കീവ് നഗരത്തിലൂടെ

SHARE

ഉക്രെയ്ൻ ഡയറി - അദ്ധ്യായം:3

കീവ് നഗരത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണത്തിനായി ഹോപ്പ് ഓൺ ഹോപ്പ് ഓഫ് ബസിന്റെ ടിക്കറ്റെടുത്തു. ബസ് ഈ സ്റ്റോപ്പിലെത്താൻ അരമണിക്കൂറുണ്ട്. പ്രഭാതഭക്ഷണം കഴിച്ചിട്ടില്ല. തൊട്ടടുത്തു കണ്ട ഗ്രോസറി സ്റ്റോറിൽ നിന്ന് സ്വീറ്റ് ബണ്ണും  ജ്യൂസും വാങ്ങി ബസ്സിനു വേണ്ടി കാത്തിരിപ്പു തുടർന്നു.

ഉക്രെയിനിലേക്ക് പുറപ്പെടും മുമ്പ് രണ്ട് സ്ഥലങ്ങളാണ് എന്നെ ആകർഷിച്ചത്. ഒന്ന് ലോകത്തിലെ ഏറ്റവും വലിയ ആണവസ്‌ഫോടനം നടന്ന ചെർണോബിൽ.മറ്റൊന്ന്, മലേഷ്യൻ എയർലൈൻസ് വിമാനം തകർന്നു വീണ,അഥവാ വീഴ്ത്തപ്പെട്ട,ഹ്‌റാബോവ് ഗ്രാമം.എങ്ങനെയും ഈ രണ്ട് സ്ഥലങ്ങളും കാണുക എന്നതായിരുന്നു എന്റെ ഉക്രൈൻ യാത്രയുടെ പ്രധാനലക്ഷ്യങ്ങൾ.

ബസ് കാത്തു നിൽക്കുമ്പോൾ ഒരു ടൂറിസം ഇൻഫർമേഷൻ സെന്റർ കണ്ടു. മേൽ പറഞ്ഞ രണ്ടു സ്ഥലത്തേയ്ക്കുമുള്ള യാത്രാ സാധ്യതകളെപ്പറ്റി അവിടെ ഒന്നന്വേഷിക്കാമെന്നു കരുതി.അവിടേക്ക് ചെന്നപ്പോൾ വാതിൽ അടഞ്ഞു കിടക്കുന്നു. . തൊട്ടുമുന്നിൽ കണ്ട ബഞ്ചിൽ ഇരുന്നു. അപ്പോൾ ഒരു യുവതി അടുത്തു വന്നു. 'ഇന്ത്യ?'- അവർ ചോദിച്ചു അതേന്ന് പറഞ്ഞപ്പോൾ ശുദ്ധമായ ഇംഗ്ലീഷിൽ അവർ സംസാരം തുടങ്ങി. അനസ്‌തേസ്യ എന്നാണ് പേര്. ഇംഗ്ലീഷ് അദ്ധ്യാപികയാണ്. ഒഴിവു സമയങ്ങളിൽ ഗൈഡിന്റെ ജോലി ചെയ്യുന്നു. കീവ് നഗരവും അനുബന്ധപ്രദേശങ്ങളും കാണാപാഠമാണ്. ഇനിയുള്ള ദിവസങ്ങളിൽ ഞങ്ങളുടെ ഗൈഡായി കൂടെ വരാൻ താൽപര്യമുണ്ട്.

ഉക്രൈയ്ൻ ഉൾപ്പെടെയുള്ള പഴയ റഷ്യൻ രാജ്യങ്ങളിൽ ഇംഗ്ലീഷ് പരിജ്ഞാനമുള്ളവർ കുറവാണ്. അതുകൊണ്ട് അനസ്‌തേസ്യയുടെ സേവനം പ്രയോജനപ്പെടുത്തുന്നതിൽ തെറ്റില്ല, പക്ഷേ, ഞങ്ങളുടെ യാത്രാ പരിപാടികളൊന്നും കൃത്യമായി തീരുമാനിക്കപ്പെട്ടിട്ടില്ല. കീവ് കൂടാതെ ലിവീവ്, ഒഡേസ തുടങ്ങിയ സ്ഥലങ്ങളും പോകാൻ പദ്ധതിയുണ്ട്. ഇന്നേതായാലും ഹോപ്പ് ഓൺ ഹോപ്പ് ഓഫ് ബസിൽ ചുറ്റാനാണല്ലോ പരിപാടി.അതിനു ഗൈഡിന്റെ ആവശ്യമില്ല.

ഒരു കീവ് നഗര ദൃശ്യം 

യാത്രാ പരിപാടികൾ അവസാന ഘട്ടത്തിലെത്തുമ്പോൾ വിളിക്കാമെന്നു പറഞ്ഞ് അനസ്‌തേസ്യയോട് നമ്പർ വാങ്ങി.എന്നിട്ട് ബസ് വരുന്നതുവരെ ഉക്രെയിനിനെപ്പറ്റി ചോദിച്ചു മനസ്സലാക്കി. മലേഷ്യൻ വിമാനം തകർന്നു വീണ ഹ്‌റാബോവ് ഗ്രാമത്തിൽ പോകുന്ന കാര്യം ചിന്തിക്കുകയേ വേണ്ട എന്ന് അനസ്‌തേസ്യ പറഞ്ഞു. 2014ൽ ഉക്രെയ്‌നിന്റെ പക്കൽ നിന്നും റഷ്യ വെട്ടിപ്പിടിച്ച ക്രിമിയ എന്ന പ്രദേശത്താണ്  ഹ്‌റാബോവ്  . ഈ പ്രദേശത്ത് ഇപ്പോഴും യുദ്ധം തുടരുകയാണ്.  രൂക്ഷമായ യുദ്ധം നടക്കുന്ന സ്ഥലങ്ങളിലേക്ക് പുറത്തു നിന്നുള്ളവർക്ക് പ്രവേശനമില്ല. എന്നാൽ റഷ്യയാകട്ടെ കരിങ്കടലിനു മേലെ 15 കി.മീ. നീളമുള്ള പാലം നിർമ്മിച്ച് ക്രിമിയയെ പൂർണ്ണമായും  തങ്ങളുടെ സ്വത്താക്കി മാറ്റിക്കഴിഞ്ഞു. അതിസുന്ദരമായ ക്രിമിയയിലേക്ക് വിനോദസഞ്ചാരികൾ നിരവധി എത്തുന്നുമുണ്ട്,പക്ഷേ അവർ വരുന്നത് റഷ്യ വഴിയാണെന്ന് മാത്രം.

എന്നാൽ,ഉക്രെയ്ൻ അതിർത്തിയോടു ചേർന്നു ക്രിമിയയുടെ പ്രദേശങ്ങളിൽ വെടിയൊച്ച നിലയ്ക്കുന്നില്ല. 2014 ജൂലായ് 17ന് ക്രീമിയയുടെ മേലെ പറക്കുകയായിരുന്ന മലേഷ്യൻ എയർവേയ്‌സിന്റെ എം.എച്ച് 19 വിമാനം ആരോ വെടിവെച്ചിട്ടതും ഈ യുദ്ധത്തിന്റെ ഭാഗമായാണ്. റഷ്യയാണ് വിമാനദുരന്തത്തിനു പിന്നിലെന്ന് പലരും കരുതുന്നു.

ഒരു കീവ് നഗര ദൃശ്യം 

ദുരന്തം നടന്ന് ഏതാനും ദിവസത്തിനുള്ളിൽ വിമാനം തകർന്നു വീണ ഹ്റാബോവ് ഗ്രാമം സന്ദർശിച്ച ക്രിസ്റ്റഫർ മില്ലർ എന്ന മാധ്യമപ്രവർത്തകൻ എഴുതിയത് വായിക്കുക: 1000 പേർ മാത്രം താമസിക്കുന്ന, സുന്ദരമായ ഒരു ഗ്രാമമാണ് ഹ്‌റാബോവ്. റഷ്യനധിവേശ ക്രിമിയയുടെ അതിർത്തിയിലായതുകൊണ്ട് യുദ്ധ ഭീതിയിലാണ് ഗ്രാമവാസികൾ കഴിയുന്നത്. ഏറെയും കൃഷിയിടങ്ങളാണ് ഇവിടെയുള്ളത്. 2104 ജൂലായ് 17ന് വൈകീട്ട് 4.20ന് ഹ്‌റാബോവ് ഗ്രാമത്തിനു മേലെ ഒരു അഗ്നിഗോളം കണ്ട് ഗ്രാമവാസികൾ പരിഭ്രാന്തരായി. ആ തീഗോളത്തിൽ നിന്ന് ലക്ഷക്കണക്കിന് തീപിടിച്ച സാധനങ്ങൾ 50 കി.മീ ചുറ്റളവിൽ തെറിച്ചു വീണു. ഏറെ ഭയപ്പെട്ടിരുന്ന റഷ്യ-ഉക്രെയ്ൻ അന്തിമ യുദ്ധം ആരംഭിച്ചെന്നും തെറിച്ചു വീണതെല്ലാം ബോംബുകളും മിസൈലുകളുമാണെന്നുമാണ് ജനങ്ങൾ കരുതിയത്. എന്നാൽ തീപിടിച്ചു വീഴുന്നവയിൽ മനുഷ്യരുടെ അവയവങ്ങളും ഉണ്ടെന്ന് അവർ ഭീതിയോടെ തിരിച്ചറിഞ്ഞു.

മൂന്നായി മുറിഞ്ഞു കത്തിയ വിമാനത്തിന്റെ ഭാഗങ്ങൾ, മനുഷ്യശരീരത്തിന്റെ കഷണങ്ങൾ, ശിരസുകൾ ,ബാഗുകൾ, പാസ്‌പോർട്ടുകൾ - ഹ്‌റാബോവ് ഗ്രാമത്തിനു മേൽ ഇവയെല്ലാം നിമിഷനേരം കൊണ്ട് നിപതിച്ചു. എന്താണെന്നു മനസ്സിലാകാതെ ജനം പരിഭ്രാന്തരായി പരക്കം പാഞ്ഞു.

ഒരു കീവ് നഗര ദൃശ്യം 

പിന്നീടാണ് അതൊരു മലേഷ്യൻ എയർവേയ്‌സ് വിമാനമായിരുന്നെന്നും വിമാനത്തിലുണ്ടായിരുന്ന 298 പേരാണ് കഷണങ്ങളായി തങ്ങളുടെ ഗ്രാമത്തിനുമേൽ വീണു കിടക്കുന്നതെന്നും ഹ്‌റാബോവ് വാസികൾ മനസ്സിലാക്കിയത്. നാലു വർഷം കഴിഞ്ഞിട്ടും അവരുടെ കണ്ണുകളിലെ ഭീതി കെട്ടടങ്ങിയിട്ടില്ലെന്ന് ക്രിസ്റ്റഫർ മില്ലർ എഴുതുന്നു. പലരെയും മന:ശാസ്ത്ര ചികിത്സയ്ക്ക് വിധേയരാക്കേണ്ടി വന്നു. എങ്കിലും, ഇത്രയും വലിയ ദുരന്തം തലയ്ക്കു മീതേ നടന്നിട്ടും ഗ്രാമവാസികളാരും മരിച്ചില്ല എന്നത് ഭാഗ്യമായി അവർ കരുതുന്നു. ദുരന്തത്തിന്റെ തലേന്ന്, യുദ്ധമുണ്ടാകാതെ ഞങ്ങളെ കാക്കണേ എന്നു പ്രാർത്ഥിച്ചുകൊണ്ട് ഗ്രാമവാസികൾ പള്ളിയിലേക്ക് കുരിശേന്തിയ ഒരു ജാഥ നടത്തിയിരുന്നു. 'ആ പ്രാർഥന മൂലമാണ് വിമാനദുരന്തത്തിൽ ഒരു ഗ്രാമവാസിക്കു പോലും ജീവൻ നഷ്ടമാകാതിരുന്നത്'. -ബറഷ്‌നോയ് എന്ന വീട്ടമ്മ ക്രിസ്റ്റഫർ മില്ലറോടു പറഞ്ഞു. 'ദൈവം നമ്മെ രക്ഷിക്കട്ടെ' എന്നെഴുതിയ ഒരു കുരിശാണ്, ഏറ്റവുമധികം മൃതദേഹങ്ങൾ വന്നു വീണയിടത്ത് ഇപ്പോൾ ദുരന്തസ്മാരകമായി നിലകൊള്ളുന്നത്.

പക്ഷേ, യുദ്ധം കനക്കുമ്പോൾ, ഇതിലും വലിയ ദുരന്തങ്ങൾ ഹ്‌റാബോവ് നിവാസികൾ പ്രതീക്ഷിക്കുന്നുണ്ട്. അനസ്‌തേസ്യയുടെ സഹോദരിയും കുടുംബവും താമസിക്കുന്നത് റഷ്യൻ അധിനിവേശ ക്രിമിയയിലാണ്.  അവരെ സന്ദർശിക്കാനായി അനസ്‌തേഷ്യ പോകുന്നത് മോസ്‌കോ വഴിയുള്ള വിമാനത്തിലാണ്. തന്റെ രാജ്യത്തിന്റെ ഭാഗമായിരുന്ന, കീവിൽ നിന്ന് ഏതാനും മണിക്കൂർ ബസിൽ സഞ്ചരിച്ചാൽ എത്താമായിരുന്ന ക്രിമിയയിലേക്ക് ഇപ്പോൾ മറ്റൊരു രാജ്യത്തിലൂടെ,മണിക്കൂറുകളോളം വിമാനത്തിൽ സഞ്ചരിക്കണം എന്നർത്ഥം.എന്തായാലും ഹ്‌റാബോവ് ഗ്രാമത്തിലേക്ക് പോകാൻ പറ്റില്ലെന്ന് അനസ്‌തേസ്യയുടെ വാക്കുകൾ കേട്ടപ്പോൾ ബോധ്യമായി. ഇനി ചെർണോബിൽ? ചെർണോബിലിലേക്ക് കൊണ്ടുപോകുന്ന നിരവധി ഏജൻസികളുണ്ട്. നാളെ പോകണമെങ്കിൽ ഇന്ന് രാവിലെയെങ്കിലും ബുക്ക് ചെയ്യണം. പാസ്‌പോർട്ടിന്റെ കോപ്പിയും മറ്റും ഇന്നുതന്നെ ബന്ധപ്പെട്ട ഗവൺമെന്റ് ഡിപ്പാർട്ടുമെന്റിലേക്ക് ഏജൻസി അയച്ചുകൊടുക്കും. അവിടുന്നാണ് ടൂറിന്റെ പെർമിഷൻ കിട്ടുന്നത്- അനസ്‌തേസ്യ വിശദീകരിച്ചു.

ഒരു കീവ് നഗര ദൃശ്യം 

എങ്കിൽ രാവിലെ തന്നെ ചെർണോബിൽ ടൂർ ബുക്ക് ചെയ്തിട്ടാകാം ഹോപ്പ് ഓൺ ഹോപ്പ് ഓഫ് ബസ്സിലെ യാത്ര എന്നു തീരുമാനിച്ചു. ടിക്കറ്റുണ്ടെങ്കിൽ ആ ബസിൽ എപ്പോൾ വേണമെങ്കിും കയറാം, ഇറങ്ങാം എന്നതാണ് സൗകര്യം.ആന്ദ്രിസ്‌കി ഡിസന്റിലെ ചെർണോബിൽ ടൂർ കമ്പനിയിലേക്ക് പോകാൻ ഒരു ഊബർ ടാക്‌സി വിളിച്ചു തന്നിട്ട് അനസ്‌തേസ്യ യാത്രയായി. എന്തായാലും കീവിൽ തിരിച്ചെത്തുമ്പോൾ അവളെ ഗൈഡാക്കണമെന്ന് ഞങ്ങളും നിശ്ചയിച്ചു.

കീവിന്റെ മനോഹരമായ തെരുവുകളിലൂടെ ഊബർ ഓടിക്കൊണ്ടിരുന്നു. സാമാന്യം ചൂടുണ്ടെങ്കിലും എസി ഓൺ ചെയ്യില്ല എന്നത് ഉക്രെയ്‌നിലെ കാറുകളുടെ പ്രത്യേകതയാണ്. വർഷത്തിൽ അധികം മാസങ്ങളിലും കൊടുംതണുപ്പ് അനുഭവിക്കുന്നവരാണ് ഉക്രെയ്ൻകാർ. അതുകൊണ്ട് ചൂടുകാലം അവർ ആസ്വദിക്കുകയാണ്. വർഷത്തിൽ 365 ദിവസവും ചൂടിൽ കഴിയുന്ന നമുക്ക് ടാക്‌സിയിൽ എസി ഓൺ ആക്കാതെ സഞ്ചരിക്കുന്നത് ചിന്തിക്കാനാവില്ലല്ലോ. ആരോടു പറയാൻ! ഹോട്ടൽ റൂമിലെ എസി ഓണാക്കാമോ എന്നു ചോദിച്ചതിന് സുന്ദരിയുടെ വായിലിരിക്കുന്നതെല്ലാം കേട്ട അനുഭവമുണ്ടല്ലോ. മിണ്ടാതിരിക്കുക തന്നെ.

ഒരു വലിയ മലയിറങ്ങി, കരിങ്കൽ ചീളുകൾ പാകിയ  പാതയിലൂടെ ഊബർ ഒരു പഴയ കെട്ടിടത്തിനു മുമ്പിലെത്തി. ചെർണോബിൽ ടൂർ എന്നെഴുതി വച്ചിട്ടുണ്ട്.

ഒരു കീവ് നഗര ദൃശ്യം 

ഉള്ളിൽ ഒരു യുവതി മാത്രം. പിറ്റേന്ന് ടൂറിന് സീറ്റുണ്ട് എന്നു യുവതി പറഞ്ഞു. ഒരു ദിവസത്തെ ടൂറിന് 150 ഡോളർ (ഏതാണ്ട് 12,000രൂപ) ആണ് നിരക്ക്. യുഷ്‌നി റെയിൽവേ ടെർമിനലിനു മുന്നിൽ രാവിലെ 7.30ന് എത്തണം. അവിടെ ടൂർ ബസ് കാത്തു കിടപ്പുണ്ടാവും. ദിവസം മുഴുവൻ നീളുന്ന ടൂർ കഴിഞ്ഞ് വൈകീട്ട് ഏഴുമണിയോടെ യുഷ്‌നി ടെർമിനലിൽ തിരിച്ചെത്തിക്കും. ഫുൾസ്ലീവ് ഷർട്ട് ധരിക്കണം എന്നും യുവതി എടുത്തു പറഞ്ഞു.

50 ഡോളർ വീതം അഡ്വാൻസായി നൽകി നന്ദി പറഞ്ഞു പിരിയുമ്പോൾ യുവതി ഒരു വലിയ നോട്ടീസ് വായിക്കാൻ തന്നു. ചെർണോബിൽ യാത്രയിൽ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ലിസ്റ്റാണത്. ചെയ്യരുതാത്ത കാര്യങ്ങളാണ് കൂടുതൽ എന്നു പറയേണ്ടതില്ലല്ലോ. ഷോർട്‌സ് ധരിക്കരുത്, ചെർണോബിൽ എക്‌സ്ക്ലൂഷൻ സോണിലെത്തിയാൽ പിന്നെ ഒരിടത്തും തൊടരുത്. മദ്യപിച്ച് ടൂറിന് വരരുത്. പാസ്‌പോർട്ട് കൈയിൽ കരുതണം. കൊതുകുകടി എൽക്കാതിരിക്കാൻ മൊസ്ക്വിറ്റോ റിപ്പല്ലന്റ് ശരീരം മുഴുവൻ പുരട്ടണം, ഷൂ ധരിക്കണം- ഇങ്ങനെ പോകുന്ന നിർദ്ദേശങ്ങൾ.

ഞങ്ങൾ തിരികെ മിഖായ്‌ലോവ് സ്‌ക്വയറിലെത്തി ബസ്സിനായി കാത്തു നിന്നു.

മേൽഭാഗം തുറന്ന ഇരുനില ബസ് പ്രത്യക്ഷപ്പെട്ടു. ഏതാനും സായിപ്പന്മാർ ഉള്ളിലുണ്ട്. താഴെ മാത്രം എസിയാണ്. മേൽഭാഗത്തെ തുറന്ന സ്ഥലത്തേക്കാണ് ഞങ്ങൾ കയറിയത്. കീവ് നഗരത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണത്തിന് ഈ യാത്ര ഉപകരിക്കും.  വിശദമായി കാണേണ്ട സ്ഥലങ്ങൾ അടുത്ത ദിവസങ്ങളിൽ അനസ്‌തേസ്യയോടൊപ്പം കണ്ടുതീർക്കാമല്ലോ

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA