ക്രിസ്മസ് നാടുകളിലൂടെയൊരു യാത്ര; നസറേത്ത്

SHARE

ലോകമാകെ ക്രിസ്മസിന്റെ ആഘോഷത്തിമിർപ്പിലാണ്. ബൈബിൾ നാടുകളിലും ക്രിസ്മസ് ആവേശപൂര്‍വം കൊണ്ടാടപ്പെടുന്നുണ്ട്. രണ്ടായിരം സംവത്സരങ്ങൾക്കപ്പുറം സംഭവിച്ച യേശുവിന്റെ തിരുപ്പിറവിയാണ് ക്രിസ്മസ് ആഘോഷങ്ങളുടെ പശ്ചാത്തലം. ജനനം നടന്നത് ജറുസലമിൽനിന്നു 10 കി.മീ മാത്രം ദൂരെയുള്ള ബേത്‍ലഹേമിലാണെങ്കിലും ദൈവപുത്രന്റെ അവതാരകഥ തുടങ്ങുന്നത് ഏകദേശം 150 കി.മീ ദൂരെയുള്ള നസറേത്തിലാണ്. ഗലീല കടലിനു സമീപമാണ് ഈ ഗ്രാമം. യേശുവിന്റെ കാലത്ത് 200 ൽ താഴെ മാത്രം ആളുകൾ പാർത്തിരുന്ന ഒരു ഗ്രാമം. 

nazreth
നസറേത്തിലെ ക്രിസ്മസ് ആഘോഷം

ബൈബിളിലെ പഴയ നിയമത്തിൽ ഒരിക്കലും പരാമർശിച്ചിട്ടില്ലെങ്കിലും പുതിയ നിയമത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട് ഈ സ്ഥലം. ശാഖ, മുള എന്നൊക്കെ അർഥം വരുന്ന നത്‍‍സർ എന്ന എബ്രായ പദത്തിൽനിന്നാണ് നസറേത്ത് എന്ന ഗ്രാമപ്പേരിന്റെ ഉൽപത്തി. ക്രൈസ്തവരെ നസ്രാണികൾ എന്നു വിളിക്കുന്നതും നസറായനായ യേശുവിന്റെ അനുഗാമികള്‍ എന്ന നിലയിലാണ്. 

ഗലീല പ്രവിശ്യയുടെ അന്നത്തെ തലസ്ഥാനമായിരുന്ന സിപ്പോറിയില്‍ ഒട്ടേറെ നിർമാണ പ്രവർത്തനങ്ങൾ അക്കാലത്ത് നടക്കുന്നുണ്ടായിരുന്നു. അങ്ങനെ ധാരാളം തൊഴിൽ സാധ്യതകൾ ഉണ്ടായിരുന്നതുകൊണ്ടാവാം തച്ചനായ യോസഫിന്റെ കുടുംബം സിപ്പോറിയയുടെ സമീപഗ്രാമമായ നസറേത്തിൽ വന്നു പാർത്തത്. 

കൗമാരക്കാരിയായിരുന്ന മറിയ എന്ന കന്യകയ്ക്ക് ഒരിക്കൽ ഗബ്രിയേൽ ദൂതൻ പ്രത്യക്ഷപ്പെട്ട്, ദൈവപുത്രനായ യേശു അവളുടെ ഉദരത്തിൽ ഉരുവാകും എന്ന് അറിയിപ്പു കൊടുത്തു. മറിയയെ ഗബ്രിയേൽ സന്ദർശിച്ചതായി കരുതുപ്പെടുന്ന സ്ഥലത്ത് ഇപ്പോഴുള്ളത് ബസിലിക്ക ഓഫ് അനൺസിയേഷൻ എന്ന ദേവാലയമാണ്. മധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ ഏറ്റവും വലിയ ഈ ക്രിസ്തീയ ദേവാലയത്തിന്റെ ശിൽപി ഇറ്റലിക്കാരനായ ജിയോവനി മുസിയോ ആണ്. 

ഏറെ ദൂരെയല്ലാതെ സെന്റ് ജോസഫ് ദേവാലയവും നിലകൊള്ളുന്നു. മറിയയുടെ ഭർത്താവ് യോസഫിന്റെ പണിശാലയും വീടും നിന്ന സ്ഥലത്താണ് ഈ ദേവാലയമെന്നാണ് കരുതപ്പെടുന്നത്

കഷ്ടിച്ച് 100 മീറ്റർ അകലെയാണ് യേശുവിന്റെ കാലത്തെ ജൂത സിനഗോഗ് ഉണ്ടായിരുന്നത്. യേശു ഇവിടം പതിവായി സന്ദർശിക്കുകയും ചുരുൾ വായിക്കുകയും പ്രാർഥിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇപ്പോൾ അവിടെ ഒരു ഗ്രീക്ക് കത്തോലിക്കാ ദേവാലയമാണുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA