െയല്ലോസ്റ്റോൺ നാഷണൽ പാർക്കിലേക്ക് ഒരു ആർ വി യാത്ര

R-V-TRIP
SHARE

 രണ്ടു മൂന്ന് മാസങ്ങള്‍ക്ക് മുൻപ് ഒരു ക്യാമ്പിങ്ങിനു പോയപ്പോഴാണ് ആർ വി ക്യാമ്പിങ്ങ് എന്ന മോഹം മനസ്സില്‍ കുടിയേറിയത്. റിക്രിയേഷണൽ വെഹിക്കിൾ എന്നതിനെയാണ് ആർ വി എന്ന് ചുരുക്കി വിളിക്കുന്നത്. സിനിമാതാരങ്ങളുടെ കാരവൻ പോലെ ചെറിയ അപാർട്മെന്റിന്റെ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു വാഹനമാണ് ആർ വി. കിടക്ക, ഫ്രിഡ്‍ജ്, കുക്കിംഗ് യൂണിറ്റ്, മൈക്രോവേവ്, ടോയ് ലറ്റ് എന്നീ സൗകര്യങ്ങൾ ഉള്ള ആർ വി മുതൽ ആഡംബര ആർ വികൾ വരെ ഉണ്ട്. നമ്മുടെ വാഹനത്തോട് ബന്ധിപ്പിച്ച വലിച്ചു കൊണ്ടു പോകാവുന്ന ആർ വി യും ബസ് പോലെ ഓടിച്ചു കൊണ്ടു പോകാവുന്ന ആർ വിയും ഉണ്ട്. 2 മുതൽ 10 പേർക്ക് കഴിയാവുന്ന ആർ വി വരെ ഉണ്ട്. റിട്ടയർമെന്റിനു ശേഷം ആർ വിയു മായി രാജ്യം കാണാൻ ഇറങ്ങുന്ന ദമ്പതികൾ ഒത്തിരിയുണ്ട്. ആർ വി ക്യാമ്പിങ്ങ് എന്ന ആശയം അമേരിക്കയിൽ വന്നതിനു ശേഷമാണ് അറിയാൻ സാധിച്ചത്. 

ഏതാനും മാസങ്ങൾക്കുള്ളിൽ നാട്ടിലേക്കു തിരിച്ചു വരാൻ ഇരിക്കെ, എത്രയും പെട്ടെന്ന് ആർ വി യാത്രാമോഹം സഫല മാക്കാനുള്ള തിടുക്കത്തിലായി ഞങ്ങൾ. കുറച്ച് ദിവസത്തെ അന്വേഷണത്തിന് ശേഷം 6 പേർക്ക് സഞ്ചരിക്കാവുന്ന ഒരു ആർ വി വാടകയ്ക്ക് ഒത്തുകിട്ടി. ഞാനും ഭർത്താവും ഞങ്ങളുടെ മിക്ക യാത്രകളും ഒപ്പം ഉണ്ടാവാറുള്ള ഒരു സുഹൃത്തും കുടുംബവും ജൂലൈ അവസാനം യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലേക്ക് ഒരു ആർ വി യാത്ര പോവാൻ തീരുമാനിച്ചു. 435 മൈൽസ് (700 km) ഉണ്ട്. വ്യാഴാഴ്ച വൈകിട്ട് പുറപ്പെട്ട് ഞായറാഴ്ച്ച വൈകിട്ടോടെ തിരിച്ചു വരുന്ന രീതിയിൽ യാത്ര പ്ലാൻ ചെയ്തു. പോക്കറ്റ് കീറുന്ന പരിപാടി ആണ്. ഉള്ളതിൽ ഏറ്റവും ചെറിയ വലുപ്പമുളള ആർ വിക്ക്  തന്നെ നാല് ദിവസത്തെ വാടകയും മറ്റുമായി 1600 ഡോളർ ആവും. 400 മൈൽസ് കഴിഞ്ഞാൽ മൈലിന് 0.45 ഡോളർ വെച്ച് കൊടുക്കണം. കേടുപാടൊന്നും കൂടാതെ വണ്ടി തിരികെതന്നാൽ തിരിച്ച് തരാം എന്ന പേരിൽ 1500 ഡോളർ ഡെപ്പോസിറ്റും കൊടുക്കണം. കൂടാതെ ഡീസൽ, ജനറേറ്ററിലേക്കുള്ള പ്രൊപെയിൻ എന്നിവയുടെ ചാർജും. ഇനി ഇങ്ങനെ ഒരു അവസരം കിട്ടുമോ എന്നറിയില്ല. എന്തായാലും ഈ അവസരം ഉപയോഗിക്കാൻ തന്നെ തീരുമാനിച്ചു. 250 ഡോളർ കൊടുത്തു ആർ വി ബുക്ക് ചെയ്തു. 

10The-drive
The Drive

വ്യാഴാഴ്ച്ച പോയി വണ്ടി എടുത്തു. പോളിടെക്നിക്കിൽ ഒന്നും പഠിക്കാത്തതുകൊണ്ട് യന്ത്രങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയൊന്നും വലിയ നിശ്ചയമില്ല. ഷെറി എന്ന അറ്റന്റന്റ് എല്ലാം വിശദമായി ആവർത്തിച്ച് പറഞ്ഞു തന്നു. 130 മൈൽസ് ഓടി കൂട്ടുകാരുടെ വീടെത്തണം. അന്ന് അവിടെ തങ്ങി വെള്ളിയാഴ്ച രാവിലെ അവരോടൊപ്പം പുറപ്പെടണം.  വല്ലതും തട്ടിക്കൂട്ടി ഉണ്ടാക്കി കഴിച്ചിട്ട് വീട്ടിൽ നിന്ന് ഇറങ്ങാമെന്നു കരുതിയതാണ്. കൂട്ടുകാരി സമ്മതിച്ചില്ല. വീക്നെസ്സിൽ കേറി പിടിച്ചു. ചോറും മീൻകറിയും ഉണ്ടാക്കാം. അവിടെ ചെന്നിട്ടു കഴിച്ചാൽ മതി എന്ന് പറഞ്ഞു. 

വൈകിട്ട് 7.30 ഓടെ പുറപ്പെട്ടു. സ്റ്റിയറിങ്ങിനു പിന്നിൽ എന്നത്തേയും പോലെ ഭര്‍ത്താവ് തന്നെ. ആദ്യമായാണ് ഇത്രയും വലിയ ഒരു വാഹനം കൈകാര്യം ചെയ്യുന്നത്. അതിന്റെ ഒരു ആശങ്ക ഇല്ലാതില്ല. അധികം ഇരുട്ടും മുമ്പ് കൂട്ടുകാരുടെ വീട്ടിൽ  എത്തി. വീട്ടിൽ ചെന്ന് കയറിയതും നല്ല മീൻകറിയുടെ മണം. ആള് ഒഡീഷക്കാരി ആണ്. അവരുടെ രീതിയിലെ മീൻ കറിയും ചൂട് ചോറും വഴുതനങ്ങ കറിയും കാരറ്റ് ഹൽവയും ഒക്കെ മേശപ്പുറത്ത് നിരത്തി. പെട്ടെന്ന് കഴിച്ചു കിടക്കണം എന്നൊക്കെ വിചാരിച്ചെങ്കിലും വിശേഷങ്ങൾ പറഞ്ഞ് നേരം പോയതറിഞ്ഞില്ല. 

വെള്ളിയാഴ്ച രാവിലെ ഒരു കാപ്പി കുടിച്ച് 8 മണിയോടെ ഇറങ്ങി. ഉപ്പുമാവ് തയ്യാറാക്കി കൈയില്‍ കരുതി. യാത്രക്കിടയിൽ വെളിയിൽ വെച്ച് കഴിച്ചു. നേരെ റെക്സ്ബർഗിൽ ഉള്ള യെല്ലോസ്റ്റോൺ ബേര്‍ വേൾഡിലേക്ക് യാത്ര തുടർന്നു. ഡ്രൈവ് ത്രൂ സൂ ആണ്. നമ്മുടെ വാഹനം അകത്തേക്ക് കൊണ്ടുപോവാം. എവിടെയും ഇറങ്ങാനോ ഗ്ലാസ് താഴ്ത്താനോ പാടില്ല. എന്തെങ്കിലും ബുദ്ധിമുട്ടനുഭവപ്പെട്ടാൽ മൂന്ന് തവണ ഹോൺ അടിച്ചാൽ സഹായത്തിനു പാർക്ക് റെയ്ഞ്ചർ എത്തും.

മ്ലാവ്, കരടി, മലയാട്, ബൈസൺ (ഒരു തരം കാട്ടുപോത്താണ്) എന്നിവയെ കാണാം. പലതും റോഡിൽ കിടക്കുന്നു. ചിലതു വാഹനത്തിലേക്ക് വന്നു എത്തി നോക്കി. അവയെ ഒന്നും ശല്യപ്പെടുത്താതെ ഞങ്ങൾ യാത്ര തുടര്‍ന്നു.  കരടികൾക്കു ഭക്ഷണം കൊടുക്കാൻ പറ്റുന്ന ഫീഡ് ദ ബേർ ടൂറും കുട്ടികരടികൾക്കു കുപ്പിപ്പാൽ കൊടുക്കുന്ന ബോട്ടിൽഫീഡ് ദ ബേർ കബ്സ് ടൂറും ഉണ്ട്.  അതിനൊന്നും നിന്നില്ല. സൂവിലൂടെ വണ്ടി ഓടിച്ച് ഞങ്ങൾ പുറത്തിറങ്ങി. 

8Campground
Campground

അടുത്ത ലക്ഷ്യം യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് ആണ്. ലോകത്തിലെ ആദ്യത്തെ നാഷണൽ പാർക്ക് ആണിത്. ഐഡഹോ, മോണ്ടാന, വയോമിങ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന 2.2 ദശലക്ഷം ഏക്കർ വലുപ്പം ഉള്ള ഈ പാർക്കിൽ 10,000 ഇലേറെ താപഘടനകളുണ്ട്. 96% ഉം വയോമിങ്ങിൽ ആണ്. 8 എന്ന ആകൃതിയിൽ ആണ് പാർക്ക്. മേലെ ഭാഗം അപ്പർ ലൂപ്പ് എന്നും താഴെ ഭാഗം ലോവർ ലൂപ്പ് എന്നും പറയപ്പെടുന്നു. 

ഉറങ്ങിക്കിടക്കുന്ന ഒരു കൂറ്റൻ അഗ്നിപർവതത്തിന്റെ മുകളിലായാണ് പർവതങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന, ഉഷ്ണജലധാരകളും ചൂട് നീരുറവയും കൂറ്റൻ മലയിടുക്കുകളും കൊടുംകാടുകളും ഒക്കെയുള്ള ഈ സ്ഥലം. ഇതിന്റെ ഭംഗി വർണ്ണനയില്‍ ഒതുങ്ങില്ല. ഇങ്ങനെ ഒരു സ്ഥലം ലോകത്തില്‍ മറ്റെവിടെയെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. ലോകത്തിലെ 60% ഉഷ്ണ ജലധാരകളും ഇവിടെയാണ്. അമേരിക്കയുടെ ഏറ്റവും അകൃത്രിമമായ രൂപമാണത്രെ ഇത്. പല തരം കരടികൾ, മാനുകൾ, കാട്ടുപോത്ത്, ചെന്നായ്ക്കൾ ഒക്കെ വസിക്കുന്ന കാട്. വനഭംഗി നുകരാൻ പറ്റിയ ഇടം.

9Midway-Geyser
Midway-Geyser

4 ഗേറ്റുകൾ ഉണ്ട്. ഞങ്ങൾക്ക് എളുപ്പം പടിഞ്ഞാറ് ഭാഗത്തെ ഗേറ്റ് ആണ്. പ്രതിവർഷം 1.8 ദശലക്ഷം സഞ്ചാരികൾ കടന്നുപോവുന്ന ഈ ഗേറ്റ് ആണ് ഏറ്റവും തിരക്കേറിയതത്രെ. ജൂൺ, ജൂലൈ ആണ് ഇവിടെ വേനലവധി. ഏറ്റവും തിരക്കേറിയ സമയവും ഇതു തന്നെ. ഹോട്ടലുകളും ക്യാമ്പ് ഗ്രൗണ്ടുകളും എല്ലാം മാസങ്ങൾ മുന്നേ ബുക്ക് ചെയ്യണം. ഞങ്ങൾ ക്യാമ്പ് സൈറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ബുക്ക് ചെയ്യുമ്പോൾ ആകെ രണ്ടോ മൂന്നോ സ്പോട്ടുകളെ ബാക്കി ഉണ്ടായിരുന്നുള്ളൂ.

പാർക്കിനകത്ത് കടന്നതോടെ കാഴ്ച്ചകൾ പാടെ മാറി. ഇരു ഭാഗങ്ങളിലുമായ കൂറ്റൻ മരങ്ങൾ, മഞ്ഞയും ചുവപ്പും വയലറ്റും നിറത്തിലുള്ള  ചെറിയ കാട്ടുപൂക്കൾ, വെള്ളച്ചാട്ടങ്ങൾ, കുറ്റി ച്ചെടികൾ, തടാകങ്ങൾ, വന്യമൃഗങ്ങൾ, പുൽത്തകിടി. കുറച്ച് കൂടെ പോയപ്പോൾ ചൂട് നീരുറവകൾ കാണാൻ തുടങ്ങി. പാർക്കിനകത്ത് കയറിയാൽ പിന്നെ നെറ്റ് വർക്ക് ഒന്നുമില്ല. 

4Firehole-river
Firehole-river

ആദ്യം കണ്ട നീരുറവയിൽ വണ്ടി നിർത്തി. പിറ്റേന്നത്തെ ടൂറിൽ ഉൾപ്പെടുന്ന സ്ഥലമാണ്. പക്ഷേ ആവേശമടക്കാന്‍ കഴിഞ്ഞില്ല. നടപ്പാതയിൽ നിന്നിറങ്ങരുത് എന്ന് എല്ലായിടത്തും താക്കീതുണ്ട്. ചൂടുവെള്ളവും ചതുപ്പു നിലവും രാസപദാർഥങ്ങളും ഒക്കെ ആണ്. ഇതൊന്നും കൂട്ടാക്കാതെ ഇറങ്ങിയവർക്കു അപകടം സംഭവിച്ചതിനെ പറ്റിയും എഴുതിവെച്ചിട്ടുണ്ട്.

ചുറ്റി കറങ്ങി തിരിച്ചു വന്നപ്പോഴേക്കും വണ്ടി ആരോ ചെറുതായി പോറിയിട്ടുണ്ട്. വണ്ടി എടുക്കുന്നതിനു മുൻപേ ഉണ്ടായിരുന്ന പോറലുകളെല്ലാം അവർ ഞങ്ങളെ കൊണ്ട് തന്നെ കൃത്യമായി അടയാളപ്പെടുത്തിയിരുന്നു.  ഡെപ്പോ സിറ്റ് മുഴുവൻ തിരിച്ചു കിട്ടും എന്ന പ്രതീക്ഷ ഇനി ഇല്ല. ഒന്നും ചെയ്യാനില്ല. അടുത്ത സ്ഥലത്തേക്ക് വണ്ടി വിട്ടു. പാർക്കിനകത്ത് പരമാവധി വേഗത 45mph ആണ്. വഴിയിൽ വല്ല മൃഗങ്ങളും ഉണ്ടെങ്കിൽ അവ പോവുന്നത് വരെ കാത്തുനിൽക്കുക തന്നെ. 

7Bacteria-mat
Bacteria-mat

ഗ്രാൻഡ് പ്രിസ്മാറ്റിക് ഇവിടുത്തെ ഒരു പ്രധാന ആകർഷണമാണ്. െയല്ലോസ്റ്റോൺ എന്ന് കേട്ടാൽ  മനസ്സിലേക്ക് ആദ്യം ഓടി വരുന്ന ചിത്രവും ഗൂഗിൾ ചെയ്താൽ കാണുന്ന ഒട്ടുമിക്ക ചിത്രങ്ങളുമൊക്കെ ഇതു തന്നെ. നീലനിറത്തിലുള്ള കുളത്തിനു ചുവപ്പും കാവിയും നിറത്തിൽ വളയം തീർത്തതുപോലെയുണ്ട്. പല ഗണത്തിൽപ്പെട്ട ബാക്റ്റീരിയയുടെ സാന്നിധ്യമാണ് വെള്ളത്തിന് നീല, പച്ച, കാവി, ഓറഞ്ച് എന്നീ നിറങ്ങൾ കൊടുക്കുന്നത്. പ്രിസം എന്ന വാക്കിൽ നിന്നാണ് പ്രിസ്മാറ്റിക് എന്ന പേരു വന്നത്. വെള്ളത്തിൽ നിന്നുയരുന്ന ആവി കാരണം ഞങ്ങൾക്ക് വിചാരിച്ചതുപോലെ മനോഹരമായ കാഴ്ച കിട്ടിയില്ല. 

ഇനി ക്യാമ്പ്ഗ്രൗണ്ടിലേക്ക്. ആർ വി പാർക്ക് ചെയ്ത് എല്ലാം സെറ്റ് ചെയ്തു.

5Grand-Pismatic-Spring-1
Grand-Pismatic-Spring-1

ചിക്കൻ മാരിനെറ്റ് ചെയ്ത് ഫ്രിഡ്ജിൽ വെച്ചിരുന്നു. ഡിന്നറിനു അത് ഗ്രിൽ ചെയ്ത് കഴിച്ചു. കരടിയെ സൂക്ഷിക്കുക. ഭക്ഷ്യവസ്തുക്കൾ ഒന്നും പുറത്തു വെക്കരുത് എന്ന അറിയിപ്പ് എല്ലായിടത്തും ഉണ്ട്. ഭക്ഷണം സൂക്ഷിച്ചു വെക്കാൻ അവിടവിടായി സൗകര്യം ഒരുക്കിയിട്ടുണ്ട്. അതുപോലെ ഹൈക്ക് ചെയ്യുന്നവർ നിര്‍ബന്ധമായും പെപ്പർ സ്പ്രേ കരുതണം. 

പകൽ നല്ല ചൂടായിരുന്നു. സൂര്യൻ അസ്തമിച്ചതോടെ ചെറുതായി തണുപ്പ് തുടങ്ങി. AC ഒന്നും ആവശ്യമില്ല. ഒരു ജനൽ തുറന്നുവെച്ച് ഞങ്ങൾ കിടന്നു. ക്ഷീണം കൊണ്ട് പെട്ടെന്നുറങ്ങിപ്പോയി.

ശനിയാഴ്ച്ച രാവിലെ എഴുന്നേറ്റപ്പോൾ നന്നേ തണുക്കുന്നുണ്ടായിരുന്നു. 

2Grand-Canyon-of-Yellowstone
Grand-Canyon-of-Yellowstone

വെള്ളം ചൂടാക്കി കുളിക്കാം എന്ന് വെച്ചാൽ 8 മണി ആവാതെ ആർ വി ഇൽ ജനറേറ്റർ ഓൺ ചെയ്യാൻ പാടില്ല. ഈ ക്യാമ്പ് ഗ്രൗണ്ടില്‍ കുളിക്കാനുള്ള സൗകര്യവുമില്ല. തൊട്ടടുത്ത ക്യാമ്പ് ഗ്രൗണ്ടിലേക്ക് വണ്ടി വിട്ടു. 5 ഡോളർ ആണ് ഷവറിന്. തുണി കഴുകിയുണക്കാനും ആർ വി–ഇൽ വെള്ളം നിറക്കാനും ആർ വി കഴുകാനും റിപ്പയർ ചെയ്യാനുമൊക്കെയുള്ള സൗകര്യവും അവിടെ ഉണ്ട്. പെട്ടെന്ന് കുളിച്ച് റെഡി ആയി ബ്രേക്ഫാസ്റ്റ് ഉണ്ടാക്കി കഴിച്ചു. 

പ്രധാന ആകർഷണങ്ങളൊക്കെ ഉൾപ്പെടുന്ന ഒരു ടൂർ ബുക്ക് ചെയ്തിരുന്നു. 9.45 ന് ക്യാമ്പ്ഗ്രൗണ്ടില്‍ ബസ് വന്നു. 42 വർഷം പഴക്കമുള്ള ഒരു ബസ്. ഇനിയും 3 വർഷം ഓടുമത്രെ. സാം എന്നൊരു ചെറുപ്പക്കാരനാണ് ഗൈഡ്. ഇവിടെ ‍ടൂർ ഗൈഡും ഡ്രൈവറും ടിക്കറ്റ് ചെക്കറും ക്ലീനറും എല്ലാം ഒരാൾ തന്നെ ആണ്. അദ്ദേഹം അടുത്ത് ഇന്ത്യ സന്ദർശിച്ചിരുന്നു. ഹിമാലയ, ഡൽഹി, വാരാണസി, രാജസ്ഥാൻ, ഋഷികേശ്, ആഗ്ര എന്നിവിടങ്ങളെ ക്കുറിച്ചൊക്കെ വാതോരാതെ സംസാരിച്ചു. കുട്ടികളുമൊത്തു ക്രിക്കറ്റും ഫുട്ബോളും കളിച്ചതും, ആളുകൾ വന്നു സംസാരിച്ചതും, സെൽഫി എടുത്തതും വീട്ടിലേക്കു ക്ഷണിച്ചതും ഭക്ഷണം ഉണ്ടാക്കി കൊടുത്തതും ഒപ്പം ഇരുന്നു കഴിച്ചതുമെല്ലാം സ്നേഹത്തോടെ സ്മരിച്ചു. ഈ യാത്രയെക്കുറിച്ചോർക്കുമ്പോഴെല്ലാം ഓർക്കുന്ന ഒരു മുഖമായിരിക്കും സാമിന്റേത്. ഇന്ത്യയെ കുറിച്ചു പറഞ്ഞത് കൊണ്ടല്ല കേട്ടോ. എന്നെ ആകർഷിച്ചത് അദ്ദേഹത്തിന്റെ അറിവും പെരുമാറ്റവും മൾട്ടിടാസ്കിങ്സ്കില്ലും ആണ്. ബസ് ഓടിക്കുന്നതിനൊപ്പം തന്നെ രാവിലെ മുതൽ വൈകുന്നേരം വരെ പല വിഷയങ്ങളെ കുറിച്ചും സംസാരിച്ചു കൊണ്ടേ ഇരുന്നു. യെല്ലോസ്റ്റോണിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഭൂഗർഭശാസ്ത്രവും പരിസ്ഥിതിയെക്കുറിച്ചും വന്യജീവികളെ കുറിച്ചും പ്രകൃതി വിഭവങ്ങളെ കുറിച്ചും വൃക്ഷസസ്യാദികളെക്കുറിച്ചും  യാത്രകളെക്കുറിച്ചും അദ്ദേഹം എങ്ങനെ ഈ ജോലിയിലേക്ക് എത്തിപ്പെട്ടു എന്നതിനെക്കുറിച്ചുമെല്ലാം സംസാരിച്ചു. ഒപ്പം യാത്രക്കാരുടെ ചോദ്യങ്ങൾക്കു മറുപടി കൊടുക്കുകയും ഇരുവശങ്ങളിലുമായി വന്യമൃഗങ്ങൾക്കു വേണ്ടി തിരയുകയും അവയെ കണ്ടാൽ ബസ് നിർത്തി തരുകയും എല്ലാം ചെയ്ത് കൊണ്ടേ ഇരുന്നു. തുടക്കത്തിലേ അദ്ദേഹം പറഞ്ഞിരുന്നു ഞാൻ ഒരു നൂറു കഥകൾ തുടങ്ങിവയ്ക്കുന്നതിൽ ഒരു നാലെണ്ണമേ മുഴുവിപ്പിക്കുകയുള്ളൂ. നിങ്ങൾക്കു കൂടുതൽ അറിയണമെങ്കിൽ ചോദിക്കാൻ മടിക്കരുതെന്ന്. പറഞ്ഞത് പോലെ തന്നെ ഒട്ടും മുഷിപ്പിക്കാതെ അദ്ദേഹം ഒരുപാട് കാര്യങ്ങൾ പങ്കുവെച്ചു.

വെള്ളം കെട്ടിക്കിടക്കുന്നിടത്ത് ഒരു കൂട്ടം ഉണങ്ങിയ മരങ്ങൾ കണ്ടപ്പോൾ അതെന്തുകൊണ്ടാണെന്നു ഒരു കൊച്ചുമിടുക്കി ചോദിച്ചു. അതിന് ഉത്തരം പറഞ്ഞതിങ്ങനെയായിരുന്നു. അമ്മ ചെടികൾ നനക്കാൻ ഏൽപിച്ച് രണ്ടു ദിവസം വീട്ടിൽ നിന്നു മാറി നിന്നു എന്ന് കരുതുക. എത്ര വെള്ളമൊഴിക്കണം എന്നറിയാതെ നിങ്ങൾ ആവശ്യത്തിൽ കൂടുതൽ വെളളമൊഴിച്ചു. അമ്മ തിരിച്ചു വന്നപ്പോൾ ചെടികളെല്ലാം ചീഞ്ഞിരിക്കുന്നു. എന്തായിരിക്കും കാരണം. ഒട്ടും ആലോചിക്കാതെ തന്നെ അവൾ പറ‍ഞ്ഞു, ആവശ്യത്തിൽ കൂടുതൽ വെള്ളം ഒഴിച്ചതു കൊണ്ടെന്ന്. ഇത് തന്നെയാണ് ഇവിടെയും സംഭവിച്ചതെന്നു ലളിതമായി പറഞ്ഞു മനസ്സിലാക്കിത്തന്നു. ആവശ്യത്തിലധികം വെള്ളം ഒഴുകിയെത്തിയതിനാൽ മരങ്ങൾ ഒന്നൊന്നായി ചീഞ്ഞുപോയി.

3Bluestar-Spring
Bluestar-Spring

കാട്ടുതീയിൽ പെട്ട് നശിച്ച മരങ്ങൾക്കിടയിലൂടെയായി യാത്ര. കാട്ടുതീ നല്ലതാണോ എന്ന് സാം യാത്രക്കാരോടായി ചോദിച്ചു. പിന്നെ റോഡരികിൽ വണ്ടി നിർത്തി എല്ലാവരേയും കൊണ്ട് ആ മരങ്ങളുടെ ഇടയിലേക്ക് പോയി പുതിയ സസ്യാ മൃഗാദികളുടെ വളർച്ചയിൽ കാട്ടുതീക്കുള്ള പങ്ക് വിശദമാക്കിതന്നു. ഒരുപാട് ചെടികളെയും പൂക്കളെയും കായ്കനികളെയും അവിടെ പരിചയപ്പെടുത്തി.

യെല്ലോസ്റ്റോണിന്റെ മറ്റൊരു പ്രധാന ആകർഷണം ആണ് ഓൾഡ് ഫെയ്ത്ഫുൾ ഗൈസർ, കഴിഞ്ഞ 75 വർഷങ്ങളിലേറെയായി കൃത്യമായി എല്ലാ 93 മിനിട്ടിലും (+/- 10 മിനിറ്റ്) 50 മീറ്റർ ഉയരത്തിലേക്ക് ഏകദേശം 8000 ഗാലൻ 950 C വെള്ളവും 1750 C ആവിയും ചീറ്റുന്നതിലാണ് ഇതിനു വിശ്വസ്തൻ (ഫെയ്ത്ഫുൾ) എന്ന പേരുവന്നത്. 

ഇത് കാണാൻ ചുറ്റും ബെഞ്ച് ഇട്ടിട്ടുണ്ട്. അരമുക്കാൽ മണിക്കൂർ മുന്നേ എത്തിയാലേ ഇരിക്കാൻ സീറ്റ് കിട്ടൂ. ഉച്ചഭക്ഷണത്തിനു ഇവിടെ സമയം അനുവദിച്ചിരുന്നു. ഹോട്ടലിലെ തിരക്കു മുൻകൂട്ടി കണ്ട് ഞങ്ങൾ ഭക്ഷണം കൈയിലെടുത്തിരുന്നു. ആ സമയം ലാഭിച്ച ‍ഞങ്ങൾ അപ്പർഗൈസർ ബൈസിൻ കാണാൻ പോയി. 

6Lower-geyser-basin
Lower-geyser-basin

ഓൾ‌ഡ് ഫെയ്ത് ഫുൾ ഉരുകി തീരുന്നതിനു മുമ്പ് ‍ഞങ്ങൾ എത്തി. വെള്ളം തിളച്ചു ചെറുതായി ചീറ്റിത്തുടങ്ങിയതും ക്യാമറകളും മൊബൈൽ ഫോണുകളും എല്ലാം ഉയർന്നു. 2 മിനിറ്റ് ശക്തിയായി വെള്ളം ചീറ്റി; വീണ്ടും ശാന്തമായി.

ലോവർ ഗൈസർ ബേസിനിൽ എല്ലാ തരം താപഘടനകളും ഉണ്ട്. ലളിതമായ ഭാഷയിൽ ഗൈഡ് എല്ലാം വിശദീകരിച്ചു തന്നു. ഗിബ്ബൺ ഫോൾസ് കണ്ട്, യെല്ലോസ്റ്റോണിന്റെ ഗ്രാൻഡ് ക്യാനിയൻ എന്നറിയപ്പെടുന്ന സ്ഥലത്തെത്തി. 94m ഉയരത്തിൽ നിന്ന് വെള്ളം വീണു ചുവപ്പും കാവിയും പച്ചയും കറുപ്പും കലർന്ന മലയിടുക്കുകളിലിടയിലൂടെ കുത്തിയൊഴുകുന്ന കാഴ്ച അതിമനോഹരമായിരുന്നു. 

പരന്നു കിടക്കുന്ന പച്ച പരവതാനിയായ ഹെയ്ഡൻ താഴ്‍വരയിലൂടെ കടന്നു പോയപ്പോൾ ഒരുപാട് മൃഗങ്ങളെ കാണാനിടയായി. പക്ഷികളുടെയും ഇഷ്ടസങ്കേതമാണ് ഈ താഴ്‍വര. ‍ജലാശയങ്ങളിൽ വെള്ളം കുടിക്കാനായി വന്യമൃഗങ്ങൾ എത്തും എന്ന പ്രതീക്ഷയിൽ ഒരുപാട് പേർ റോഡരികിൽ ട്രൈപോഡും ക്യാമറയും ബൈനോകുലേഴ്സുമൊക്കെയായി കാത്തുനിൽപ്പുണ്ടായിരുന്നു. അവരെ നിരാശപ്പെടുത്താതെ കൂട്ടം കൂട്ടം ആയി മൃഗങ്ങൾ വരുന്നുണ്ടായിരുന്നു. 

6.30 യോടെ ‍ടൂര്‍ കഴിഞ്ഞ് ഞങ്ങളെ തിരിച്ചു ക്യാമ്പ്ഗ്രൗണ്ടില്‍ വിട്ടു. ഒരു നല്ല ദിവസം സമ്മാനിച്ചതിന് സാമിനോട് ഞങ്ങൾ നന്ദി പറഞ്ഞു. സാം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.. ഞാൻ നിങ്ങളുടെ നാട്ടിൽ വന്നപ്പോൾ നിങ്ങളുടെ നാട്ടുകാർ എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. ഞാൻ തീർച്ചയായും ഇനിയും ഇന്ത്യയിലേക്കു വരും. ഹോളി കാണണം. നിങ്ങളുടെ സംസ്കാരത്തെ പറ്റി കൂടുതൽ പഠിക്കണം. മുംബൈയും കല്‍ക്കട്ടയും ബാംഗ്ലൂരും സൗത്ത് ഇന്ത്യയും കാണണം. പകരം എനിക്ക്  ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം, എന്റെ നാട്ടിലേക്ക് വരുന്ന ഇന്ത്യാ ക്കാരോട് നന്നായി പെരുമാറുക, കഴിയുന്ന സഹായം ചെയ്യുക എന്നതാണ്. എന്ത് ആവശ്യം ഉണ്ടെങ്കിലും ബന്ധപ്പെടാൻ മറക്കരുത്, എന്നാണ്. ഞങ്ങൾ യാത്ര പറഞ്ഞ് പിരിഞ്ഞു. 

ഒട്ടും സമയം കളയാതെ ആർ വിയുമായി ഇറങ്ങി ഞങ്ങൾ അടുത്തുള്ള കുറച്ചു സ്ഥലങ്ങളൊക്കെ ചുറ്റി കറങ്ങി. തിരിച്ചു ക്യാമ്പ്ഗ്രൗണ്ടില്‍ വന്നു. ടർക്കിയാണ് ഇന്നത്തെ ഡിന്നർ. തണുപ്പ് കുറവാണ്. ഒരുപാട് നേരം രാത്രി സംസാരിച്ചിരുന്നു.

ഞായറാഴ്ച്ചയായി. മടക്കയാത്രയാണ്. ആർ വി 7 മണിക്ക് മുമ്പായി തിരിച്ചേൽപ്പിക്കണം. ഉച്ചഭക്ഷണം ഉണ്ടാക്കിവെച്ചു പുറപ്പെട്ടു. വഴിയിൽ ഒരു സ്ഥലത്തു കൂടെ നിർത്തി– മഡ് വോൾകാനോ അധികം വെള്ളം ഇല്ലാത്തൊരു ഭാഗം. ഭൂമിക്കടിയിലെ ചൂടുകാരണം ചെളി കിടന്നു തിളയ്ക്കുന്നു.

പിന്നെ നേരെ നാട് പിടിച്ചു. ഡീസലും പ്രോപെയ്നും വെള്ള വും എല്ലാം ഫുൾ ടാങ്ക് ആണെന്ന് ഉറപ്പു വരുത്തി. 6.30 യോടെ ആർ വി തിരിച്ചേൽപ്പിച്ചു. ആർ വി വാടക, അധികം മൈൽസ് ഓടിയതിനുള്ള ചാർജ്, ഇൻഷുറൻസ്, ഡീസൽ, ക്യാമ്പ്ഗ്രൗണ്ട് റിസർവേഷൻ, ഗൈഡഡ് ‍ടൂർ, പുറത്തു നിന്ന് കഴിച്ച ഭക്ഷണം, പ്രവേശന ഫീസ് എല്ലാം കൂടെ നാലുദിവസത്തേക്ക് രണ്ടുപേരടങ്ങുന്ന കുടുംബത്തിന് 1100 ഡോളർ ആയി. പാർക്കിന്റെ ലോവർ ലൂപ്പ് മാത്രമേ കവർ ചെയ്യാൻ സാധിച്ചുള്ളൂ. ഓടി നടന്നു പ്രധാന സ്ഥലങ്ങൾ മാത്രം കാണാൻ തന്നെ മൂന്ന് ദിവസം അവിടെ ചിലവഴിക്കണം. അവസരം കിട്ടിയാൽ ഒന്നു കൂടെ പോകണം എന്നു മനസ്സില്‍ ഉറപ്പിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA