ജലഹർമ്യങ്ങളുടെ നഗരം; സിസ്റ്റർ മരിയയുടെ വയലിൻ, പിന്നെ പാട്ടും

627304216
SHARE

അസീസിയിലെത്തിയത് നാലുമണിയോടെയാണ്. തനി ഗ്രാമം. നാടൻ ഹോട്ടലുകൾ ധാരാളം. ഒരിടത്തു മുറി കിട്ടി. ബാർകോഡുള്ള ബാൻഡ് കയ്യിൽ കെട്ടിത്തന്നു. അവിടത്തെ ഏതു ബില്ലും ഇതുപയോഗിച്ച് പേ ചെയ്യാം. മുറി ഒഴിയുമ്പോൾ പണം കൊടുത്താൽ മതി. ബാറടക്കം എല്ലാ സംവിധാനങ്ങളുമുണ്ട്. കോട്ടേജാണ് എടുത്തത്. നല്ല സൗകര്യങ്ങൾ. മുറ്റത്ത് കസേരയിട്ടിരിക്കാം.

അൽപ വിശ്രമത്തിനുശേഷം വിശുദ്ധ ഫ്രാൻസിസിന്റെ ദേവാലയം കാണാൻ പോയി. വിശുദ്ധ ഫ്രാൻസിസിന്റെ പ്രസിദ്ധമായ വേഷത്തിൽ വഴിയിൽ ഒരാളെ കണ്ടു. പാവം ഭിക്ഷ യാചിക്കുകയാണ്. പള്ളിയിലേക്കുള്ള കയറ്റത്തിൽ ധാരാളം കടകൾ. പള്ളിക്കുപുറത്ത് വൊളന്റിയറായി മലയാളികളെ കണ്ടു. പഠനത്തിന്റെ ഭാഗമായി ഇറ്റലിയിൽ നിന്നെത്തിയ വൈദിക വിദ്യാർഥികളാണ്. സന്ധ്യയോടെ മുറിയിൽ തിരിച്ചെത്തി ലോകകപ്പ് ഫൈനൽ മത്സരം കണ്ടു. എല്ലാവരെയും പോലെ ക്രൊയേഷ്യ ജയിക്കണമെന്നാഗ്രഹിച്ചു, പക്ഷേ ജയിച്ചത് ഫ്രാൻസാണല്ലോ. 

ഭാഗം ഒന്ന്: പത്തു രാജ്യങ്ങൾ, 24 ദിവസം, 12,000 കിലോമീ‌റ്റർ 

170587917

കളി കഴിഞ്ഞ് ഫോർട്ട് ക്ലാര കത്തീഡലും അടുത്തുള്ള കോട്ടയും കാണാൻ പോയി. കാർ ദൂരെയിട്ട് മലമുകളിലേക്ക് നടന്നു. അൽപം ക്ലേശം തോന്നിയെങ്കിലും മുകളിലെ കാഴ്ച അതീവഹൃദ്യമായി. ഞങ്ങളെക്കൂടാതെ പത്തുപേരുടെ സംഘം കൂടിയുണ്ട്. വലിയ ബഹളമുണ്ടാക്കിയാണ് അവരുടെ വിനോദങ്ങൾ. ഏറെ നേരം കുന്നിൽ ചെരിവിലിരുന്ന് അസ്തമയവും അസീസി ഗ്രാമവും കൺനിറയെ കണ്ട് മടങ്ങി. കോട്ടജിലെത്തിയപ്പോൾ രാത്രിയായി. എതിർവശമുള്ള  കോട്ടേജിൽ ഹാഡ്‌ലി ഡേവിഡ്സൺ ബൈക്കിലെത്തിയ യുവാവും യുവതിയും. ബൈക്കിനു ചില്ലറ അറ്റകുറ്റപ്പണികൾ നടത്തുന്ന യുവാവ് ചില്ലറക്കാരനാവില്ലല്ലോ. നാളെ പോകേണ്ടത് പാദുവയിലേക്ക്. 

ഒപ്പമുള്ള അച്ചന്മാർ വെളുപ്പിന് പള്ളിയിൽ പോകുമെന്നു പറഞ്ഞിരുന്നു. ഞാൻ ആ നേരം കൂടി ഉറങ്ങി. ഹോട്ടലിൽനിന്നു തന്നെ ഭക്ഷണം കഴിച്ച് തയാറായി. അയൽവാസിയായ ബൈക്കുകാരൻ യാത്ര പുറപ്പെടാനുള്ള തിടുക്കത്തിലാണ്. ബൈക്കിൽ ചില മിനുക്കുപണികൾ തുടരുകയാണ്. ഒടുവിൽ യുവതിക്കൊപ്പം പൊടിപറത്തി ബൈക്ക് പാഞ്ഞു. ഞങ്ങൾക്കും താമസിക്കാനാവില്ല. ഉടൻ പുറപ്പെട്ടു. 

∙ പാദുവ 

പാദുവ ഇറ്റാലിയനിൽ പദോവ എന്നറിയപ്പെടും. വടക്കൻ ഇറ്റലിയിലെ നഗരമാണിത്. വിശുദ്ധ അന്തോനീസിന്റെ കബറിടം ഇവിടെയാണ്. 1220 മുതൽക്കേയുള്ള സർവകലാശാലയാണ് മറ്റൊരു പ്രത്യേകത. പോർച്ചുഗലിലെ ലിസ്ബണിൽ ജനിച്ച സെന്റ് ആന്റണിയെ ഇവിടെയാണ് കബറടക്കിയിരിക്കുന്നത്. വൻ കത്തിഡ്രലും അനുബന്ധ നഗരവും കാണാൻ വിദേശികളുടെ വൻ തിരക്കുണ്ട്.

∙ വെനീസ്

അടുത്തയാത്ര വെനീസിലേക്ക്. കിഴക്കിന്റെ വെനീസിൽനിന്ന് യഥാർഥ വെനീസിലേക്ക്. പാർക്കിങ് ഏറ്റവും പ്രശ്നമായ സ്ഥലങ്ങളിലൊന്നാണിത്. സ്വകാര്യ പാർക്കിങ് ഏജൻസികൾ തമ്മിൽ റോഡിൽ മത്സരമാണ്. കാർ പാർക്ക് ചെയ്ത് ബോട്ട്ജെട്ടിയിലേക്ക്. വലിയ ബോട്ടുകളാണ്. നമ്മുടെ നാട്ടിലേതുപോലെ എത്രയെങ്കിലും ആളെ കയറ്റും. സ്പീഡ് ബോട്ടുകളും കൊതുമ്പുവള്ളങ്ങളും ധാരാളം. വെള്ളത്തിൽ നിർമിച്ച കെട്ടിടങ്ങളാണ് ഓരങ്ങളിൽ.

ഭാഗം : 2 ഫാത്തിമ, ആവില, ലൂർദ്: പ്രാർഥനകളുടെ ചിറകൊച്ച കേട്ട്

യഥാർഥ വാട്ടർഫ്രന്റ് ! പാലദോര ബസലിക്ക കാണാനാണ് ഞങ്ങളുടെ യാത്ര. ചോദിച്ചറിഞ്ഞ് ജെട്ടിയെത്തിയപ്പോൾ ഇറങ്ങി. പള്ളിയിൽ വൻ തിരക്ക്. വലിയ ക്യൂ. കടുത്ത വെയിലും. മൈതാനമാകെ വെനീസിലെ വ്യാപാരികൾ. പള്ളിയിലെ സെക്യൂരിറ്റിക്കാരെ മണിയടിച്ച് അച്ചന്മാർ ക്യൂ ഒഴിവാക്കിയെടുത്തു, ഒപ്പം ഞാനും. പല വിശുദ്ധന്മാരുടെയും  തിരുശേഷിപ്പുണ്ടിവിടെ. അവ കണ്ടുവണങ്ങാനാണ് തിരക്ക്. തിരക്കിനിടയിൽ ബോട്ടിന്റെ മടക്ക ടിക്കറ്റ്  നഷ്ടപ്പെട്ടു. വൺവേ യാത്രയ്ക്കുള്ള ടിക്കറ്റ് പുതുതായി എടുക്കേണ്ടിവന്നു.

∙ മ്യൂണിക്ക്

പിറ്റേന്ന് മ്യൂണിക്കിലേക്ക് യാത്ര തുടങ്ങി. മുൻ ജർമൻ യാത്രയിലും സന്ദർശിച്ച സ്ഥലമാണ്. പക്ഷേ ഇത്തവണ പോകാതിരിക്കാൻ കഴിയില്ല. വൈദികരുടെ ചെറിയൊരു യോഗത്തിൽ എന്നോടൊപ്പമുള്ള വൈദികന് പങ്കെടുക്കണം. ഒരിക്കൽ കണ്ട സ്ഥലങ്ങൾ ഒഴിവാക്കി പോകാമെന്നു തീരുമാനിച്ചു. ഏതൊക്കെയോ വഴിയിലൂടെ കാർ പായുകയാണ്. ഇടയ്ക്കൊരു സൈൻബോർഡ്– സാൽസ്ബർഗ്. കഴിഞ്ഞ യാത്രയിൽ ഓസ്ട്രിയ ഉൾപ്പെട്ടിരുന്നെങ്കിലും ഈ മനോഹര നഗരം കണാൻ കഴിഞ്ഞിരുന്നില്ല. ദ് സൗണ്ട് ഓഫ് മ്യൂസിക് എന്ന ചിത്രത്തിൽ സിസ്റ്റർ മരിയ വയലിനുമായി പാട്ടുപാടി നടന്ന സ്ഥലങ്ങളുടെ ദൃശ്യഭംഗി മറക്കുവതെങ്ങനെ ? കാർ സാൽസ്ബർഗ് വഴി തിരിച്ചുവിട്ടു. സിനിമയിൽ കണ്ടതിനേക്കാൾ മനോഹരമായ ഗ്രാമദൃശ്യങ്ങൾ കൺനിറയെ കണ്ടു. സിനിമയുടെ ലൊക്കേഷനായിരുന്ന കൊട്ടാരവും മറ്റും ഇപ്പോൾ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. മുൻകൂട്ടിയുള്ള പരിപാടിയല്ലാതിരുന്നതിനാൽ അവിടെ പോകാൻ കഴിഞ്ഞില്ല. 

ഭാഗം :3 പാരിസിൽനിന്ന് ‘കരടികളുടെ നഗര’ത്തിലേക്ക്

കാറിലിരുന്ന് ഗൂഗിൾ മാപ്പ് നോക്കിയ ഫാ.അലക്സിനൊരാശയം. അദ്ദേഹത്തിനു മടങ്ങിപ്പോകേണ്ടത് വിയന്നയിലേക്കാണ്. ലിസ്ബനിൽനിന്ന് വിമാനടിക്കറ്റ് ബുക്ക് ചെയ്തിട്ടുമുണ്ട്. എന്നാൽ സാൽസ്ബർഗിൽനിന്ന് അതിവേഗ ട്രെയിൻ പിടിച്ചാൽ രണ്ടുമണിക്കൂർ കൊണ്ട് വിയന്നയിലെത്താം. അതിവേഗട്രെയിൻയാത്ര എന്ന സ്വപ്നവും സഫലമാകും, രണ്ടുമൂന്നു ദിവസത്തെ യാത്ര ലാഭിക്കുകയും ചെയ്യാം. റെയിൽവേ സ്റ്റേഷൻ ജിപിഎസിൽ സെറ്റ് ചെയ്ത് നീങ്ങി. 5.50 നാണ് ട്രെയിൻ പുറപ്പെടുക. ചെറിയ ബ്ലോക്കിലും മറ്റും പെട്ട് ഞങ്ങൾ സ്റ്റേഷനിലെത്തിയപ്പോൾ 5.40 ആയി. കാർ പാർക്ക് ചെയ്യാൻ സ്ഥലം കിട്ടിയില്ല. ജോർജ് അച്ചനെ കാറിലിരുത്തി ഞാനും അലക്സച്ചനും കൂടി സ്റ്റേഷനിലേക്കോടി. ഭാഗ്യം കൗണ്ടറിൽ തിരക്കില്ല. ടിക്കറ്റ് ചോദിച്ചപ്പോൾ കൗണ്ടറിലെ സ്ത്രീ നല്ല ഇംഗ്ലിഷിൽ പറഞ്ഞു. ഈ ട്രെയിൻ പ്രൈവറ്റാണ്. ടിക്കറ്റ് ട്രെയിനിലേ കിട്ടൂ.

പ്ലാറ്റ്ഫോം ചോദിച്ചറിഞ്ഞ് ബാഗുമായി പാഞ്ഞു. ട്രെയിൻ തയാർ. അപ്പോഴും ചെറിയ പ്രശ്നം. ട്രെയിനിൽ ക്രെഡിറ്റ് കാർഡ് സ്വീകരിക്കുമോ ? ഓരോ കോച്ചിനു സമീപവും ‘കണ്ടക്ടർമാർ’ നിൽപുണ്ട്. അതിലൊരാളോടു ചോദിച്ച് സംശയനിവൃത്തി വരുത്തി. കാർഡ് പ്രശ്നമില്ല. അപ്പോഴാണ് അവരുടെ വേഷം ശ്രദ്ധിച്ചത്. ബെൽറ്റിൽ നിരവധി ഉപകരണങ്ങൾ തൂക്കിയിട്ടിരിക്കുന്നു, സ്വൈപ്പിങ് മെഷീൻ ഉൾപ്പെടെ. രണ്ടുനില ട്രെയിനാണ്. അത്യാവശ്യം തിരക്കുണ്ട്. കൃത്യ സമയത്തുതന്നെ ട്രെയിൻ പുറപ്പെട്ടു, അതിവേഗത്തിൽ തന്നെ.‌

530487878

യാത്രാസംഘം രണ്ടുപേരായി ചുരുങ്ങി. ഞങ്ങൾ മ്യൂണിക്കിലേക്കു യാത്ര തുടർന്നു. അവിടെയും പ്രീസ്റ്റ് ഹോമിലാണ് താമസം. നഗരത്തിൽനിന്ന് അൽപം മാറി ഒഴിഞ്ഞ പ്രദേശമായിരുന്നതിനാൽ രാത്രി സ്ഥലം കണ്ടുപിടിക്കാൻ ക്ലേശിച്ചു. എന്നെ മുറിയിലാക്കി ജോർജച്ചൻ വൈദിക സമ്മേളനം നടക്കുന്ന സ്ഥലത്തേക്കുപോയി. എനിക്ക് സുഖനിദ്ര.

പിറ്റേന്ന് രാവിലെ വലിയ ശബ്ദം കേട്ടാണ് എഴുന്നേറ്റത്. തൊട്ടടുത്തുള്ള വഴിയിലൂടെ നഴ്സറിവിദ്യാർഥികളുടെ ഘോഷയാത്ര. ക്ലാസിലേക്കുള്ള പുറപ്പാടാണ്. രണ്ട് അധ്യാപികമാരും അറുപതോളം കുട്ടികളും. എല്ലാവരും എന്തോ സംസാരിക്കുന്നുണ്ട്. ആതിഥേയനായ അച്ചന് രാവിലെ പള്ളിയിൽ ബിഷപ് പങ്കെടുക്കുന്ന പരിപാടിയുണ്ട്. അതുകൊണ്ട് ഞാൻ ആ വലിയ കെട്ടിടത്തിൽ ഏകൻ. ഭക്ഷണം ഇഷ്ടംപോലെ.

ഉച്ചയോടെ ജോർജച്ചൻ തിരിച്ചെത്തി. കൂടെ ഫാ.ജോബി കുന്നത്തേട്ട്– ഇറ്റലിയിലെ സെമിനാരിയിൽ വൈസ് റെക്ടറാണ്. ഞങ്ങളോടൊപ്പം ലിസ്ബനിലേക്കു വരും. നേരത്തെ തന്നെ അങ്ങനെയാണ് തിരുമാനിച്ചിരിക്കുന്നത്. ഇതിനിടെ രാവിലെ കാർ അവിടെ ഒരു സർവീസ് സ്റ്റേഷനിൽ കൊടുത്ത് വാർഷിക സർവീസിങ്ങും മറ്റും നടത്തിയിരുന്നു. അങ്ങനെ എല്ലാം സുസജ്ജം.

അടുത്ത യാത്ര മ്യൂണിക്കിനടുത്തുള്ള ദഹാവു എന്ന സ്ഥലത്തേക്കാണ്. ഇവിടെയും ഞാൻ മുൻപ് വന്നിട്ടുള്ളതാണ്. ഹിറ്റ്ലറുടെ കുപ്രസിദ്ധമായ കോൺസൻട്രേഷൻ ക്യാംപുകളിലൊന്നാണിത്. ഗേറ്റ് കടക്കുമ്പോൾത്തന്നെ മനസ്സിൽ ഭയം നിറയ്ക്കുന്ന സ്ഥലം. 1993 ൽ ഉണ്ടായിരുന്ന ചില ബാരക്കുകൾ ഇപ്പോൾ കാണാനില്ല. ശരീരങ്ങൾ ദഹിപ്പിച്ചിരുന്ന ചിതകളും കണ്ടില്ല. ധാരാളം ആളുകൾ ക്യാംപ് കാണാനെത്തിയിട്ടുണ്ട്, വിവിധ രാജ്യക്കാർ. ഈ ക്യാംപിൽ മരിച്ച ലക്ഷങ്ങളിൽ പല രാജ്യക്കാരുണ്ടായിരുന്നു. കുറെപ്പേരുടെ വിവരങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അക്കാലത്തെ ഫർണിച്ചറും മറ്റും അതുപോലെ സൂക്ഷിച്ചിട്ടുണ്ട്. ട്രെയിനിലെ ബർത്ത് പോലെയുള്ള 3 നില കട്ടിലുകൾ ഓരോ മുറിയിലും അടുക്കിയിരിക്കുന്നു.ശുചിമുറികൾ വളരെ പരിമിതം. പൊള്ളുന്ന ചൂടിനെ അവഗണിച്ച് ക്യാംപ് മുഴുവൻ ഒരിക്കൽ കൂടി കണ്ടുമടങ്ങി. മ്യൂണിക്കിലെ ഒളിംപിക്സ് സ്‌റ്റേഡിയം നേരത്തെ കണ്ടിട്ടുണ്ട്. അതിനാൽ ഒഴിവാക്കി.

∙ ജനീവ

പിറ്റേന്ന് യാത്ര സ്വിറ്റ്സർലൻഡിലേക്ക്. ജനീവയിലെ ഹോസ്റ്റലുകളിലൊന്നിൽ താമസം. ഡോർമിറ്ററികളാണ് ഹോസ്റ്റൽ എന്നറിയപ്പെടുന്നത്. ഓരോ മുറിയിലും ആറുപേരുണ്ടാകും. ഹിറ്റ്ലറുടെ ക്യാംപിലേതു മാതിരി പലനില കട്ടിലുകൾ. നമുക്കൊപ്പം ഏതോ രാജ്യത്തുനിന്നുള്ള ആരോ ഒരാൾ താമസിക്കുന്നു എന്നതാണ് കൗതുകം. ബാഗ് പുറത്തെ ലോക്കറിൽ വയ്ക്കാം. ശുചിമുറിയിലേക്കുള്ള പ്രവേശനം പോലും ബാർകോഡുള്ള കാർഡ് ഉപയോഗിച്ച്. രാവിലത്തെ ഭക്ഷണവും കിട്ടും. വാടക തുച്ഛം.

രാവിലെ തന്നെ ജനീവയിലെ യുഎൻ ഓഫിസ് കാണാൻ പോയി. ബസിലെ യാത്രയാണ് സൗകര്യം. ഓഫിസിനു മുൻപിൽ അംഗരാജ്യങ്ങളുടെ കൊടികളുടെ സമ്മേളനം. മുൻപിലെ ചത്വരം പാർക്കുപോലെ. നടുവിലായി വമ്പൻ കസേരയുടെ ശിൽപം. ഒരു കാൽ ഒടിഞ്ഞ നിലയിലുള്ള യുദ്ധസ്മരകമാണിത്. സന്ദർശകർക്ക് ഫോട്ടോയെടുക്കാനുള്ള ഇടം കൂടിയാണിത്. തറയിൽ ഇടയ്ക്കു പ്രത്യക്ഷമാകുന്ന ഫൗണ്ടനുകൾ ഇവിടെയും കണ്ടു. അൽപം മാറി ലോകാരോഗ്യസംഘടനയുടെ വിശാലമായ ഓഫിസ്. അവിടേക്കുള്ള വഴിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ. രണ്ടു ചക്രം മാത്രമുള്ള  റോളർ ബോർഡ് സ്കൂട്ടർ എന്ന ന്യൂജെൻ വണ്ടിയിൽ ഒരു യുവതി പാഞ്ഞു പോകുന്നതുകണ്ടു.

വൈകിട്ട് സമീപത്തുള്ള കായലോരത്തേക്ക് പോയി. ധാരാളം ആളുകൾ ബീയർ കുടിച്ചും ഭക്ഷണം കഴിച്ചും സമയം പോക്കുന്നു. വൈകിയുള്ള അസ്തമയം കാണാനും ചേലുണ്ട്. അന്നു തന്നെ ജനീവയിലെ ഒളിംപിക്സ് മ്യൂസിയവും കണ്ടു. മ്യൂസിയത്തിലേക്കുള്ള പടികളിൽ ചില ശിൽപങ്ങൾ. പ്രധാനവാതിലിനടുത്ത് ഹൈജംപിലെ ലോക റെക്കോർഡ് സൂചിപ്പിച്ച് സ്റ്റാൻഡ് വച്ചിരിക്കുന്നു.

∙ബാർസിലോന

സമയക്രമം കൃത്യമായി പാലിച്ചിരുന്നതുകൊണ്ട് ഒരു ദിവസം അധികമായി കിട്ടി. ഏറ്റവും ഒടുവിലായി ബാർസിലോന കൂടി യാത്രാപരിപാടിയിൽ ചേർത്തു. ഒളിംപിക്സ് നടന്നിട്ടുള്ള മറ്റൊരു നഗരം. അവിടെയും തീരത്തുള്ള പള്ളിയാണ് ആദ്യം കണ്ടത്. വിശാലമായ പള്ളിയും വലിയ ഗ്രൗണ്ടും. തൊട്ടടുത്ത് കപ്പൽ നങ്കൂരമിട്ടുകിടക്കുന്നു. പിന്നീട് ഒരു പള്ളി കൂടി കാണേണ്ടതുണ്ട്. പണി തീരാത്ത പളളിയാണത്രേ അത്. നൂറ്റാണ്ടുകളായി പണി നടക്കുന്നു, പൂർത്തിയാകുന്നില്ലത്രേ. നമ്മുടെ പൊതുമരാമത്ത് വകുപ്പിന്റെ പ്രേതം പള്ളിപ്പണിക്കാരെ ബാധിച്ചിട്ടുണ്ടാകാം. അവിടെ പ്രവേശനത്തിന് 18 യൂറോയാണ് നിരക്ക്. പക്ഷേ അന്നും അടുത്ത ദിവസവും ടിക്കറ്റില്ല. പ്രതിദിനം 15,000 പേർക്കുമാത്രമാണ് പ്രവേശനം. ഇത്ര തിരക്കുണ്ടെങ്കിൽ പള്ളിയുടെ പണി ഒരിക്കലും തീരില്ലല്ലോ എന്ന് മനസ്സിലോർത്തു. പണി തീരാത്ത പള്ളി എന്നതാണല്ലോ ഹാഷ്ടാഗ്.

ഇവിടെയും വൈദികർ ഐഡികാർഡുമായി സെക്യൂരിറ്റി ഉദ്യോഗസ്ഥരെ സമീപിച്ചു. അവർക്കു പ്രവേശനം നൽകാമെന്നായി, അതും സൗജന്യമായി. പക്ഷേ എനിക്കു സൗജന്യവുമില്ല, ടിക്കറ്റുമില്ല. അവരെ പളളിക്കുള്ളിൽ കടത്തിവിട്ട് ആ പ്രദേശത്ത് ചുറ്റിക്കറങ്ങി. പള്ളിയുടെ മുഖവാരത്ത് നേരത്തെ നിർമിച്ച വള്ളികളി‍ൽ പൂവും കായുമൊക്കെ നിർമിച്ചു ചേർക്കുകയാണ് പണിക്കാർ. ചില സോവനീറുകളും മറ്റും വാങ്ങി. വഴിയോരത്തേക്കാൾ വിലക്കുറവ് കടകളിലാണ്. പെയിന്റിങ്ങുകൾ വിൽക്കുന്ന ചിലരെ ഫുട്പാത്തിൽ കണ്ടു. വലിയ വിലയാണ്, പക്ഷേ കാർഡ് കൊടുത്താൽ മതി. ഒരു കടയിൽനിന്നു ചോക്കോബാർ വാങ്ങി കഴിച്ചു, പഴയ കുട്ടിക്കാലത്തിന്റെ ഓർമയ്ക്കായി.

വൈകിട്ട് ബീച്ചിലേക്കു നീങ്ങി. ഞങ്ങളുടെ യാത്രയിലെ ഏക ബീച്ച്. വിശാലമായ ബീച്ചിൽ ആയിരങ്ങളുണ്ട്. ഏറെയും യുവാക്കൾ. അൽപവസ്ത്രധാരികളായി യുവതികൾ. ചിലർ കടലിൽ കുളിക്കുന്നു. മറ്റുചിലർ സൺബാത്ത് നടത്തുന്നു. മറ്റുചിലർ പലവിധ കളികളിൽ ഏർപ്പെട്ടിരിക്കുന്നു. ഇതൊന്നും ചെയ്യാൻ നിവൃത്തിയില്ലാത്തതുകൊണ്ട് വെറുതെ നടന്നു.

അപൂർവമായി കണ്ട മുസ്‌ലിംവനിതകൾ അവിടെയും പർദ്ദ ഉപേക്ഷിച്ചിട്ടില്ല. തീരത്തെ ബഞ്ചുകളിൽ ഇരുന്നാണ് അവർ കടൽ ആസ്വദിക്കുന്നത്. ബീച്ചിൽ കണ്ട ഏറ്റവും  കൗതുകകരമായ കാഴ്ച ഇതൊന്നുമല്ല. രണ്ടിടത്തായി രണ്ടു പുരുഷന്മാർ നൂൽബന്ധമില്ലാതെ നിൽക്കുകയാണ്, ഈ കാഴ്ചകളെല്ലാം കണ്ട്. അവരുടെ മനോബലത്തെയും തൊലിക്കട്ടിയെയും നമിക്കാതെ വയ്യ.

ബീച്ചിനടുത്ത് ഗിറ്റാറും പാട്ടുമായി ഒരു യുവതിയും യുവാവും. യൂറോപ്പിലെ സ്ഥിരം കാഴ്ചകളിലൊന്നാണിത്. പക്ഷേ പണമിടാനുള്ള പാത്രത്തിൽ എഴുതിയിരിക്കുന്നു: Trip to India. ഭിക്ഷയെടുത്ത് ഇന്ത്യയിൽ പോകാമെന്ന് നേർച്ച നേർന്നിട്ടുണ്ടാകും. രാത്രി മറ്റൊരു ഹോസ്റ്റലിലേക്ക്. റെഡ് നെസ്റ്റ് എന്നാണ് പേര്. അവിടെ റിസപ്ഷൻ കൗണ്ടറിൽ യുവാവും യുവതിയും. മിഡിയും ബ്രായുമാണ് യുവതിയുടെ വേഷം ! രാത്രി എത്തുന്ന സഞ്ചാരികളിൽ ഏറെയും പുരുഷന്മാരാണ്. ഹോസ്റ്റലിലെ ഞങ്ങളുടെ മുറിയിൽത്തന്നെ താമസക്കാരായി ചില യുവതികളുമുണ്ട്. അവരും പുരുഷന്മാരും ഒരേ മുറിയിൽ സമാധാനമായി കിടന്നുറങ്ങി രാവിലെ എവിടേക്കോ പോകുന്നു. സ്പെയിനിൽ പീഡനങ്ങളും മറ്റും ഇല്ലെന്നു വരുമോ ?

പിറ്റേന്ന് അവസാന ലക്ഷ്യത്തിലേക്കു ഞങ്ങൾ നീങ്ങുകയാണ്– ലിസ്ബൻ. ജോബി അച്ചന് രാഷ്ട്രീയകാര്യങ്ങളിലും മറ്റും താൽപര്യമുണ്ടായിരുന്നതിനാൽ കാറിൽ സംസാരിക്കാൻ വിഷയങ്ങൾക്ക് പഞ്ഞമുണ്ടായില്ല. പത്രപ്രവർത്തകനെന്ന നിലയിൽ മൂന്നു പതിറ്റാണ്ടു പിന്നിട്ട എനിക്കു പഴയ കാലമൊക്കെ  ഓർത്തെടുക്കാനും അവസരമായി.

പല യൂറോപ്യൻ രാജ്യങ്ങളിലും വൈദികർക്കു സർക്കാരാണ് ശമ്പളം നൽകുന്നത്. കേരളത്തിലുള്ളത്ര അധികാരവും മറ്റും അവർക്ക് അവിടെയില്ല. ഇടവക സെക്രട്ടറി– പലയിടത്തും സ്ത്രീകൾ–യുടെ മേൽനോട്ടത്തിലാണ് കാര്യങ്ങൾ. ഇവർക്കും സർക്കാർ ശമ്പളമാണ്. മരണവീടുകളിൽ പോലും അച്ചന്മാർക്കു കാര്യമായ ജോലികളില്ല. ഏതൊക്കെ  പ്രാർഥനകൾ ചൊല്ലണമെന്ന് വീട്ടുകാരുമായി ആലോചിക്കുന്നിടത്ത് ജോലി കഴിഞ്ഞു. മൃതദേഹ സംസ്കാരത്തിന്റെ ചുമതല ഫ്യൂണറൽ ഹോമുകൾക്കാണ്. ഒരുതരം ഇവന്റ് മാനേജ്മെന്റ് തന്നെ. നമ്മു‌ടെ നാട്ടിലും ഈ സംവിധാനം എത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഇവിടത്തെപ്പോലെ വൈദികർ വെറുതെ വീടുകളിൽ സന്ദർശനം നടത്തുന്ന പതിവുമില്ലത്രേ. തീർത്തും ഔപചാരികമായ ബന്ധമാണ് വികാരിയും ഇടവകക്കാരും തമ്മിൽ.

വിശ്വാസികളിലും ഏറെ വ്യത്യാസമുണ്ട്. പ്രാക്ടീസിങ് ക്രിസ്ത്യൻസ് എന്നാണ് ഇടയ്ക്കിടെയെങ്കിലും പള്ളിയിൽ വരുന്നവരെ വിളിക്കുക. ബാക്കിയുള്ളവർക്ക് പള്ളിയും പട്ടക്കാരനും വേണ്ടെന്ന നിലയാണ്. പള്ളിയിൽ വരുന്നവരിൽ ഏറെയും വയോധികരാണ്. ഒരു പള്ളിയിൽ വളരെ പ്രായമായ സ്ത്രീകളെ കണ്ടു. പക്ഷേ അവർ മടങ്ങുന്നത് സ്റ്റൈലായി സൈക്കിൾ ചവിട്ടിയാണ് ! പള്ളികളിൽ കുമ്പസാരത്തിനും തിരക്കു കണ്ടില്ല. ജനീവയിലെ ഒരു പള്ളിയിൽ കുർബാന കഴിഞ്ഞിറങ്ങിയ വയോധികരെല്ലാം ഒരു  കടയുടെ മുൻപിൽ ക്യൂ നിൽക്കുന്നതു കണ്ടു. ലോട്ടറി വാങ്ങാനാണ്. അവരുടെ കാര്യത്തിൽ പള്ളിയോ ലോട്ടറിയോ പ്രധാനം എന്ന് സംശയം തോന്നാം.

ഇതേ പള്ളിക്കുമുൻപിൽ പലവിധ സാധനങ്ങൾ വിൽക്കുന്ന ചെറുകടകളുണ്ട്. അതിലൊന്നിൽനിന്ന് ഒരു സാധനം വാങ്ങി നോക്കി ഇത് ഡ്യൂപ്ലിക്കറ്റാണ് എന്ന് ഞങ്ങളിലൊരാൾ പറഞ്ഞു. അപ്പോൾ കടക്കാരൻ നല്ല ഹിന്ദിയിൽ പറഞ്ഞു: അതേ ഡ്യൂപ്ലിക്കറ്റാണ്. ഒറിജിനലുണ്ട്, വിലക്കൂടുതലാണെന്നു മാത്രം. കക്ഷി പാക്കിസ്ഥാൻകാരനാണെന്നും പറഞ്ഞു.

യാത്രക്കിടയിൽ ബൽജിയത്തിലെ ഒരു സ്ഥലത്തുകൂടി പോയപ്പോഴാണ് ആ ബോർഡ് ശ്രദ്ധയിൽ പെട്ടത്. സാമാന്യം വലിയൊരു ചത്വരമാണ്. ധാരാളം ടൂറിസ്റ്റുകൾ വന്നുപോകുന്നു. താഴത്തെ റോഡിലേക്കുള്ള പടിക്കരികിൽ ചെറിയ ബോർഡ്. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാൽ പിഴ 120 യൂറോ ! (9600 രൂപ). ആണും പെണ്ണും മൂത്രമൊഴിക്കുന്നതിന്റെ രേഖാചിത്രവും ബോർഡിലുണ്ട്. ഭാഷയറിയാത്തവരും കാര്യം അറിയണമല്ലോ. കേരളത്തിൽ ഈ സംവിധാനം കൊണ്ടുവന്നാൽ സാമ്പത്തിക പ്രശ്നം മറികടക്കാൻ സാലറി ചാലഞ്ച് വേണ്ടിവരില്ല.

∙ വീണ്ടും ലിസ്ബനിൽ

ലിസ്ബണിൽ കാർ എത്തിയത് രാത്രി 11 ന്. കാറിന്റെ ട്രിപ് മീറ്ററിൽ പരമാവധി 10,000 കിലോമീറ്ററേ ഒരു യാത്രയായി രേഖപ്പെടുത്താനാകൂ. അതു കഴിഞ്ഞാൽ മീറ്റർ പൂജ്യത്തിലെത്തി ഒന്നുമുതൽ പുതിയ കണക്കാണ്. ഞങ്ങളുടെ യാത്ര അവസാനിച്ചപ്പോൾ മീറ്ററിൽ പതിനായിരം പിന്നിട്ട് 2000 കിലോമീറ്റർകൂടി കടന്നിരിക്കുന്നു.! പിന്നീടു കണക്കുകൾ പരിശോധിച്ചപ്പോൾ കണ്ട രസകരമായ കാര്യം ഡീസലിനു ചെലവഴിച്ചിടത്തോളം യൂറോ തന്നെ ടോളിനും വന്നിരിക്കുന്നു.!

സൂപ്പർ മാർക്കറ്റിൽ നിന്ന് ഭക്ഷണവും മറ്റും വാങ്ങി ജോർജ് അച്ചന്റെ വീട്ടിലേക്ക്. ഒരു മാസത്തോളം ഞങ്ങളുടെ ആതിഥേയനായിരുന്നെങ്കിലും അച്ചന്റെ വീട്ടിൽ പോയിരുന്നില്ല. പോകുംവഴി പള്ളിയിലും കയറി. അവിടെ വികാരിയുടെ നേതൃത്വത്തിൽ എന്തോ ചടങ്ങുകൾ നടക്കുന്നു. അസി.വികാരിയായ ജോർജച്ചനെ കണ്ട് വിശ്വാസികളിൽ ചിലർ പാദ്രേ (ഫാദർ) എന്നു വിളിച്ച് ഓടിയെത്തി. പത്തുരാജ്യങ്ങൾ 22 ദിവസം കൊണ്ട് ചുറ്റിക്കറങ്ങിയാണ് വന്നതെന്നത് അവർക്കും അത്ഭുതമായി. അവരിൽ പലരും അയൽരാജ്യങ്ങളിൽ പോലും പോയിട്ടില്ല. അച്ചന്റെ മുറിയിൽ ഭക്ഷണം കഴിക്കവേ വികാരിയെത്തി– ഒരാജാനുബാഹു. പോർച്ചുഗീസ് ഭാഷ മാത്രമേ അറിയൂ.

ഭാഗം : 4 പതിനാറ് മാർപാപ്പമാരുറങ്ങുന്ന സാൻ കാലിസ്റ്റോ

അവിടെനിന്ന് എയർപോർട്ടിനടുത്ത് മറ്റൊരു അച്ചന്റെ വീട്ടിലേക്ക്. ലഗേജ് ശരിയാക്കി, കുളിച്ച് രണ്ടുമണിക്കൂർ ഉറങ്ങിയപ്പോഴേക്കും വിമാനത്താവളത്തിലേക്കു പുറപ്പെടേണ്ട സമയമായി. എയർപോർട്ടിലെ മെഷീനിൽ സ്വയം ചെക്കിൻ ചെയ്ത് ഒരു കഫേ ലാത്തെയും കുടിച്ച് വിമാനത്തിനായി കാത്തിരുന്നു. കൃത്യസമയത്തുതന്നെ പോർച്ചുഗലിന്റെ ‘ടാപ്’ വിമാനം പുറപ്പെട്ടു. ഫ്രാങ്ക്ഫർട്ടിൽ നിന്ന് 1.30 നാണ് ഫ്ലൈറ്റ്. ഈ യാത്രയിൽ തന്നെ മൂന്നാംപ്രാവശ്യമാണ് ഫ്രാങ്ക്ഫർട്ടിലെത്തുന്നത്. ഇത്തവണയും എന്റെ വീസ അൽപം പ്രശ്നമുണ്ടാക്കി. മടക്കയാത്രയായതുകൊണ്ടാവാം, അൽപസമയത്തിനുള്ളിൽ എല്ലാം ശുഭം.

പുലർച്ചെ ഒരുമണിയോടെ മുംബൈയിലെത്തി, ഏഴുമണിയോടെ നെടുമ്പാശേരിയിലും. 24 ദിവസത്തെ തുടർച്ചയായ യാത്രയുടെ അന്ത്യം. നഗരത്തിലേക്ക് പ്രീപെയ്ഡ് ടാക്സിയെടുത്തു. നിരക്ക് 960 രൂപ. 12 യൂറോ മാത്രം എന്നു മനസ്സിൽ കണക്കുകൂട്ടിയപ്പോൾ ചെറുതല്ലാത്ത ആശ്വാസം.

ടി 3 കെട്ടിടത്തിൽനിന്നു പുറത്തിറങ്ങവേ പോർട്ടിക്കോയിൽ വാഹനങ്ങളുടെ ഹോണടി മത്സരം! യൂറോപ്പിലൂടെ 12000 കിലോമീറ്റർ റോഡ് യാത്ര നടത്തി തിരിച്ചെത്തിയ ഞാൻ ഓർമിക്കാൻ ശ്രമിച്ചു: ഹോൺ ശബ്ദം ഇതിനു മുൻപ് എപ്പോഴാണ് കേട്ടത്, സംശയമില്ല, ഇവിടെ കേരളത്തിൽ തന്നെയാകണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA