത’ മലയാള നാട് പോലെ അതിമനോഹരമാണ് സ്വിറ്റ്സർലൻഡ് എന്ന് വിമാനത്തിൽ നിന്നു പുറത്തിറങ്ങിയപ്പോൾത്തന്നെ മനസ്സിലായി. നല്ല തണുപ്പ്. ഞാൻ കയ്യിൽ കരുതിയ ജാക്കറ്റ് ധരിച്ചു. ഇമിഗ്രേഷൻ ഒാഫിസർ പാസ്പോർട്ടിൽ എൻട്രി സ്റ്റാമ്പ് പതിച്ച് സ്നേഹപൂർവം ‘‘വെൽകം ടു സ്വിറ്റ്സർലൻഡ്, നൈസ് ടു മീറ്റ് യു’’ എന്ന് പറഞ്ഞു. ഇത് എവിടെയോ കേട്ടിട്ടുളള പോലെ എനിക്ക് തോന്നി. വിമാനത്താവളത്തിനു പുറത്തിറങ്ങി ടാക്സി എടുത്തു.  റൊമാനിയക്കാരനായ ഡ്രൈവർ ഷാരൂഖ് ഖാന്റെ വലിയ ആരാധകൻ ആണെന്ന് പറഞ്ഞു. ഷാരുഖിന്റെ സിനിമകൾ അവിടെ വലിയ ഹിറ്റാണ്. നമ്മുടെ ലാലേട്ടനെപ്പറ്റി പറഞ്ഞപ്പോൾ അയാൾക്ക് അത്ര പരിചയം പോരാ.

europe

സൂറിക്കിലെ ബ്രിസ്റ്റോൾ ഹോട്ടലിൽ അധികം വൈകാതെ എത്തി. അൻപത് യൂറോ അയാൾ വാങ്ങി. ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യങ്ങളിൽ ഒന്നാണ് സ്വിറ്റ്സർലൻഡ്. അതുകൊണ്ടു തന്നെ ചിലവേറിയ രാജ്യവുമാണ്. ആൽപ്സ് പർവത നിരകളിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ഇവിടെയുളളവർ ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ, റൊമാൻഷ് എന്നീ ഭാഷകൾ സംസാരിക്കുന്നു. എനിക്ക് മലയാളം അറിയാവുന്നതുകൊണ്ടു രക്ഷപ്പെട്ടു! 

ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത്, ഒന്നു ഫ്രഷ് ആയി സ്വിറ്റ്സർലൻഡിലെ ഏറ്റവും മനോഹരമായ യുങ് ഫ്രാ ഒൗ എന്ന മഞ്ഞുമല കാണാൻ പുറപ്പെട്ടു.

zuritc

ബസ് നഗരം വിട്ടപ്പോൾ, കേട്ടറിവിനേക്കാൾ വലുതാണ് സ്വിറ്റ്സർലൻഡെന്ന സത്യം എന്നതു മനസ്സിലായി. വയലാർ ഈ സ്ഥലം കണ്ടിട്ടാണോ ‘പുഴകൾ മലകൾ പൂവനങ്ങൾ, ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾ’ എന്നെഴുതിയതെന്നു തോന്നിപ്പോയി. അത്ര മനോഹരം.

ബസ്സിൽ രണ്ടു മണിക്കൂർ യാത്ര, പിന്നെ ട്രെയിനിൽ. ആ യാത്രയും അവിസ്മരണീയമായിരുന്നു. അവസാനം കാണാൻ കൊതിച്ചിരുന്ന യുങ് ഫ്രാ ഒൗവിൽ എത്തി. യുങ് ഫ്രാ ഒൗ! ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിക്കേണ്ടി വരും. അതിമനോഹരം. യൂറോപ്പിലെ ഏറ്റവും ഉയർന്ന സ്ഥലമാണിത്. ആൽപ്സ് മഞ്ഞുമലകളിലെ സുന്ദരി! ഒരിക്കലും മറക്കാത്ത ഒാർമകൾ സമ്മാനിച്ച ജുയുങ് ഫ്രാ ഒൗവിനു നന്ദി പറഞ്ഞു മടങ്ങി. പിറ്റേന്നു സൂറിക് നഗരത്തിൽ ചുറ്റിക്കറങ്ങിയതിനു ശേഷം ഉച്ചക്ക് ഒരുമണിക്ക് പാരിസിലേക്ക് പോകാൻ തയാറെടുത്തു.

പാരിസ്സിലേക്ക് പോകാൻ സുറിക് HB ട്രെയിൻസ്റ്റേഷനിൽ എത്തി. സ്റ്റേഷനിൽനിന്ന് ഒരു കൊച്ചു കുപ്പിവെള്ളം വാങ്ങി. വില കേട്ട് ഞാൻ വെള്ളം കുടിച്ചു - 4 സ്വിസ് ഫ്രാങ്ക്!! (1CHF =66.47 INR). ഉച്ചയൂണ് തല്‍ക്കാലം വെളളത്തിൽ ഒതുക്കി!!

europe2

ഒരു കടുകുമണി സമയം അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ കൃത്യം 1:34 നു ട്രെയിൻ നമ്പർ 9222 എത്തി. ഞാൻ ടിക്കറ്റ് നോക്കി. കോച്ച് 12–സീറ്റ് 32.

പന്ത്രണ്ടാം നമ്പർ കൊച്ചിന്റെ അടുത്ത് സൂട്ടും ടൈയുമിട്ട ഒരു സായിപ്പ് നിന്നിരുന്നു. സായിപ് TTE ആണെന്നു മനസ്സിലാക്കി ഞാൻ അയാളെ ടിക്കറ്റ് കാണിച്ചു. അയാൾ ടിക്കറ്റ് സൂക്ഷിച്ചു നോക്കി എന്നിട്ട് എന്റെ കയ്യിലുളള പെട്ടിയുംവാങ്ങി സീറ്റ് 32 ലക്ഷ്യമാക്കി നടന്നു! സായിപ്പ് പോർട്ടറായിരുന്നു! സ്വിറ്റ്സർലൻഡിന്റെ മനോഹാരിത കണ്ടുകൊണ്ടുളള ട്രെയിൻ യാത്ര വർണനാതീതമാണ്. യാത്രയ്ക്കിടെ കഴിക്കാൻ സാൻ‍വിജും ആപ്പിളും കിട്ടി. നാലു മണിക്കൂർ യാത്ര കഴിഞ്ഞു Paris Gare de Lyon റെയിൽവേ സ്റ്റേഷനിൽ എത്തി. ടിക്കറ്റ് ചോദിച്ച് ആരും വന്നില്ല. ‘കുമ്മനടിച്ചാൽ’ മതിയായിരുന്നു എന്നു തോന്നിപ്പോയി!!

zurich1

Paris Gare de Lyon റെയിൽവേ സ്റ്റേഷന്റെ അടുത്തുളള ഹോളിഡേ ഇൻ ഹോട്ടലിൽ മുറി എടുത്തിരുന്നു. ഞാൻ വരുന്ന കാര്യം എന്റെ സുഹൃത്തുക്കളായ പ്രശാന്തിനെയും ശ്രീജയെയും അറിയിച്ചിരുന്നു. അധികം വൈകാതെ പ്രശാന്ത് എന്നെ വിളിച്ചു. അത്താഴം അവരുടെ വീട്ടിൽ നിന്നാകാം എന്നു പറഞ്ഞു. ഭക്ഷണത്തിന്റെ കാര്യത്തിൽ ഞാൻ പണ്ടേ ‘നോ’ പറയാറില്ല. പ്രശാന്ത് വന്ന് എന്നെ വീട്ടിലേക്കു കൂട്ടികൊണ്ടു പോയി. പാരിസിന്റെ പ്രൗഢിയുളള മനോഹരമായ ഒരു അപാർട്ട്മെന്റ്. വിഭവസമൃദ്ധമായ സദ്യ. അങ്ങനെ പാരിസിൽ നിന്നൊരു സദ്യ കഴിക്കാൻ ഭാഗ്യമുണ്ടായി.

ശ്രീജയ്ക്കു പണ്ട് അക്ഷരശ്ലോകത്തിന്നൊക്കെ ഒരുപാടു സമ്മാനം കിട്ടിയിട്ടുണ്ട്. കവിതയും എഴുതും. അവിടെനിന്നിറങ്ങുമ്പോൾ രാത്രി എട്ടു മണി കഴിഞ്ഞിട്ടുണ്ടാവും. പുറത്തു പക്ഷേ പകൽ പോലെ വെളിച്ചം. നേരെ പോയത് ഈഫൽ ടവർ കാണാനാണ്.

paris-new

ഈഫൽ ടവറിന്റെ രാത്രികാഴ്ച അതിമനോഹരമാണ്. അവിടെ നല്ല തിരക്കുണ്ടായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷിക ആഘോഷ സ്മാരകമായി 1889 ലാണ്  ഈഫൽ ടവർ നിർമ്മിച്ചത്. അലക്സാണ്ടർ ഗുസ്തേവ് ഈഫൽ എന്ന ഫ്രഞ്ച് സിവിൽ എൻജിനീയറാണ് ശിൽപ്പി. 1050 അടി നീളമുളള ഈഫൽ ഗോപുരം 41 വർഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു. രാത്രി വൈകിയാണ് ഈഫല്‍ കണ്ടു മടങ്ങിയത്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത കാഴ്ചയായിരുന്നു അത്. പക്ഷേ പാരിസിൽ ഞാൻ ഏറ്റവും കാണാൻ ആഗ്രഹിച്ചത് മൊണാലിസ്സ എന്ന സുന്ദരിയെ ആണ്. ലിയനാർഡോ ഡാവിഞ്ചി എന്ന അനുഗൃഹീത ചിത്രകാരൻ നൂറ്റാണ്ടുകൾക്കപ്പുറം വരച്ച ആ ചിത്രം ഇന്നും കാണാൻ ആയിരങ്ങൾ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായ ലൂവ്രിൽ എത്തുന്നു.

paris

പിറ്റേന്ന് രാവിലെ തന്നെ ഞാൻ ലൂവ്ര് മ്യൂസിയത്തിൽ എത്തി. അവിടെയും നല്ല തിരക്കുണ്ടായിരുന്നു. ആദ്യം തന്നെ മോണാലിസ്സയെ കാണാൻ തോന്നി. മ്യൂസിയത്തിൽ കൂടി കുറച്ചധികം നടന്നു അവസാനം ആ വശ്യ സുന്ദരിയുടെ അടുത്തെത്തി. ഫ്ലോറൻസിലെ ധനികനായ വ്യാപാരിയുടെ ഭാര്യയുടെ ചിത്രത്തെ ഞാൻ നോക്കിനിന്നു. ആ പുഞ്ചിരിയുടെ രഹസ്യം ഇന്നും ചുരുളഴിഞ്ഞിട്ടില്ല. ഗിയാൻ ഗിയാകൊമോ കാപ്രോട്ടി എന്ന യുവാവാണ് മൊണാലിസയായി മാറിയത് എന്നും പറയപ്പെടുന്നു. 

paris3

പാരിസിൽനിന്ന് ബാർസിലോനയിലേക്കായിരുന്നു അടുത്ത യാത്ര. ബാർസിലോന – ഹെർകുലീസ് സ്ഥാപിച്ച സുന്ദരനഗരം. Paris Gare de Lyon സ്റ്റേഷനിൽ നിന്നാണ് ബാർസിലോന സാൻസിലേക്കുള്ള ട്രെയിൻ. തിരക്കേറിയ ട്രെയിൻ സ്റ്റേഷനാണ്. ഫ്രാൻസിൽ അധികമാരും ഇംഗ്ലിഷ് സംസാരിക്കില്ല. മാതൃഭാഷയായ ഫ്രഞ്ചിനെ അവർ വളരെയധികം സ്നേഹിക്കുന്നു. എനിക്കാകട്ടെ അറിയാവുന്ന ഫ്രഞ്ച് വാക്ക് Merci (Thank You)! പിന്നെ മലയാളം അറിയാവുന്നതാണ് ആകെയുളള ധൈര്യം ! 

zurich2

കൃത്യം 14:07 തന്നെ ട്രയിൻ നമ്പർ 9715 എത്തി. ആറര മണിക്കൂർ യാത്ര ചെയ്ത് രാത്രി എട്ടരയോടെ ബാർസിലോനയിലെത്തി. രണ്ടാം ക്ലാസ്സ് ടിക്കറ്റ് ആയതു കൊണ്ടാവും ഈ യാത്ര സുഖകരമായിരുന്നു. അവിടെനിന്നു Sitges എന്ന സ്ഥലത്തേക്ക് അടുത്ത ട്രെയിൻ കയറി. അരമണിക്കൂർ യാത്ര. ആൾത്തിരക്കു കുറവുള്ള ചെറിയ സ്ഥലമാണത്. ഞാൻ താമസിച്ച Meliha ഹോട്ടലിന്റെ അടുത്തുളള ബീച്ച് അതിമനോഹരമായിരുന്നു. 

zurich4

ഞാൻ ബാർസിലോനയിൽ എത്തിയത് ഒരു ബിസിനസ് മീറ്റിങ്ങിനായിരുന്നു. പിറ്റേന്നു രാവിലെ മീറ്റിങ്ങിനായി ഒാഫിസിലേക്ക് റോഡ് മാർഗ്ഗം തിരിച്ചു. ബാർസിലോനയിലെ മനോഹര ഗ്രാമങ്ങളിൽ കൂടിയുളള ആ യാത്ര ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം ആയിരുന്നു. സൽക്കാരപ്രിയരായിരുന്നു അവിടെ ഉളളവർ. ഇഷ്ടം പോലെ വൈൻ കിട്ടി. അതുകൊണ്ടാവാം ബോറൻ പ്രസന്റേഷനുകളെല്ലാം നല്ല രസമായി തോന്നിയത്.‌

europe1

മീറ്റിങ് കഴിഞ്ഞ് ഞങ്ങളെ Salamanca Seafood Restaurant എന്ന ഒരു പ്രശസ്തമായ ഭക്ഷണശാലയിൽ ഡിന്നർ കഴിക്കാൻ ക്ഷണിച്ചു. ബാർസിലോന നഗരം രാത്രിയിൽ അതീവ സുന്ദരിയായിരുന്നു. നഗരത്തിന്റെ സ്ഥാപകൻ ഹെർക്കുലീസാണെന്നാണ് ഐതിഹ്യം. ഞങ്ങൾക്കു കുടിക്കാൻ മഞ്ഞ നിറത്തിലുളള എന്തോ ഒരു ദ്രാവകം കിട്ടി. ഒറ്റവലിക്കു കുടിച്ചു തീർത്തു. വെള്ളമൊഴിച്ചു കുടിച്ചില്ലെങ്കില്‍ കൂമ്പു വാടിപ്പോകുമെന്ന് കൂടെയുളള ഇറാനിയൻ സുഹൃത്ത് ജലാൽ പറഞ്ഞു.

paris7

പിറ്റേന്ന് ദുബായിലേക്ക് ഒരുപാട് സുന്ദര ഒാർമകളുമായി മടക്കം. ഒൗദ്യോഗിക സന്ദർശനമായതുകൊണ്ട് കുടുംബത്തെ കൂടെ കൂട്ടാൻ സാധിച്ചില്ല എന്ന വിഷമം ബാക്കിയായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA