എനിക്ക് ലോകം മുഴുവനും ചുറ്റണം ;നടി കൃഷ്ണപ്രഭ

Celebrity
SHARE

നടിയും നർത്തകിയുമായി തിളങ്ങുന്ന കൃഷ്ണപ്രഭ മലയാളികളുടെ പ്രിയങ്കരിയാണ്. നൃത്തത്തെയും അഭിനയത്തെയും ജീവനുതുല്യം സ്നേഹിക്കുന്ന താരം യാത്രാപ്രേമികൂടിയാണ്. പ്രകൃ‍തിയോട് ഇണങ്ങിച്ചേർന്ന യാത്രകളാണ് ഏറെ ഇഷ്ടം. യാത്രകളെയും ആസ്വദിച്ച കാഴ്ചകളെപ്പറ്റിയും പറയുമ്പോൾ വാചാലയാകും ഇൗ അഭിനേത്രി. താൻ നടത്തിയ പ്രിയപ്പെട്ട യാത്രകളെപ്പറ്റി കൃഷ്ണപ്രഭ മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.

krishnaprabha-trip2

കുട്ടിക്കാലം മുതൽ യാത്രകളെ അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു.  ഒർമവെച്ച നാൾമുതൽ വീട്ടുകാരുമൊത്ത് ചെറുയാത്രകൾ പതിവാണ്. യാത്രകളോടും കാഴ്ചകളോടുമുള്ള ലഹരികൊണ്ടാകാം ഇതുവരെ ഒരുപാട് ഇടങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഷൂട്ടിങ്ങും പ്രോഗ്രാമുമൊക്കെയായി പലസ്ഥലങ്ങളിലേക്കും യാത്രപോകുമ്പോഴും അവിടുത്തെ പ്രധാന കാഴ്ചകള്‍ ആസ്വദിക്കുവാനും സാധിച്ചിട്ടുണ്ട്.

എനിക്ക് ലോകം മുഴുവനും ചുറ്റണം

 സ്വപ്നതുല്യമായ കാഴ്ചകളൊരുക്കിയ എത്രയെത്ര സ്ഥലങ്ങൾ ലോകത്തിലുണ്ട്. യാത്ര നൽകുന്ന ഉൗർജ്ജവും ഉന്മേഷവുമൊന്നും മറ്റെവിടെയും കിട്ടില്ല. തുറന്ന പാഠപുസ്തകം പോലെയാണീ ഭൂമി. നമുക്ക് അറിയാനും പഠിക്കാനും ഒരുപാടുണ്ട്. യാത്ര പലർക്കും പല രീതിയിലാണ്. ചിലർക്ക് യാത്രയെന്നത് അവരറിയാത്തതും ഇഷ്ടപ്പെടുന്നതുമായ ഇടങ്ങൾ കാണാനും അനുഭവിക്കാനുമുള്ള അവസരമാണ്. ഒാരോ സ്ഥലത്തിന്റെയും പ്രത്യേകതയറിഞ്ഞ് യാത്ര ചെയ്യാനാണ് എനിക്കിഷ്ടം. ഒരു ദേശത്തിന്റെ ചരിത്രവും സംസ്കാരവും അറിഞ്ഞുള്ള യാത്രയാണ് ഏറെ ഇഷ്ടം. മുമ്പ് കണ്ട സ്ഥലങ്ങളിലെ സംസ്കാരങ്ങളുമായി താരതമ്യം ചെയ്യുവാനും ഇഷ്ടമാണ്.

krishnaprabha-trip

 നൃത്തം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. നൃത്തത്തിലൂടെ ഒരുപാട് നേട്ടങ്ങളും എനിക്കും കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. അതിൽ എടുത്തുപറയാനുള്ളതാണ് യാത്രകൾ. പ്രോഗ്രാമിന്റെ ഭാഗമായി ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്. പുതിയ സ്ഥലങ്ങള്‍ കാണാനും കാഴ്ചകൾ ആസ്വദിക്കുവാനുമുള്ള അവസരവും ലഭിച്ചിട്ടുണ്ട്. ലണ്ടൻ, അമേരിക്ക,ഒാസ്ട്രേലിയ,യുകെ അങ്ങനെ ഒരുപാട് ഇടങ്ങൾ. ഒാസ്ട്രേലിയൻ യാത്രയിൽ എന്നെ ഏറെ ആകർഷിച്ചത് കംഗാരു ദ്വീപായിരുന്നു. ഓസ്ട്രേലിയയിലെ അഡലെയ്ഡില്‍ നിന്നു 112 കിലോമീറ്റർ മാറി ടാസ്മാനിയൻ കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപമാണിത്. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഓസ്ട്രേലിയയിൽ ഏറ്റവുമധികം കംഗാരുക്കളെ കാണുവാൻ കഴിയുന്ന സ്ഥലമാണിത്. വേനൽക്കാലത്ത് അത്യുഷ്ണവും മഞ്ഞുകാലത്ത് അതിശൈത്യവും കംഗാരു ദ്വീപിന്റെ പ്രത്യേകതയാണ്. കംഗാരുക്കൾ കൂട്ടമായാണ് നടത്തം. ആളുകളെ കാണുമ്പോൾ നിമിഷനേരം കൊണ്ട് ഒാടിക്കളയും. നല്ലൊരു അനുഭവമായിരുന്നു ഒാസ്ട്രേലിയൻ യാത്ര സമ്മാനിച്ചത്.

krishnaprabha-trip4

വിസ്മയമായി ലണ്ടൻ

ലണ്ടന്‍ യാത്രയും രസകരമായിരുന്നു. കണ്ണഞ്ചിപ്പിക്കും കാഴ്ചകളാണ് ലണ്ടൻ എന്ന മഹാനഗരത്തിന്റെ പ്രത്യേകത. ലണ്ടനിലെ കാഴ്ചകളും ടവർ ബ്രിഡ്ജ് പാർക്കിലെ കാഴ്ചകളുമൊക്കെ ശരിക്കും അതിശയിപ്പിച്ചു. വൃത്തിയുള്ള തെരുവോരങ്ങൾ, ഭംഗിയാർന്ന പുൽത്തകിടികൾ, തണുപ്പുള്ള കാലാവസ്ഥ, ഒരേ നിറത്തിൽ തിളങ്ങി നിൽക്കുന്ന കെട്ടിടങ്ങൾ,വിംബിൾഡൺ ടെന്നീസ് മ്യൂസിയം, ടവർ ബ്രിഡ്ജ്, ലണ്ടൻ ഐ, ബിഗ് ബെൻ, ടവർ ഓഫ് ലണ്ടൻ, ബക്കിങ്ഹാം പാലസ്,അങ്ങനെ കാഴ്ചകളുടെ നിധികുംഭമാണ് ലണ്ടൻ.

krishnaprabha-trip5

കാസിലുകളുടെയും ഗോത്തിക്, വിക്ടോറിയൻ  കൊട്ടാരങ്ങളുടെയും നാടായ ലണ്ടൻ മിക്ക സഞ്ചാരികളുടെയും സ്വപ്നഭൂമിയാണ്. അവിടെ എനിക്ക് പ്രോഗ്രാം അവതരിപ്പിക്കാൻ അവസരം കിട്ടിയതും എന്റെ ഭാഗ്യമായാണ് കരുതുന്നത്. ലണ്ടൻ നഗരത്തിലെ പ്രധാന ആകർഷണം തേംസ് നദിയും തീരത്തെ വലിയ കാർണിവൽ ചക്രവും ലണ്ടൻ ടവറുമൊക്കെയാണ്. നദിക്ക് കുറുകെ തലയെടുത്ത് നില്‍ക്കുന്ന ലണ്ടന്‍ ടവര്‍ ബ്രിഡ്ജും നഗരത്തിനു മുകളിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നു ലണ്ടൻ ഐയുമൊക്കെ ആരെയും അതിശയിപ്പിക്കും. ലണ്ടനോട് വല്ലാത്തൊരു അടുപ്പവും പ്രണയവും തോന്നി.

അയർലൻഡ് മൂന്നാറാണ്

ഇയടുത്തിടെയാണ് ഒരു പരിപാടിയുടെ ഭാഗമായി അയർലൻഡിലേക്കുള്ള യാത്രയ്ക്ക് അവസരം കിട്ടിയത്. ഞാന്‍ കണ്ട മറ്റു രാജ്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ മുഖമായിരുന്നു അയർലൻഡിന്.

കേരളത്തിലെ മൂന്നാറിനോട് സാമ്യമുള്ള ഇടമായാണ് എനിക്ക് തോന്നിയത്. പച്ചപ്പു തുടിക്കുന്ന ഹൈറേഞ്ച് പോലെയുള്ളയിടം. കൃഷിയാണ് അവിടെ പ്രധാനം. പല ഫാമുകളുമുണ്ട്. ഫാമുകളിലും സന്ദർശനം നടത്തി. സ്ട്രോബറി ഫാം കൗതുകമായി തോന്നി. നമുക്ക് സ്ട്രോബറി പഴം ഫ്രഷായി പറിച്ചെടുക്കുകയും ചെയ്യാം.

കാടിനോടാണ് പ്രണയം

പ്രകൃതിഭംഗി ആസ്വദിച്ച് കാടിന്റെ മനോഹാരിതയിൽ യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്. യാത്രകൾ മുർകൂട്ടി പ്ലാൻ ചെയ്യുന്ന ശീലം എനിക്കില്ല. വീണുകിട്ടുന്ന അവസരം മാക്സിമം യാത്രകള്‍ക്കായി തെരഞ്ഞെടുക്കും. ട്രെക്കിങ് എനിക്ക് ഒരുപാട് ഇഷ്ടമാണ്. കാട്ടിലൂടെയുള്ളതെങ്കിൽ പറയുകയും വേണ്ട.

krishnaprabha-trip1

എന്നെ വല്ലാതെ മോഹിപ്പിച്ച യാത്രയായിരുന്നു സർവ സ്വതന്ത്രരായി വളരുന്ന വന്യമൃഗങ്ങളെ കണ്ടും അറിഞ്ഞുമുള്ള ബന്ദിപ്പൂർ യാത്ര. വന്യമൃഗങ്ങളെ നേരിട്ട് കാണാം എന്ന ആവേശത്തിൽ ഇറങ്ങി പുറപ്പെട്ടതാണെങ്കിലും കാര്യത്തോട് അടുത്തപ്പോൾ ഭയം തോന്നാതിരുന്നില്ല. ആനയെയും കടുവയെയും കാട്ടുപോത്തിനെയുമൊക്കെ ഏറ്റവും അടുത്തു തന്നെ കാണാൻ സാധിച്ചു. പോകുന്ന വഴിയിൽ ഒാരോ വന്യമൃഗങ്ങളും ദർശനം നൽകി. യാത്ര പോയതിൽ വ്യത്യസ്തമായ അനുഭവമായിരുന്നു കാട് നൽകിയത്.

പാരമ്പര്യ തനിമ നിറഞ്ഞയിടം

ക്ഷേത്രങ്ങളിലേക്കുള്ള യാത്രകളും എനിക്കും പ്രിയമാണ്. തിരക്കുകളിൽ നിന്നും മാറി ക്ഷേത്രദർശനത്തിനായി സമയം കണ്ടെത്താറുണ്ട്. തിരുപ്പതി,മൂകാംബിക, തഞ്ചാവൂർ എന്നിവിടങ്ങളിലേക്കെല്ലാം പോകാറുണ്ട്. താളലയങ്ങളുടെ വിസ്മയഭൂമി, കലയുടെയും ചരിത്രത്തിന്റെയും പെരിയ കാഴ്ചകളും കഥകളും പറയുന്ന തഞ്ചാവൂർ  ഒരുപാട് ഇഷ്ടമാണ്. മധുര സംഗീതത്തിൽ തുടങ്ങി നാവിൽ മധുരം നിറയ്ക്കുന്ന പലഹാരങ്ങളോളം ആ നാടിന്റെ  കൈപ്പുണ്യം നിറഞ്ഞു നിൽക്കുന്നുണ്ട്.

ഇനിയും ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യണം. സാധിക്കുമെങ്കിൽ ലോകം മുഴുവനും ചുറ്റികാണണം എന്നതാണ് എന്റെ സ്വപ്നം. യാത്രയോടുള്ള അതിയായ പ്രണയത്തിൽ കൃഷ്ണപ്രഭ പറഞ്ഞു നിർത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA