sections
MORE

ഹൃദയം കവരും ഈ പ്രണയ ചിത്രങ്ങൾ; വിവാഹവാർഷികം മാലദ്വീപിലാഘോഷിച്ച് ജയസൂര്യ

jayasurya-and-saritha
SHARE

വേറിട്ട വേഷപ്പകർച്ചകൾ കൊണ്ട് എപ്പോഴും വിസ്മയിപ്പിക്കുന്ന നടനാണ് ജയസൂര്യ. കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന മികവിനാൽ കഴിഞ്ഞ വർഷമിറങ്ങിയ മിക്ക ജയസൂര്യ ചിത്രങ്ങളും വൻവിജയമായിരുന്നു. സിനിമകളുടെ തിരക്കുകളിൽ നിന്നൊഴിഞ്ഞു വിവാഹ വാർഷികത്തിന്റെ ആഘോഷങ്ങളിലാണ് ജയസൂര്യയും കുടുംബവും. മാലദ്വീപിലാണ്‌ ജയസൂര്യ തന്റെ പതിനഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത്. പ്രിയനായകൻ തന്റെ വിവാഹവാർഷിക ദിനത്തിൽ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും ഇതിനകം തന്നെ ആരാധകർ ആഘോഷമാക്കി കഴിഞ്ഞു. സഞ്ചാരപ്രിയരായ ആരാധകരെയെല്ലാം ആകർഷിച്ചത് മാലദ്വീപിലെ റിസോർട്ട് കാഴ്ചകളാണ്. അതിമനോഹരമായ പശ്ചാത്തലത്തിൽ പകർത്തിയിരിക്കുന്ന ജയസൂര്യയുടെയും സരിതയുടെയും ചിത്രങ്ങളെല്ലാം യാത്രാപ്രിയരുടെ മനസുകവരും.

മാലദ്വീപിലെ പ്രശസ്തമായ ഷെറാട്ടൺ മാൽദീവ്സ് ഫുൾ മൂൺ റിസോർട്ടിന്റെ പരിസരങ്ങളും കാഴ്ചകളുമാണ് ജയസൂര്യയുടെ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾക്കു പശ്ചാത്തലമായിരിക്കുന്നത്. ജലത്തിനു മുകളിലായി പണിതിരിക്കുന്ന കോട്ടേജുകളും അവിടുത്തെ കാഴ്ചകളും അതിമനോഹരമാണ്. സർഫിങ്ങും ഡൈവിങ്ങും പോലുള്ള ജലകേളികളും അത്യാധുനിക സൗകര്യങ്ങളെല്ലാം നിറഞ്ഞ താമസസൗകര്യവും മികച്ച ഭക്ഷണവും ലഭിക്കുന്ന ഷെറാട്ടൺ ഫുൾ മൂൺ മാലിദ്വീപിലെ അതിപ്രശസ്തമായ റിസോർട്ടുകളിലൊന്നാണ്. 

jayasurya-and-saritha1
മാലദ്വീപ്

അറബിക്കടലിലാണ് മാലദ്വീപിൻറെ സ്ഥാനം. രണ്ടായിരത്തോളം വരുന്ന കൊച്ചുകൊച്ചു ദ്വീപുകൾ ചേർന്നതാണ് ആ മനോഹര ദ്വീപ് രാഷ്ട്രം. പക്ഷേ, ഇത്രയധികം ദ്വീപുകളുണ്ടെങ്കിലും അതിൽ  ജനവാസമുള്ളവ വെറും 250 എണ്ണം മാത്രമേയുള്ളു. കുറ്റിക്കാടുകളും പൂക്കളും നിറഞ്ഞ, കുന്നുകളോ മലകളോ, വലിയ മരങ്ങളോ ഇല്ലാത്ത നാടാണ് മാലദ്വീപ്. വിനോദസഞ്ചാരമാണ് ഇവിടുത്തെ പ്രധാന വരുമാന മാർഗം. ധാരാളം ബീച്ച് റിസോർട്ടുകൾ ഇവിടെയുണ്ട്.  എല്ലാ ആഢംബര സൗകര്യങ്ങളും നൽകുന്നവയാണ് ഓരോ ബീച്ച് റിസോർട്ടുകളും. കടലിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ റിസോർട്ടുകൾ  ഓരോ യാത്രികനും മനോഹരമായ മുഹൂർത്തങ്ങൾ സമ്മാനിക്കും. ധാരാളം സഞ്ചാരികൾ, അതിൽ തന്നെ സിനിമാതാരങ്ങളടക്കമുള്ള  നിരവധി പ്രശസ്തർ മാലിദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഇവിടെ എത്തിച്ചേരാറുണ്ട്.

jayasurya-and-saritha4

പലതരം ജലകേളികൾ,  സ്‌നോർക്ലിങ്, സെയ്‌ലിംഗ്, അണ്ടർവാട്ടർ ഡൈവിംഗ് എന്നിവയിലൊക്കെ ഏർപ്പെടാനുള്ള സൗകര്യങ്ങൾ മാലദ്വീപിലെത്തുന്ന സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. പവിഴപ്പുറ്റുകൾ നിറഞ്ഞതാണ് ഇവിടുത്തെ ഭൂരിപക്ഷം ദ്വീപുകളും ആ കാഴ്ചകളും അതിമനോഹരമാണ്. സുഖകരമായ കാലാവസ്ഥയും മനോഹരമായ പ്രകൃതിയുമൊക്കെ ഈ നാടിന്റെ പ്രത്യേകതയാണ്. കേരളത്തിന്റെ കാലാവസ്ഥയോടും പ്രകൃതിയോടും സാദൃശ്യമുള്ള ഇവിടെ ധാരാളം തെങ്ങും വാഴയും ചേമ്പും മാവും മത്തങ്ങയുമൊക്കെ കാണാം. മൽസ്യബന്ധനമാണ് ഇവിടുത്തെ മറ്റൊരു പ്രധാന വരുമാന മാർഗം.  ചൂരയാണ് പ്രധാന മൽസ്യം. ഇവിടെ തയാറാക്കുന്ന മിക്കവാറും എല്ലാ വിഭവങ്ങളിലും ചൂരയുടെ  സാന്നിധ്യം രുചിച്ചറിയാവുന്നതാണ്.

jayasurya-and-saritha3

ഇന്ത്യക്കാർക്ക് വളരെ എളുപ്പത്തിൽ സന്ദർശിക്കാൻ കഴിയുന്ന ഒരു രാജ്യമാണ് മാലദ്വീപ്. വലിയ തടസങ്ങളോ സങ്കീർണമായ നടപടി ക്രമങ്ങളോ ഇല്ലാതെ മുപ്പതുദിവസത്തേക്കു വിസ അനുവദിക്കുന്നതുകൊണ്ടു തന്നെ തടസങ്ങളൊന്നുമില്ലാതെ സന്ദർശിച്ചു മടങ്ങാൻ കഴിയും. സുന്ദരമായ കടലുകാണാനും കടലിന്റെ അഗാധതയെ അറിയാനും ഓരോ യാത്രികനെയും ഏറെ സഹായിക്കും മാലദ്വീപിലെ കാഴ്ചകൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA