കാപ്പിയുടെ തലസ്ഥാനം

African-trip1
SHARE

മനുഷ്യന്റെ ജന്മനാട്ടിൽ അദ്ധ്യായം -20 

ജിമ്മിന്റെ ലാൻഡ് ക്രൂയ്സർ കിളിമഞ്ജാരോ മലയിറങ്ങി സമതലത്തിലെത്തി. ഇനി വലത്തേക്കു തിരിഞ്ഞാൽ കിളിമഞ്ജാരോ എയർപോർട്ടാണ്. തിരികെ ദാർ എസ് സലാമിലേക്കുള്ള വിമാനം പുറപ്പെടുന്നത് കിളിമഞ്ജാരോ എയർപോർട്ടിൽ നിന്നാണ്. അതിനായി 7 മണിക്ക് ചെക്ക് ഇൻ ചെയ്യണം.

African-trip2
മോഷിയിൽ സ്ഥാപിച്ചിരിക്കുന്ന,കിളിമഞ്ജാരോയെപ്പറ്റിയുള്ള ബോർഡ് 

ഇടത്തേക്ക് തിരിഞ്ഞാൽ മോഷി പട്ടണമാണ്. എസ്.കെ. പൊറ്റക്കാടും സക്കറിയയും തങ്ങളുടെ യാത്രാ വിവരണങ്ങളിൽ മോഷിയെക്കുറിച്ച് വർണ്ണിച്ചിട്ടുണ്ട്. 

African-trip3
മോഷിയിൽ വഴിയരികിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന ഡിസൈനർ മൺകുടങ്ങൾ 

സമയം അഞ്ചുമണി ആകുന്നതേയുള്ളു. 'നമുക്ക് മോഷിയിൽ ഒന്നു കറങ്ങിയിട്ട് എയർപോർട്ടിലേക്ക് പോകാം'- ഞാൻ ജിമ്മിനോടു പറഞ്ഞു. 'അവിടെ അങ്ങനെ പ്രത്യേകിച്ചൊന്നും കാണാനില്ല'- ജിമ്മിന്റെ മറുപടി. 'ഞങ്ങളുടെ നാട്ടിലെ സഞ്ചാരസാഹിത്യകാരന്മാർ മോഷിയെക്കുറിച്ച് എഴുതിയത് വായിച്ചിട്ടുണ്ട്. അതുകൊണ്ട് കാണണം എന്ന് ആഗ്രഹമുണ്ട്' -ഞാൻ പറഞ്ഞു.

ഇടത്തേക്ക് തിരിഞ്ഞ് മോഷിയിലേക്ക് പോകുംവഴി ആ 'ഞെട്ടിക്കുന്ന സത്യം' ഞാൻ ജിമ്മിനോട് വെളിപ്പെടുത്തി-പണ്ട് മോഷി പോലീസ് സ്റ്റേഷനിലെ സബ്ഇൻസ്‌പെക്ടർ ഒരു കോശിയായിരുന്നു- തനി മലയാളിയായ കോശി! പൊറ്റക്കാടിന്റെ ആഫ്രിക്കൻ യാത്രാ വിവരണത്തിലാണ് കോശിയെക്കുറിച്ച് പരാമർശമുള്ളത്. പലനാടുകൾ അലഞ്ഞ് മോഷിയിലെത്തിയ പൊറ്റക്കാടിനെ സ്വീകരിച്ചത് എസ്.ഐ. കോശിയായിരുന്നു. തന്റെ ഔദ്യോഗിക വസതിയിൽ താമസിച്ച പൊറ്റക്കാടിനെ നാടുചുറ്റിക്കാണിക്കാൻ കൊണ്ടുപോയതും കോശിയായിരുന്നു.

കിളിമഞ്ജാരോയുടെ മടിയിൽ മയങ്ങുന്ന സുന്ദരമായ ഒരു പട്ടണമാണ് മോഷി. മോഷിയുടെ ഏതു ഫ്രെയ്മിലും കാണാം, മഞ്ഞിന്റെ തൊപ്പിയണിഞ്ഞ കിളിമഞ്ജാരോയെ. എന്നാൽ, ഞാൻ പറഞ്ഞല്ലോ, ഞങ്ങൾക്ക് ആ ഭാഗ്യമുണ്ടായില്ല. വൈകീട്ട് 5 മണി കഴിഞ്ഞിട്ടും മഴമേഘങ്ങൾ മാറിയില്ല. തന്നെയുമല്ല, ആകാശം കൂടുതൽ ഇരുണ്ടുവരികയുമാണ്. ഇനി 7 മണിക്ക് എയർപോർട്ടിലെത്തുന്നതിനു മുമ്പ് കിളിമഞ്ജാരോ ദൃശ്യമാകില്ലെന്ന് നൂറുശതമാനം ഉറപ്പാണ്. എന്തുചെയ്യാം, പ്രകൃതിശക്തികളോട് യാചിക്കനല്ലേ പറ്റൂ!രണ്ടു ലക്ഷം പേർ അധിവസിക്കുന്ന നഗരമാണ് മോഷി. ടാൻസാനിയയിലെ ഏറ്റവും ചെറിയ മുനിസിപ്പാലിറ്റിയാണിത്. ആകെ 59 ചതുരശ്ര കിലോമീറ്റർ മാത്രമേയുള്ളൂ, മോഷി മുനിസിപ്പാലിറ്റിയുടെ വിസ്തീർണ്ണം.ടാൻസാനിയയിലെ ഏറ്റവും വൃത്തിയുള്ള നഗരമായാണ് മോഷി അറിയപ്പെടുന്നത്. കിളിമഞ്ജാരോ കാണാനായി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ എത്തിച്ചേരുന്നതു കൊണ്ട് മോഷി സ്വയം ആർജ്ജിച്ചതാവാം ഈ വൃത്തിയും വെടിപ്പും.

African-trip6
മോഷി-നഗര ദൃശ്യം 

ടാൻസാനിയൻ കാപ്പിയുടെ തലസ്ഥാനമെന്നും മോഷി അറിയപ്പെടുന്നുണ്ട്. എവിടെ നോക്കിയാലും കാപ്പിത്തോട്ടങ്ങൾ കാണാം. ലേലം വിളിച്ച് കാപ്പി വാങ്ങാനായി പലരാജ്യങ്ങളിൽ നിന്നും കാപ്പി കമ്പനികൾ ഇവിടെ എത്തുന്നുണ്ട്.മോഷിയിലൂടെ ജിമ്മിന്റെ വാഹനത്തിൽ ഒന്നു കറങ്ങി. ആഫ്രിക്കൻ പട്ടണങ്ങളുടെ തനിപ്പകർപ്പാണെങ്കിലും മോഷിക്ക് വൃത്തി കൂടുതലാണ് എന്നത് യഥാർത്ഥ്യമാണ്. ഒരു തെരുവിൽ ക്ഷേത്രവും ഇന്ത്യൻ വ്യാപാരികളുടെ കടകളും കണ്ടു.തുടർന്ന്, ഒരു കോഫി കുടിക്കാമെന്ന അഭ്യർത്ഥന പരിഗണിച്ച് ജിം ഞങ്ങളെ ഒരു ഓപ്പൺ എയർ കോഫിഷോപ്പിലേക്ക് കൊണ്ടുപോയി. 'ദ കിച്ചൺ' എന്ന സുന്ദരമായ കോഫി ഷോപ്പ്. ഫിൽറ്റർ കോഫി പോലെ പ്രത്യേക തരത്തിൽ നിർമ്മിക്കുന്ന കാപ്പി. ഒരു കപ്പ് കാപ്പി മൂന്നുപേർ കുടിച്ചാലും തീരില്ല . വില, ഏകദേശം 150 രൂപ.കുറേ നേരം 'ദ കിച്ചണി'ൽ ചെലവഴിച്ച ശേഷം മോഷിയോട് വിട പറഞ്ഞു. എയർപോർട്ടിലെത്തുംവരെ വലതുവശത്തേക്ക് കണ്ണുംനട്ടിരുന്നു. കിളിമഞ്ജാരോ ഒരു സെക്കന്റെങ്കിലും ദർശനം തന്നാലോ?

African-trip7
മോഷിയിലെ ഒരു ഹിന്ദു ക്ഷേത്രം 

ഒന്നും സംഭവിച്ചില്ല. ഹൃദയഭാരത്തോടെയാണ് എയർപോർട്ടിൽ ചെന്നിറങ്ങിയത്. പർവതരാജനെ കാണാതെ  സഞ്ചാരികൾ മടങ്ങുന്നത് ജിമ്മിനും വിഷമമായി. 'അടുത്ത തവണ വരുമ്പോൾ തീർച്ചയായും കിളിമഞ്ജാരോ കാണാൻ സാധിക്കും''- ജിം ആശ്വസിപ്പിച്ചു.കിളിമഞ്ജാരോ കാണാൻ വേണ്ടി മാത്രം ഞാൻ ഇനിയും ടാൻസാനിയയിൽ വരുമോ?  സാദ്ധ്യത കുറവാണ്- എങ്കിലും, ജീവിതത്തിലെ യാത്രകളുടെ അദ്ധ്യായത്തിലെ ഒരു വലിയ 'ബ്ലാങ്ക് പേജാ'യി കിളിമഞ്ജാരോ ശൃംഗം എന്നുമുണ്ടാകും.ജിമ്മിനോട് വിടപറയാൻ നേരമായി. നല്ലൊരു ഹൃദയാലുവായ മനുഷ്യനാണ് ജിം. സ്‌നേഹം തോന്നിപ്പോകുന്ന പെരുമാറ്റം. വിവിധ രാജ്യക്കാരുമായി എപ്പോഴും ഇടപഴകുന്നതുകൊണ്ട് മൃദുവായും മാന്യമായും സംസാരിച്ചേ ജിമ്മിന് ശീലമുള്ളൂ. ഒപ്പം നിന്ന് സെൽഫിയെടുത്ത്, പരസ്പരം ആലിംഗനം ചെയ്ത്, ഞങ്ങൾ ജിമ്മിനോട് വിട പറഞ്ഞു. ഇപ്പോഴും ഇടയ്ക്കിടെ ജിമ്മിന്റെ വാട്‌സപ്പ് സന്ദേശങ്ങൾ വരാറുണ്ട്. 'ഇന്ന് കിളിമഞ്ജാരോ ഒരു മേഘം പോലുമില്ലാതെ തെളിഞ്ഞു നിൽക്കുകയാണ്. കാണാൻ വരുന്നോ?' എന്നൊക്കെയാണ് സന്ദേശത്തിലെ ചോദ്യങ്ങൾ!

African-trip8
മോഷി-നഗര ദൃശ്യം 

ദാർ എസ് സലാമിൽ വിമാനം ലാൻഡ് ചെയ്യുമ്പോൾ പതിവുപോലെ കനത്ത മഴയായിരുന്നു. സുഹൃത്ത് സുരേഷ് കാറുമായി പുറത്തു നിൽപുണ്ടായിരുന്നു. അന്നു രാത്രി കേരളീയ ഭക്ഷണം, ഉറക്കം. പിറ്റേന്ന് ബഗമോയോ എന്ന സ്ഥലത്തേക്ക് യാത്ര. അവിടേക്ക് പോകാൻ എന്റെ പഴയ ഫേസ്ബുക്ക് സുഹൃത്തായ മനോജും കുടുംബവും വരുന്നുണ്ട്.

African-trip9
ദ കിച്ചൺ -കോഫീ ഷോപ്പ് 

18 വർഷമായി ദാർ എസ് സലാമിൽ ഒരു ഫർണീച്ചർ കമ്പനിയുടെ മാർക്കറ്റിങ് ഹെഡായി കഴിയുന്ന മനോജ് ജോലിയുടെ ആവശ്യങ്ങൾക്കായി ആഫ്രിക്കൻ രാജ്യങ്ങളിൽ എല്ലായിടത്തും യാത്ര ചെയ്തിട്ടുണ്ട്. വാഹനങ്ങളുടെ എൻസൈക്ലോപീഡിയ കൂടിയാണ് ഈ തിരുവില്വാമലക്കാരൻ. (ഈ കുറിപ്പ് എഴുതുമ്പോൾ മനോജ് ടാൻസാനിയൻ ജീവിതം മതിയാക്കി നാട്ടിലെത്തിയിട്ടുണ്ട്. ഇനി നാട്ടിൽ എന്തെങ്കിലും ബിസിനസ് ചെയ്ത് ഇവിടെത്തന്നെ കൂടാനാണ് പരിപാടി)

African-trip10
ദാർ എസ് സലാം -നഗരക്കാഴ്ച്ചകൾ 

ബഗമോയോയിലേക്ക് പോകാനായി ഒരു മിനി വാൻ ഏർപ്പാടു ചെയ്തു, മനോജ്, രാവിലെ ഏഴുമണിക്ക് പുറപ്പെടാൻ തീരുമാനമായി. എട്ടുമണിയോടെ ദാർ എസ് സലാമിൽ ട്രാഫിക് ബ്ലോക്ക് ആരംഭിക്കും. അതിൽപെട്ടാൽപിന്നെ ബഗമോയോയിൽ എത്തുമ്പോൾ ഉച്ചയാകും.

ഇന്നും മഴ തന്നെ. റോഡിൽ പലയിടത്തും പെയ്ത്തു വെള്ളം  കെട്ടിക്കിടക്കുന്നു. നേരം പുലരുന്നതേയുള്ളുവെങ്കിലും റോഡിൽ തിരക്ക് ആരംഭിച്ചു കഴിഞ്ഞു.

African-trip12
ദാർ എസ് സലാം -നഗരക്കാഴ്ച്ചകൾ 

ദാർ എസ് സലാമിലെ ഇതുവരെ പോകാത്ത സ്ഥലങ്ങളിലൂടെയാണ് ഇപ്പോൾ ഞങ്ങളുടെ യാത്ര. വീതി കൂടിയ റോഡുകളും ബഹുനില മന്ദിരങ്ങളുമൊക്കെയുള്ള, ടാൻസാനിയക്കാർക്ക് അഭിമാനിക്കാവുന്ന നഗരമാണ് ദാർ എസ് സലാമെന്ന് ഈ ഭാഗങ്ങൾ കാണുമ്പോൾ തോന്നും. യാത്രയ്ക്കിടയിൽ ഒരു വലിയ കെട്ടിടം കണ്ടു. അത് ഇന്ത്യൻ കമ്പനിയായ എയർടെലിന്റെ ടാൻസാനിയയിലെ ഹെഡ്ഓഫീസാണ്. ആഫ്രിക്കയിൽ എയർടെലിന് ശക്തമായ സാന്നിദ്ധ്യമുണ്ട്.

African-trip13
ദാർ എസ് സലാം -നഗരക്കാഴ്ച്ചകൾ 

60 കി.മീ. ആണ് ദാർ എസ് സലാമിൽ നിന്ന് ബഗമോയോയിലേക്കുള്ള ദൂരം. തിരക്കില്ലെങ്കിൽ ഒന്നര മണിക്കൂർ കൊണ്ട് എത്താൻ സാധിക്കും. എന്നാൽ തിരക്ക് തുടങ്ങിക്കഴിഞ്ഞിരുന്നതുകൊണ്ടും മഴ ഉള്ളതുകൊണ്ടും പലയിടത്തും ഗതാഗതക്കുരുക്ക് രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ബഗമോയോ-ആഫ്രിക്കയുടെ അടിമവ്യാപാരത്തിന്റെ ശേഷിപ്പുകളിലൊന്നാണ് ഈ നഗരം. ഞങ്ങൾ നേരത്തെ സന്ദർശിച്ച സൻസിബാർ ദ്വീപ് പോലെ തന്നെ, ക്രൂരതകളുടെയും യാതനകളുടെയും നൂറായിരം കഥകൾ പറയാനുണ്ട് ബഗമോയോയ്ക്ക്.18-ാം നൂറ്റാണ്ടിന്റെ ഒടുവിലാണ് തുറമുഖനഗരമായ ബഗമോയോ സ്ഥാപിക്കപ്പെട്ടത് എന്നാൽ എട്ടാം നൂറ്റാണ്ടു മുതലേ സമുദ്രപാതയിലെ പ്രധാന തുറമുഖങ്ങളിലൊന്നായിരുന്നു ബാഗമോയാ. ജർമ്മൻ ഈ സ്റ്റ് ആഫ്രിക്കൻ കമ്പനിയുടെ തലസ്ഥാനമായിരുന്ന ഇവിടം, ജർമ്മൻകാരുടെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമായിരുന്നു.18-ാംനൂറ്റാണ്ടിൽ ഒമാനിലെ സുൽത്താന്റെ ഭരണത്തിൽ സൻസിബാർ കഴിഞ്ഞിരുന്ന കാലത്ത് നിരവധി ഒമാനി കുടുംബങ്ങൾ ബഗമോയോയിൽ താമസം തുടങ്ങി. അവർ വ്യാപാര പ്രമുഖരുമായിരുന്നു. ഉപ്പ് ആയിരുന്നു പ്രധാനമായും ഒമാനികൾ വ്യാപാരം ചെയ്തിരുന്നത്. തുടർന്ന് കാലം കഴിയവേ ആനക്കൊമ്പും കയറ്റി അയക്കാൻ തുടങ്ങി.

African-trip14
ദാർ എസ് സലാമിലെ ഒരു ഇന്ത്യൻ ഹോട്ടൽ  

ഏതാണ്ട് ഇക്കാലത്തു തന്നെയാണ് ബാഗമോയോയിൽ അടിമവ്യാപാരവും തുടങ്ങിയത്. അടിമകളെ വാങ്ങാൻ പല രാജ്യങ്ങളിൽ നിന്നും സൻസിബാറിലെത്തുന്ന ധനികർ ബഗമോയോയും സന്ദർശിക്കാൻ തുടങ്ങി. ''എല്ലാ പ്രതീക്ഷകളും ഉപേക്ഷിക്കുക'' എന്നാണ് ബഗമോയോ എന്ന വാക്കിന്റെ സ്വാഹിലി ഭാഷയിലെ അർത്ഥം. ഇത് ബഗമോയോയിൽ നിന്ന് കയറ്റി അയയ്ക്കപ്പെടുന്ന അടിമകളെക്കുറിച്ച് അക്ഷരംപ്രതി ശരിയുമായിരുന്നു.

സൻസിബാറിനൊപ്പം ബഗമോയോയും അടിമവ്യാപാരത്തിന്റെ കാര്യത്തിൽ മുന്നേറി.

 ഇവിടെ അടിമകളെ താമസിപ്പിക്കാൻ ഗസ്റ്റ്ഹൗസുകൾ, വ്യാപാരശാലകൾ, കോട്ടകൊത്തളങ്ങൾ എന്നിവ പണിതു. അങ്ങനെ ഒരു വലിയ നഗരമായി ബഗമോയോ മാറി. അടിമ വ്യാപാരത്തിന്റെ പുഷ്‌ക്കല കാലത്ത് 50,000 ലേറെ ആഫ്രിക്കക്കാരെ അടിമകളാക്കി ബഗമോയോയിൽ വില്പനക്ക് എത്തിച്ചിരുന്നത്രേ. അവരെ ഇവിടെത്തന്നെ ലേലം ചെയ്തു വിൽക്കുകയോ, കപ്പലുകളിൽ സൻസിബാറിലെത്തിച്ച് അവിടത്തെ വ്യാപാര കേന്ദ്രങ്ങളിൽ വിൽക്കുകയോ ആയിരുന്നു പതിവ്.1873ൽ ഔദ്യോഗികമായി അടിമ വ്യാപാരം നിർത്തലാക്കപ്പെട്ടു. ഏതാനും വർഷം കൂടി രഹസ്യമായി അടിമക്കച്ചവടം നടന്നെങ്കിലും പിന്നീട് അത് ചരിത്രമായി മാറി.

African-trip15
ദാർ എസ് സലാം -നഗരക്കാഴ്ച്ചകൾ 

ഇപ്പോൾ ബഗമോയോയിൽ അറബികളും ജർമ്മൻകാരും, ബ്രിട്ടീഷുകാരും അവശേഷിപ്പിച്ചുപോയ നിരവധി സ്മാരകങ്ങളുണ്ട്. മോസ്‌ക്കുകൾ, പള്ളികൾ, അടിമവ്യാപാര മാർക്കറ്റുകൾ- അങ്ങനെ, കാലത്തെ അതിജീവിച്ച നിരവധി ഓർമ്മക്കെട്ടിടങ്ങൾ. അവയിൽ പലതും യുനെസ്‌കോയുടെ പൈതൃക പട്ടികയിലുമുണ്ട്.

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA