അടിമകളുടെ ലോകത്തിൽ 

africa-10
SHARE

മനുഷ്യന്റെ ജന്മനാട്ടിൽ അദ്ധ്യായം 21 

അടിമക്കച്ചവടത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ പേറുന്ന ബഗമോയോ നഗരത്തിൽ ഞങ്ങളുടെ വാൻ പ്രവേശിച്ചു. എവിടെ നോക്കിയാലും ജർമ്മൻ ഭരണകാലത്തെ  കെട്ടിടങ്ങളാണ് കാണാൻ കഴിയുക.ഏറെയും നാശോന്മുഖമായിക്കഴിഞ്ഞു.അക്കാലത്തെ,കിഴക്കൻ ആഫ്രിക്കയിലെ പ്രധാനവ്യാപാര കേന്ദ്രമായിരുന്നു, ബഗമോയോ. ആനക്കൊമ്പും ഉപ്പും ധാന്യങ്ങളും ഫലവർഗ്ഗങ്ങളുമെല്ലാം ഇവിടെ നിന്ന് ലോകവ്യാപകമായി കയറ്റുമതി ചെയ്തിരുന്നു. എന്നാൽ പിന്നീട് ബഗമോയോ കുപ്രസിദ്ധമായത് അടിമവ്യാപാരത്തിന്റെ പേരിലാണെന്നു മാത്രം.

africa-15
ചങ്ങല ഉള്ളിൽ കയറിയ നിലയിൽ ബോബാബ് മരം

ടാങ്കനിക്കൻ തടാകം പോലെയുള്ള വിദൂരദേശങ്ങളിൽ നിന്ന് അടിമകളായി പിടികൂടുന്നവരെ ബഗമോയോയിലാണ് ആദ്യം എത്തിച്ചിരുന്നത്. ഇവിടെ താമസിപ്പിച്ച ശേഷം വലിയ ബോട്ടുകൾ എത്തുന്ന മുറയ്ക്ക് അടിമകളെ സൻസിബാറിലേക്ക് കൊണ്ടുപോകും. സൻസിബാറിലെ അടിമച്ചന്തകളിൽ വെച്ച് ലേലം വിളിച്ച് വിൽക്കപ്പെടുന്ന  അടിമകളെ അവിടെ നിന്ന് കപ്പലിൽ കയറ്റി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഉടമസ്ഥർ കൊണ്ടുപോവുകയായിരുന്നു പതിവ്. എന്നാൽ ചില അടിമകളെ ബഗമോയോയിൽ വെച്ചു തന്നെ ചിലർ വില നൽകി വാങ്ങും. അതിനായി, സൻസിബാറിലെ അത്രയും വിപുലമല്ലെങ്കിലും, ഒരു അടിമച്ചന്ത ബഗമോയോയിലും പ്രവർത്തിച്ചിരുന്നു.

africa-13
ലിവിങ്സ്റ്റൺ -ന്റെ മൃതദേഹം ഒരു രാത്രിമാത്രം സൂക്ഷിച്ച മുറി 

ഞങ്ങൾ ആദ്യമെത്തിയത് ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അടിമകളെ കാൽനടയായും കാളവണ്ടികളിലും എത്തിച്ചിരുന്ന ഒരു 'അടിമവീട്ടി'ലേക്കാണ്. 1860കളിൽ സജീവമായിരുന്നു, ഈ രണ്ടുനില വീട്. മുന്നിലെ ഏതാനും കെട്ടിടങ്ങൾ കാലപ്പഴക്കത്തിൽ തകർന്നുവീണിട്ടുണ്ട്. അവയുടെ തൂണുകൾ മാത്രമേ ബാക്കിയുള്ളൂ. എന്നാൽ ഒരു പ്രധാന കെട്ടിടം വലിയ കേടുപാടുകളില്ലാതെ നിലകൊള്ളുന്നുണ്ട്. വലിയ വരാന്തയും വലിയ ജനലുകളുമുള്ള ഈ കെട്ടിടത്തിൽ കയറാൻ ടിക്കറ്റെടുക്കണം.

africa-14
ചങ്ങല ഉള്ളിൽ കയറിയ നിലയിൽ ബോബാബ് മരം

താഴെയും മേലെയുമായി എട്ട് മുറികളുള്ള കെട്ടിടമാണിത്. മുകളിലേക്കു കയറാൻ മരഗോവണിയുണ്ട്. സൻസിബാറിൽ കണ്ട 'അടിമവീടു'കളുടെയത്രയും ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം ഇവിടെ കണ്ടില്ല. മുറികൾ കുറേക്കൂടി വലിപ്പമുള്ളതും വായു പ്രവാഹമുള്ളവയുമാണ്. എന്നാലും, 'ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം' തന്നെയാണല്ലോ! 'അടിമ വീട്ടിൽ' നിന്നിറങ്ങിയപ്പോൾ മഴ ചാറിത്തുടങ്ങി. നോക്കി നിൽക്കെ വെള്ളത്തുള്ളികൾ തുമ്പിക്കൈവണ്ണത്തിലായി. ടാൻസാനിയിൽ വന്ന ദിവസം മുതൽ മഴ ഇങ്ങനെ ഇടയ്ക്കിടെ ഞങ്ങളുടെ 'സൈറ്റ് സീയിങ്' മുടക്കുന്നുണ്ട്.15 മിനുട്ട് കാത്തു നിന്നപ്പോൾ മഴ മാറി. ഇനി യാത്ര ഒരു പള്ളിയിലേക്കാണ്. കിഴക്കേ ആഫ്രിക്കയിലെ ആദ്യത്തെ ക്രിസ്ത്യൻ പള്ളി എന്നുള്ളതാണ് ഈ കാത്തലിക് ചർച്ചിന്റെ പ്രാധാന്യം.

africa-12

നേർത്ത മഴത്തുള്ളികൾക്കിടയിലൂടെ, കുടപിടിച്ചതു പോലെ നിൽക്കുന്ന മരങ്ങളുടെ ഇലകൾ തീർത്ത തുരങ്ക സമാനമായ പാതയിലൂടെ ഞങ്ങൾ പള്ളിയുടെ അങ്കണത്തിലെത്തി. ഒരു പള്ളി മാത്രമല്ല, പല പഴയ കെട്ടിടങ്ങൾ ഈ വളപ്പിലുണ്ട്. അതിൽ ഏറ്റവും പ്രൗഢഗംഭീരം പള്ളിയാണെന്നു മാത്രം.

africa-11
ലിവിങ്സ്റ്റൺ ടവർ 

1872ലാണ് ഈ പള്ളി നിർമ്മിക്കപ്പെട്ടത്. ഹോളി ഗോസ്റ്റ് ഫാദേഴ്‌സ് എന്ന സഭാശാഖയിൽപ്പെട്ട അച്ചന്മാർ പ്രേഷിതവേലയ്ക്കായി ഇവിടെ എത്തിയപ്പോൾ പണിതതാണ് പള്ളി. പള്ളിക്കു വേണ്ട സ്ഥലം നൽകിയത് സ്ഥലത്തെ മുസ്ലീം പ്രമാണിമാരാണ്. ആന്റണി ഹോണർ എന്ന അച്ചനാണ് ആദ്യമായി ബഗമോയോയിൽ എത്തിയ ജർമ്മൻ പാതിരി. 

africa-9
പള്ളിയോടു ചേർന്നുള്ള അച്ചന്മാരുടെ അരമന 

മതം മാറ്റം ഉൾപ്പെടെ പല അജണ്ടകളും ജർമ്മൻ പാതിരിമാർക്കുണ്ടായിരുന്നെങ്കിലും, ബഗമോയോയിൽ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരുന്ന അടിമ വ്യാപാരത്തിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കുക എന്നതായിരുന്നു, ലക്ഷ്യങ്ങളിലൊന്ന്. വളരെ വർഷങ്ങൾ കൊണ്ടാണെങ്കിലും അച്ചന്മാർ ലക്ഷ്യം നിറവേറ്റി. പിന്നീട് അടിമവ്യാപാര നിരോധന നിയമം വരെ പ്രഖ്യാപിക്കപ്പെട്ടതിൽ അച്ചന്മാരുടെ പങ്ക് വളരെ വലുതാണ്.

africa-7
അരമനയുടെ മുന്നിലെ യേശുദേവന്റെ പ്രതിമ

തനി ജർമ്മനാണ് പള്ളിയുടെ രൂപം. നീണ്ട 'റ' പോലെയുള്ള ചെറിയ ജനലുകളും വലിയ കമാനങ്ങളും യൂറോപ്യൻ ശൈലിയുടെ നിദർശനമാണ്. ഉള്ളിൽ കയറുമ്പോഴും ആഫ്രിക്കയുടെ കെട്ടിട നിർമ്മാണ രീതികൾ ഒരിടത്തുമില്ല. നീല പെയിന്റടിച്ച് ആധുനികമാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അൾത്താരയിലും തറയോടിലുമെല്ലാം പഴക്കം വായിച്ചെടുക്കാം.

africa-6
പള്ളിയോടു ചേർന്നുള്ള, മരങ്ങൾ കുട പിടിക്കുന്ന റോഡ് 

പള്ളിയോടു ചേർന്ന് സാമാന്യം വലിയൊരു മ്യൂസിയമുണ്ട്. ബഗമോയോയുടെ  ചരിത്രം ഇവിടെ ചിത്രങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അടിമവ്യാപാരത്തിന്റെ വേദനിപ്പിക്കുന്ന ഓർമ്മകൾ പേറുന്ന ചങ്ങലകളും ശിക്ഷാ ഉപകരണങ്ങളുമെല്ലാം, സൻസിബാറിലേതു പോലെ, ഇവിടെയും സൂക്ഷിച്ചിരിക്കുന്നു.

africa-5
കിഴക്കേ ആഫ്രിക്കയിലെ ആദ്യ ക്രിസ്ത്യൻ പള്ളിയുടെ ഉൾഭാഗം 

പള്ളിയോടു ചേർന്നു കാണുന്ന ഇരുനില മന്ദിരം ജീർണ്ണാവസ്ഥയിലാണ്. പലയിടത്തും നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അവിടേക്ക് പ്രവേശനവും അനുവദിക്കുന്നില്ല. അച്ചന്മാർ താമസിച്ചിരുന്ന അരമനയാണത്. അക്കാലത്തെ പ്രൗഢ മനോഹരമായ ഒരു മാളികയായിരുന്നു അതെന്ന് ഒറ്റനോട്ടത്തിൽ വ്യക്തം. വലിയ ജനലുകളും വരാന്തകളുമൊക്കെയുള്ള കെട്ടിടം. ഇത് മുഴുവൻ ചുണ്ണാമ്പുകല്ലുകൾ കൊണ്ട് നിർമ്മിച്ചതാണത്രെ. അരമനയുടെ മുന്നിൽ കൈകൾ പിരിച്ചു നിൽക്കുന്ന യേശുദേവന്റെ പ്രതിമ. 1887ൽ സ്ഥാപിക്കപ്പെട്ടതാണത്. താഴെയുള്ള ഫലകത്തിൽ ജർമ്മൻ ഭാഷയിൽ എന്തൊക്കെയോ എഴുതിയിട്ടുണ്ട്. 

africa-4
കിഴക്കേ ആഫ്രിക്കയിലെ ആദ്യ ക്രിസ്ത്യൻ പള്ളി 

അരമനയുടെ പിന്നിൽ കന്യാസ്ത്രീകളുടെ താമസ സ്ഥലം. അതിനോടു ചേർന്ന് ഒരു കെട്ടിടമുണ്ട്. 'ലിവിങ്സ്റ്റൺ ടവർ' എന്നാണ് ഈ കെട്ടിടം അറിയപ്പെടുന്നത്. ആഫ്രിക്കയിലെ അടിമവ്യാപാര നിരോധനത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച ഡേവിഡ് ലിവിങ്സ്റ്റണിന്റെ മൃതദേഹം സ്വദേശമായ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകുന്നതിനു മുമ്പ് സൂക്ഷിച്ചിരുന്നത് ഈ ടവറിലാണ്. അദ്ദേഹം മരിച്ചത് സാംബിയയിൽ വച്ചാണ്. ഹൃദയം മാത്രം അവിടെ അടക്കം ചെയ്ത ശേഷം മൃതദേഹം, സന്തത  സഹചാരിയായ അബ്ദുള്ളാക്ക് സുസിയും ജെയിംസ്‌ ചുമയും ചേർന്ന് ഇവിടെ എത്തിച്ചു.

africa-3
അടിമവീടിന്റെ അവശേഷിക്കുന്ന കെട്ടിടം 

സാംബിയയിൽ നിന്ന് ബഗമോയോയിലേക്ക് മൃതദേഹം കൊണ്ടുവരാൻ 11 മാസമെടുത്തു. 1874 ഫെബ്രുവരി 24ന്, ഒരേയൊരു രാത്രി, ലിവിങ്സ്റ്റണിന്റെ മൃതദേഹം ഈ കെട്ടിടത്തിൽ സൂക്ഷിച്ചു! പിറ്റേന്നു രാവിലെ തന്നെ സൻസിബാർ വഴി, ഇംഗ്ലണ്ടിലേക്ക് കപ്പലിൽ അയയ്ക്കുകയും ചെയ്തു. തങ്ങളുടെ രക്ഷകനായ ലിവിങ്സ്റ്റണിന് ആദരാഞ്ജലികൾ അർപ്പിക്കാൻ അടിമവ്യാപാരത്തിന്റെ ദുരന്തങ്ങൾ നേരിട്ട 700 'അടിമ'കൾ ഈ കെട്ടിടത്തിനു മുന്നിൽ എത്തിയിരുന്നു. അവർ തൂകിയ കണ്ണീർത്തുള്ളികളാണ് അദ്ദേഹത്തിനു ലഭിച്ച ആദരാഞ്ജലി.

africa-2
അടിമവീടിന്റെ വരാന്ത 

അന്ന് രാത്രി ലിവിങ്സ്റ്റണെ കിടത്തിയ സ്ഥലത്ത് ഇപ്പോൾ ഒരു മാർബിൾ ഫലകമുണ്ട്. ബഗമോയോയിൽ താമസമാരംഭിച്ച ജർമ്മൻ പാതിരിമാർ ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ ഇവിടുത്തെ ജനങ്ങളുടെ മനം കവർന്നു. അതുകൊണ്ടു തന്നെ, പ്രമുഖ വ്യാപാരികളിലൊരാളായ സേവാഹാജി, 1892ൽ 49,000 ഏക്കർ സ്ഥലം കൂടി പള്ളിക്ക് പതിച്ചു നൽകി. തുണി, ചെമ്പ്, വെടിമരുന്ന്, ആനക്കൊമ്പ്, കണ്ടാമൃഗത്തിന്റെ കൊമ്പ് എന്നിവയെല്ലാം ലോകവ്യാപകമായി കയറ്റി അയച്ച് കോടീശ്വരനായി മാറിയയാളാണ് സേവാഹാജി.ഹാജിയുടെ സ്ഥലം കൂടി കൈവന്നതോടെ ഒരു പള്ളി കൂടി പണിയാൻ പാതിരിമാർ തീരുമാനിച്ചു. പ്രധാന പള്ളിക്കു സമീപം സ്ഥിതി ചെയ്യുന്ന അല്പം കൂടി ചെറിയ പള്ളി അങ്ങനെ നിർമ്മിക്കപ്പെട്ടതാണ്. ഒന്നാം ലോക മഹായുദ്ധത്തിനു തൊട്ടുമുമ്പ് പണിതീർത്ത ഈ പള്ളി വെഞ്ചരിച്ചത് 1914ലാണ്.

africa-1
'അടിമ വീടി'ന്റെ പ്രധാന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ 

പുതിയ പള്ളിയുടെ സമീപം മറ്റൊരു കാഴ്ചയുണ്ട്- വയനാട്ടിലെ ലക്കിടിയിൽ കാണുന്നതു പോലെ ഒരു ചങ്ങല മരം. വലിയൊരു ചങ്ങലയെ ഉള്ളിലാക്കി ബോബാബ്  ഇനത്തിൽപ്പെട്ട മരം വളർന്നു നിൽക്കുന്നു. ഇതിനു പിന്നിലെ കഥ ഇങ്ങനെയാണ്:1868ൽ ബഗമോയോ കാത്തലിക് മിഷൻ സ്ഥാപിക്കപ്പെട്ടതിന്റെ ഓർമ്മയ്ക്കായി നട്ട മരമാണിത്. 1895ൽ ഫ്രഞ്ച്കാരിയായ നേഴ്‌സ് മദാം ദെ ഷെവലിയർ ഇവിടുത്തെ ഡിസ്‌പെൻസറിയിൽ സേവനുമനുഷ്ഠിക്കാനെത്തി.  ജോലി ചെയ്യുന്ന സമയത്ത് തന്റെ കഴുതയെ കെട്ടിയിടാനായി മദാം ഈ മരത്തിൽ ഒരു ചങ്ങല ചുറ്റി. വർഷങ്ങൾ കൊണ്ട് മരം വളർന്ന് ചങ്ങല മരത്തിനുള്ളിലായി. ഇപ്പോൾ ബഗമോയോ സന്ദർശിക്കുന്നവരുടെ പ്രധാന കൗതുക കാഴ്ചകളിലൊന്നാണ് ഈ ചങ്ങല.

വീണ്ടും മഴ തുടങ്ങി. തീരപ്രദേശമായതുകൊണ്ട് കാറ്റ് ആഞ്ഞടിക്കുന്നുമുണ്ട്. പള്ളിയുടെ മുന്നിൽ കണ്ട ഹോട്ടലിൽ നിന്ന് ഒരു കോഫി കുടിക്കാമെന്നു കരുതി. 'കോഫിയില്ല' എന്ന് മറുപടി. തുടർന്ന് നാലു ഹോട്ടലുകളിൽ കൂടി കയറി. ഇല്ല. പകരം കൊക്കക്കോള മതിയോ എന്നതാണ് ചോദ്യം. ഇടയ്ക്കിടെ കോഫി കുടിക്കുന്ന പതിവൊന്നും ടാൻസാനിയക്കാർക്കില്ല. കപ്പൂച്ചിനോ, ലാത്തേ, അമേരിക്കാനോ എന്നിങ്ങനെ വിവിധ പേരുകളിൽ കിട്ടുന്ന കോഫികളും ടാൻസാനിയായിൽ വ്യാപകമല്ലെന്നു തോന്നുന്നു. എന്തായാലും, ലോകത്തിലെ ഏറ്റവും വലിയ കോഫി ഉല്പാദക രാജ്യങ്ങളിലെത്തിയിട്ടും ഒരുകോഫി കുടിക്കാൻ കിട്ടിയില്ലല്ലോ എന്ന വേദനയോടെ ആഫ്രിക്കക്കാരോട് മനസ്സിൽ  'ഷെയിം ഷെയിം പപ്പി  ഷെയിം' പറഞ്ഞുകൊണ്ട് ഞങ്ങൾ ബഗമോയോയുടെ ഹൃദയഭാഗത്തേക്ക് നീങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA