sections
MORE

'ആ യാത്ര ഒരിക്കലും മറക്കാനാകില്ല' ശിവദ

shivadha-new
SHARE

സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് ശിവദ. അഭിനയവും കുടുബജ‌ീവിതവുമായി തിരക്കിട്ട ജീവിതത്തിലൂടെ സഞ്ചരിക്കുമ്പോഴും യാത്രകളെ നെഞ്ചിലേറ്റുന്ന താരസുന്ദരി. സിനിമ കഴിഞ്ഞാൽ യാത്രകളോടാണ് താരത്തിനു പ്രിയം. യാത്രകളിലൂടെ ജീവിതത്തിലേക്കും ജീവിതത്തിലൂടെ യാത്രകളിലേക്കും സഞ്ചരിക്കുന്ന താരകുടുംബത്തിന്റെ യാത്രാവിശേഷങ്ങൾ അറിയാം. ഇഷ്ടപ്പെട്ട യാത്രകളെക്കുറിച്ച് ശിവദ മനോരമ ഒാൺലൈനിൽ മനസ്സുതുറക്കുന്നു.

shivadha15
യാത്രയുടെ കാഴ്ചകളിൽ ശിവദ

കുട്ടിക്കാലത്തെ യാത്രകളെക്കുറിച്ചും കാഴ്ചകളെക്കുറിച്ചും ഒാർക്കുമ്പോൾ കണ്ണും മനസ്സും പഴയതറവാടിന്റെ ഒാർമയിലേക്കാണു സഞ്ചരിക്കുന്നത്. അക്കാലത്ത് ചില യാത്രകളൊക്കെ നടത്തിയിട്ടുണ്ടെങ്കിലും അസ്ഥിക്കു പിടിച്ച യാത്രകളൊന്നും തന്നെയില്ലായിരുന്നു. ഇപ്പോള്‍ മറിച്ചാണ്. യാത്രകളോടാണു പ്രിയം. ഭർത്താവ് മുരളി കൃഷ്ണനൊടൊപ്പമുള്ള യാത്രകളാണേറെയും.

shivadha16
യാത്രാവേളയിൽ

യാത്രകളെ ഇത്രയധികം പ്രണയിക്കാൻ തുടങ്ങിയത് മുരളി കൃഷ്ണയുടെ ജീവിതസഖിയായതോടെയാണ്. ‘ഇപ്പോൾ യാത്രകളിലൂടെയാണു ‍‍‍‍‍‍ഞങ്ങൾ ജീവിതം ആസ്വദിക്കുന്നത്. മുരളി കൃഷ്ണ ബിസിനസ് ആവശ്യങ്ങൾക്കായി പലപ്പോഴും യാത്ര പോകും. ഒപ്പം കാറിന്റെ സൈഡ് സീറ്റിൽ ഞാനുമുണ്ടാകും. സാധാരണ യാത്രക്കാരെപ്പോലെ പ്ലാൻ ചെയ്ത യാത്രകളൊന്നും ഞങ്ങളുടെ ലിസ്റ്റിലില്ല.

shivadha10
ശിവദയും മുരളികൃഷ്ണനും

യാത്ര പോകേണ്ടതിന്റെ തലേന്നാൾ വൈകുന്നേരമാവും മുരളി യാത്രയുടെ കാര്യം സൂചിപ്പിക്കുന്നത്. എന്റെ മുഖം ചുളുങ്ങുന്നതപ്പോഴാണ്, യാത്ര പോകാനുള്ള ഇഷ്ടക്കേടല്ല, മറിച്ച് പാക്കിങ് തീരെ ഇഷ്ടമല്ല. ധൃതി പിടിച്ചുള്ള ബാഗ് പാക്കിങ് ഒഴിവാക്കിയാൽ ഞാൻ ഹാപ്പിയാണ്.

shivadha12
യാത്രാവേളയിൽ ശിവദ

അച്ഛനു ജോലിയിൽനിന്ന് അവധി കിട്ടുമ്പോഴാണ് കുട്ടിക്കാലത്തു ഞങ്ങൾ കുടുംബസമേതം യാത്ര പോയിരുന്നത്. ആ സമയങ്ങളിൽ വാഹനത്തിൽ അധിക ദൂരം ഇരിക്കുന്നത് എനിക്കു ബുദ്ധിമുട്ടായിരുന്നു. ട്രാവൽ സിക്ക്നസ്സ് നന്നേ അലട്ടിയിരുന്നു. എന്റെ യാത്രയുെട ആ മടുപ്പിനെ പിന്നീടു തുടച്ചുമാറ്റിയത് മുരളിയാണ്. വിവാഹം കഴിഞ്ഞതോടെ യാത്രയുടെ പൊടിപൂരമായിരുന്നു.

shivadha7
യാത്രയും കാഴ്ചകളും

ഇന്ത്യയിലെ ചുറ്റിയടി മുഴുവനും ഞങ്ങളുടെ സ്വന്തം കാറിലാണ്. ഒരുപാടു സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ എന്റെ ഒാർമകളിൽ മായാതെ നിൽക്കുന്ന കാഴ്ചകൾ ഷൊർണ്ണൂരിന്റേതാണ്. അച്ഛന്റെ തറവാട് ഷൊർണ്ണൂരാണ്. ഭാരതപ്പുഴയോടു ചേര്‍ന്നു കിടക്കുന്ന പ്രകൃതിരമണീയമായ ഷൊർണ്ണൂരിന്റെ കാഴ്ചകൾ കാലം എത്ര പിന്നിട്ടാലും മനസ്സിൽനിന്നു മായില്ല.

shivadha4

നിളാ നദിക്കരികെ കൗതുകത്തോടെ നോക്കി നിന്നിരുന്ന കുട്ടിക്കാലം മനസ്സിനെ ഒരു വല്ലാത്ത ഗൃഹാതുരതയിലേക്കു കൂട്ടികൊണ്ടുപോകും. ചരിത്രം കഥ പറയുന്ന എന്റെ നാട് എന്നും എനിക്ക് പ്രിയപ്പെട്ടതാണ്’ - ശിവദ പറയുന്നു.

ത്രില്ലടിപ്പിക്കുന്ന യാത്രകൾ

shivadha6

ന്യൂസീലൻഡ്, സിംഗപ്പൂർ, ബാലി, ഖത്തർ, ദുബായ് എന്നിവിടങ്ങളിൽ യാത്ര പോയിട്ടുണ്ടെങ്കിലും ഇന്ത്യക്കു പുറത്തുള്ള യാത്രയില്‍ ഏറ്റവും ഇഷ്ടപ്പെട്ടതും പിന്നെയും പോകണമെന്ന് ആഗ്രഹം തോന്നിയതും ന്യൂസീലൻഡിലാണ്. പരിസ്ഥിതിപരമായി വളരെ പ്രത്യേകതയുള്ള രാജ്യമാണ് ന്യൂസീലൻഡ്. കണ്ടാലും മതിവരാത്ത മനോഹരമായ കാഴ്ചകളാണവിടെ. ന്യൂസീലൻഡിലെ പലസ്ഥലങ്ങളും ഹോളിവുഡ് സിനിമകളിലെ ലൊക്കേഷനായിട്ടുണ്ട്. മനോഹരമായ മലകളും താഴ്‌വരകളും നിറഞ്ഞ ന്യൂസീലൻഡ് സാഹസികരുടെ ഇഷ്ടയിടമാണ്.

shivadha1

ബൻജി ജംപിങ് ചെയ്ത അനുഭവം എനിക്കേറെ കൗതുകകരമായി തോന്നി. ഡിസംബറിലും ജനുവരിയിലും ന്യൂസീലൻഡില്‍ ചൂടു കാലമാണ്. യാത്രയ്ക്കു പറ്റിയ സമയം. താരതമ്യേന അന്റാര്‍ട്ടിക്കയോട് അടുത്തു കിടക്കുന്ന ഒരു രാജ്യമാണത്. നോര്‍ത്ത് ഐലന്‍ഡ് എന്നും സൗത്ത് ഐലന്‍ഡ് എന്നും പേരുള്ള രണ്ടു ദ്വീപുകളുടെ സമന്വയമാണ് ന്യൂസീലന്‍ഡ്.

shivadha13

നോര്‍ത്ത് ഐലന്‍ഡ് ഒരു അഗ്‌നിപര്‍വതമേഖലയാണ്. സൗത്ത് ഐലന്‍ഡ് വിനോദസഞ്ചാരികളുടെ പറുദീസയാണ്. മഞ്ഞുമലകളും ഗ്ലേസിയറുകളും കൊടുമുടികളും നിറഞ്ഞ ക്വീൻസ്ടൗണിലെ കാഴ്ചകളാണ് എന്നെ ആകർഷിച്ചത്. ക്വീൻസ്ടൗണിന്റെ സൗന്ദര്യത്തെ വർണനയിൽ ഒതുക്കാനാവില്ല.

മറക്കാനാവാത്ത യാത്രാനുഭവം

shivadha5

യാത്രകൾ സമ്മാനിച്ച സന്തോഷം നിറഞ്ഞ ഒാർമകൾക്കിടയിൽ ടെൻഷനടിപ്പിച്ച യാത്രയുമുണ്ട്. ഇതുവരെ ‍‌‍‌ഞങ്ങളുടെ വീട്ടുകാര്‍ പോലും അറിയാത്ത രഹസ്യം എന്നു തന്നെ പറയാം. വിവാഹശേഷം ഞാനും മുരളിയും സുഹൃത്തുക്കളോടൊപ്പം കശ്മീർ യാത്രക്കൊരുങ്ങി. ആറുപേരടങ്ങുന്ന ഗ്രൂപ്പ്. ഞങ്ങൾ സ്വന്തമായി ഡ്രൈവ് ചെയ്തുള്ള യാത്രയായിരുന്നു. ഡൽഹി വഴി പഞ്ചാബ്, പിന്നെ കശ്മീർ- ഇതായിരുന്നു പ്ലാൻ.

shivadha3
സുഹൃത്തുക്കളോടൊപ്പമുള്ള യാത്ര

ഡൽഹി എയർപോട്ടിൽനിന്നു ഞങ്ങളുടെ മഹീന്ദ്ര എസ്‌യുവിലായിരുന്നു യാത്ര. പഞ്ചാബിലെത്തിപ്പോഴായിരുന്നു ടെന്‍ഷനടിപ്പിച്ച സംഭവം ഉണ്ടായത്. കാറിന് സുഗമമായി പോകാവുന്ന നല്ല റോഡാണ് പഞ്ചാബിലേത്. ഒാടികൊണ്ടിരിക്കുന്ന വാഹനത്തിന്റെ മുമ്പിലേക്കു പെട്ടെന്നൊരു കാള ചാടി വീണു. പെട്ടെന്നു വാഹനം ബ്രേക്കിട്ടു. ഭാഗ്യം തുണച്ചെന്നു പറയാം. ‍‍ഞങ്ങള്‍ക്ക് ആറുപേർക്കും ഒരു പോറലുപോലും ഉണ്ടായില്ല.

shivadha2
സുഹൃത്തുക്കളോടൊപ്പമുള്ള യാത്ര

വാഹനത്തിന്റെ അവസ്ഥ കണ്ടാൽ ഞങ്ങള്‍ അതിശയകരമായി രക്ഷപ്പെട്ടു എന്നേ പറയാനാവൂ. എസ് യു വി തകർന്നാകെ മോശമായി. ആ കാളയ്ക്കും ജീവനില്ലായിരുന്നു. യാത്രയുടെ തുടക്കമായതുകൊണ്ട് മനസ്സിനു വല്ലാതെ വിഷമം തോന്നി. ഞങ്ങളുെട കാർ അടുത്തുള്ള വർക്ക്ഷോപ്പിൽ കൊടുത്തിട്ട് മറ്റൊരു വണ്ടിയിലായിരുന്നു മുന്നോട്ടുള്ള യാത്ര. 

ഫൂഡിയല്ല ഞാൻ

shivadha14

മീൻവിഭവങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. വെജിറ്റേറിയനാണ് താൽപര്യം ഏറെയും. ഹോട്ടലുകളിൽനിന്ന് ആഹാരം കഴിച്ചാലും വെജിറ്റേറിയനിലാണ് എന്റെ കണ്ണ് എത്തിപ്പെടുന്നത്.

shivadha8

സാഹചര്യങ്ങള്‍ പ്രതികൂലമാണെങ്കിൽ മാത്രമേ നോൺവെജ് തിരഞ്ഞെടുക്കാറുള്ളൂ. ഏറ്റവുമിഷ്ടം എനിക്ക് വീട്ടിൽ അമ്മ പാകം ചെയ്യുന്ന കഞ്ഞിയും പയറും ചമ്മന്തിയുമൊക്കെയാണ്. വെറൈറ്റി ഭക്ഷണവിഭവങ്ങളുടെ രുചിയറിയണമെന്നുമില്ല. നാടൻവിഭവങ്ങളാണ് ഇഷ്ടം.

‘ഞങ്ങളുടെ യാത്രകൾ അവസാനിക്കുന്നില്ല. വർണവിസ്മയങ്ങൾ നിറഞ്ഞ ലോകത്തിന്റെ കാഴ്ചകൾ ഇനിയും സ്വന്തമാക്കണം.’- യാത്രകളെയും പ്രണയിക്കുന്ന ശിവദ പറഞ്ഞുനിർത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA