കുറഞ്ഞ ചെലവിൽ എങ്ങനെ മലേഷ്യയിൽ പോകാം

SHARE

നിരവധി കാഴ്ചകൾ, ആകർഷിക്കുന്നതും ആശ്ചര്യം ജനിപ്പിക്കുന്നതും അദ്ഭുതപ്പെടുത്തുന്നതുമായവ. സുന്ദര ദൃശ്യങ്ങളുടെ ആധുനിക മുഖം എന്നുതന്നെ വിശേഷിപ്പിക്കാം മലേഷ്യയെ. സുഖവാസത്തിനും വിനോദത്തിനും ഉല്ലാസത്തിനുമായി എത്തുന്ന ലോകത്തിലെ വലിയൊരു വിഭാഗം സഞ്ചാരികൾ, അവരിൽ മുഴുവൻ കൗതുകം ജനിപ്പിക്കുന്ന കാഴ്ചകൾ, നാവിൽ കൊതിയുണർത്തുന്ന വിഭവങ്ങൾ. മലേഷ്യ സഞ്ചാരപ്രിയരുടെ മുഴുവൻ സ്വപ്‍നമാണ്. സൂക്ഷിച്ചു പണം ചെലവാക്കിയാൽ കീശ കാലിയാകാതെ തന്നെ കണ്ടുവരാൻ കഴിയുന്ന ഒരു ഏഷ്യൻ രാജ്യം. വിസയും യാത്രാചെലവും എങ്ങനെയൊക്കെയെന്നും എത്രയൊക്കെയെന്നും മനസിലാക്കി മലേഷ്യൻ യാത്രയ്ക്കു തയാറെടുക്കാം.

ഇന്ത്യയിൽ നിന്നു വളരെ കുറഞ്ഞ ചെലവിൽ എത്തിച്ചേരാൻ കഴിയുന്ന രാജ്യമാണ് മലേഷ്യ. കേരളത്തിൽ നിന്നും മലേഷ്യയുടെ തലസ്ഥാനമായ കോലാലംപൂരിലേക്കു യാത്രാവിമാനങ്ങളുണ്ട്. ഏകദേശം പതിനായിരത്തിൽ താഴെ രൂപ മാത്രമേ ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്കു ചെലവ് വരികയുള്ളൂ. ഏകദേശം അഞ്ചുമണിക്കൂറിൽ താഴെ സമയം കൊണ്ട് അവിടെ എത്തിചേരാൻ കഴിയും. മലേഷ്യ സന്ദർശിക്കുന്നതിനുള്ള വിസ നടപടികൾ വളരെ ലളിതമാണ്.

langkawi
ലങ്കാവി ഈഗിള്‍ സ്ക്വയര്‍

വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ ലഭ്യമാകുന്ന വിസയാണ് സിംഗിൾ എൻട്രി വിസ. 15 ദിവസത്തെ കാലാവധിയുള്ള ഈ വിസയ്ക്കായി മലേഷ്യൻ എമിഗ്രേഷൻ സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഒരു ദിവസത്തിനുള്ളിൽ തന്നെ ലഭിക്കും. മൾട്ടിപ്പിൾ എൻട്രി വിസയുടെ കാലാവധി ഒരു വർഷമാണ്. ഈ വിസ പാസ്സ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യുകയാണ് പതിവ്. ചെന്നൈയിലെ മലേഷ്യൻ എംബസ്സിയിൽ നിന്നാണ് ഇതിന്റെ ഔദ്യോഗിക നടപടികൾ പൂർത്തീകരിച്ചു കിട്ടുക. നേരിട്ടോ, യാത്രാ ഏജൻസികൾ മുഖേനയോ ഇതിനായി അപേക്ഷിക്കാവുന്നതാണ്. കുറഞ്ഞതു ഒരാഴ്ചയെങ്കിലുമെടുക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ. വിമാനത്താവളത്തിൽ എമിഗ്രേഷൻ ഓഫിസർ ചോദിക്കുന്ന രേഖകളെല്ലാം കാണിച്ചതിനുശേഷം മലേഷ്യയുടെ കാഴ്ചകളിലേക്കിറങ്ങാം.

floating-fish-farm
കിലിം നദിയിലെ ഫ്ളോട്ടിങ് ഫിഷ് ഫാം

ബസ്, ടാക്സി തുടങ്ങിയ ഗതാഗതസൗകര്യങ്ങളെല്ലാം യാത്രയ്ക്കായി ലഭിക്കുമെങ്കിലും ചെറിയ ദൂരങ്ങൾക്കു ഇവയെ ആശ്രയിക്കുന്നതു ചെലവ് കൂടാനിടയാക്കും. മലേഷ്യയിലെ കാഴ്ചകൾ കണ്ടുകൊണ്ടു നടക്കാൻ തയാറെങ്കിൽ കുറച്ച് പണം അവിടെ ലാഭിക്കാം. അംബരചുംബികളായ കെട്ടിടങ്ങൾ മാത്രമല്ല, യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടം പിടിച്ച നിരവധി കാഴ്ചകളും മലേഷ്യയ്ക്ക് സ്വന്തമായുണ്ട്.

langkawi-beach
ലങ്കാവിയിലെ ഡ്രൈവ് ഇന്‍ ബീച്ച്

മലേഷ്യയിലെ ആകർഷകമായ കാഴ്ചകളിലൊന്നാണ് പെട്രോണാസ് ടവർ. ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന ഈ സൗധത്തിന്റെ രാത്രികാഴ്ച അതിമനോഹരമാണ്. നിരവധി ബഹുമതികൾ സ്വന്തമായുണ്ട് ഈ മനുഷ്യനിർമിതിയ്ക്ക്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഇരട്ടഗോപുരം, ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആകാശപ്പാലം, ലോകത്തിലെ ഏറ്റവും ഉയരമുള്ള അഞ്ചാമത്തെ ഗോപുരം എന്നെല്ലാം അറിയപ്പെടുന്നത് പെട്രോണാസ് ടവർ ആണ്.

Pantai-Cenang-beach

അർജന്റീന - അമേരിക്കൻ വാസ്തുവിദ്യയിൽ പണിതീർത്ത ഈ  ഗോപുരങ്ങളുടെ രാത്രികാഴ്ചയാണ് കൂടുതൽ ആകർഷകം. മലേഷ്യയിൽ എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും സന്ദർശിക്കുന്ന ഒരിടമാണ് പെട്രോണാസ് ഗോപുരങ്ങൾ. പെട്രോണാസ്‌ ടവറിലെ ആകാശപ്പാലം സന്ദർശിക്കാൻ ചില നിയന്ത്രണങ്ങളൊക്കെയുണ്ട്. ഒരു ദിവസം 1700 പേർക്കു മാത്രമേ ഇവിടെ പ്രവേശനം അനുവദിക്കുകയുള്ളു. ആദ്യം വരുന്നവർക്ക് ആദ്യം എന്ന മുറയ്‌ക്കാണ്‌ പാലത്തിലേക്ക് കടക്കാനുള്ള അനുമതി. തിങ്കളാഴ്ചകളിൽ പ്രവേശനമില്ല, പാലം അടച്ചിടും.

skycab-view
കേബിള്‍ കാര്‍

ഷോപ്പിങ് മാളുകളെ കൊണ്ട് സമ്പന്നമാണ് മലേഷ്യ. എന്നാൽ ഇത്തരം ഷോപ്പിങ് മാളുകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നത് പോക്കറ്റ് കാലിയാക്കുമെന്നതുകൊണ്ടു തന്നെ ചുറ്റിനടന്നു കണ്ടിറങ്ങുന്നതായിരിക്കും ഉചിതം. അധിക പണം ചെലവാക്കാതെ സാധനങ്ങൾ വാങ്ങാൻ ജലാൻ പെറ്റാലിങ് സ്ട്രീറ്റിനെ ആശ്രയിക്കാം. കുറഞ്ഞ വിലയിൽ ഒറിജിനലിനെ വെല്ലുന്ന സാധനങ്ങൾ ഈ ചൈനാ മാർക്കറ്റിൽ നിന്നും ലഭിക്കും.

petronas-night
പെട്രോണാസ് ടവർ

ജലാൻ ദമൻസാര എന്ന ദേശീയ മ്യൂസിയവും കെ എൽ ടവറും സീ അക്വാറിയവും ബാട്ടു ഗുഹ എന്ന മലമുകളിലെ മുരുക ക്ഷേത്രവുമൊക്കെ സഞ്ചാരികളിൽ കൗതുകം വിരിയിക്കുന്ന മലേഷ്യൻ കാഴ്ചകളാണ്. താമസത്തിനായി ബജറ്റ് ഹോട്ടലുകളെയും ഭക്ഷണത്തിനായി  ഇന്ത്യൻ റസ്റ്റോറന്റുകളെയും സ്ട്രീറ്റ് ഫുഡിനെയും ആശ്രയിച്ചാൽ ചെലവ് പിന്നെയും കുറയ്ക്കാം. ചൈനീസ്, അറബിക്, ഇന്ത്യൻ വിഭവങ്ങളും കടൽ മൽസ്യങ്ങൾ നിറഞ്ഞ ഭക്ഷ്യ വിഭവങ്ങളും ബുക്കിത് ബിന്താങ് എന്ന തെരുവിൽ കിട്ടും. ഇവിടുത്തെ ഭക്ഷണത്തിന്റെ രുചിയും വിലക്കുറവും സഞ്ചാരികളെ ആകർഷിക്കുന്നതുകൊണ്ടുതന്നെ ഈ തെരുവിൽ എല്ലായ്‌പ്പോഴും നല്ല തിരക്കനുഭവപ്പെടാറുണ്ട്.

malayasia
മലേഷ്യ

തലസ്ഥാന നഗരിയായ കോലാലംപൂരിൽ ഒതുങ്ങുന്നില്ല അന്നാട്ടിലെ കാഴ്ചകൾ. മെലാക്ക, പെനാങ്, ലങ്കാവി, കുച്ചിങ് തുടങ്ങി വിസ്മയ കാഴ്ചകൾ ഒരുക്കുന്ന നിരവധിയിടങ്ങൾ മലേഷ്യയിലുണ്ട്. വിലപ്പെട്ട വസ്തുക്കൾ കരുതലോടെ സൂക്ഷിക്കുകയും കയ്യിലുള്ള പണം ബുദ്ധിപരമായി ചെലവഴിക്കുകയും ചെയ്താൽ ചുരുങ്ങിയ ചെലവിൽ കണ്ടുമടങ്ങാവുന്ന ഒരു രാജ്യമാണ് മലേഷ്യ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA