ലാലേട്ടന്റെ കൂടെയുള്ള യാത്ര തന്ന ഭാഗ്യം

swasika6
SHARE

സിനിമയും സീരിയലുകളുമാണ് സ്വാസികയെ മലയാളത്തിന്റെ പ്രിയപ്പെട്ട താരമാക്കിയത്. സിനിമയിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും മിനിസ്ക്രീനാണ് സ്വാസികയെ പ്രിയങ്കരിയാക്കിയത്. സിനിമയിലുണ്ടായ ചെറിയയിടവേളയിൽ സീരിയൽ നായികയായും അവതാരകവേഷത്തിലുമൊക്കെ കുടുംബപ്രേക്ഷകർക്കൊപ്പം എന്നും ഈ താരമുണ്ടായിരുന്നു. അഭിനയം പോലെ തന്നെ സ്വകാര്യയിഷ്ടമാണ്, സ്വാസികയ്ക്കു യാത്രകളും. തനിക്കേറ്റവും ഇഷ്ടപ്പെട്ട യാത്രകളും അവ സമ്മാനിച്ച  മനോഹര അനുഭവങ്ങളുമൊക്കെ  മനോരമ ഓൺലൈനിൽ പങ്കുവെയ്ക്കുകയാണ് പ്രിയതാരം. 

നാടറിയണം, സംസ്കാരവും

യാത്രകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. സ്ഥിരമായി കണ്ടുപരിചയിച്ച കാഴ്ചകളിൽ നിന്നും കഴിച്ചു ശീലിച്ചവയിൽ നിന്നുമൊക്കെയുള്ള ഒരു മാറ്റം സമ്മാനിക്കാൻ യാത്രകൾക്ക് സാധിക്കും. ഓരോ നാട്ടിലെയും കലകളെയും സംസ്കാരത്തെയുമൊക്കെ കുറിച്ച് അറിവുനേടാൻ യാത്രകൾ തുണയാകാറുണ്ട്. സന്ദർശിക്കുന്ന നാട്ടിലെ കലകൾ പരിചയപ്പെടാൻ അവസരം ലഭിക്കുകയാണെങ്കിൽ ശരിക്കും ആസ്വദിക്കാറുണ്ട്. മറ്റു നാടിന്റെ സംസ്കാരവും ഭക്ഷണരീതിയുമെക്കെ അറിയാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. വ്യത്യസ്തത സമ്മാനിക്കുന്ന യാത്രകളോടാണ് പ്രിയമേറെയും.

swasika

ഞാൻ ഫൂ‍‍‍‍ഡിയല്ല പക്ഷേ അന്യനാട്ടിലെ വ്യത്യസ്ത രുചിനിറച്ച വിഭവങ്ങളൊക്കെയും പരീക്ഷിക്കാറുണ്ട്. അതുകൊണ്ടു തന്നെ ഏതു നാട്ടിൽ പോയാലും അവിടുത്തെ ഹൈലൈറ്റ് വിഭവം തുടങ്ങി സ്ട്രീറ്റ് ഫൂഡ് വരെ രുചിക്കും. വിഭവങ്ങളുടെ രുചികഴിഞ്ഞാൽ അടുത്തത് ഷോപ്പിങ്ങിലേക്കാണ് തിരിയുന്നത്. ഷോപ്പിങ്ങിനോട് വലിയ താല്പര്യമില്ലെങ്കിലും ചില സ്ഥലങ്ങളിൽ പോയാൽ ആ നാടിന്റെ ഓർമകൾ എക്കാലവും സൂക്ഷിക്കാനായി ചില സാധനങ്ങളൊക്കെ വാങ്ങിച്ചു സൂക്ഷിക്കാറുണ്ട്.

ഇനിയുമിനിയും പോകാനേറേയിഷ്ടം 

ഒരിക്കലും മറക്കാത്ത യാത്രകളുടെ കൂട്ടത്തിൽ ആദ്യസ്ഥാനം യുഎസ് യാത്രയ്ക്ക് തന്നെയാണ്. ഒരു മാസത്തോളം യുഎസിൽ ഉണ്ടായിരുന്നു. ന്യൂയോർക്ക് നഗരവും ലോസ് ഏഞ്ചൽസുമൊക്കെ സുന്ദരമായ നിരവധി കാഴ്ചകളും അനുഭവങ്ങളുമാണ് സമ്മാനിച്ചത്. രണ്ടുതവണ യുഎസിൽ പോയിട്ടുണ്ട്. ഷോയുടെ ഭാഗമായിട്ടായിരുന്നു രണ്ടുയാത്രയും. അന്ന് എല്ലാ സ്ഥലങ്ങളിലുമൊന്നും പോകാൻ പറ്റിയില്ല. ആ നാടും അവിടുത്തെ കാഴ്ചകളുമൊന്നും എനിക്ക് കണ്ടു മതിയായില്ല എന്നുതന്നെ പറയാം. വല്ലാത്ത ഒരിഷ്ടമാണ് അവിടം. അതുകൊണ്ടു തന്നെ ഇനിയെത്ര തവണ പോയാലും എനിക്ക് യു എസിനോടുള്ള ഇഷ്ടം കുറയാനിടയില്ല. അന്നാട്ടിലെ പ്രശസ്തവും സുന്ദരവുമായ എല്ലായിടങ്ങളിലും പോകണമെന്നും അവിടുത്തെ ഭക്ഷണവും ആ നാടിന്റെ തനതുസൗന്ദര്യവുമൊക്കെ ഇനിയും ആസ്വദിക്കണമെന്നു അതിയായി ആഗ്രഹിക്കുന്നുണ്ട്.

swasika1

കൂട്ടുകാരും കുടുംബവുമൊന്നിച്ചുള്ള യാത്രകൾ ഏറെ പ്രിയം 

എന്റെ യാത്രകൾ കൂടുതലും ജോലിയുടെ ഭാഗമായിട്ടുള്ളതാണ്. ഷൂട്ടിന്റെയും ഷോകളുടെയും ഭാഗമായാണ് പല സ്ഥലങ്ങളിലൂടെയും പല നാടുകളിലൂടെയും ഞാൻ സഞ്ചരിക്കുന്നത്. അതുകൊണ്ടു തന്നെ കുടുംബവും കൂട്ടുകാരുമൊന്നിച്ചുള്ള യാത്രകൾ വളരെ കുറവാണ്. ഷൂട്ടിന്റെ ഭാഗമല്ലാതെ അടുത്ത സുഹൃത്തുക്കളുമായി പോകുന്ന യാത്രകൾ വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്. തിരക്കിൽ നിന്ന് തിരക്കിലേക്കു ഒഴുകുമ്പോഴും സന്തോഷകരമായ പല നിമിഷങ്ങളും ആസ്വദിക്കാൻ സമയം കിട്ടാറില്ല. തിരക്കുകളുടെ ബഹളങ്ങളൊന്നുമില്ലാത്ത, ചെറിയ ഇടവേളകളിൽ കുടുംബവുമൊന്നിച്ചും കൂട്ടുകാർക്കൊപ്പവും യാത്രകൾ പോകണമെന്നു വളരെയധികം ആഗ്രഹമുണ്ട്.

വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഏറെ രസകരം

ഷോയുടെ ഭാഗമായി കുറെ വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അമേരിക്കയും സിംഗപ്പൂരും മലേഷ്യയും ഓസ്‌ട്രേലിയയുമൊക്കെ സന്ദർശിച്ചിട്ടുണ്ട്. ചെറിയ സങ്കടവും അതിലേറെ സന്തേഷവും സമ്മാനിച്ച യാത്രയായിരുന്നു ഓസ്‌ട്രേലിയൻ ട്രിപ്പ്. യാത്ര ഒരു ഷോയുടെ ഭാഗമായിട്ടുള്ളതായിരുന്നു. ആ യാത്രയിലെ ഏറ്റവും വലിയ ഭാഗ്യം, ലാലേട്ടന്റെ കൂടെ സ്റ്റേജിൽ പരിപാടി അവതരിപ്പിക്കാന്‍ എനിക്ക് സാധിച്ചുവെന്നതാണ്. അതെല്ലാം മഹാഭാഗ്യമായി കരുതുന്നു. നിരാശ തേന്നിയത് ആ നാട് സന്ദർശിച്ചതിന്റെ സുഖകരമായ ഒരോർമ പോലും  കൂടെകൊണ്ടുവരാൻ സാധിച്ചില്ലയെന്നതാണ്‌. ഓസ്‌ട്രേലിയൻ കാഴ്ചകളൊന്നും ആസ്വദിക്കാനായില്ല. എന്തിനേറെ പറയുന്നു...ഒരു കങ്കാരുവിനെ പോലും കാണാൻ പറ്റിയില്ല. ഒരിക്കൽക്കൂടി ഓസ്‌ട്രേലിയയിൽ പോകണമെന്നും അവിടുത്തെ കാഴ്ചകളൊക്ക ആസ്വദിക്കണമെന്നും ആഗ്രഹമുണ്ട്. 

swasika2

മിക്ക ഗൾഫ് രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. ദുബായ് ഏറെ രസകരമായ സ്ഥലമാണെങ്കിലും രണ്ടുമൂന്നു തവണ പോയി കഴിയുമ്പോൾ ആദ്യമുണ്ടായിരുന്ന ഒരാവേശം നഷ്ടപ്പെടുമെന്ന് തോന്നിയിട്ടുണ്ട്. എങ്കിലും രസമുള്ള നിരവധി കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കാൻ ദുബായ്ക്ക് കഴിയും. നമ്മുടെ നാട്ടിലെ സാഹചര്യങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ നിരവധി അനുഭവങ്ങൾ, മോഹിപ്പിക്കുന്ന കാഴ്ചകളും ദുബായ് സമ്മാനിച്ചിട്ടുണ്ട്.

വയനാടിന്റെ ശാന്തതയും സൗന്ദര്യവും

ഒരു തവണ മാത്രമേ വയനാട് പോയിട്ടുള്ളൂ. അതും ഈയടുത്തിടെ. വയനാട്ടിലെ തണുപ്പും കാഴ്ചകളുമൊക്കെ മനോഹരമാണ്. ശാന്തസുന്ദരമാണ് ആ നാട്. പ്രകൃതിക്ക് ഇത്രയും സൗന്ദര്യം ഉണ്ടോയെന്ന് ആരും ചോദിച്ചു പോകും. പച്ചപ്പു തുടിക്കുന്ന നാട് സമ്മാനിക്കുന്ന കോട നിറയുന്ന കുന്നുകളുടെയും മലഞ്ചെരിവുകളുടെയും സൗന്ദര്യം പറഞ്ഞറിയിക്കാനാവില്ല. അവസരം ലഭിക്കുകയാണെങ്കിൽ വയനാടൻ കാഴ്ചകളിലേക്ക് ഇനിയും വണ്ടികയറാൻ കാത്തിരിക്കുകയാണ്. കേരളത്തിൽ എനിക്കേറ്റവുമിഷ്ടം തോന്നിയ നാടുകൂടിയാണ് വയനാട്.

swasika3

പരിചിതമില്ലാത്ത രുചികള്‍ പരീക്ഷിക്കും

വീട്ടിലെ ഭക്ഷണത്തോട് യാതൊരു മടുപ്പും ഇതുവരെ തോന്നിയിട്ടില്ല. മാത്രമല്ല, ഹോട്ടൽ ഭക്ഷണത്തോട് വലിയ താൽപര്യവുമില്ല. എന്നാൽ കേരളത്തിന് പുറത്തുപോയാൽ, അല്ലെങ്കിൽ ഇന്ത്യയ്ക്ക് പുറത്തുപോയാൽ അന്നാട്ടിലെ വിഭവങ്ങളുടെ രുചിയറിയാൻ ശ്രമിക്കാറുണ്ട്. അതുപോലെതന്നെ നോർത്ത് ഇന്ത്യൻ ഭക്ഷണം കഴിക്കാൻ വളരെയിഷ്ടമാണ്. ഗുജറാത്തിലും ഡൽഹിയിലുമൊക്കെ ചെന്നാൽ അവിടുത്തെ ഭക്ഷണം ആസ്വദിച്ചു കഴിക്കാറുണ്ട്.

swasika5

ആ സമയങ്ങളിൽ ഡയറ്റിനൊന്നും വലിയ പ്രാധാന്യം നൽകാറില്ല. മധുരപലഹാരങ്ങളും മസാലനിറഞ്ഞ വിഭവങ്ങളുമൊക്കെ അന്നേരങ്ങളിൽ കഴിക്കും. ബാംഗ്ലൂരിലും ഹൈദരാബാദിലുമൊക്കെ ചെന്നാൽ അവിടുത്തെ തട്ടുകടകളിലെ  ഭക്ഷണത്തോടാണ്  താല്പര്യം കൂടുതൽ. വലിയ ഹോട്ടലുകളെ ഒഴിവാക്കി, വഴിയോരങ്ങളിലെ ചെറിയ കടകളിൽ നിന്നും ആഹാരസാധനങ്ങൾ വാങ്ങും. വിശപ്പൊന്നുമില്ലെങ്കിലും കാഴ്ചകൾ കണ്ടുനടക്കുമ്പോൾ, എന്തെങ്കിലുമൊക്കെ കഴിച്ചുകൊണ്ട് നടക്കുന്നത് രസകരമാണ്. ഇഷ്ടഭക്ഷണം എന്നൊന്നില്ല. 

ഇനിയൊരു ആഗ്രഹമുണ്ട്

തഞ്ചാവൂരിലേക്കു ഒരു യാത്ര പോകണമെന്നതും അവിടെ നൃത്തമവതരിപ്പിക്കണമെന്നതും എന്റെ വലിയൊരു മോഹമാണ്. കലയ്ക്കു വളരെയധികം പ്രോത്സാഹനം നൽകുന്ന നാടാണ് തഞ്ചാവൂർ. ഒരാഴ്ചക്കാലം തഞ്ചാവൂരില്‍ ചെലവഴിച്ചുകൊണ്ട് അവിടുത്തെ ഗ്രാമങ്ങളും സംസ്കാരവുമൊക്കെ അടുത്തറിഞ്ഞ് ആസ്വദിക്കണം. ഏറെക്കാലമായുള്ള ഒരു സ്വപ്നമാണിത്. ഉടൻ തന്നെ പോകണമെന്നാണ് ആശിക്കുന്നത്.

swasika4

ക്ഷേത്രങ്ങളിലേക്കുള്ള യാത്രയിൽ എന്നെ ഏറ്റവുമധികം ആകർഷിച്ചത് മൂകാംബികാ ക്ഷേത്രമാണ്. മൂകാംബികായാത്ര മനസിനെപ്പോഴും പുത്തനുണർവും സന്തോഷവും നൽകും. അതുപോലെ തന്നെ എപ്പോൾ അവിടെ നിന്ന് തൊഴുതിറങ്ങിയാലും എന്നെ കാത്തിരിക്കുന്നത് ശുഭകരമായ വാർത്തകളായിരിക്കും. എന്നെ സംബന്ധിച്ച്, മനസിന് ഇത്രയധികം ശാന്തത കൈവരുന്ന മറ്റൊരു യാത്രയില്ല എന്നു തന്നെ വേണമെങ്കിൽ പറയാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA