sections
MORE

മ​ഞ്ഞുപൊഴിയുന്ന ബദ്‍‍ലഹേം

SHARE

ബദ്‍‍ലഹേമിൽ നിന്നും 4 കി.മീ തെക്കു കിഴക്ക് മാറിയുള്ള ഒരു ഗ്രാമമാണ് ബേത്‍‍സഹൂർ. ഇവിടെ ഒരു സുപ്രസിദ്ധ വയൽ ഉണ്ട്. യേശുവിന്റെ മുതുമുത്തച്ഛനായ ബോവാസിന്റെയും രൂത്തിന്റെയും വയലാണിത്. ആദ്യ ക്രിസ്മസ് നാളിൽ ഇൗ വയലിൽ ആടുകൾക്ക് കാവലിരുന്ന ഇടയന്മാരാണ് ദൂതസംഘത്തിന്റെ കരോൾ സംഗീതം ആദ്യമായി കേട്ടത്. ഒാരോ സ്ഥലങ്ങളിലേക്ക് മാറി മാറി ആട്ടിൻപറ്റവുമായി പോകുന്ന ഇടയന്മാരായിരുന്നു അന്നത്തെ മാധ്യമ പ്രവർത്തകർ. നല്ല ഇടയൻ എന്ന് പിന്നീടറിയപ്പെട്ട യേശുവിന്റെ ജനനവാർത്ത അവരിലൂടെ നാടെങ്ങും അറിഞ്ഞു.

അധികം ദൂരെയല്ലാത്ത ജറുസലേം ദേവാലയത്തിലെ യാഗാപ്പർണത്തിനുവേണ്ടി, ഉൗനമില്ലാത്ത കുഞ്ഞാടുകളെ പരിരക്ഷിച്ചുവന്ന ഇടയന്മാരായിരുന്നു ഇവിടെയുണ്ടായിരുന്നതെന്നും പറയപ്പെടുന്നു. ലോക പാപപരിഹാരമായി യാഗമാകാൻ വന്ന യേശു എന്ന കുഞ്ഞാടിനെപ്പറ്റി ആദ്യം അറിഞ്ഞത് അവരാണെങ്കില്‍ അതിൽ ഒരു കാവ്യനീതി ഉണ്ട്.

grotto-of-jerome1
grotto of jerome

അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി (Gloria in Excelsis Deo) എന്ന് എഴുതിയ ഒരു വലിയ കമാനത്തിനടിയിലൂടെയാണ് ആ കോംപൗണ്ടിലേക്ക് പ്രവേശിക്കുന്നത്.

ആദ്യം കാണുന്നത് കൂടാരത്തിന്റെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന ചാപ്പലാണ്. അതിന്റെ മേൽചുവരിൽ പല ക്രിസ്മസ് സംഭവങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ദൂതന്മാരുടെ വിജ്ഞാപനം, ഇടയന്മാർ യേശുവിനെ വന്ദിക്കുന്നത്, അവരുടെ ആഘോഷം എന്നിങ്ങനെ വിവിധ പെയിന്റിങ്ങുകൾ. ആ പള്ളിയിൽ ദീപങ്ങൾ ഇല്ല. മച്ചിലെ കണ്ണാടിവൃത്തങ്ങളിലൂടെ ആകാശത്തുനിന്നും പ്രകാശം ധാരാളമായി മുറിയ്ക്കുള്ളിൽ കിട്ടും. ദൂതന്മാർ ഇടയന്മാരെ കണ്ടപ്പോൾ ആകാശത്തു നിന്നും മിന്നിയ പ്രകാശധാരയുടെ സ്മരണക്കാണിത്.

jingle-bells4
st. catherine church

പള്ളിയുടെ പിന്നാമ്പുറത്ത് ഒരു ഗുഹയുണ്ട്. ആട്ടിൻപറ്റത്തിന് കാവൽ നിന്നിരുന്ന ഇടയന്മാർ തണുപ്പിൽ നിന്നും രക്ഷനേടാൻ കയറി ഇരുന്ന ഗുഹയാണിതെന്ന് കരുതപ്പെടുന്നു. ഗുഹയുടെ മേൽച്ചുവരിലും പ്രകാശം അകത്തേക്ക് കയറുവാൻ ഒരു കണ്ണാടി പതിപ്പിച്ചിട്ടുണ്ട്. ഒരു നക്ഷത്രത്തിന്റ ആകൃതിയാണിതിനുള്ളത്. കത്തിനിൽക്കുന്ന ഒരു ക്രിസ്മസ് താരം പോലെയാണിത്. ബോവസിന്റെ വയലിൽ ഇപ്പോഴും ആട്ടിൻ പറ്റത്തെ കാണാം. ഇസ്രായേലിന്റെ രാജാവായിരുന്ന ദാവീദ് ആടുകളെ തീറ്റിനടന്നതും ഇവിടെയൊക്കെ തന്നെയായിരുന്നിരിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA