ഫാത്തിമ, ആവില, ലൂർദ്: പ്രാർഥനകളുടെ ചിറകൊച്ച കേട്ട്

909674358
SHARE

ഭാഗം ഒന്ന്: പത്തു രാജ്യങ്ങൾ, 24 ദിവസം, 12,000 കിലോമീ‌റ്റർ 

രാത്രി ഏഴുമണിയോടെ ഫാത്തിമയെന്ന കൊച്ചു പട്ടണത്തിലെത്തി. ജോർജ് അച്ചൻ മുൻപ് പലതവണ ഇവിടെ വന്നിട്ടുള്ളതാണ്. യാത്രയ്ക്കിടയിൽത്തന്നെ ഓൺലൈനിലൂടെ ഒരു ഫ്ലാറ്റിൽ – ഫാത്തിമ അപ്പാർട്മെന്റ് – താമസം ശരിയാക്കിയിരുന്നു. ഹോട്ടലിനു പേരിടുമ്പോഴുള്ള കച്ചവടം അവർക്കും നമ്മേപ്പോലെ നിശ്ചയമുണ്ട്. ശബരിമല തീർഥാടന കാലത്ത് നമ്മുടെ ഇടത്തരം ഹോട്ടലുകളെല്ലാം വെജിറ്റേറിയനാകും, പേര് അയ്യപ്പ എന്നോ സ്വാമി ശരണം എന്നോ ഒക്കെ മാറുമല്ലോ.

‘ഫാത്തിമ’യിലെ കെയർടേക്കറെ കണ്ടെത്താൻ അൽപം വൈകി. കൊമേഴ്സ്യൽ ഫോൺ വിളികൾക്ക് വേറെ ചില ക്രമീകരണങ്ങളാണ്. ഒടുവിൽ കെയർടേക്കർ വനിതയെത്തി. എല്ലാ സൗകര്യങ്ങളുമുള്ള നല്ല അപ്പാർട്മെന്റ്.വാടക കൂടുതലില്ല. പക്ഷേ പണമിടപാടു തീർത്തശേഷമേ താക്കോൽ തരൂ എന്നതാണ്  വ്യവസ്ഥ. യൂറോ (അന്ന് 80 രൂപ)യ്ക്ക്  താഴെയുള്ള പൈസക്കണക്കുപോലും കൃത്യമാണ്, അങ്ങോട്ടായാലും തിരിച്ചായാലും. ചില്ലറ അധഃകൃത വസ്തുവല്ലെന്നു സാരം.

റൂമിലെത്തി ഒന്നു ഫ്രഷായി അപ്പോൾ തന്നെ ഫാത്തിമ പള്ളിയിലേക്ക് തിരിച്ചു. സാങ്ച്വറി ഓഫ് ഔവർ ലേഡി ഓഫ് ഫാത്തിമ എന്നാണ് ഈ തീർഥാടന കേന്ദ്രം അറിയപ്പെടുന്നത്. അവിടെ രാത്രി 12 നുപോലും പ്രാർഥനയും പ്രദക്ഷിണവുമുണ്ട്. മാതാവ് മൂന്നു ഇടയക്കുട്ടികൾക്കു പ്രത്യക്ഷമായെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ഫാത്തിമ. 1917 മേയ് 13 നാണ് ഈ അത്ഭുതം നടന്നത്.  ജെസീന്ത മാർതോ, ഫ്രാൻസിസ്കോ, ലൂസിയ സാന്തോസ് എന്നീ കുട്ടികളാണ് ഒരു ചെറിയ ഗുഹാമുഖത്ത് ‘സൂര്യനേക്കാൾ തേജസുള്ള’  മാതാവിനെ കണ്ടത്. പണ്ട് പുല്ലുവളർന്നിരുന്ന ചെറിയ കുന്നുകളിലാണ് പിന്നീട് ഫാത്തിയയെന്ന തീർഥാടന കേന്ദ്രം വളർന്നുയർന്നത്. മാതാവ് പ്രത്യക്ഷമായ സ്ഥലത്ത് ചെറിയൊരു പള്ളി അക്കാലത്തേ നിർമിച്ചിരുന്നു. വലിയൊരു മുറിയുടെ വലിപ്പം മാത്രം. ആ മുറിയെ  ചുറ്റി ഒരു തുറന്ന അൾത്താര പിന്നിട് നിർമിച്ചു.

അൾത്താരയുടെ പിൻഭാഗത്താണ് ഇപ്പോൾ പഴയ പള്ളി. അൾത്താരയിൽ രാത്രി 11ന് ചടങ്ങുകൾ തുടങ്ങുകയായി. 500 ൽ പരം ആളുകൾ തണുപ്പ് അവഗണിച്ച് ഒത്തുകൂടിയിട്ടുണ്ട്. പലരും മെഴുകുതിരി പ്രത്യേക കൂടുകൾക്കുള്ളിൽ കത്തിച്ചുപിടിച്ചിട്ടുണ്ട്. ഇടയ്ക്കിടെ ഇവ ഉയർത്തിയാണ് പ്രാർഥന. പല രാജ്യക്കാരാണ്  തീർഥാടകർ. അതുകൊണ്ടുതന്നെ പല ഭാഷകളിൽ പ്രാർഥനകൾ, ബൈബിൾ വായനകൾ. നേരത്തെ റജിസ്റ്റർ ചെയ്താൽ ആർക്കും സ്വന്തം ഭാഷയിൽ പ്രാർഥനാഭാഗം വായിക്കാം. 12ന് പ്രദക്ഷിണം തുടങ്ങുകയായി. നന്നായി അലങ്കരിച്ച മാതാവിന്റെ രൂപം – കൂട്ടികൾ കണ്ട രൂപത്തിലാണത്രേ ഇത്– ഒടുവിലായി ഉയർത്തിപ്പിടിച്ചിട്ടുണ്ട്. കേരളത്തിലെ പല  പള്ളികളിലും ഇതേ രൂപം കാണാം. രൂപക്കൂട്ടിലല്ല, ചെറിയൊരു മഞ്ചലിലാണ് രൂപം സ്ഥാപിച്ചിരിക്കുന്നത്. അൾത്താരയുടെ വടക്കുഭാഗത്തായി നിർമിച്ചിട്ടുള്ള കൂറ്റൻ പള്ളിയുടെ മുൻപിലൂടെ പ്രദക്ഷിണം അൾത്താരയിൽ അവസാനിച്ചു. ഞങ്ങളുടെ ആദ്യദിവസത്തെ യാത്രയ്ക്കും സമാപനമായി.

പിറ്റേന്ന് അതിരാവിലെ തയാറായി. 7.30 നു തന്നെ  കാർ പുറപ്പെട്ടു. അച്ചന്മാർക്ക് ഫാത്തിമ അൾത്താരയിൽ കുർബാനയർപ്പിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. ആ ഭാഗ്യം കളയരുതല്ലോ. മറ്റു രാജ്യക്കാരുൾപ്പെടെ ഏഴെട്ടുവൈദികരുടെ കുർബാന. ഇറ്റാലിയൻ ഭാഷയിൽ പ്രസംഗം– അതുകൊണ്ട് ബോറടിച്ചില്ല.

കുർബാനയ്ക്കുശേഷം വലിയ പള്ളി കാണാൻ പോയി. യൂറോപ്യൻശൈലിയിൽ അലങ്കാരങ്ങൾ ഏറെയുള്ള ഗംഭീരപള്ളി. മാതാവിനെ കണ്ട മൂന്നു കുട്ടികളുടെയും കല്ലറകൾ പള്ളിക്കുള്ളിൽ. മൂവരിലെ പെൺകുട്ടി ലൂസി കന്യാസ്ത്രീയായി വാർധക്യത്തിലാണ് മരിച്ചത്.

പള്ളിക്കും നേരത്തെ പറഞ്ഞ അൾത്താരയ്ക്കും മുൻപിലായി അതിവിശാലമായ ഗ്രൗണ്ടുണ്ട്. ആയിരക്കണക്കിനാളുകൾക്ക് നിൽക്കാൻ കഴിയും. അത്ഭുതം അതല്ല, അതിനു ചുവടെ പള്ളി നിർമിച്ചിട്ടുണ്ട്. തെക്കുവശത്ത് ജോൺപോൾ പാപ്പായുടെ പ്രതിമയും ഒപ്പം അമൂർത്തഭാവത്തിലുള്ള ക്രൂശിതരൂപവും. അതിനു സമീപമുള്ള പടികൾ ഇറങ്ങിച്ചെന്നാൽ ഭൂഗർഭ പള്ളിയിലെത്താം. തൂണുകളില്ലാത്ത ഇത്ര വലിയ പള്ളി മുൻപോ പിന്നീടോ കണ്ടിട്ടില്ല. നിറയെ ചാരുബെ‌‍ഞ്ചുകൾ. പള്ളിയേക്കാൾ കൺവൻഷൻ സെന്റർ എന്നു വിളിക്കുന്നതാവും നല്ലത്. അതിനോട് ചേർന്ന് പല ഭാഷകളിൽ കുമ്പസാരിക്കാനുള്ള ക്രമീകരണം, ചെറിയ  പള്ളികൾ. അവിടെയൊന്നും പക്ഷേ തിരക്കില്ല.

new-fatima.jpg11
ന്യൂ ഫാത്തിമ

കുട്ടികളുടെ വീടുകളും തീർഥാടന കേന്ദ്രങ്ങളാണ്. ചെറിയ നാട്ടുവഴികളിലൂടെ കാർ ഒരു കർഷക ഗ്രാമത്തിലെത്തി. അത്യാവശ്യം പാർക്കിങ് സൗക്യമുണ്ട്. നാല് ടൂറിസ്റ്റ് ബസുകൾ രാവിലെ തന്നെ എത്തിയിട്ടുണ്ട്. വീടുകൾ തമ്മിൽ ഏറെ അകലമില്ല. കരിങ്കല്ലുപയോഗിച്ച് നിർമിച്ച വീടുകളിൽ നമുക്കും കയറിയിറങ്ങാം. മൂന്നു കുട്ടികളും  ചേർന്നുള്ള ഒരു ഫോട്ടോ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഒരു കുട്ടിയുടെ വീടിന്റെ മുൻപിൽ വച്ചാണ് ആ ഫോട്ടോയെടുത്തത്. ആ വീടിന്റെ ഭാഗങ്ങൾ ഇന്നും അതുപോലെയുണ്ട്. അവിടെ നിന്ന് ഫോട്ടോയെടുക്കാൻ തിരക്കുണ്ട്. ചില കടകളിൽ കുട്ടികളുടെ തുണിത്തരങ്ങളും സുവനീറുകളും വിൽക്കുന്നുണ്ട്. ആദ്യകുർബാന ഉടുപ്പുകൾ ഇവിടെനിന്നു വാങ്ങുന്നവരുണ്ട്. അത്ഭുതം സംഭവിക്കുമെന്ന് മാലാഖ കുട്ടികളോടു നേരത്തെ വെളിപ്പെടുത്തിയിരുന്നത്രേ. ആ സ്ഥലം വീടുകൾക്കടുത്താണ്. അവിടവും സന്ദർശിച്ചാണ് തീർഥാടകർ മടങ്ങുന്നത്.

ബസിന്റെ ചക്രത്തിലോടുന്ന നീളൻ ട്രെയിൻ ഫാത്തിമ പള്ളിയിൽ നിന്ന് കുട്ടികളുടെ വീട്ടിലേക്കു സർവീസ് നടത്തുന്നുണ്ട്. ഞങ്ങൾ കണ്ട ട്രെയിനിൽ ഒരാൾ പോലും ഉണ്ടായിരുന്നില്ല. ഫാത്തിമയിലെ കാഴ്ചകൾ അവസാനിച്ചു, ഞങ്ങൾ യാത്ര തുടരുകയാണ്.

∙ആവില

രാവിലെ11 ന് സ്പെയിനിലെ ആവില ലക്ഷ്യമാക്കി യാത്ര തുടങ്ങി. ജിപിഎസിൽ ഡീസൽ പമ്പുകളുടെ ലൊക്കേഷൻ ലഭ്യമാണ്. നമ്മുടെ നാട്ടിലേതുപോലെ റോഡരികിൽ പമ്പുകളുണ്ടാവില്ല. ഹൈവേയിൽനിന്ന് വിട്ടുമാറിയാകും പമ്പുകൾ. ഒപ്പം സൂപ്പർ മാർക്കറ്റ്, ശുചിമുറികൾ തുടങ്ങിയവയും ഉണ്ടാകും. മിക്കയിടത്തും പാർക്കുകൾ പോലെ മരങ്ങളും പുൽമേടുകളും കാണാം. അവിടവിടെ ബെഞ്ചുകളും മേശകളും. ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണ്. യാത്രികർ കൊണ്ടുവരുന്ന ഭക്ഷണം രാജകീയമായി കഴിക്കാം.

അതോടെ ഞങ്ങളുടെ രീതികൾ എളുപ്പമായി. സുപ്പർമാർക്കറ്റിൽനിന്ന് റെഡി ടു ഈറ്റ് ഭക്ഷണം വാങ്ങി പാർക്കിലിരുന്നു കഴിച്ച് കാറിൽ ഇന്ധനം നിറച്ച് യാത്ര തുടരുക.  ഫ്രൈ ചെയ്ത മുഴുവൻ കോഴി ചൂടോടെ സൂപ്പർ മാർക്കറ്റുകളിൽ കിട്ടും. അൽപം ബ്രെഡ്, കുറച്ച് ജാമോ ബട്ടറോ. പിന്നെ പഴച്ചാറുകളും. നാലുപേർക്ക് കുശാലായ ഭക്ഷണമായി. ചെലവ് പത്തുയൂറോയോളം മാത്രം. വേണമെങ്കിൽ ബീയറുമാകാം. സൂപ്പർമാർക്കറ്റുകളിൽ മാത്രമല്ല കടകളിലെല്ലാം ബീയറും മദ്യവും സുലഭം.

avila-fort.jpg1
ആവിലയിലെ കോട്ടയുടെ സമീപ ദൃശ്യം

ഇന്ധനം നിറച്ച് ക്രെഡിറ്റ് കാർഡ് നൽകിയപ്പോൾ വൻപ്രശ്നം. കാർഡ് ഫലിക്കുന്നില്ല. പല പ്രാവശ്യം ഉരച്ചിട്ടും ഫലമില്ല. ഈ കാർഡ് ഇന്ത്യയിൽ മാത്രമേ പ്രയോജനപ്പെടൂ എന്ന് പമ്പിലെ ആൾ അറിയാവുന്ന ഇംഗ്ലിഷിൽ പറഞ്ഞൊപ്പിച്ചു. പക്ഷേ വിദേശത്ത് ഉപയോഗിച്ചിട്ടുള്ള കാർഡാണിത്, സ്വൈപ്പിങ് മെഷീന്റെ കുഴപ്പമാണമെന്ന് ഞങ്ങൾ. തൂത്തും തുടച്ചും പലവട്ടം ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ പണം കൊടുത്തു. ഞങ്ങളിൽ പലരുടേയും കയ്യിൽ കറൻസിയില്ല. പ്ലാസ്റ്റിക് മണിയാണ് കരുതിയിരുന്നത്. ഡീസലിന് 1.2 യൂറോ മുതൽ 1.5 യൂറോ വരെയാണ് വില.( 120 രൂപ മുതൽ 150 രൂപ വരെ). കുപ്പിവെള്ളത്തിനും ഇതേ വിലയാകും. രണ്ടാം തവണ ഡീസൽ അടിച്ചപ്പോൾ കാർഡ് പ്രശ്നമുണ്ടാക്കിയില്ല. പിന്നീടുള്ള യാത്രയിൽ 10 രാജ്യങ്ങളിലെ വിവിധ പമ്പുകളിൽ നിന്നായി എത്രയോ തവണ ഡീസൽ വാങ്ങി. എല്ലായിടത്തും ഇതേ കാർഡ് ഉപയോഗിച്ചു. സ്പെയിൻകാരൻ ടെൻഷനടിപ്പിച്ചതു മിച്ചം.

സർവകലാശാലകളുടെ കേന്ദ്രമായ സരമാങ്കയിൽ ഉച്ചയോടെ എത്തി. എങ്ങും വമ്പൻ കെട്ടിടങ്ങൾ, കോളജ് വിദ്യാർഥികൾ, പുറമേ കുറെ പള്ളികളും. കാർ പാർക്കിങ് ഇവിടെ വലിയ പ്രശ്നമാണ്. ദൂരെ പാർക്ക് ചെയ്ത് കെട്ടിടങ്ങളുടെ ഇടയിലുള്ള ഗലികളിലൂടെ നടക്കുന്നതാണ് സുഖം. ധാരാളം കടകൾ. ഉണക്കിയ പന്നിയിറച്ചിയും മറ്റും കടകളിൽ കിട്ടും. അവിടത്തെ പ്രധാനവിഭവമാണിത്. വൈകുന്നേരത്തോടെ ആവിലയിലെത്തി.

കോട്ട ദൂരെനിന്നു തന്നെ കാണാം. താമസസ്ഥലം തേടി അൽപം ചുറ്റിക്കറങ്ങി. ഒടുവിൽ കോട്ടമതിലിനടുത്തുതന്നെ വിന്റേജ് ഹോട്ടൽ എന്നുപേരിട്ട ചെറിയൊരു ഹോട്ടലിൽ മുറി കിട്ടി. സ്പാനിഷ് മാത്രം അറിയാവുന്ന കെയർടേക്കർ. പക്ഷേ അത്യാവശ്യനേരത്ത് ഭാഷയൊന്നും പ്രശ്നമാകില്ലെന്ന് മനസ്സിലായി. ടിവി അടക്കമുള്ള സംവിധാനമുണ്ട് മുറിയിൽ. പക്ഷേ നമ്മുടെ നാട്ടിൽ ആദ്യകാലത്തുണ്ടായിരുന്ന കമ്പി ആന്റിനയാണ്  ഇപ്പോഴും അവിടെയുള്ളത്. ഹോട്ടലിന്റെ പേരിനും  അർഥം ഉണ്ടാകണമല്ലോ. 

സന്ധ്യയോടെ കോട്ടയിലേക്ക് പുറപ്പെട്ടു. അസ്തമയവേളയിൽ നല്ല കാഴ്ചകൾ. കോട്ടയാകെ ചുറ്റിക്കറങ്ങിയിറങ്ങിയപ്പോൾ നല്ല ക്ഷീണം. പുറത്തെ ചത്വരത്തിൽ നല്ല തട്ടുകടകൾ. ടിവിയിൽ ഇംഗ്ലണ്ട് – കൊളംബിയ ലോകകപ്പ് മത്സരം കാണുന്നവർക്കൊപ്പം കളികണ്ടു. വലിയ ആവേശമൊന്നുമില്ല, മദ്യവും ഭക്ഷണവും കഴിക്കുന്നതിനിടെ ചെറിയ വിനോദം എന്ന മട്ടിലാണവർ കളി കാണുന്നത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരം കഴിഞ്ഞ് കോട്ടയ്ക്കുള്ളിലൂടെ ഒരിക്കൽ കൂടി നടന്നുവലഞ്ഞ് ഹോട്ടലിലെത്തിയപ്പോൾ ഏറെ വൈകി.

∙ ലൂർദ്ദ്

പിറ്റേന്ന് നേരത്തെ ഉണർന്ന് തയാറായി. സാൻ സെബാസ്റ്റ്യൻ വഴി ലൂർദ്ദിലേക്കാണ് ഇനിയുള്ള യാത്ര. സ്പെയിനിൽനിന്ന് ഫ്രാൻസിലേക്ക്.

europ-trip-groto
ലൂർദ്ദിലെ ഗ്രോട്ടോ

ഫ്രാൻസിലേക്ക് കടക്കവേ മഴ ആരംഭിച്ചു. സാധാരണ യൂറോപ്യൻ മഴയുടെ ചേലിൽ ചാറിനിൽക്കുമെന്നേ കരുതിയുള്ളൂ. പക്ഷേ വന്നത് കനത്ത മഴ. കാർ ഓടിക്കാൻ പോലും ബുദ്ധിമുട്ടായി. ഇരുട്ട് നേരത്തെ എത്തി. ഹൈവേകളിൽ പെയ്ത്തുവെള്ളം പെട്ടെന്നു വലിഞ്ഞുപോകുന്നുമുണ്ട്. പ്രത്യേക സംവിധാനമുണ്ടാകാം. മീനച്ചിലാർ കരകവിഞ്ഞ് പാലായാകെ വെള്ളത്തിൽ മുങ്ങിയതിന്റെ വാട്സാപ് ചിത്രങ്ങൾ കണ്ടായിരുന്നു ഞങ്ങളുടെ യാത്ര. ഏതാണ്ട് അതേ അവസ്ഥയിലാകുമോ ഞങ്ങളും എന്ന് ഭയന്നു.

ചെറിയ റോ‍‍ഡുകളിലൂടെ പോയി താമസസ്ഥലം കണ്ടെത്തണം. നമ്മുടെ റോഡിലെന്നപോലെ നാട്ടുപാതകളിൽ വെള്ളം കുത്തിയൊഴുകുകയാണ്. കോൺവന്റുകളാണ് ഞങ്ങളുടെ ലക്ഷ്യം. യൂറോപ്പിലെ കോൺവന്റുകളിൽ താമസസൗകര്യം ലഭിക്കും. ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് ലൈനാണ്. കിടക്കാൻ വൃത്തിയുള്ള മുറി. പറ്റുമെങ്കിൽ രാവിലെ ഭക്ഷണവും നൽകും. ചെലവ് വളരെ തുച്ഛം. മഴയും കാറ്റും തണുപ്പും മൂലം സ്ഥലം കണ്ടുപിടിക്കാൻ കഴിയുന്നില്ല. റോഡിൽ നമ്മുടെ നാട്ടിലേതുപോലെ കാൽനടക്കാരുമില്ല. വീടിന്റെ ബോർഡുകളാണ് ഏക ആശ്രയം. അങ്ങനെ തേടിത്തേടി കോൺവെന്റ് എന്നു തോന്നിക്കുന്ന ഗേറ്റിലെത്തി കഷ്ടപ്പെട്ട് ബോർഡ് കണ്ടെത്തി വായിച്ചപ്പോൾ സെമിത്തേരിയാണ്! 

ഒരു വിധത്തിൽ ഒരു കോൺവന്റ് കണ്ടെത്തി. കാർ പാർക്ക് ചെയ്യുംമുൻപ് ജനലിൽ കന്യാസ്ത്രീ പ്രത്യക്ഷപ്പെട്ടു. അൽപം ഇംഗ്ലിഷ് അറിയാം. അവിടെ മുറിയില്ലെന്നതാണ് സന്തോഷ വാർത്ത. അവർ മറ്റേതോ അതിഥിയെ പ്രതീക്ഷിച്ചിരിക്കുകയാണ്. പക്ഷേ മറ്റൊരിടത്തേക്കുള്ള വഴി ആ  സ്ത്രീ പറഞ്ഞുതന്നു. ആ വഴിയേ ചെന്നത് മറ്റൊരു കോൺവന്റിൽ. മഴ അപ്പോഴേക്കും ശമിച്ചിരുന്നു. അവിടെ മലയാളി കന്യാസ്ത്രീകളുടെ സംഘം തന്നെയുണ്ട്. പല നാട്ടുകാർ. നാലു മുറി കിട്ടി.

ആളൊന്നിന് 20 യൂറോ മാത്രം. 1600 രൂപയ്ക്ക് അത്തരം മുറി നമ്മുടെ നാട്ടിൽ പോലും കിട്ടില്ല. മലയാളത്തിലുള്ള കുശലപ്രശ്നങ്ങൾക്കു ശേഷം വാടക മുൻകൂറായി നൽകി  മുറിയിൽ ബാഗുകൾ വച്ച് പള്ളിയിലേക്ക് പുറപ്പെട്ടു. യാത്രക്കിടെ ലൂർദ്ദ് പട്ടണത്തിലൂടെ പോകുമ്പോൾ തമിഴിലെ ബോർഡ് ശ്രദ്ധയിൽപ്പെട്ടു. ഹോട്ടലാണ്. ഇന്ത്യൻ ഭക്ഷണം ലഭിക്കുമത്രേ. ഒന്നു നോക്കാമെന്നു കരുതി. ഭക്ഷണം ഇന്ത്യനാണെങ്കിലും ഉടമ ശ്രീലങ്കക്കാരനാണ്, തമിഴ് അറിയാമെന്നു മാത്രം. ഭാര്യയും ഒപ്പമുണ്ട്. കടയിൽ എട്ടോ പത്തോ സീറ്റുകൾ മാത്രം. മെനുവിലെ കൊത്തുപൊറോട്ടയെന്ന ഇനം അച്ചന്മാർക്ക് പരിചയമില്ല. അതും ബിരിയാണിയും വാങ്ങി.നല്ല ഭക്ഷണം. ആളൊന്നിന് 8 യൂറോ മാത്രം.

രാത്രിയോടെ പള്ളിയിലെത്തി. മഴ മൂലം  തിരക്കുകുറവ്, തണുപ്പ് കൂടുതൽ. പള്ളിക്കു സമീപത്തെ വലിയ തോടിനടുത്തുള്ള ഗ്രോട്ടോയാണ് പ്രധാന ആകർഷണം. കൃത്രിമമായി നിർമിച്ചതല്ല ഇത്. വലിയൊരു പാറക്കെട്ടിന്റെ  ചുവട്ടിൽ കുറച്ചുപേർക്ക്  കയറിനിൽക്കാൻ  കഴിയുന്ന ഇടം. അവിടെ ചെറിയൊരു അൾത്താരയുണ്ട്, ഒരു അരുവിയും. ഇതു കാണാൻ കുറെപ്പേർ എന്നിയിട്ടുണ്ട്. അവർ ക്യൂ പാലിച്ച് ഗ്രോട്ടോയിലൂടെ കയറിയിറങ്ങുന്നു. ഈ പാറക്കെട്ടിനുമുകളിലാണ് ലൂർദ്ദിലെ  പ്രധാന പള്ളി നിർമിച്ചിരിക്കുന്നത്. ഇവിടെയാണ് മാതാവ് പ്രത്യക്ഷപ്പെട്ടതെന്നാണ് വിശ്വാസം. 

ഗ്രോട്ടോയിൽ പാതിരാ പ്രാർഥനയുണ്ട്. ഒരു കമ്പിത്തൂണിൽ ഉറപ്പിച്ച നൂറോളം വലിയ മെഴുകുതിരികൾ ഏണിയിൽ കയറിനിന്ന് കത്തിക്കാൻ ശ്രമിക്കുന്ന ശുശ്രൂഷി. മഴ നനഞ്ഞതുകൊണ്ട് മെഴുകുതിരികൾ കത്തുന്നില്ല. വെള്ളം കടുകുപൊട്ടുന്നതുപോലെ പൊട്ടുന്നുമുണ്ട്. രാത്രികുർബാനയിൽ നമ്മുടെ അച്ചന്മാർക്കും പങ്കാളിത്തം കിട്ടി. പല ഭാഷകളിൽ പ്രാർഥനകൾ. പ്രസംഗം ഉൾപ്പെടെയുള്ള ചടങ്ങുകൾ കഴിഞ്ഞപ്പോൾ തണുപ്പുകൂടി. അപ്പുറത്ത് ചെറിയ ഷെഡുകളുണ്ട്, മെഴുകുതിരികൾ കത്തിക്കാൻവേണ്ടി. അവിടെയും തീർഥാടകർ കയറിയിറങ്ങുന്നു. തിരികെ കോൺവന്റിലേക്ക്. ഗേറ്റ്, വാതിലുകൾ എല്ലാം റിമോട്ടിലും കോഡ് നമ്പറിലും പ്രവർത്തിക്കുന്നവ. അതുകൊണ്ട് ഏതു സമയത്തും കന്യാസ്ത്രീകളെ ബുദ്ധിമുട്ടിക്കാതെ അകത്തുകയറാം. പതിവുപോലെ പുലർച്ചെ ഉണരണമെന്ന ധാരണയോടെ എല്ലാവരും മുറികളിലേക്ക്.

രാവിലെ തന്നെ തയാറായി മുറികൾ ഒഴിഞ്ഞു. നേരെ പള്ളിയിലേക്കു പുറപ്പെട്ടു. തണുപ്പായിട്ടും നല്ല തിരക്കുണ്ട്. രോഗാവസ്ഥയിലുള്ളവരുമായി എത്തുന്ന വൊളന്റിയർമാർ.  പ്രായമേറിയവരാണ് അധികവും. പ്രായം കുറഞ്ഞവർ പടികൾ കയറി പള്ളിയുടെ മുകൾഭാഗത്തേക്ക് പോകുന്നു. ഇവിടെയും അച്ചന്മാർക്ക് കുർബാനയ്ക്ക് അവസരം കിട്ടിയിട്ടുണ്ട്. യൂറോപ്പിലെ ബൃഹത്തായ പള്ളികൾക്കകം ഏതാണ്ട് ഒരുപോലെയാണ്.

ഉയർന്ന കമാനാകൃതിയുള്ള മേൽക്കൂര, ധാരാളം തൂണുകൾ,  കമാനങ്ങൾ, ചിത്രപ്പണികൾ, കണ്ണാടിപെയിന്റിങ്. പള്ളിയുടെ വശങ്ങളിലായി നിരവധി ചെറുഅൾത്താരകളോ ശവകുടീരങ്ങളോ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പോലും ഇതാണ് രീതി. ഇത്തരം  ചെറു അൾത്താരകളിലൊന്നിലാണ് അച്ചന്മാർ കുർബാന ചൊല്ലിയത്. കുർബാനയ്ക്കുള്ള പ്രത്യേക വസ്ത്രങ്ങൾ ഓരോ അൾത്താരയിലും ക്രമീകരിച്ചിട്ടുണ്ട്. ഇവിടെയും ഫാത്തിമ മാതൃകയിൽ ഭൂഗർഭ പള്ളിയുണ്ട്. കപ്പലിന്റെ ഉള്ളിൽ നിൽക്കുന്നതുപോലെ തോന്നും. വിശാലമായ ഹാളിൽ ബെഞ്ചുകളുണ്ട്. പല അൾത്താരകളും. 

പള്ളി പര്യടനം പൂർത്തിയാക്കി സൂവനീർ ഷോപ്പുകളിൽ കയറിയിറങ്ങി ഉച്ചയോടെ ലൂർദ്ദ് സന്ദർശനം മതിയാക്കി. പാർക്കിങ് ഏരിയയിൽ ലഘുഭക്ഷണം കഴിച്ച് തലസ്ഥാനമായ പാരീസിലേക്ക്.

തുടരും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA