ഞാൻ കണ്ട തായ്‌ലൻഡ് : രഞ്ജിത്ത് ശങ്കർ 

ranjith-trip
SHARE

തായ്‌ലൻഡ് സ്വപ്നങ്ങളുടെ പറുദീസയാണ്. സ്വാതന്ത്ര്യത്തിന്റെ കാറ്റ് ശ്വസിച്ച് ജീവിതത്തിന്റെ വലിപ്പക്കുറവോ കൂടുതലോ ഓർക്കാതെ അലഞ്ഞു നടക്കാനാകുന്ന കുറച്ചു ദിവസങ്ങൾ നൽകുന്ന ആനന്ദം എത്ര തീവ്രമാണ്! സ്വാതന്ത്ര്യം എന്നർഥമുള്ള തായ് എന്ന വാക്കിൽ നിന്നാണ് തായ്‌ലൻഡ് എന്ന വാക്കുണ്ടായതെന്ന് പറയപ്പെടുന്നു. തായ്‌ലൻഡ് എന്ന പേര് കേൾക്കുമ്പോൾ മനസ്സിലേക്കു വരുന്ന ചില കാഴ്ചകളും കഥകളുമുണ്ട്. സെക്സ് ടൂറിസം ഏറ്റവും കൂടുതൽ നടക്കുന്ന ഇടമെന്ന പേരുദോഷമാണ് തായ്‌ലൻഡ് എന്നതാണ് അതിൽ പ്രധാനം. 

2ranjith-7

ഇതുവരെ തായ്‌ലൻഡിനെ കുറിച്ച് പറഞ്ഞു കേട്ടത് തെറ്റാണെന്നു പറയുകയാണ് പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ശങ്കർ. മലയാളസിനിമയിൽ പെണ്ണിന്റെ സ്വപ്നങ്ങൾക്ക് പുതിയൊരു മാനം നൽകിയ വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന് തായ്‌ലൻഡിൽ വ്യത്യസ്തമായ കാഴ്ചകൾ ലഭിക്കാനേ വഴിയുള്ളൂ.

‘ഇക്കഴിഞ്ഞ മാസം, ദുബായ്, ഖത്തർ, മലേഷ്യ, തായ്‌ലൻഡ് എല്ലായിടത്തും പോയി. ആദ്യമായി പോകുന്നത് തായ്‌ലൻഡിൽ തന്നെ. തായ്‌ലൻഡിനെകുറിച്ച് ആളുകൾ പറഞ്ഞ അറിവേ എനിക്കുമുണ്ടായിരുന്നുള്ളൂ.ആദ്യം വിചാരിച്ചത് സുഹൃത്തുക്കൾക്കൊപ്പം പോകാമെന്നാണ്, അങ്ങനെ ഒരു പ്രതീതിയാണല്ലോ ആ ഇടത്തിന്. പോകാൻ അവസരം ലഭിച്ചിരുന്നു പക്ഷേ പറ്റിയില്ല. പോയത് ഭാര്യയും കുഞ്ഞുങ്ങളും ഉൾപ്പെടുന്ന കുടുംബത്തോടൊപ്പമാണ്. പാസ്‌പോർട്ടിൽ തായ്‌ലൻഡ് എന്നടിച്ചത് കാണുമ്പോൾ തന്നെ നെഗറ്റീവ് ആയി അഭിപ്രായം പറയാൻ സാധ്യതയുണ്ടെന്നാണു സുഹൃത്തുക്കൾ പോലും പറഞ്ഞത്, എന്നാലും പോകാൻ തന്നെയുറച്ചു. 

7renjith

തായ്‌ലൻഡിൽ സെക്സ് ടൂറിസം വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നതാണ് അതിനെ ഒരു കുടുംബസമേതമുള്ള യാത്രകളിൽനിന്ന് അകറ്റി നിർത്തുന്നത്. പക്ഷേ അവിടെ ചെന്നതിനു ശേഷം അങ്ങനെ ഒന്നു കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല. അവിടെ ചെല്ലുമ്പോൾത്തന്നെ സ്ത്രീകൾ കാത്തിരിക്കുന്നു എന്ന പോലെയാണ് പല കഥകളും, പക്ഷേ തായ്‌ലൻഡ് സർക്കാർ ഇത്തരം ടൂറിസത്തിനെ അവിടെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് സത്യം. എല്ലാ നഗരങ്ങളിലും എന്ന പോലെ ഇവിടെയും സെക്സ് മസാജിങ്ങും ഒക്കെ പിന്നാമ്പുറങ്ങളിൽ നടക്കുന്നുണ്ട്, അതിവിടെ നമ്മുടെ കേരളത്തിൽ വരെയുണ്ടല്ലോ. പക്ഷേ തായ്‌ലൻഡ് അതിന്റെ പറുദീസയൊന്നുമല്ല, ചിലപ്പോൾ എന്റെ കാഴ്ചപ്പാടിന്റെയാകാം. വളരെ ശക്തരായ, ജോലികൾ ചെയ്യുന്ന സ്ത്രീകളെ ആണ് അവിടെ കണ്ടത്. അവരെ ബഹുമാനിക്കാനാണ് തോന്നിയതും.

ഞങ്ങൾ തായ്‌ലൻഡിൽ പല സ്ഥലങ്ങളിലും പോയിരുന്നു. ക്രാബിയിലാണ് ആദ്യം പോയത്. ക്രാബി ഒരു ദ്വീപാണ്. ആറേഴു ദ്വീപുകൾ ഉണ്ടവിടെ. വളരെ മനോഹരമായ ഇടം. ഭക്ഷണം വളരെ രുചികരമായി ആസ്വദിക്കാൻ പറ്റി, വളരെ കുറഞ്ഞ വിലയുമേയുള്ളൂ. നമ്മുടെ രണ്ടു രൂപയാണ് തായ്‌ലൻഡിലെ ഒരു baht 

3renjith

അവിടെനിന്നു ഫുക്കറ്റിലേക്കാണ് പോയത്. ജെയിംസ് ബോണ്ട് ദ്വീപ് ഒക്കെ ഉള്ളത് ഫുക്കറ്റിലാണ്. ജെയിംസ് ബോണ്ട് സിനിമകളുടെയൊക്കെ ലൊക്കേഷൻ അവിടെയായിരുന്നു. വളരെ വ്യത്യസ്തമായ ബീച്ചുകളാണ് തായ്‌ലൻഡിൽ. തെളിഞ്ഞ വൃത്തിയുള്ള ബീച്ചുകൾ. ആദ്യമായി ഒരു ബീച്ചിൽ കുളിച്ചതും അവിടെയാണ്. അതൊരു നല്ല അനുഭവമായിരുന്നു. നമ്മുടെ നാടിനെ അപേക്ഷിച്ചു നോക്കുമ്പോൾ ടൂറിസം വളർത്താനുള്ള ശ്രമം അവർ നടത്തുന്നുണ്ട്. ഏതു ചെറിയ സ്ഥലം പോലും വിനോദ സഞ്ചാരത്തിന് വേണ്ട നിലവാരത്തിലേക്ക് കൊണ്ടുവരാൻ സർക്കാർ അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ട്. കണ്ടൽക്കാടുകളൊക്കെ എന്തുമാത്രം നമ്മൾ അതിന്റെ ഗുണമറിയാതെ നശിപ്പിച്ചു കളയുന്നു, പക്ഷേ അവർ കണ്ടൽക്കാടുകൾ വളരെ മനോഹരമായി സംരക്ഷിക്കുന്നുണ്ട്. സൂനാമികളിൽ നിന്നൊക്കെ രക്ഷിക്കാൻ തക്ക ശക്തിയുള്ള പ്രത്യേകതയുള്ളതാണ് കണ്ടൽക്കാടുകൾ. 

മറ്റൊന്ന്, ആളുകൾ ഭയങ്കര ലിബറേറ്റഡ് ആണ്. അവിടെയാണ് ഇത്രയധികം ട്രാൻസ്ജെൻഡേഴ്സിനെ കണ്ടത്. നമ്മുടെ നാട്ടിൽ ട്രാൻസിനോട് കാണിക്കുന്ന ഒരു അവഗണനാ മനോഭാവമുണ്ട്, അവർ മനുഷ്യർ പോലും അല്ലാത്ത വിധത്തിൽ നമ്മൾ അവരെ മാറ്റി നിർത്തും. പക്ഷേ അവിടെ അങ്ങനെ ഒരു വ്യത്യസ്തതയും അവർക്കില്ല, അവരെ ആരും തുളഞ്ഞു നോക്കാറില്ല, മർദിക്കാറില്ല, ചോദ്യം ചെയ്യാറില്ല, അവിടെ അവർ അവരുടെ ജോലി എടുത്ത് അവരുടെ ജീവിതം ജീവിക്കുന്നു. ഞങ്ങൾക്ക് അവിടെ കിട്ടിയ ഗൈഡ് ഒരു ട്രാൻസ് ആയിരുന്നു. വളരെ സാധാരണ പോലെ ജീവിതമുള്ള ആൾ, ജോലി ചെയ്തു ജീവിക്കുന്ന വ്യക്തി. അവിടെ അവർക്ക് സ്വാതന്ത്ര്യമുണ്ട്. ലൈംഗിക ജോലികൾ ചെയ്യുന്നവരെ പോലും അവിടെ അവർ മറ്റൊരു കണ്ണുകളോടെ കാണുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ല.

5ranjith2

ഇതുപോലെയുള്ള നിരവധി ഇടങ്ങൾ തായ്‌ലൻഡിലുണ്ട്. ഞാൻ മൂന്നു മാസത്തിലൊരിക്കൽ ദുബായിൽ പോകുന്ന ആളാണ്. എപ്പോൾ പോയാലും എന്തെങ്കിലും പുതിയത് അവിടെയുണ്ടാകും. അതുപോലെ ഒരു പുതുമ തായ്‌ലൻഡിലും കാണാൻ കഴിഞ്ഞിട്ടുണ്ട്. കൃഷിക്കാരാണ് തായ്‌ലൻഡിൽ അധികവും. ആദ്യം ഭക്ഷണം കഴിക്കാൻ വേണ്ടി ഇറങ്ങിയപ്പോൾ ഹോട്ടൽ തിരഞ്ഞു മടുത്തു. കാരണം എനിക്ക് ഭക്ഷണം കഴിക്കണമെങ്കിൽ അതിന്റെ ചുറ്റുപാടുകളും ഒക്കെ എന്നെ ആകർഷിക്കണം. അങ്ങനെ ഒരിടത്തു ചെന്നപ്പോൾ അവിടെ എല്ലാം നോക്കുന്നത് ഒരു അമ്മയും മകനുമാണ്. ഒരു ചെറിയ ഹോട്ടലാണ്. ഭക്ഷണത്തിന്റെ കൂടെ സാലഡുകൾ എനിക്ക് വലിയ ഇഷ്ടമാണ്. ഉള്ളി, സവോള, കാപ്സിക്കം, സോസ് പോലെയുള്ളവ... കഴിക്കാൻ ഇരുന്നപ്പോൾ അവിടെ അപ്പോൾ ഉണ്ടാക്കിയ ഒരു ഹോം മെയിഡ് സോസ് തന്നു. അതും ചോറും മാത്രമാണ് അന്ന് കഴിച്ചത്, അത്ര രുചികരമായിരുന്നു അവിടുത്തെ ഭക്ഷണം. പിന്നെ തായ്‌ലൻഡ് യാത്രയിൽ ഉടനീളം അത്തരം ഹോട്ടലുകൾ തിരഞ്ഞു കഴിക്കാൻ ശ്രദ്ധിച്ചിരുന്നു. നല്ല ഫാമിലി രീതിയിലൊക്കെ നടത്തുന്ന നിരവധി ഹോട്ടലുകൾ അവിടെയുണ്ട്. അവിടെ ഒരിടത്ത് അവിടെ ലോക്കൽ പഴംപൊരി ഉണ്ടാക്കുന്ന ഒരു സ്ത്രീയെ വരെ കണ്ടെത്താൻ കഴിഞ്ഞു. 

തായ്‌ലൻഡിൽ ചെല്ലുമ്പോൾ ബാങ്കോക്ക് ഒഴിവാക്കാൻ ആവില്ലലോ. തായ്‌ലൻഡിൽ തന്നെ ഏറ്റവും കൂടുതൽ സെക്സ് ടൂറിസം ഉള്ളത് ബാങ്കോക്കിൽ ആണ് എന്നാണു കേട്ടിരുന്നത്. അത് എന്താണെന്ന് കാണണമെന്നും ഉണ്ടായിരുന്നു, ആദ്യം ഞാനും ഭാര്യയും കുട്ടികളെ റൂമിൽ ഇരുത്തിയിട്ടു പോയാലോ എന്നു കരുതി. പിന്നെ ഒറ്റയ്ക്ക് പോകാം എന്ന തീരുമാനത്തിൽ എത്തി. പക്ഷേ ബാങ്കോക്കിൽ അങ്ങനെ ഒരു ഇടം കണ്ടെത്താൻ എനിക്കായില്ല എന്നതാണ് സത്യം. ഒരുപക്ഷേ വളരെ ലോക്കലായ പരിചയം ഇല്ലാത്തതുകൊണ്ടുമാകാം, പക്ഷേ അതിന്റെ അർഥം അവിടെ സെക്സ് ടൂറിസം എന്നത് അത്ര എളുപ്പത്തിൽ കിട്ടുന്ന ഒന്നല്ല എന്നുതന്നെയാണ്. എന്നാൽ ഇവിടെ വന്നിട്ട് വരുന്നവരൊക്കെ വലിയ കഥകൾ പറയുന്നത് ഒരുപക്ഷേ നിരാശരായി മടങ്ങിയവരായിരിക്കാം എന്നതുകൊണ്ടാണെന്നു തോന്നുന്നു . അവിടെ ഒരു മസാജിന് പോയിരുന്നു, വളരെ പ്രഫഷനലായ മസാജിങ്, ഒരു തായ്‌ലൻഡ് സ്ത്രീയാണ് ചെയ്തത്. അത് വളരെ റിഫ്രഷ് ആയ അനുഭവമാണ് തന്നത്. എന്നാൽ ഒട്ടും സെക്‌ഷ്വൽ ആയ അനുഭവം തോന്നിയില്ല താനും. അവിടെയും കണ്ട സ്ത്രീകളെല്ലാം അവരുടെ ജോലിയിൽ ആത്മാർഥതയുള്ള, സ്ട്രോങ്ങ് ആയവരായിരുന്നു. അവരോട് നമുക്ക് ബഹുമാനമാണ് തോന്നുക. 

6renjith

ബാങ്കോക്കിൽ നല്ലൊരു സഫാരി പാർക്കുണ്ട്. ലോകത്തിൽ ഒറാങ് ഉട്ടാന്റെ ഷോയുള്ള ഒരേയൊരു പാർക്ക് ഇവിടെയാണെന്നു തോന്നുന്നു. കുട്ടികൾക്കൊക്കെ രസമാണെങ്കിലും എനിക്ക് വിഷമം തോന്നി. കാരണം ഇവിടെ ഒരു സിനിമയ്ക്ക് ഒരു പക്ഷിയെ കാണിക്കുന്നതിന് പോലും അനുമതി വേണം. എന്നാൽ സർക്കസ് ഒന്നും നിരോധിക്കപ്പെട്ടിട്ടുമില്ല. ഈ മൃഗങ്ങളൊക്കെ എന്തുമാത്രം പീഡനങ്ങളിൽ കൂടി കടന്നു പോയിട്ടാവും പറയുന്നത് അനുസരിക്കാൻ പഠിക്കുന്നത്. അതോർക്കുമ്പോൾ ആ ഷോ വിഷമമായിരുന്നു. 

ബാങ്കോക്ക് മികച്ച ഒരു ഷോപ്പിങ് സ്ഥലമാണ്. വളരെ കുറഞ്ഞ വിലയിൽ നല്ല വസ്ത്രങ്ങൾ, ബാഗുകൾ, ചെരുപ്പുകൾ ഒക്കെ ലഭിക്കും, അതും നല്ല ക്വാളിറ്റി. മുബബീൻ ഏരിയ, ഇന്ദിര നഗർ എന്നിവയൊക്കെ നല്ല ഷോപ്പിങ് ഇടങ്ങളാണ്. ബാങ്കോക്കിൽ ഏറ്റവും കൂടുതൽ ആകർഷിച്ചത് ബുദ്ധ ക്ഷേത്രങ്ങളാണ്. അവിടെ പലയിടത്തും, അതായത് ക്രാബിയിൽ മുതൽ ബാങ്കോക്കിൽ വരെ ബുദ്ധക്ഷേത്രങ്ങൾ. അത് പിന്തുടരുന്ന ആളുകളെ ഒന്നും കണ്ടില്ല. ബുദ്ധിസത്തിൽ താൽപ്പര്യം ഉള്ളതുകൊണ്ട് അത് കൗതുകമായി തോന്നി. 

എന്തായാലും മറ്റുള്ളവർ പറഞ്ഞു കേട്ട തായ്‌ലൻഡിനപ്പുറം കണ്ടെത്തിയതിന്റെ സന്തോഷമുണ്ട്. എങ്കിലും ഒരിക്കൽ കൂടി പോകണം. ഇത്തവണ കണ്ടെത്താൻ കഴിയാത്ത തായ്‌ലൻഡിന്റെ രഹസ്യങ്ങൾ അന്വേഷിച്ച്.’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA