കുറഞ്ഞ ചിലവിൽ യാത്രപോകാൻ പറ്റിയ രാജ്യങ്ങൾ

Pura Tanah Lot - temple on Bali, Indonesia
SHARE

യാത്രാപ്രിയരായ പലരും കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ കഴിയുന്ന സ്ഥലങ്ങളെക്കുറിച്ച് ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട്. യാത്ര ചെയ്യാനുള്ള ആഗ്രഹവും സാമ്പത്തിക ഞെരുക്കവുമായിരിക്കും അങ്ങനെയൊരു ചിന്തയുടെ പ്രധാന കാരണം. അങ്ങനെയുള്ളവർക്കായിതാ... വളരെ കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ കഴിയുന്ന കുറച്ചുരാജ്യങ്ങൾ. ചെലവ് കുറവെങ്കിലും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നതിൽ ഈ രാജ്യങ്ങൾ ഒട്ടും പുറകിലല്ല എന്നതാണ് സത്യം. കാഴ്ചകളുടെ വസന്തമൊരുക്കുന്ന ഈ രാജ്യങ്ങളേതൊക്കെയാണെന്നറിയേണ്ടേ?

ഇന്തോനേഷ്യ 

വെള്ള മണൽ നിറഞ്ഞ ബീച്ചുകളും സ്‌കൂബ ഡൈവിങ്ങും സർഫിങ്ങും വയലുകളുമൊക്കെ നിറഞ്ഞ ഇന്തോനേഷ്യ സഞ്ചാരികളുടെ കണ്ണിൽ വിസ്മയം ജനിപ്പിക്കുന്ന നാടാണ്. അതിമനോഹരമായ കാടുകളും ഈ നാടിന്റെ സവിശേഷതയാണ്. ഏറ്റവും കുറഞ്ഞ ചെലവിൽ സന്ദർശിക്കാനും താമസിക്കാനും കാഴ്ചകൾ ആസ്വദിക്കാനും കഴിയുന്ന സുന്ദരമായ രാജ്യങ്ങളിലൊന്നാണിത്. ഒരു ഡോളറിനു പകരമായി 13,500 റുപ്പിയ ലഭിക്കുമിവിടെ.

indonesia
Indonesia

മികച്ച താമസ സൗകര്യവും നല്ല ഭക്ഷണവും ഗതാഗത സൗകര്യങ്ങളും ലഭിക്കുമെന്നതും ഇന്തോനേഷ്യയുടെ  പ്രത്യേകതയാണ്. ഒരു രാത്രിയ്ക്കു 20 ഡോളർ ഈടാക്കുന്ന പൂളടക്കമുള്ള മികച്ച താമസസ്ഥലങ്ങൾ കിട്ടും. സുഭിക്ഷമായ ഭക്ഷണത്തിനു വെറും മൂന്നു ഡോളർ മാത്രം ചെലവാക്കിയാൽ  മതിയാകും. നാട്ടുകാഴ്ചകൾ കാണാനിറങ്ങാൻ താൽപര്യമുണ്ടെങ്കിൽ രണ്ടു ഡോളറിനു ബൈക്കുകൾ വാടകയ്ക്ക് ലഭിക്കും. പതിനഞ്ചു ഡോളർ നൽകിയാൽ ഒരു ദിവസത്തേക്ക് കാർ വാടകയ്ക്ക് എടുത്തുകൊണ്ടു ചുറ്റി സഞ്ചരിക്കാം. 

കുറഞ്ഞ ചെലവിൽ എല്ലാ കാര്യങ്ങളും നടക്കുമെങ്കിലും, ഇന്തോനേഷ്യയിലെത്തി മദ്യപിക്കണമെന്നാഗ്രഹിച്ചാൽ കുഴഞ്ഞു പോകും. മദ്യത്തിനുമേൽ ചുമത്തിയിരിക്കുന്ന നികുതി വളരെ കൂടുതലാണ്. ഇറക്കുമതി ചെയ്യുന്ന മദ്യത്തിനും, വൈനിനുമൊക്കെ 20 ഡോളർ ആണ് ഈടാക്കുന്നത്. ഇറക്കുമതി ചെയ്യുന്നതുവേണ്ട  അവിടെ തദ്ദേശീയമായി നിർമിക്കുന്നത് മതിയെന്ന് തീരുമാനിച്ചാലും കൊടുക്കണം 13 മുതൽ 15 ഡോളർ വരെ.  ബിയറിനും കൊടുക്കണം  ഒന്നര മുതൽ മൂന്നു ഡോളർ വരെ.  മദ്യത്തിന്റെ കാര്യമൊഴിച്ചു നിർത്തിയാൽ, നമ്മുടെ കയ്യിലുള്ള പണത്തിനനുസരിച്ച്, ചുരുങ്ങിയ ചെലവിൽ  സന്ദർശിച്ചു മടങ്ങുവാൻ കഴിയുന്ന രാജ്യമാണ് ഇന്തോനേഷ്യ.

മെക്സിക്കോ

വൈവിധ്യമാർന്ന കാഴ്ചകളും രുചികരമായ ഭക്ഷണവും മനോഹരമായ ബീച്ചുകളും സൗഹൃദം പ്രകടിപ്പിക്കുന്ന ജനങ്ങളുമാണ് മെക്സിക്കോയിലെ പ്രധാനാകർഷണങ്ങൾ. മനോഹരമായ കാഴ്ചകൾ നിറഞ്ഞ ഇവിടം കയ്യിലൊതുങ്ങുന്ന ചെലവിൽ സന്ദർശിക്കാൻ കഴിയുന്നൊരു നാട്. ഒരു യു എസ് ഡോളറിന് പകരമായി 19 'പെസോ' ലഭിക്കും. മെക്സിക്കോയിലേക്കു വണ്ടി കയറുന്നതിനു മുൻപ് ഒരു കാര്യം ശ്രദ്ധിക്കുക, നവംബർ മുതൽ മാർച്ച് വരെയുള്ള സമയത്തു ഇവിടം സന്ദർശിച്ചാൽ ചിലപ്പോൾ പോക്കറ്റ് കാലിയാകാൻ സാധ്യതയുണ്ട്. അന്നേരങ്ങളിൽ ധാരാളം വിദേശികൾ മെക്സിക്കോ സന്ദർശിക്കുന്നതിനായി എത്തുന്നതും ഇവിടെ സീസൺ ആരംഭിക്കുന്നതും.

506867794
mexico traditional dance

അന്നേരങ്ങളിൽ മികച്ച ഹോട്ടലുകളിലെ താമസച്ചെലവ് റോക്കറ്റുപോലെ കുതിച്ചുകയറും. പ്രത്യേകിച്ച് ഡിസംബറിൽ. ഹോട്ടൽ മുറികെളല്ലാം നേരത്തെ തന്നെ ബുക്കുചെയ്തു കഴിഞ്ഞിട്ടുണ്ടാകുമെന്നുള്ളതുകൊണ്ടു തന്നെ സീസണിൽ മെക്സിക്കോ സന്ദർശിക്കാതിരിക്കുന്നതാണ് ഉചിതം. 

ഭക്ഷണത്തിനു അധികവില നൽകേണ്ടതില്ലയെന്നത് മെക്സിക്കോയുടെ പ്രത്യേകതയാണ്. മൽസ്യവിഭവങ്ങൾ ചേരുന്ന വിഭവങ്ങൾക്കെല്ലാം ഏറ്റവും കൂടിയ വില മൂന്നു ഡോളർ മാത്രമാണ്.ആ രാജ്യത്തിനകത്തു സഞ്ചരിക്കുന്നതിനു കുറഞ്ഞ ചെലവിൽ ഫ്ലൈറ്റുകൾ ലഭ്യമാണ്. റോഡ് യാത്രയോടാണ് പ്രിയമെങ്കിൽ ദീർഘദൂര ബസ് സർവീസുകളുമുണ്ട്. ഇത്തരം യാത്രകൾക്കും ചെറിയൊരു തുക മാത്രം നൽകിയാൽ മതിയെന്നതും മെക്സിക്കോയുടെ  പ്രത്യേകതയാണ്. 

539002142
mexico

കൊളംബിയ 

വളരെ സൗഹാർദ്ദപരമായി പെരുമാറുന്ന ജനങ്ങളും പച്ചപ്പിന്റെ സൗന്ദര്യം വാരിപ്പൂശി നിൽക്കുന്ന വനങ്ങളും ശ്വസിക്കുന്ന വായുവിനെ പോലും തന്റെ അഭൗമായ സൗന്ദര്യത്താൽ വശീകരിക്കുന്ന കടലുകളും പഴയ സ്പാനിഷ് കോളനിയുടെ പ്രൗഢിയുമെല്ലാം സംഗമിക്കുന്ന ഭൂമിയാണ് കൊളംബിയ. മിക്ക സഞ്ചാരികളുടെയും സ്വപ്നമായിരിക്കും കൊളംബിയ സന്ദർശിക്കുകയെന്നത്.

താമസത്തിനും ഭക്ഷണത്തിനും ചെറുഷോപ്പിങ്ങുകൾക്കുമൊക്കെ ചെലവ് വളരെ കുറവായതു കൊണ്ട് തന്നെ ആ നാട്ടിലേക്കുള്ള സന്ദർശനം ഏതൊരു സഞ്ചാരിയെയും ആകർഷിക്കും. പെസോ തന്നെയാണ് ഇന്നാട്ടിലെയും നാണയം. ഒരു യു എസ് ഡോളറിന് പകരമായി ഏകദേശം 3000 പെസോ ലഭിക്കും.

516633825

കടൽ മൽസ്യങ്ങൾ നിറഞ്ഞ മീൻവിഭവങ്ങൾ ബീച്ചിനടുത്തുള്ള റെസ്റ്റോറന്റുകളിൽ നിന്നും ലഭിക്കും. വിലയേറെ കുറവും രുചിയിലേറെ മുമ്പിലുമാണ് ഇത്തരം വിഭവങ്ങൾ. സ്പാനിഷ് രീതിയിൽ നിർമിച്ചിട്ടുള്ള മനോഹരമായ ഗസ്റ്റ് ഹൗസുകളിലെ താമസത്തിനു 30 ഡോളറിനടുത്തു ചെലവ് വരും. സ്കൂബ ഡൈവ് ചെയ്യുന്നതിന് താൽപര്യമുള്ളവർക്ക് ഇതിനുള്ള സൗകര്യങ്ങളുണ്ട്. സിയുഡാഡ് പെരിഡിഡ ട്രെക്കും സലേൻറ്റൊയിലേക്കുള്ള കോഫി ടൂറും കൊളംബിയയിലെത്തുന്ന സഞ്ചാരികൾക്ക് പുത്തനനുഭവങ്ങൾ സമ്മാനിക്കും. 

അത്യാധുനിക സൗകര്യങ്ങളെല്ലാം നിറഞ്ഞ ഹോട്ടലുകളും കൊളംബിയയിൽ സുലഭമാണ്. വലിയ നീന്തൽ കുളങ്ങളും ബാറുകളും ആഡംബര മുറികളുമെല്ലാം നിറഞ്ഞ ഇത്തരം ഹോട്ടലുകളും താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ചെലവല്പം കൂടിയാലും പ്രശ്‌നമില്ല എന്ന് ചിന്തിക്കുന്നവർക്ക് ഇത്തരം താമസ സൗകര്യങ്ങൾ സന്തോഷം നൽകുക തന്നെ ചെയ്യും. 

ബൾഗേറിയ 

യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ ചെലവിൽ സന്ദർശിച്ചു മടങ്ങാൻ കഴിയുന്ന രാജ്യമാണ് ബൾഗേറിയ. പഴമ നിറഞ്ഞ പട്ടങ്ങളും വൈൻ മണക്കുന്ന നിരത്തുകളും മനോഹരമായ കടൽത്തീരങ്ങളും വളരെ നല്ല രീതിയിൽ ആശയ വിനിമയം നടത്തുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്യുന്ന ജനങ്ങളും ബൾഗേറിയയെ സഞ്ചാരികളുടെ പ്രിയതാവളമാക്കി മാറ്റുന്നു. ഭക്ഷണത്തിനു വലിയ വിലക്കുറവാണെന്നത് ഈ നാടിന്റെ  പ്രത്യേകതയാണ്.

489014082

അതിപ്പോൾ മൽസ്യവിഭവത്തിനായാലും  മാംസവിഭവത്തിനായാലും പച്ചക്കറി കൊണ്ട് തയ്യാറാക്കിയതിനായാലും വില  കുറവാണ്. മദ്യവും വൈനുമൊക്കെ സുലഭമായി ലഭിക്കുന്ന ഇവിടെ അതിനും തുച്ഛമായ തുകയെ ഈടാക്കുന്നുള്ളു. ഏറ്റവും മുന്തിയ വൈനിന്  8 ഡോളർ മാത്രമാണ് ചെലവ്.

ഇരുന്നൂറ് വർഷം പഴക്കമുള്ള, പൗരാണികതയുടെ സൗന്ദര്യം നിറഞ്ഞ നിരവധി കെട്ടിടങ്ങൾ ഇവിടെയുണ്ട്. അത്തരത്തിലൊരു ഹോസ്റ്റലിൽ ഒരു രാത്രി താമസിക്കുന്നതിന് നൽകേണ്ടി വരുന്ന വില 20 ഡോളർ മാത്രമാണ്. പഴയ കെട്ടിടമാണെങ്കിലും നല്ലതുപോലെ പരിപാലിക്കുന്നവയാണ് ഇവയെല്ലാം.  മുറികളൊക്കെ വളരെ വൃത്തിയായും മനോഹരമായുമാണ് ഒരുക്കിയിരിക്കുന്നത്.

യൂറോപ്പിന്റെ സൗന്ദര്യം ആസ്വദിക്കണമെന്നു ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങളുടെ പോക്കറ്റു കാലിയാകാതെ സന്ദർശിക്കുവാൻ കഴിയുന്ന ഒരു നാടാണ് ബൾഗേറിയ.

ദക്ഷിണാഫ്രിക്ക 

സാഹസികരെ വളരെയധികം ആകർഷിക്കുന്ന, സുന്ദരമായ ഭൂപ്രകൃതിയുള്ള നാടാണ് ദക്ഷിണാഫ്രിക്ക. വന്യമൃഗങ്ങൾ നിറഞ്ഞ കാടുകളും ആരെയും മോഹിപ്പിക്കുന്ന നീലക്കടലിന്റെ വശ്യതയും രുചികരമായ ഭക്ഷണവും മികച്ച റോഡുകളും കുറഞ്ഞ ചെലവും ദക്ഷിണാഫ്രിക്കയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.

എല്ലാ സൗകര്യങ്ങളും നിറഞ്ഞ ഡബിൾ റൂമുകൾക്ക് 40 ഡോളർ വരെയാണ് ഈടാക്കുന്നത്. 7 ഡോളർ നൽകിയാൽ സുഭിക്ഷമായ ഭക്ഷണവും പ്രവേശന ഫീസായി 10 ഡോളർ കൊടുത്താൽ കൗതുകകാഴ്ചകൾ നിറഞ്ഞ ദേശീയോദ്യാനങ്ങളും സന്ദർശിക്കാം. സുന്ദര കടൽത്തീരങ്ങളും ആഘോഷങ്ങൾ നിറഞ്ഞ ബീച്ചുകളുമൊക്കെ അതിഥികളെ ഏറെ സന്തോഷിപ്പിക്കും. കാർ വാടകയ്ക്ക് വിളിച്ചുകൊണ്ട് സ്ഥലങ്ങൾ കാണാനിറങ്ങുന്നതാണ് ഏറ്റവും സൗകര്യപ്രദവും ചെലവുകുറഞ്ഞതുമായ മാർഗം. പരിധികളില്ലാത്ത കാഴ്ചകൾ സമ്മാനിക്കുമെന്നുള്ളതുകൊണ്ടു തന്നെ ദക്ഷിണാഫ്രിക്കാസന്ദർശനം ഒരു സഞ്ചാരിയേയും ഒട്ടും നിരാശപ്പെടുത്തില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA