മദ്യക്കുപ്പികൾ കൊണ്ടൊരു ക്ഷേത്രം

619509522
SHARE

ഏറെ വ്യത്യസ്തമായ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്ന സഞ്ചാരികളെ... നിങ്ങൾക്കായി ഇതാ വിസ്മയമുണർത്തുന്ന, എന്നാൽ പവിത്രമായി കണക്കാക്കപ്പെടുന്ന ഒരിടം. അതൊരു നിര്‍മിതിയാണ്. വിശുദ്ധവും പുണ്യവുമായി കരുതുന്ന ഒരു ദേവാലയമാണത്. പക്ഷേ, നിർമ്മിക്കപ്പെട്ടിരിക്കുന്നത് മദ്യക്കുപ്പികൾ കൊണ്ടാണ്. വിരുദ്ധമെന്ന് വിശ്വസിക്കുന്ന രണ്ടു പ്രമേയങ്ങളെ,  ആത്മീയതയെയും ലഹരിയേയും  ഏറ്റവും മനോഹരവും പവിത്രവുമായ രീതിയിൽ സംഗമിപ്പിച്ചിരിക്കുന്നത് ബുദ്ധസന്യാസികളാണ്. തായ്‌ലൻഡിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

Wat-Pa-Maha-Chedi-Kaew

വലിയൊരു നന്മയുടെ കഥകൂടി ഈ ക്ഷേതനിർമിതിയുമായി ബന്ധപ്പെട്ടുണ്ട് എന്നതാണ് ഇതിനു പുറകിലെ ഏറ്റവും സുന്ദരമായ മറ്റൊരു വസ്തുത. ഏതാണ്ട് മുപ്പതുകൊല്ലം കൊണ്ട് കടലിൽ നിക്ഷേപിക്കപ്പെട്ട മദ്യക്കുപ്പികൾ, അവ ഉയർത്തിയ വലിയ പാരിസ്ഥിക പ്രശ്നങ്ങൾ.. അതുമറികടക്കുകയും പ്രകൃതിയെ സംരക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു ബുദ്ധസന്യാസികളെ കുപ്പികൾ കൊണ്ടൊരു ക്ഷേത്രം നിർമിക്കുക എന്ന തീരുമാനത്തിലെത്താൻ പ്രേരിപ്പിച്ചത്. 

10 ലക്ഷത്തിലേറെ ബിയര്‍ ബോട്ടിലുകള്‍ കൊണ്ടാണ് വാറ്റ് പാ മഹാ ചേദി ക്യൂ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. 1984 ലാണ് ബുദ്ധസന്യാസികൾ ക്ഷേത്രനിര്‍മാണം ആരംഭിക്കുന്നത്. വന്യതയുടെ നടുവിലുള്ള  ചില്ലുക്ഷേത്രം എന്നാണ് വാറ്റ് പാ മഹാ ചേദി ക്യൂ എന്നതുകൊണ്ട് തായ് ഭാഷയിൽ അർഥം. അദ്ഭുതപ്പെടുത്തുന്നതാണ് ക്ഷേത്രത്തിന്റെ നിർമിതി. ചില്ലുകുപ്പികൾ അടുക്കിവെച്ചിരിക്കുന്ന ചുവരുകളും തൂണുകളും കൈവരികളും തറയും മേൽക്കൂരയും തുടങ്ങി എല്ലാം കുപ്പികൾകൊണ്ട്. കലാപരമായി ഈ കുപ്പികൾ ചേർത്തുവെച്ചപ്പോൾ നിർമ്മിക്കപ്പെട്ടത് ആരിലും കൗതുകം ജനിപ്പിക്കുന്ന, 'അദ്ഭുതകരം' എന്നുതന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന ഒരു മികച്ച സൃഷ്ടിയായിരുന്നു. 

തായ്‌ലൻഡിൽ ലഭിക്കുന്ന ചാങ് എന്ന ബിയറിന്റെയും ഹെയിന്‍കെന്‍ എന്ന ബിയറിന്റെയും കുപ്പികളാണ് ക്ഷേത്ര നിര്‍മിതിക്കായി ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രം പണിതുകഴിഞ്ഞും പിന്നെയും ബാക്കിവന്നു ലക്ഷക്കണക്കിന് കുപ്പികൾ, അവകൊണ്ടും നിർമിച്ചും കണ്ണിനിമ്പം പകരുന്ന നിരവധി നിർമ്മിതികൾ, അതിൽ ഗോപുരങ്ങളും ജലസംഭരണിയും ശൗചാലയങ്ങളും ശ്മാശാനങ്ങളും വരെയുണ്ട്. 

beer-toliet

നിർമാണത്തിലെ വൈവിധ്യവും വിസ്മയിപ്പിക്കുന്ന രൂപഭംഗിയും നിരവധി സഞ്ചാരികളെ അങ്ങോട്ട് ആകർഷിക്കുന്നുണ്ട്. സുസ്ഥിര നിർമിതിയുടെ ഒരു വലിയ ഉദാഹരണമായാണ് ഇന്ന് ഈ ക്ഷേത്രവും പരിസരത്തുള്ള മറ്റുനിര്മിതികളും വിലയിരുത്തപ്പെടുന്നത്. പരിസ്ഥിമലിനീകരണം തടയുന്നതിനായി ഇത്തരത്തിലൊരു പ്രവർത്തിയിലേക്കു തിരിഞ്ഞ ബുദ്ധ സന്യാസികൾക്ക് അന്താരാഷ്ട്രതലത്തിൽ ഇപ്പോൾ വലിയ പ്രശംസയാണ് ലഭിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA